TopTop
Begin typing your search above and press return to search.

മാണി സാറിന്റെ ബജറ്റ് സാധാരണക്കാരോട് പറയുന്ന 12 കാര്യങ്ങള്‍

മാണി സാറിന്റെ ബജറ്റ് സാധാരണക്കാരോട് പറയുന്ന 12 കാര്യങ്ങള്‍

ബിനോയ്. എം

ബജറ്റ് പല കാരണങ്ങൾകൊണ്ടും ജനാധിപത്യത്തിന് എതിരാവാറുണ്ട്. നിശ്ചിത ദിവസം പറഞ്ഞ സമയത്തേ അതിൻ‌റെ പെട്ടി തുറക്കാറുള്ളു. ബജറ്റിൻറെ സ്വകാര്യത പ്രധാനപ്പെട്ട ഒരു സംഗതി ആണ്. ജനാധിപത്യത്തിലെ സുതാര്യത എന്തായാലും ബജറ്റിന്റെ പാരമ്പര്യത്തില്‍ പറഞ്ഞിട്ടില്ല. ഏതാനും ചില ആളുകൾ മാത്രമാണ് അതിൻറെ പണിപ്പുരയിലുള്ളത്. അത് നാടിൻറെ മുൻഗണനകളെ പട്ടികപ്പെടുത്തുകയോ അതുസരിച്ചുള്ള സമവായങ്ങൾക്കും ചർച്ചകൾക്കും പലപ്പോഴും ഇട നൽകാറോ ഇല്ല. അതുകൊണ്ടാണ് ബജറ്റ് ചിലരോട്, ചില മേഖലകളോട്, ചില സ്ഥലങ്ങളോട് പ്രിയം കാണിക്കുന്നു എന്ന ആക്ഷേപം വരുന്നത്. ഭരണപക്ഷം തന്നെ ഇത്തരം ആരോപണങ്ങളുമായി ചർച്ചകളിൽ പങ്കെടുക്കുന്നത് സര്‍വ്വസാധാരണമാണ്.

ബജറ്റ് അവതരിപ്പിച്ച മന്ത്രിയാണ് അതിൻറെ കയ്യടിക്കും, ആക്ഷേപങ്ങൾക്കും പലപ്പോഴു പാത്രീഭവിക്കാറുള്ളത്. ബജറ്റിന് ഒരു ഏകാധിപത്യ സ്വഭാവം ഉണ്ടെന്ന് പറയാന്‍ കാരണമതാണ്. ഗാന്ധിജി പറഞ്ഞ ഗ്രാമങ്ങളിലെ സാധാരണക്കാരും, പാവപ്പെട്ടവരും പലപ്പോഴും അതുകൊണ്ടുതന്നെ ബജറ്റിന് പുറത്താവാറുണ്ട്. മാണിസാറിന്റെ ബജറ്റ് സാധാരണക്കാരോട് സംസാരിക്കുന്നതും ഏതാണ്ട് ഇതേരീതിയിലാണ്. പ്രത്യേകിച്ച് പണപ്പെരുപ്പത്തിന്റെ കാലത്ത്. പണപ്പെരുപ്പത്തെ സാമുവല്‍സണ്‍ എന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ നിര്‍വ്വചിച്ചത്, സഞ്ചിയില്‍ പണവുമായി പോവുകയും പോക്കറ്റില്‍ സാധനങ്ങളുമായി വരികയും ചെയ്യുന്ന കാലം എന്നാണ്. അത്തരമൊരു കാലത്ത് കേരളത്തിന് ലഭിച്ച ബജറ്റില്‍ നാം കരുതിയിരിക്കേണ്ട 12 കാര്യങ്ങള്‍…1.പെട്രോളിനും ഡീസലിനും ഒരു രൂപ വീതം ലിറ്ററിന് അധിക നിരക്ക് ഈടാക്കുന്നതോടെ യാത്ര, ചരക്ക് ചെലവുകള്‍ വീണ്ടും മുകളിലേക്ക്.

2. അരിയാഹാരം കഴിക്കുന്ന മലയാളി ജാഗ്രത…, അരിക്കും അരി ഉത്പ്പന്നങ്ങള്‍ക്കും, ഗോതമ്പിനും ഒരു ശതമാനം നികുതി വരുന്നു. നമ്മുടെ ദൈനംദിന ചെലവിനെ ഉയര്‍ത്തും എന്നതില്‍ സംശയം വേണ്ട.

