TopTop
Begin typing your search above and press return to search.

തോമസ് ഐസക്കിന്റെ ബജറ്റിന് കയ്യടി; പ്രതീക്ഷകള്‍ വാനോളം

തോമസ് ഐസക്കിന്റെ ബജറ്റിന് കയ്യടി; പ്രതീക്ഷകള്‍ വാനോളം

കേരള നിയമസഭ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം. രണ്ട് മണിക്കൂര്‍ 57 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോ. ടി എം തോമസ് ഐസക്കിന്റെ ആദ്യ ബജറ്റില്‍ എല്‍ ഡി എഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത ജനക്ഷേമ പ്രഖ്യാപനങ്ങള്‍ ഏറെയുണ്ട്. എല്ലാ ക്ഷേമ പെന്‍ഷനുകളും 1000 രൂപയായി ഉയര്‍ത്തിയും ഓണത്തിന് മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം മുന്‍കൂട്ടി പ്രഖ്യാപിച്ചും പൊതുവിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖയിലും സര്‍ക്കാര്‍ ഇടപെടല്‍ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ബജറ്റ് ജനപ്രിയമെന്ന് ഇതിനോടകം തന്നെ അഭിപ്രായം വന്നുകഴിഞ്ഞു. കാര്‍ഷിക മേഖലയിലെ ഉത്പാദനം കൂട്ടുന്നതിനും മറ്റു മേഖലകളിലെ വികസനത്തിനുതകുന്നതുമായ പല പദ്ധതികള്‍ക്കും ബജറ്റ് തുടക്കം കുറിച്ചുവെന്നു പ്രമുഖര്‍ അഭിപ്രായപ്പെടുന്നു. സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍, ആദിവാസികള്‍, ഭൂരഹിതരായവര്‍ എന്നിവരുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്ന രീതിയിലുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതോടെ അവര്‍ക്കായി നിലകൊള്ളും എന്ന നിലപാടിനു കൂടുതല്‍ സ്ഥിരത നല്‍കിയിരിക്കുകയാണ് ഇടതു സര്‍ക്കാര്‍. കേരളത്തിന്റെ വളര്‍ച്ചയില്‍ത്തന്നെ കാതലായ മാറ്റത്തിനു ഹേതുവായേക്കാവുന്ന ബജറ്റിനെക്കുറിച്ച് പ്രമുഖര്‍ പ്രതികരിക്കുന്നു.

ശ്രീധര്‍, തണല്‍
സമ്പൂര്‍ണ്ണ കാര്‍ഷിക ബജറ്റാണ് ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ചിരിക്കുന്നത്. കൃഷിയെ പ്രധാന വരുമാന മാര്‍ഗ്ഗമായി പോലും അംഗീകരിക്കാത്ത ബജറ്റായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം അവതരിപ്പിച്ചിരുന്നത്. കാര്‍ഷിക മേഖലയില്‍ ബജറ്റിന്റെ നടപ്പാക്കലുകള്‍ 10 ശതമാനത്തില്‍ താഴെയായിരുന്നു. നെല്‍ കൃഷി മേഖലയെ അപ്പാടെ തഴയുകയും റബറിനു കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് യുഡിഎഫ് ചെയ്തത്. നെല്‍വയല്‍ നികത്തി പോകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഡാറ്റാബാങ്ക് ആശയം നടപ്പാക്കാതിരുന്നത്. ഈ ബജറ്റില്‍ നെല്‍വയല്‍ ഡാറ്റാബാങ്ക് ആശയം നടപ്പാക്കുന്നത് ആശാവഹമാണ്. നെല്‍വയല്‍ നികത്തുന്നതിന് 2014-15 വര്‍ഷം കൊണ്ടു വന്ന നിയമ ഭേദഗതി റദ്ദാക്കുന്ന നിര്‍ദ്ദേശവും സ്തുത്യര്‍ഹമാണ്.

