TopTop
Begin typing your search above and press return to search.

ബജറ്റ് കളി: ഒരു കായിക അവലോകനം

ബജറ്റ് കളി: ഒരു കായിക അവലോകനം

കെ എം മാണിയുടെ പതിമൂന്നാം ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് പതിമൂന്നാം തിയതി സഭയിൽ അരങ്ങേറിയ സംഭവങ്ങൾ സഭാചരിത്രത്തെ കളങ്കപ്പെടുത്തി എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ഏകപക്ഷീയമായി പ്രതിപക്ഷമാണ് അതിനുത്തരവാദി എന്ന് പറയാത്ത നിഷ്പക്ഷമതികൾ പോലും ഇന്ന് നടന്ന സംഭവങ്ങൾ അപമാനകരമാണെന്ന് വിശ്വസിക്കുന്നവരാണ്. ഭരണ-പ്രതിപക്ഷങ്ങൾ ചേർന്ന് തിരഞ്ഞെടുത്ത് വിട്ട പൊതുജനത്തെ അപമാനിച്ചു എന്ന മറ്റൊരു വാദവും പ്രബലമായുണ്ട്. സംഭവത്തെ ലൈവായും, അല്ലാതെയും സംപ്രേക്ഷണം ചെയ്തും, ചർച്ചകൾ സംഘടിപ്പിച്ചും ഇന്നത്തെ ദിവസം ആഘോഷമാക്കിയ മാധ്യമങ്ങൾക്കും ഒടുവിൽ ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണ്.

മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല എന്ന് പ്രതിപക്ഷവും, മാണി തന്നെ ബജറ്റ് അവതരിപ്പിക്കും എന്ന് ഭരണപക്ഷവും വാശിപിടിച്ചാൽ സംഘർഷം ഉണ്ടാകും എന്ന് ഉറപ്പ്. ഭരണപ്രതിപക്ഷങ്ങൾ തങ്ങളുടെ ഈ വിരുദ്ധനിലപാടുകൾ ഇന്നലെ എടുത്തതുമല്ല. കഴിഞ്ഞ കുറെ കാലമായി ഓരോ ദിവസവും പുത്തൻ വെളിപ്പെടുത്തലുകളും, സി ഡിയും ശബ്ദരേഖയുമൊക്കെയായി സജീവമായി നിന്നിരുന്ന ഒന്നാണ് ബാർ കോഴ കേസ്. ഓരോ പുതിയ വെളിപ്പെടുത്തലുണ്ടാകുമ്പോഴും ചാനൽ ചർച്ചകളിൽ അവതാരകർ ആവർത്തിച്ച് ചോദിച്ചിരുന്ന ചോദ്യമാണ് മാണി ബജറ്റ് അവതരിപ്പിക്കുമോ എന്നത്. അതിന് ഇരുപക്ഷത്തെയും പ്രതിനിധികൾ അപ്പപ്പോൾ അർത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം മറുപടിയും പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ല എന്ന പ്രതിപക്ഷ നിലപാടിലും, ധനമന്ത്രി മാണിയാണെങ്കിൽ അദ്ദേഹം തന്നെ ബജറ്റ് അവതരിപ്പിക്കും എന്ന ഭരണപക്ഷ നിലപാടിലും ആർക്കും പുതുമ തോന്നാനിടയില്ല. അത്തരത്തിൽ വിരുദ്ധ നിലപാടുകളുമായി സഭയിൽ അവർ മുഖാമുഖം വരുമ്പോൾ ഇതൊക്കെയല്ലാതെ മറ്റെന്തായിരുന്നു പ്രതീക്ഷിക്കാനുള്ളത്?

തന്ത്രങ്ങളുടെ ഏറ്റുമുട്ടൽ
ഒരു മത്സരത്തിന്റെ ഒടുവിൽ ആര് ജയിക്കും എന്ന നിലയിൽ, അത്ര ലളിതമായാണ് മാധ്യമങ്ങൾ ജനാധിപത്യത്തിൽ വന്നുപെട്ട ഈ വ്യവസ്ഥാബന്ധിയായ പ്രതിസന്ധിയെ നേരിട്ടതും കാണികളിൽ ഉദ്വേഗം വളർത്തിയതും. ചാനലുകളെ അതിജീവിച്ച് വാർത്തകൾ സമാഹരിക്കുകയും, അഭിപ്രായം രൂപീകരിക്കുകയും ചെയ്യുന്ന മലയാളി മധ്യവർഗ്ഗവും അതിനെ കളിയ്ക്ക് മുമ്പ് നടക്കുന്ന പ്രീമാച്ച് അനാലിസിസ് കാണുന്ന ലാഘവത്തൊടെയാണ് കണ്ടിരുന്നത്.

തലേന്നത്തെ ചാനൽ ചർച്ചകൾ മുഴുവൻ ഇരുപക്ഷത്തിന്റെയും തന്ത്രങ്ങളെക്കുറിച്ചുള്ള ഊഹങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള വിശകലനങ്ങളുമായിരുന്നു. സഭയ്ക്ക് പുറത്ത് നടക്കുന്ന പ്രക്ഷോഭത്തെ വൻ പോലീസ് സന്നാഹം കൊണ്ട് നേരിടുക എന്ന ഭരണപക്ഷ തന്ത്രം ഏറെക്കുറെ പരസ്യമായിരുന്നു. വൻ ജനാവലിയെ അണിനിരത്തി അതിനെ ചെറുക്കുക എന്ന പ്രതിപക്ഷതന്ത്രവും. പിച്ചിന്റെ സ്വഭാവം അനുസരിച്ച് മാച്ചിന് തൊട്ടുമുമ്പേ മാത്രമേ അന്തിമ ഇലവനെ പ്രഖ്യാപിക്കു എന്ന രീതിയിൽ ഊഹാപോഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് അവസാന നിമിഷമാണ് പുറത്ത് പോകാതെ മാണി തലേന്ന് രാത്രി നിയമസഭയിൽ കഴിച്ചുകൂട്ടുക എന്ന തന്ത്രം സ്ഥിരീകരിക്കപ്പെടുന്നത്. ഒപ്പം, മാണിക്ക് കൂട്ടായി ഭരണപക്ഷ അംഗങ്ങൾ എല്ലാവരും നിയമസഭയിൽ രാത്രി കഴിക്കുക എന്ന തീരുമാനവും.

ഇത്തരം ഒരു തന്ത്രം ഊഹിച്ചെടുത്തെന്നോണം പ്രതിപക്ഷവും സഭയിൽ ഒത്തുകൂടുന്നു. അവർ ഒന്നടങ്കം സഭയിൽ പാട്ടും, നാടകവുമൊക്കെയായി രാത്രി കഴിക്കുന്നു. തന്ത്രങ്ങളിൽ വരുന്ന ഓരോ മാറ്റങ്ങളെയും തത്സമയം പ്രേക്ഷകരിൽ എത്തിച്ചും, ഗെയിം തിയറിയെ വെല്ലുന്ന തന്ത്രമറുതന്ത്രങ്ങളെ വിശകലനം ചെയ്തും മാധ്യമങ്ങളും, കേരളത്തിലെ പൊതുജനവും പുറത്തും ആഘോഷമായി രാത്രി കഴിച്ചുകൂട്ടി. ഉദ്വേഗം നിറഞ്ഞ മനസുമായി കാലത്ത് ഉണർന്ന് കളി കാണാൻ ടിവി തുറന്നു.ബജറ്റ് കളി
മുമ്പെങ്ങും നടന്നിട്ടില്ലാത്ത, കളിക്കാർ ഉൾപ്പെടെ ആദ്യമായി കളിക്കുന്ന നൂതനമായ ഒരു മൽസരമായതുകൊണ്ട് തന്നെ കളിയിൽ കൃത്യമായ നിയമങ്ങൾ ഇല്ലായിരുന്നു. ആകെയുള്ളത് മത്സരഫലം മാത്രം എന്ന അവസ്ഥ. അതായത് ഗോളടിക്കുന്നത് ഒരു പക്ഷത്തിന്റെയും, അടിക്കാൻ അനുവദിക്കാതിരിക്കുന്നത് മറുപക്ഷത്തിന്റെയും വിജയം നിർണ്ണയിക്കുന്ന ഗോളോടെ തീരുന്ന, ഗോൾരഹിത സമനിലയും എതിർ പോസ്റ്റും ഒന്നുമില്ലാത്ത ഒറ്റ ഗോൾ പോസ്റ്റ്‌ ഉള്ള കാല്‍പന്ത് കളി മത്സരം പോലെ. റഫറിയുണ്ട്. പക്ഷേ അയാൾക്ക് ഇരുപക്ഷങ്ങൾക്കും തുല്യനീതി നൽകിക്കൊണ്ട് കളി നിയന്ത്രിയ്ക്കാൻ പറ്റുന്ന വിധത്തിൽ നിശ്ചയിക്കപ്പെട്ട നിയമങ്ങൾ ഒന്നുമില്ലാതെ അയാളെയും ഒരുപക്ഷത്തിന്റെ കളിക്കാരൻ മാത്രമായി ചുരുക്കും വിധം സംഘടിപ്പിക്കപ്പെട്ട കളി. കാല്‍പന്ത് കളിയുടെ ഉപമ ഉപയോഗിക്കുമ്പോഴും അതിലുള്ള ഒരു നിയമവും ഇവിടെ ബാധകമല്ല എന്ന് ഓർക്കണം . ഏത് വിധേനെയും പന്ത് വലയിൽ എത്തിച്ചാൽ മതി. അല്ലെങ്കിൽ എത്തിക്കാൻ അനുവദിക്കാതിരുന്നാൽ മതി.

വ്യതിരിക്തമായ നിയമങ്ങൾ ഇല്ലാത്ത ഏതൊരു കളിക്കും പിന്നെ ഒരു നിയമം മാത്രമേ ബാക്കി ഉണ്ടാകു. അത് കളിയുടെ അടിസ്ഥാന നിയമമാണ്; കളിക്കുന്നത് ജയിക്കാനാണ് എന്ന നിയമം. കളിക്ക് നിയമങ്ങൾ ഇല്ലാതെ വരുമ്പോൾ കാഴ്ചയും കേവലം വിജയത്തിൽ മാത്രം കേന്ദ്രീകരിക്കും. ഒറ്റ പോസ്റ്റേ ഉള്ളു. ഗോളടിക്കുമോ, അതോ അടിക്കാൻ പറ്റാതെ പോകുമോ? ഇത്തരം ഒരു കളിയ്ക്ക് ശേഷമാണ്, പോസ്റ്റ്‌ മാച്ച് ഡിസ്കഷനിലാണ് കളി സംഘടിപ്പിച്ചവർ നിയമങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങുന്നത്. പന്ത് കൈ കൊണ്ട് തൊടാൻ പാടില്ല, ഗോൾ പോസ്റ്റ് പറിച്ച് കൊണ്ടുപോയി മാറ്റിവയ്ക്കുന്നത് തെറ്റാണ്, മുണ്ടുടുത്ത് കളിച്ചാൽ തന്നെ അത് മടക്കി കുത്താൻ പാടില്ല എന്നൊക്കെ.