റബര്‍ മേഖയിലെ തകര്‍ച്ചക്ക് കാരണം ആസിയാന്‍ കരാര്‍ ഒപ്പിട്ടുകൊടുത്തതാണ്. അതോടെ ഇറക്കുമതി കൂടുകയും ചെയ്തു. കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ കരുത്തായിരുന്ന റബറിന് ഇപ്പോള്‍ വില സ്ഥിരതക്ക് തുക അനുവദിക്കേണ്ടി വരുന്നു. റബര്‍ കര്‍ഷകര്‍ക്ക് ഇന്നത്തെ അവസ്ഥയില്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണ് 500 കോടി വില സ്ഥിരതക്കായി അനുവദിച്ചത്.

വന മേഖലകള്‍ക്ക് സമീപമുള്ള കര്‍ഷകര്‍ വലിയ ഭീഷണിയാണ് നേരിടുന്നത്. മൃഗങ്ങളുടെ ആക്രമണം കൂടുന്ന സാഹചര്യമാണിപ്പോള്‍. ഭക്ഷണം ലഭിക്കാത്തതുകൊണ്ടാകാം മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാകുമ്പോള്‍ സഹായത്തിനായി ബജറ്റില്‍ 100 കോടി വകയിരുത്തിയത് സ്വാഗതാര്‍ഹമാണ്.

പച്ചക്കറിക്കും നെല്ലിനും നാളികേരത്തിനും അഗ്രോ പാര്‍ക്ക് എന്ന നിര്‍ദ്ദേശം നടപ്പാക്കാനായാല്‍ വളരെ ഗുണകരമാണ്. കൊല്ലത്തെ സാമ്പത്തിക മേഖലയെ തന്നെ സ്വാധീനിക്കുന്ന കശുവണ്ടി മേഖലക്ക് 100 കോടി അനുവദിച്ചിട്ടുമുണ്ട്. പരമ്പരാഗത മേഖലകളായ കയര്‍ പോലുള്ളവയെ ഉയര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യ മേഖലക്കും വളരെയധികം താങ്ങു നല്‍കുന്ന ബജറ്റാണിത്. പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഒരു സമ്പൂര്‍ണ്ണ കാര്‍ഷിക ഉന്നമനത്തിന് പ്രാധാന്യം നല്‍കിയ ബജറ്റാണെന്ന് നിസംശയം പറയുവാന്‍ സാധിക്കും.ജ്യോതി നാരായണന്‍, സ്ത്രീ പ്രവര്‍ത്തക

ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ സ്വഗതാര്‍ഹമാണ്. പക്ഷേ അനുവദിക്കുന്ന തുകയെല്ലാം പാഴായി പോവുകയാണ് പതിവ്. ഒരു ഉത്ഘാടനത്തിനപ്പുറം നിര്‍ദ്ദേശങ്ങള്‍ ഒന്നും പ്രാവര്‍ത്തികമാകാറില്ല. സ്‌കൂളുകളില്‍ പെണ്‍ സൗഹൃദ ശൗചാലയങ്ങള്‍ എന്ന നിര്‍ദ്ദേശം ഗുണകരമാണ്. എന്നാല്‍ ഇ- ടോയ്ലറ്റുകള്‍ സ്ഥാപിച്ചതുപോലെയാകാതിരിക്കാന്‍ ശ്രമിക്കണം.

ബജറ്റിലെ ഏറ്റവും നല്ല നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് സ്ത്രീകള്‍ക്കായി ഒരു പ്രത്യേക വകുപ്പ് രൂപികരിക്കുക എന്നത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്ന പ്രഖ്യാപനമാണിത്.

കുടുംബശ്രീക്ക് കൂടുതല്‍ ഫണ്ട് അനുവദിച്ചതും നല്ലതാണ്. പക്ഷേ കുടുംബശ്രീക്ക് പുറത്തും സ്ത്രീകളുണ്ടെന്ന കാര്യം മറന്നു പോകാന്‍ പാടില്ല. സ്ത്രീകളെന്നാല്‍ കുടുംബശ്രീ എന്നു മാത്രമാണ് പഞ്ചായത്തുകള്‍ കാണുന്നത്. ഈ ചിന്താഗതി തന്നെ മാറണം. സ്ത്രീകള്‍ക്കായി മറ്റു സാധ്യതകള്‍ കൂടി സര്‍ക്കാര്‍ പരിശോധിക്കണം. കുടുംബശ്രീ എന്നാല്‍ ചീപ്പ് ലേബര്‍ ആണെന്ന വിചാരം മാറ്റിയെടുക്കുന്നതിനായി ലഭിച്ച തുക വിനിയോഗിക്കണം.