രണ്ടായിരത്തി പതിനഞ്ച് മാർച്ച് പതിമൂന്നിന് നടന്ന ബജറ്റ് കളി അവതരിപ്പിക്കാൻ ഒരു ടീമും, സമ്മതിക്കാതിരിക്കാൻ മറു ടീമും എന്ന ലളിതമായ നിയമം മുൻനിർത്തിയാണ് സഭയിൽ അരങ്ങേറിയതും, പുറത്ത് പൊതുബോധത്തിൽ സംഘടിപ്പിക്കപ്പെട്ടതും. അതിന്റെ അനിഷേധ്യ സംഘാടകരാകട്ടെ നമ്മുടെ മാധ്യമങ്ങളും. ഭരണപക്ഷത്തിന്റെ തന്ത്രം വ്യക്തമായിരുന്നു. തലേന്നേ കൊണ്ടുവന്ന് കുടിയിരുത്തിയ വാച്ച് ആൻഡ് വാർഡ്‌ പട്ടാളത്തെ ഉപയോഗിച്ച് സ്പീക്കറുടെതൊഴികെയുള്ള കവാടങ്ങൾ മുഴുവൻ നിയന്ത്രണത്തിലാക്കുക. ധനമന്ത്രിയുടെ മുൻനിരയിലുള്ള ഇരിപ്പിടം മാറ്റി, പിറകിലാക്കി വാച്ച് ആൻഡ് വാർഡിന്റെയും, ഭരണ പക്ഷ എം എൽ എമാരുടെയും സുരക്ഷാ വലയത്തിനുള്ളിൽ ബജറ്റ് അവതരിപ്പിക്കുക. അപ്പൊഴാണ് പ്രതിപക്ഷം ഗെയിം തിയറിയിലെ അവസാന തന്ത്രം ഇറക്കുന്നത്. റഫറി വിസിൽ ഊതാതെ കളിയ്ക്ക് തുടങ്ങാനും അവസാനിക്കാനും കഴിയുകയുമില്ല. അപ്പോൾ പിന്നെ നിയമമില്ലാത്ത, പക്ഷം പിടിക്കാൻ നിർബന്ധിതനായ ഈ റഫറിയെ വിസിലൂതാനനുവദിക്കാതിരുന്നാൽ പോരെ കളി ജയിക്കാൻ ?

ഇത്തരം ഒരു കളിയിൽ അതും ഒരു തന്ത്രം തന്നെയാണ്. കളി കഴിഞ്ഞശേഷം കളിനിയമങ്ങൾ എഴുതി ഉണ്ടാക്കിയിട്ട് കാര്യമില്ല.ബജറ്റ് ഒരു കളിയാണോ?
സ്വാഭാവികമായും ഗൗരവകരമായ ഒരു ചോദ്യമാണിത്. അല്ല എന്ന് തന്നെയാണ് മറുപടി. ജനാധിപത്യം കളിയല്ല. നിയമസഭ കളിക്കളവുമല്ല. അതിനെ അങ്ങനെ ആക്കി തീർത്തവർ ആരാണോ അവർ കൂടി കുപ്രസിദ്ധമായിക്കഴിഞ്ഞ ഈ സംഭവത്തിന് ഉത്തരവാദിയാണ്.

ഇതിൽ ഏതെങ്കിലും ഒരു പക്ഷത്തെ കുറ്റക്കാരാക്കുന്ന ഏകപക്ഷീയമായ നിലപാടാണോ എല്ലാ മാധ്യമങ്ങളും എടുത്തത് എന്ന് ചോദിച്ചാൽ ചിലവയൊഴികെ അല്ല എന്ന് പറയാം. പക്ഷേ ഇവിടെ രണ്ട് പക്ഷവും വിട്ടുവീഴ്ച ചെയ്യണമായിരുന്നു, സംയമനം പാലിക്കണമായിരുന്നു എന്ന തരം അഴകൊഴമ്പൻ സമദൂരം പാലിക്കുന്ന മാധ്യമങ്ങൾ ചെയ്യുന്നതും ഇരട്ടത്താപ്പ് തന്നെയാണ്. പ്രതിപക്ഷമാണൊ ഈ ദൗർഭാഗ്യകരമായ സംഭവവികാസങ്ങൾക്ക് ഉത്തരവാദി എന്നതാണ് ചോദ്യം. അങ്ങനെ ആരും പറഞ്ഞിട്ടില്ല എന്നത് പ്രസക്തമായ ഉത്തരമല്ല. പ്രതിപക്ഷം അല്ല എന്ന് ആരെങ്കിലും പറഞ്ഞോ എന്നതാണ് ചോദ്യം. അതിന് അതെ, അല്ലെങ്കിൽ അല്ല എന്ന രണ്ടിലൊന്ന് ഉത്തരം തന്നെയാണ് വേണ്ടത്.

ഈ ഉത്തരത്തിലേയ്ക്ക് കടക്കും മുമ്പ് കാര്യങ്ങളെ ഇവിടെവരെ കൊണ്ടെത്തിച്ച സംഭവ വികാസങ്ങളുടെ ചരിത്രം, അത് എല്ലാവർക്കും അറിയാവുന്നതാണെങ്കിൽ കൂടി ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ ഒരു സംഗ്രഹിക്കൽ അനിവാര്യമാണ്.

കഥ ഇതുവരെ
മാണിയ്ക്ക് എതിരേ ഉണ്ടായ ആരോപണങ്ങൾ ബാർ ഉടമകളൊട് കോഴ ആവശ്യപ്പെട്ടത് മുതൽ ബജറ്റ് ചോർത്തി വിലപേശി വിറ്റ്‌ കാശുവാങ്ങി എന്നത് വരെയാണ്. ഇവയൊന്നും പ്രതിപക്ഷം കണ്ടെത്തിയതോ, ഉന്നയിച്ചതോ അല്ല. അതിന് പിന്നിൽ മാധ്യമങ്ങളും ബാർ ഉടമകളുടെ അസോസിയേഷനും, ബിജു രമേശും മറ്റും ആയിരുന്നു. ബിജു രമേശിന് പിന്നിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെയാണെന്നും, അദ്ദേഹം ഈ തുറുപ്പ് ഇറക്കിയത് മാണിക്ക് മുഖ്യമന്ത്രി പദം നല്കി മറുപക്ഷത്ത് കൊണ്ടുവന്ന് സർക്കാരിനെ മറിച്ചിടാനുള്ള പ്രതിപക്ഷതന്ത്രത്തിന് മറുതന്ത്രമായാണെന്നും ഉള്ള ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളും ഈ മാധ്യമങ്ങൾ തന്നെ. പ്രതിപക്ഷത്തിലെ പ്രമുഖ കക്ഷിയായ സി പി എം മാണിയോടും അയാൾ നടത്തിയ ജനാധിപത്യത്തെ ആകമാനം ഞെട്ടിക്കുന്ന തരം നിർലജ്ജമായ അഴിമതികളോടും മൃദുസമീപനമാണ് പുലർത്തുന്നത് എന്ന വാദം ഉയർത്തി ആദ്യം പറഞ്ഞ ഗൂഢാലോചനാ സിദ്ധാന്തത്തെ പൊലിപ്പിച്ചതും ഈ മാധ്യമങ്ങളും അവരുടെ വളർത്തുമൃഗങ്ങളായ ചില വിശകലന വക്കീലന്മാരും ചേർന്നാണ്.

ഇത്തരം ഒരു വൻ അഴിമതിയെക്കുറിച്ചുള്ള വാർത്ത പുറത്ത് വന്ന് നിരവധി ദിവസം കഴിഞ്ഞിട്ടും പ്രതിപക്ഷം പ്രക്ഷോഭത്തിലേയ്ക്ക് നീങ്ങിയില്ല എന്നതിനെ ഉന്നയിക്കപ്പെട്ട ആരോപണത്തിൽ കഴമ്പുണ്ടോ എന്ന് ബോധ്യം വന്നിട്ട് സമരം ചെയ്യാം എന്ന മര്യാദയായല്ല മാധ്യമങ്ങൾ പൊതുബോധത്തിൽ കുത്തിവച്ചത്, മറിച്ച് ഏത് അഴിമതിക്കാരനെ കൂട്ടുപിടിച്ചായാലും അധികാരം കൈക്കലാക്കിയാൽ മതി എന്ന് ആഗ്രഹിക്കുന്ന ഒരു പ്രബലവിഭാഗം മുഖ്യപ്രതിപക്ഷകക്ഷിയായ സി പി എമ്മിൽ ഉണ്ട് എന്നതിന് തെളിവായിട്ടായിരുന്നു. ഇത് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ അറിയാവുന്നത്ര പരസ്യമായ രഹസ്യമാണെന്നും അവർ സ്ഥാപിച്ചെടുത്തു.അന്നൊക്കെയും ഒരു കാര്യം നിസ്സംശയം തെളിയിക്കപ്പെട്ട് കഴിഞ്ഞ പ്രതീതിയായിരുന്നു. അതായത് മാണി കോഴ വാങ്ങുകയും, ബജറ്റ് വിൽക്കുകയും ചെയ്തു എന്നല്ല, അങ്ങനെ ചെയ്ത് പോന്നിരുന്ന ഒരാളായിരുന്നു എന്ന്. അതും അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നതിൽ അവർക്ക് സംശയമേ ഉണ്ടായിരുന്നില്ല . അങ്ങനെയെങ്കിൽ ഇത്തിരി വൈകിയെങ്കിലും സി പി എമ്മിന് ബോധോദയമുണ്ടായത് വൈകിപ്പോയി എന്ന കാരണം കൊണ്ട് മാത്രം ഒരു തെറ്റാവില്ലല്ലൊ. ബെറ്റർ ലേറ്റ് ദാൻ നെവർ എന്നാണല്ലോ ആംഗല ആപ്തവാക്യം. അങ്ങനെയാണ് പ്രതിപക്ഷം മാണിയുടെ രാജി ആവശ്യപ്പെടുന്നതും, അഴിമതിക്കാരനെന്ന് 'അരിയാഹാരം' കഴിക്കുന്ന എല്ലാവരും വിശ്വസിക്കുന്ന ഒരു മന്ത്രിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്നും പ്രതിപക്ഷം തീരുമാനിക്കുന്നത്.

അഴിമതിക്കാരും, അസാന്മാർഗ്ഗികളും, ധിക്കാരികളുമായ കുറെ വലത് വ്യതിയാനികളുടെ കയ്യിൽ പെട്ടുപോയ സി പി എമ്മിന്റെ നേതൃത്വത്തിൽ ഒരു സമരം നടന്നാൽ തന്നെ അത് പരമാവധി ഒരു അഡ്ജസ്റ്റ്മെന്റ് സമരമേ ആകു എന്ന തീർപ്പ് അപ്പോഴും തലയ്ക്ക് മുകളിൽ തൂങ്ങിക്കിടപ്പുണ്ട്. അതുകൊണ്ട് തന്നെ പല കോണുകളിലൂടെ പാളയത്തിൽ നിന്നും പുറത്തുനിന്നും ഒക്കെയായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന തങ്ങളുടെ വിശ്വാസ്യത വിട്ടുവീഴ്ചയില്ലാത്ത ഒരു സമരത്തിലൂടെ വീണ്ടെടുക്കുക എന്ന ഒരു ലക്ഷ്യം കൂടി ആ സംഘടനയ്ക്ക് ഉണ്ടായാൽ അതിനെയും സമരകാരണം പ്രസക്തമായതിനാൽ, അതായത് മാണി അഴിമതിക്കാരനാണ് എന്നത് 'അരിയാഹാരം' കഴിക്കുന്നവർക്കെല്ലാം അറിയാവുന്നതിനാൽ, ഒരു കുറ്റമായി കാണാനാവില്ല.