ആയിരം കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ത്രീ സുരക്ഷക്കായി നീക്കിവയ്ക്കുമെന്ന് പറഞ്ഞിരുന്നത്. അതുപോലെയാകരുത് സ്ത്രീകളുടെ വികസനത്തിനും ക്ഷേമത്തിനുമായി ബജറ്റില്‍ അനുവദിച്ച 91 കോടി. പൊതുവേ ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു ബജറ്റാണ് തോമസ് ഐസക്ക് അവതരിപ്പിച്ചിരിക്കുന്നത്.

ഡോ. ജിനേഷ്
ആരോഗ്യമേഖലയ്ക്ക് ആയിരം കോടി രൂപ വകയിരുത്തിയത് സ്വാഗതാര്‍ഹമാണ്. മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഒരു പടിയായി അതിനെ കണക്കാക്കാം. മെഡിക്കല്‍ കോളേജുകള്‍ക്ക് ആകെ അനുവദിച്ചിരിക്കുന്നത് 394 കോടി ആണ്. അതില്‍ 22 കോടിയോളം ആരോഗ്യ സര്‍വ്വകലാശാലയ്ക്കും. അതുപോലെതന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ എയിംസ് ആയി ഉയര്‍ത്താനുള്ള തീരുമാനവും പ്രശംസനീയമായ ഒന്നാണ്. എന്നാല്‍ ഈ തുക എങ്ങനെ ചെലവഴിക്കും എന്നുള്ളത് മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് ഇനി വ്യക്തമാക്കേണ്ടതുണ്ട്.രോഗികളുടെ വർധിച്ചുവരുന്ന തിരക്കുകൾ കൂടി പരിഗണിച്ചു സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും മറ്റു ജീവനക്കാരുടെയും തസ്തികകൾ വർദ്ധിപ്പിക്കേണ്ടതായിരുന്നു. ആ ഭാഗം നിരാശപ്പെടുത്തി എന്നു പറയാതെ വയ്യ. ഓരോ വർഷവും 10 - 15 % മാണ് രോഗികളുടെ എണ്ണത്തിലെ വർദ്ധനവ്. 1961-ലെ തസ്തിക നിർണ്ണയിച്ച അവസ്ഥയിൽ നിന്നുണ്ടായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തസ്തികകൾ കൂട്ടിയിരുന്നെങ്കിൽ എന്നാശിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ നിരവധി ആശുപത്രികൾ കേരളത്തിലുണ്ടായി വന്നിട്ടും സർക്കാർ മെഡിക്കൽ കോളേജുകളിലെ തിരക്കു വർദ്ധിക്കുന്നു എന്ന കാര്യം വിലയിരുത്തപ്പെട്ടില്ല എന്നാണ് തോന്നുന്നത്.

എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ സര്‍ക്കാര്‍ ഏറ്റെടുക്കാൻ പോകുന്ന കൊല്ലം ESI ആശുപത്രിയാണ് AIIMS ആക്കി മാറ്റാൻ നല്ലതു. കാരണം അത്ര മികച്ച സൗകര്യങ്ങൾ ഇപ്പോൾ അവിടെയുണ്ട്, മാത്രമല്ല ആ ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായി വളരെയേറെ ചിലവുണ്ട്. അതായത് 25 % മാത്രം പ്രവർത്തിക്കുന്ന ഇന്ന് പോലും 40 ലക്ഷത്തോളമാണ് കറണ്ട് ബിൽ. കേരളത്തിലെ അഞ്ചു പ്രധാന മെഡിക്കൽ കോളേജുകൾ ചേർത്താൽ പോലും ഇത്ര ബില്ലില്ല.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 394 കോടി എങ്ങിനെ വിഭജിക്കുന്നു എന്നതും കാത്തിരുന്നു കാണേണ്ടതുണ്ട്. എന്തായാലും നിലവിലുള്ള മെഡിക്കൽ കോളേജുകൾ മെച്ചപ്പെടുത്താൻ തീരുമാനിച്ചതിനെ അനുമോദിക്കുന്നു.