മറ്റെന്ത് ചെയ്യാനാകുമായിരുന്നു?
കോടതി തീർപ്പ് കൽപ്പിക്കുന്നത് വരെ ഒരു കുറ്റാരോപിതനും കുറ്റവാളിയാകുന്നില്ല എന്നത് നീതിന്യായബന്ധിയായ ഒരു സർവ്വസമ്മതസിദ്ധാന്തമാണ്. നിലവിലുള്ള അവസ്ഥയിൽ അത് വർഷങ്ങൾ, ഒരുപക്ഷെ ദശാബ്ദങ്ങൾ എടുക്കുന്ന ഒരു പ്രക്രിയയും. ഭരണകൂടം തന്നെ കുറ്റാരോപിതമാകുമ്പോൾ അന്വേഷണം സ്വാധീനിക്കപ്പെടാമെന്നതു കൊണ്ട് അത് ഏതളവുവരെയും നീളാം, എന്തുമായിത്തീരാം എന്നതും വ്യക്തം. ആ നിലയ്ക്കാണ് കുറ്റാരോപിതരായവർ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരാണെങ്കിൽ അവർ അത് രാജിവച്ച് സ്വതന്ത്രമായ അന്വേഷണത്തിന് വഴിയൊരുക്കണം എന്നത് ജനാധിപത്യത്തിലെ മൂല്യബന്ധിയായ ഒരു കീഴ്വഴക്കമാകുന്നത്. തീർച്ചയായും അതൊരു നിയമമല്ല. കീഴ്വഴക്കങ്ങൾ എല്ലാം നിയമങ്ങളുമല്ല.

പ്രതിപക്ഷം മേല്പറഞ്ഞത് പോലെ അല്പം വൈകി ആണെങ്കിലും മാണിയുടെ രാജി ആവശ്യപ്പെട്ടു. അത് നിഷേധിക്കപ്പെട്ടു. നിയമപരമായി അയാളെ രാജിവയ്പ്പിക്കാൻ മാണിയുടെ മേലുള്ള കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല. അപ്പോൾ നിയമത്തെ അവലംബിച്ചല്ല, മൂല്യങ്ങളെയും മൂല്യബന്ധിയായ കീഴ്വഴക്കങ്ങളെയും അവലംബിച്ച് മാത്രമേ പ്രതിപക്ഷത്തിന് മാണിയുടെ രാജി ആവശ്യപ്പെടാനാവു. അത് സർക്കാർ നിഷേധിക്കുകയും ചെയ്തു. അതെ തുടർന്നാണ് മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല എന്ന സമരമുഖം പ്രതിപക്ഷം തുറക്കുന്നത്. അത് ബജറ്റിനെതിരേ ഉള്ള ഒരു സമരമല്ല, മന്ത്രിയ്ക്കെതിരെ ഉള്ളതായിരുന്നു.

പാരകളുടെയും, മറുപാരകളുടെയും, പ്രതിച്ഛായാനിർമ്മിതിയുടെയും, അതിന്റെ ഭഞ്ജനത്തിന്റെയുമൊക്കെയായ ഒരു വിചിത്രമായ ആന്തരിക രാഷ്ട്രീയത്തിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്ന കൃത്യങ്ങളെ ആ നിലയ്ക്ക് തന്നെ തെളിയിക്കുന്നത് അസാദ്ധ്യമാണ്. ഇവിടെ പ്രശ്നം പ്രതിപക്ഷത്തിന് മറ്റെന്ത് ചെയ്യാനാകുമായിരുന്നു എന്നതാണ്. ആദ്യം മാണി അഴിമതിക്കാരനെന്ന് മാധ്യമങ്ങൾ വിചാരണ ചെയ്ത് തീർപ്പ് കൽപ്പിക്കുന്നു. തുടർന്ന് മാണിയ്ക്ക് മുഖ്യമന്ത്രി പദം നല്കി അയാളെ മുന്നണിയിലേയ്ക്ക് കൊണ്ടുവരാൻ നീക്കമുണ്ടെന്ന ഗൂഡാലോചനാ സിദ്ധാന്തം ചമയ്ക്കപ്പെടുന്നു. അതിന് തടയിടാൻ ഉമ്മൻ ചാണ്ടി കണ്ടെത്തിയ മറുതന്ത്രമാണ് മാണിയുടെ അഴിമതികളുടെ ബിജു രമേശ് വഴിയുള്ള പരസ്യപ്പെടുത്തൽ എന്ന മറുസിദ്ധാന്തവും അവർ തന്നെ രചിക്കുന്നു. തുടർന്ന് ഇടതുപക്ഷം മാണിക്കെതിരേ വ്യാപകപ്രക്ഷോഭവുമായി മുന്നോട്ട് വരാത്തത് അയാളെ കൂടെക്കൂട്ടി അധികാരം കയ്യാളാൻ ആലോചികുന്ന, അയാളുടെ അഴിമതികൾക്ക് പരോക്ഷമായി ഒത്താശ ചെയ്യുന്ന ഒരു പ്രബലവിഭാഗം പ്രതിപക്ഷത്തിലെ മുഖ്യകക്ഷിയിൽ ഉള്ളതുകൊണ്ടാണെന്ന് വരെ അന്തിചർച്ചകൾ വഴി പറഞ്ഞുവയ്ക്കുന്നു. ആ സാഹചര്യത്തിലാണ് സി പി എമ്മിന്റെ നേതൃത്വത്തിൽ ഈ സമരം നടക്കുന്നത്.

പതിനായിരക്കണക്കിന് ആളെ കൂട്ടി സമരം ചെയ്യുകയും അതിനെ അനന്തകാലം നിയന്ത്രണത്തിൽ നിർത്തുകയും ചെയ്യുക എന്നത് അത്ര എളുപ്പമല്ല എന്ന ധാരണ നൂറുപേരെ സംഘടിപ്പിച്ച് സമരം നയിച്ച പരിചയമുള്ള ചെറുകിട നേതാവിനും ഉണ്ടാവും. അതില്ലാത്തവർ മുന്നണി വ്യത്യാസമില്ലാതെ പറഞ്ഞു പൊലിപ്പിച്ച അഡ്ജസ്റ്റ്മെന്റ് സമരം എന്ന കരി മുഖത്ത് തെറിച്ച് നില്ക്കുന്ന ഒരു സംഘടന ഈ ഘട്ടത്തിൽ പിന്നെ എങ്ങനെ വിജയിക്കണമായിരുന്നു എന്നാണ് മത്സരസംഘാടകരായ മാധ്യമങ്ങൾ പറയുന്നത്?ജനാധിപത്യ സമരങ്ങളും, അവയുടെ ജയപരാജയങ്ങളും
ജനാധിപത്യം എന്നത് ഭൂരിപക്ഷാധിപത്യമല്ല. അവിടെ ഭരണകൂടമാകുന്നത് ഭൂരിപക്ഷം വരുന്ന ആൾക്കൂട്ടത്തിന്റെ കേവലമായ പ്രാതിനിധ്യവുമല്ല. ജനാധിപത്യമെന്നത് ജനാധിപത്യമൂല്യങ്ങളുടെ ആധിപത്യമാണ്. അതിൽ ഭരണ, പ്രതിപക്ഷങ്ങൾ പരസ്പരം മത്സരിക്കുന്ന കറുപ്പും വെളുപ്പുമാർന്ന അലിഗൊറിക്കൽ രൂപങ്ങളല്ല. അവർ ജനാധിപത്യ മൂല്യങ്ങളുടെ നിർവഹണ, തിരുത്തൽ ശക്തികളാണ്. ആ മൂല്യങ്ങളെ കാറ്റിൽ പറത്തി ഭരണകൂടം ഒരു ഫാസിസ്റ്റ് ശക്തിയായി മാറുമ്പോൾ അതിനെതിരേയുള്ള പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നത് സ്വാഭാവികം മാത്രമാണ്. അവയെ ഇല്ലാത്ത ജനാധിപത്യമൂല്യങ്ങൾ വച്ച് സൗകര്യപൂർവ്വം മാറ്റിയും തിരിച്ചും ചർച്ച ചെയ്യുകയും തങ്ങളുടെ അജണ്ടകൾക്കനുസരിച്ച് വസ്തുതകളെ വളച്ചൊടിച്ച് പൊതുജനാഭിപ്രായം രൂപീകരിക്കുകയും ചെയ്യുന്ന മാധ്യമങ്ങൾ അധികാരത്തിന്റെ ഇടനിലക്കാരന്റെ (ഇതൊരു യൂഫിമിസമാണ്) വേഷമാണ് അഭിനയിച്ച് പൊലിപ്പിക്കുന്നത്.

നിയമസഭയില്‍ നടന്ന കളിയിലെ പക്ഷപാതിയായ റഫറി 'ശക്തൻ' എന്നും അ'ശക്തൻ' എന്നുമൊക്കെ അപഹസിക്കപ്പെടുന്ന കന്നിക്കുപ്പായം ധരിച്ചുവന്ന ആ സ്പീക്കറെന്ന വ്യക്തിയല്ല, മാധ്യമങ്ങളാണ് (എല്ലാം എന്നല്ല). മാണി അഴിമതിക്കാരനാണെന്ന് മാത്രമല്ല, അഴിമതിക്കാരനായ മാണിയെ കൂടെ കൂട്ടാൻ തക്കവണ്ണം അധപതിച്ചു ഇടതുപക്ഷം എന്നും നിരന്തരം ധ്വനിപ്പിച്ചുകൊണ്ടിരുന്ന അവർക്ക് മാണി രാജിവയ്ക്കണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പോട്ടെ, അദ്ദേഹമല്ലാതെ മറ്റാരെങ്കിലും ബജറ്റ് അവതരിപ്പിക്കട്ടെ എന്ന നിർദ്ദേശവും തള്ളിയ ഭരണകൂടത്തിനെക്കുറിച്ച് പറയുമ്പോൾ 2-4-4 തന്ത്രം മാറ്റി അവർ 3-4-3 തന്ത്രം പയറ്റി ജയിച്ചു എന്ന ഗെയിം തിയറിയാണ് അടിസ്ഥാനം. ഇത്തരം തന്ത്രങ്ങളും, മറുതന്ത്രങ്ങളും വച്ചല്ല ജനാധിപത്യ സമരങ്ങളുടെ ജയപരാജയങ്ങളെ വിലയിരുത്തേണ്ടത്. ഒരു സമരം വിലയിരുത്തപ്പെടെണ്ടത് അത് ഉയർത്തുന്ന മൂല്യങ്ങളുടെ, അവയുടെ സാധുതയുടെ അടിസ്ഥാനത്തിലാണ് എന്ന പ്രാഥമികപാഠമാണ് നമ്മുടെ മാധ്യമ ചർച്ചകളും, വിശകലനങ്ങളും സ്ഥിരമായി മറന്നുകളയുന്നത്.