പരീക്ഷണ അടിസ്ഥാനത്തിൽ സർക്കാർ മേഖലയിൽ മരുന്ന് നിർമ്മാണ കമ്പനി ആരംഭിക്കുകയും ഗുണനിലവാര പരിശോധന ഉറപ്പുവരുത്തി മരുന്നുകൾ വിതരണം ചെയ്യുമെന്നത് വളരെ സ്വാഗതാർഹം എന്നേ വിശേഷിപ്പിക്കാനാവൂ. മരുന്ന് കമ്പിനികളുടെ 'കട്ട്' എന്ന കൈക്കൂലി ഇല്ലാതാക്കാൻ ഏറ്റവും മികച്ച ഒരു പോംവഴി ആണിത്. ഏറ്റവും കുറഞ്ഞത് സർക്കാർ ആശുപത്രികളിൽ നിന്നെങ്കിലും ഇതൊഴിവാകും. പക്ഷേ, നിലവിൽ വിതരണം ചെയ്യുന്നതുപോലെയുള്ള ഗുണ നിലവാരം കുറഞ്ഞ മരുന്നുകൾ ആവരുത് എന്നുമാത്രം

പ്രകടന പത്രികയിൽ ആരോഗ്യ മേഖയിലേക്കു 5 % വകയിരുത്തും എന്നു പറഞ്ഞിരുന്നു, അതുണ്ടായില്ല. നിലവിലെ സാമ്പത്തിക പ്രതിസന്ധി ആവാം കാരണം എന്നു മനസ്സിലാക്കുന്നു. വരും വർഷങ്ങളിൽ കൂടുതൽ വിഹിതം ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.

പ്രമോദ് തോമസ്‌, മാധ്യമ പ്രവര്‍ത്തകന്‍
മൊത്തത്തില്‍ ഒരു സന്തുലിത ബജറ്റ് എന്ന് വിശേഷിപ്പിക്കാമെങ്കിലും പ്രഖ്യാപിച്ച കാര്യങ്ങള്‍ എത്രത്തോളം നടപ്പാക്കാന്‍ സാധിക്കും എന്നത് ഒരു ചോദ്യമായി തന്നെ നിലനില്‍ക്കുകയാണ്.

റിയല്‍ എസ്റ്റേറ്റ്‌ തുടങ്ങി സമ്പന്ന വിഭാഗത്തിന് പിന്തുണ പ്രഖ്യാപിക്കാത്ത ബജറ്റ് അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിന് ഒട്ടനവധി പദ്ധതികള്‍ തന്നെ ആവിഷ്കരിച്ചിട്ടുണ്ട്.

ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ പ്രഖ്യാപനങ്ങള്‍ തികച്ചും സ്വാഗതാര്‍ഹമാണ്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 20,000 കോടി രൂപയുടെ പാക്കേജ് ആവിഷ്ക്കരിച്ചു എങ്കിലും പ്രായോഗിത സംശയാസ്പദമാണ്.

വെളിച്ചെണ്ണ പോലെയുള്ള അവശ്യ വസ്തുകളുടെ നികുതി വര്‍ധനവ് കുടുംബ ബജറ്റുകളെ കാര്യമായി തന്നെ ബാധിക്കും. ധവളപത്രം സൂചിപ്പിച്ചത് പോലെ തന്നെ ചിലവ് ചുരുക്കി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായിയുള്ള നടപടികളാണ് മന്ത്രി സ്വീകരിച്ചിട്ടുള്ളത്.