ജനാധിപത്യം കളിയല്ല, അതിന് ചില മൂല്യങ്ങളുണ്ട്, പ്രതിനിധാനങ്ങളുണ്ട് എന്നൊക്കെ അവർക്ക് ഓർമ്മവരുന്നത് ഏകപക്ഷീയമായ കളിയിൽ തുടങ്ങുന്നതിനു മുമ്പേ തോല്ക്കാൻ വിധിക്കപ്പെട്ടവരുടെ നിർബന്ധിത നിസ്സഹായത കളിയെ ഗോൾ പോസ്റ്റ്‌ ഉൾപ്പെടെ തകർക്കുന്ന അവസ്ഥ എത്തുമ്പൊഴാണ്. അപ്പോഴും അവർക്കുണ്ട് ചില ന്യായവാദങ്ങൾ!

ന്യായവാദങ്ങൾ
മുണ്ടുമടക്കി ഉടുത്തു, മേശപ്പുറത്ത് കയറി, കസേര എടുത്തെറിഞ്ഞു തുടങ്ങിയ സാധാരണ വാദങ്ങൾ അവിടെ നില്ക്കട്ടെ. ബുദ്ധി രാക്ഷസന്മാർ വീണ്ടും ആരോപിക്കുന്നത് ഈ സമരവും ഒരു ഇരട്ട താപ്പ് അഥവാ അഡ്ജസ്റ്റ്മെന്റ് ആണ് എന്നത്രേ! അതിന് തെളിവ് മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ല എന്ന് തീരുമാനം എടുത്ത ശേഷവും തങ്ങളുടെ മണ്ഢലങ്ങളിലെ വികസന പ്രവർത്തനങ്ങൾക്ക് ബജറ്റ് വിഹിതം ചോദിച്ച് പ്രതിപക്ഷ എം എൽ ഏമാർ ധനകാര്യമന്ത്രിയ്ക്ക് അയച്ചു എന്ന് പറയപ്പെടുന്ന കത്തുകളാണ്. മാത്യു ടി തോമസിനെ പോലെയുള്ളവർ തങ്ങൾ അങ്ങനെ ഒരു കത്ത് എഴുതിയിട്ടില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ആ രേഖകളുടെ ആധികാരികതയെ ചോദ്യം ചെയ്ത് കഴിഞ്ഞു. ആന്റണി രാജു ഉന്നയിച്ച ഈ ആരോപണത്തിന്റെ തെളിവായ എം എൽ ഏ മാർ വകുപ്പ് മന്ത്രിക്ക് അയച്ചതായി പറയപ്പെടുന്ന കത്തുകൾ ഒരു എം എൽ എ പോലുമല്ലാത്ത ആന്റണി രാജുവിന് എങ്ങനെ കിട്ടി എന്ന ചോദ്യത്തിന് ഉറവിടം വെളിപ്പെടുത്താനാവില്ല എന്നതാണ് മറുപടി. ആ കത്തുകളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടപ്പോൾ അത് കൃത്രിമമാണെന്ന് അങ്ങനെ വാദിക്കുന്നവർ തെളിയിക്കട്ടെ എന്നും! അങ്ങനെയെങ്കിൽ മാണിയ്ക്കും, കേരളാ കോണ്‍ഗ്രസ്സിനും എതിരേ ഉന്നയിക്കപ്പെട്ട അഴിമതി ആരോപണങ്ങളുടെ തെളിവുകൾ കൃത്രിമമാണെന്ന വാദം തെളിയിക്കേണ്ടത് മാണിയും കേരളാ കോണ്‍ഗ്രസ്സും തന്നെയല്ലേ? ഈ ചോദ്യം കൈരളിയിലെ വാർത്താ അവതാരകൻ ചോദിച്ചതിന് ഉത്തരമില്ല.ഇവിടെ അഴിമതി ആരോപണവിധേയനായി, സ്വന്തം സർക്കാർ ഉത്തരവിട്ട അന്വേഷണത്തെ നേരിടുന്ന ഒരു മന്ത്രി ബജറ്റ് അവതരണം പോലെ നിർണ്ണായകമായ ഒരു ഭരണഘടനാപരമായ നിർവഹണകൃത്യം നടത്താൻ പാടില്ല എന്ന പ്രതിപക്ഷാവശ്യം പ്രതീകാത്മകമായ ഒരു ചെറുത്തുനില്പിന്റെ രൂപകമാണ്. അതിനെ ജനാധിപത്യ മൂല്യങ്ങളുമായി ബന്ധപ്പെടുത്തി വേണം ചർച്ച ചെയ്യാൻ. അല്ലാതെ അക്ഷരാർത്ഥത്തിലാണ് പ്രതിഷേധം എങ്കിൽ അഴിമതിയിൽ കുളിച്ചതെന്ന് ഈ മാധ്യമങ്ങളും പൊതുസമൂഹവും ഉൾപ്പെടെ സമ്മതിക്കുന്നതും , എന്നാൽ തങ്ങൾക്ക് ഭൂരിപക്ഷമുണ്ട് എന്ന സാങ്കേതികതയിൽ കടിച്ചുതൂങ്ങി നിലനിൽക്കുന്നതുമായ ഈ സർക്കാരിനെതിരെ പ്രതിപക്ഷത്തിന് എന്ത് ചെയ്യാൻ കഴിയുമെന്നാണ്? ജനാധിപത്യമൂല്യങ്ങൾ വകവയ്ക്കാത്ത, എന്ത് സംഭവിച്ചാലും രാജിവയ്ക്കുന്ന പ്രശ്നമില്ല എന്ന് തറപ്പിച്ച് പറയുന്ന സർക്കാരിനെ കായികമായി പുറത്താക്കി ഭരണം പിടിച്ചടക്കുകയല്ലാതെ ഇവിടെ ജനാധിപത്യപരമായി എന്താണ് വഴി? അത് ചെയ്താൽ എന്താവും ഈ മാധ്യമങ്ങളുടെ അഭിപ്രായം?

പ്രതിപക്ഷം എതിർത്തത് ബജറ്റിനെയല്ല, അത് മാണി അവതരിപ്പിക്കുന്നതിനെയാണ്. മാണിയ്ക്ക് തന്നിഷ്ടം പോലെ ബജറ്റ് അവതരിപ്പിക്കാനോ, അത് മറിച്ച് വിറ്റ്‌ കാശുണ്ടാക്കി വീട്ടിൽ പോകാനോ പറ്റില്ല എന്നത് എല്ലാർക്കും അറിയാം. പ്രതിപക്ഷം ആവശ്യപ്പെടുന്നതും ബജറ്റ് പുനർനിർമ്മിക്കണം എന്നല്ല. കാരണം ബജറ്റിൽ മന്ത്രിയുടെയല്ല, മന്ത്രിസഭയുടെ സാമ്പത്തിക നയങ്ങളാവും പ്രതിഫലിക്കുക. ആ നയത്തിനൊട് പ്രതിപക്ഷത്തിനുള്ള വിയോജിപ്പ് അവർ നിരന്തരം പ്രകടിപ്പിക്കുമ്പോഴും ആ കാരണം കൊണ്ട് സർക്കാരിനെ ഭരിക്കാൻ അനുവദിക്കില്ല എന്നൊരു നയം ജനാധിപത്യപരമാണെന്ന് കരുതാനാവില്ല എന്നതുകൊണ്ട് തന്നെ അവർ സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് മാണിയെ എതിർക്കുമ്പൊഴും ബജറ്റിനോടും, അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന എം എൽ എമാരുടെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട അവകാശങ്ങളൊടും ജനപക്ഷത്തുനിന്ന് അവർ സഹകരിച്ചിരുന്നു എങ്കിൽ അതിൽ എന്താണ് ഇരട്ടത്താപ്പ്? തങ്ങളുടെ മണ്ഡലങ്ങളുടെ വികസനത്തിനുള്ള ബജറ്റ് വിഹിതം ഉറപ്പ് വരുത്താനുള്ള നടപടിക്രമങ്ങൾ മാത്രമേ അവർ പാലിച്ചിട്ടുള്ളു. അതിൽ മാണി എന്ന നിലവിൽ അഴിമതിക്കറ പുരണ്ട് നില്ക്കുന്ന വ്യക്തിയോ, അയാൾക്കെതിരെ ഉള്ള പ്രതിഷേധങ്ങളൊ ഇല്ല. ഉള്ളത് സംസ്ഥാനത്തിന്റെ ബജറ്റും അതിലെ ന്യായമായ വിഹിതങ്ങളും മാത്രമാണ്. അത് ഇരട്ടത്താപ്പായി വ്യാഖ്യാനിക്കുന്നതിനെയാണ് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്ന് പറയുന്നത്.

ഭരണകൂടത്തിന്റെ കൂട്ടുത്തരവാദിത്തം എന്നത് ആവശ്യമുള്ളപ്പോൾ മാത്രം ചാനൽ ചർച്ചകളിൽ എടുത്ത് അലക്കാനുള്ള ഒരു വാദമല്ല. അഴിമതിയിൽ അടിമുടി മുങ്ങിയ ഈ സർക്കാർ രാജിവച്ച് പുതിയ ജനവിധി തേടുകയാണ് വേണ്ടത് എന്ന് പൊതുവിൽ സമ്മതിക്കുക മാത്രമല്ല, അതിന് സർക്കാരിനെ നിർബന്ധിതമാക്കാനുള്ള ഉത്തരവാദിത്തം പ്രതിപക്ഷം നിർവഹിക്കുന്നില്ല എന്ന് കൂടി ധ്വനിപ്പിക്കുമ്പോൾ പ്രതിപക്ഷം മറ്റെന്തായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്ന് കൂടി നിർദ്ദേശിക്കേണ്ട ചുമതല വിമർശകർക്കുണ്ട് . പ്രത്യേകിച്ച് ഒന്നായാലും, രണ്ടായാലും ഭൂരിപക്ഷമുള്ളിടത്തോളം കാലം സാങ്കേതികമായി ഞങ്ങൾക്ക് അഞ്ച് വർഷം ഭരിക്കാൻ കാലാവധിയുണ്ട് എന്ന് വാദിക്കുന്ന, അത് നിലനിർത്താൻ പോലീസും പട്ടാളവും ഉൾപ്പെടെയുള്ള സകല മർദ്ദനോപാധികളെയും ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഒരു മടിയുമില്ലാത്ത ഒരു ഭരണകൂടം നിലനില്ക്കുമ്പോൾ . ആ നിയമപരവും, ഭരണഘടനാദത്തവുമായ അവകാശത്തിൽ പ്രതിപക്ഷത്തിന് പ്രായോഗികമായും, മൂല്യബന്ധിയായും, അക്രമരഹിതമായും എങ്ങനെ ജനാധിപത്യപരമായി ഇടപെടാനാകും എന്നതാണ് ചോദ്യം. അതിനെയാണ് ഭരണഘടനയുടെ നാലാം തൂൺ ഒരു കളിയായി ചരുക്കുന്നതും, അതിലെ ജയപരാജയങ്ങളെ വെറും കേളീതന്ത്രങ്ങളായ് സംപ്രേക്ഷണം ചെയ്യുന്നതും.

ഇതൊരു കളിയല്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഇത് കളിയായി കാഴ്ച്ചപ്പെടുത്തുന്നവർ ചെയ്യുന്നത് ജനാധിപത്യത്തിന്റെ കശാപ്പാണെന്ന് ആരൊക്കെ സമ്മതിക്കും?


Next Story

Related Stories