വികെ ആദര്‍ശ്, ഐ ടി വിദഗ്ദന്‍
ദീര്‍ഘവീക്ഷണതോടെ തോമസ്‌ ഐസക് അവതരിപ്പിച്ച ബജറ്റ് മികവുറ്റതാണ്. പ്രകടമായ രാഷ്ട്രീയം ഒന്നും തന്നെ വെച്ചുപുലര്‍ത്താതെ കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ച പദ്ധതികള്‍ എല്ലാം തന്നെ മുന്നോട്ട്കൊണ്ടുപോകും എന്ന തീരുമാനം ശ്ലാഘനീയമാണ്. സ്റ്റാര്‍ട്ട്‌ അപ്പ്‌ പദ്ധതികള്‍ പ്രോത്സാഹിപ്പിച്ചു കൊണ്ട് 150 കോടി രൂപ വകയിരുത്തിയത് വലിയ കാര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ പോലും ഇത്രയും ഭീമമായ തുക പദ്ധതിക്കായി നീക്കിവെച്ചിട്ടില്ല. ബോബെ, ചെന്നൈ, ബംഗളുരു പോലെ കേരളം ഒരു “സ്റ്റാര്‍ട്ട്‌ അപ്പ്‌ ഡെസ്റ്റിനേഷനായി” മാറാനുള്ള സാധ്യതയാണ് ഇതുമൂലം തുറക്കപ്പെടുന്നത്. സ്റ്റാര്‍ട്ട്‌ അപ്പ്‌ പദ്ധതികള്‍ കേവലം സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലേക്ക് ഒതുക്കാതെ ഇരുന്നത് സാദ്ധ്യതകള്‍ വര്‍ധിപ്പിക്കും.അതുപോലെ തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം മനസ്സിലാക്കി പുതിയ തസ്തികകള്‍ ഒന്നും തന്നെ സൃഷ്ടിക്കേണ്ട എന്ന തീരുമാനവും അഭിനന്ദനം അര്‍ഹിക്കുന്നു. കൂടാതെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി വ്യവസായത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ധനകാര്യ മന്ത്രി അവതരിപ്പിച്ചത്.

പ്രധാനമായും രണ്ട് ചെലവുകളാണ് സര്‍ക്കാരിനുള്ളത്.

1) മൂലധന നിഷേപം

2) ആവര്‍ത്തന ചെലവുകള്‍.

അടിസ്ഥാന സൗകാര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മുടക്കുന്ന നിഷേപമാണ് മൂലധന നിഷേപം. എന്നാല്‍ പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി മാറ്റിവെക്കുന്ന തുകയാണ് ആവര്‍ത്തന ചെലവുകളുടെ പട്ടികയില്‍ വരുന്നത്. സര്‍ക്കാരിന്റെ ഭൂരിഭാഗം വരുമാനവും വിനയോഗിക്കപ്പെടുന്നതും ആവര്‍ത്തന ചെലവുകള്‍ക്കായാണ്. ഇത്തരം സാഹചര്യത്തില്‍ വ്യവസായ മേഖലയെ പരിപോഷിപ്പിച്ചു കൊണ്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് മികച്ച തന്ത്രമാണ്. ഇതുമൂലം വരുമാനം വര്‍ദ്ധിക്കുകയും ചെയ്യും.

അഞ്ജു ബോബി ജോർജ്
ഇടതുപക്ഷ സർക്കാർ ഇന്ന് അവതരിപ്പിച്ച ബജറ്റിൽ കായിക മേഖലയിൽ ഒട്ടനവധി പ്രഖ്യാപനങ്ങൾ നടത്തിയത് തികച്ചും സ്വാഗതാർഹമാണ്. എന്നാൽ ഈ പ്രഖ്യാപനങ്ങൾ എല്ലാം തന്നെ കായിക താരങ്ങൾക്കു ഉപകാരപ്രദമായി നടപ്പിലാക്കുക എന്ന ഉത്തരവാദിത്വം കൂടി സർക്കാർ ഏറ്റെടുക്കണം. മൂന്നാറിലെയോ കാലിക്കറ്റിലെ സ്റ്റേഡിയം പോലെയോ ഒരു നാമമാത്രമായ സമുച്ചയം അല്ല മറിച്ചു ഉപയോഗപ്രദമായ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് വേണ്ടത്. നിർമാണ പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന തുക കൃത്യമായും പദ്ധതിക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്ന് സൂക്ഷ്മമായി തന്നെ വിലയിരുത്തണം. അല്ലാതെ ഈ തുക മറ്റുള്ളവരുടെ പോക്കറ്റ് വീർപ്പിക്കുന്നതിനുള്ള വിഭവങ്ങളായി മാറരുത് എന്ന അപേക്ഷ മാത്രമാണ് എനിക്കുള്ളത്.

(തയ്യാറാക്കിയത്: വി ഉണ്ണികൃഷ്ണന്‍, ബിബിന്‍ ബാബു, ജെസ്റ്റിന്‍ എബ്രഹാം)


Next Story

Related Stories