3. മൈദ, ആട്ട, സൂചി, റവ എന്നിവയ്ക്ക് 5 ശതമാനമാണ് നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളത്. മൈദയുടെ നികുതി വര്‍ദ്ധന പൊറോട്ട ശീലത്തെ കുറയ്ക്കാന്‍ ഉതകട്ടെ എന്ന പോസിറ്റീവ് യുക്തി ഉപയോഗിച്ചാലും, പ്രമേഹം പിടിച്ച കേരളത്തിന് ആട്ട ഒഴിവാക്കാന്‍ പറ്റുമോ.. ഈ പറഞ്ഞവയ്ക്ക് മോശമല്ലാത്ത വില വര്‍ദ്ധന പ്രതീക്ഷിച്ചോളൂ…

4. പഞ്ചസാരയ്ക്ക് രണ്ടും, വെളിച്ചെണ്ണയ്ക്ക് ഒരു ശതമാനവും നികുതി വര്‍ദ്ധന വരുന്നതും ദൈനംദിന ദിന ജീവിതത്തെ വെറുതെ വിടില്ലഎന്ന് ഉറപ്പ്.

5. നൈലോണ്‍ കയറുകള്‍, പോളിയസ്റ്റര്‍ കയറുകള്‍ എന്നിവയ്ക്കും 5 ശതമാനമാണ് നികുതി വര്‍ദ്ധന. സംഘങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയാവും ഈ നികുതി ഭാരം.

6. തുണിത്തരങ്ങള്‍ക്ക് ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതോടെ, വസ്ത്രങ്ങള്‍ക്ക് വില കൂടും. വ്യാപാരികള്‍ക്ക് ചുമത്തിയിരുന്ന 2 ശതമാനം നികുതി മാറ്റി പകരം ജനങ്ങള്‍ക്ക് മുകളിലേക്ക് നേരിട്ട് വരികയാണ് ഈ വസ്ത്ര നികുതി. നന്നായി അനുഭവവേദ്യമാവും ഈ വര്‍ദ്ധന എന്ന് പറയാതെ വയ്യ.

7. കോഴിത്തീറ്റയ്ക്ക് ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തിയത് മൂന്ന് ഫലങ്ങള്‍ ഉണ്ടാക്കും. കോഴി കര്‍ഷകരെ അത് നേരിട്ട് ബാധിക്കും. കോഴിക്കടത്ത് നിര്‍ബാധം തുടരുന്ന കേരളത്തില്‍ തദ്ദേശീയരായ കര്‍ഷകര്‍ക്ക് ലഭിക്കുന്ന സാമ്പത്തികനേട്ടം കുറയും. കോഴിയിറച്ചിക്ക് വില ഉയരും.

8. സ്റ്റാമ്പ് രജിസ്‌ട്രേഷന്‍ നിരക്കുകളില്‍ വരുത്തിയിരിക്കുന്ന മാറ്റം ഒട്ടും നിസ്സാരമല്ല. മറ്റ് ചിലവുകള്‍ക്കൊപ്പം അഞ്ച് ഇരട്ടിവരെ വരുന്ന ഈ വര്‍ദ്ധന വലിയൊരു വിഭാഗത്ത ബാധിക്കും എന്നതില്‍ സംശയമില്ല.

9. മുകളില്‍ വിവരിച്ച പലതും കൂടിച്ചേര്‍ന്നുണ്ടാവുന്ന ചില റിസല്‍റ്റുകള്‍ കാണാതിരുന്നുകൂട. ഭക്ഷ്യ സാധനങ്ങളില്‍ പലതിനും വില വര്‍ധിക്കുന്നത് ഹോട്ടല്‍ വിലകളെ വലിയ തോതില്‍ ഉയര്‍ത്തും. ഇന്ധന വില ഉയരുന്നത് എരി തീയില്‍ എണ്ണ ഒഴിക്കും എന്നതില്‍ സംശയമില്ല.

10. ഇമ്മാതിരി അഭ്യാസങ്ങളുടെ ആഘാതമേല്‍ക്കുന്നവര്‍ക്ക് ആശ്വസിക്കാന്‍ ഒന്ന് രണ്ട് കാര്യങ്ങള്‍. സമഗ്ര ആരോഗ്യ പദ്ധതിക്ക് കുറച്ച് കൂടി തുക വകയിരുത്തി, മറ്റൊന്ന് ഹോസ്പിറ്റല്‍മുറികള്‍ക്ക് നികുതി കുറച്ചു.

11.2008 വരെ നികത്തിയ വയലുകള്‍ ക്രമവല്‍ക്കരിക്കാനുളള അനുമതി ഈ ബജറ്റിനെ വലിയ സംശയത്തിലേക്ക് കൊണ്ടു പോയാല്‍ അതിശയിക്കാനില്ല.

12. കാര്‍ഷിക വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ ഇളവ്‌ ലഭിക്കുമെന്ന പ്രഖ്യാപനം ഉണ്ട്. കൃത്യമായ അടവ് എന്നത്കര്‍ഷകരുടെ സാമ്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വില വ്യതിയാനവും വിലത്തകര്‍ച്ചയും അനുഭവിക്കുന്ന സാധാരണ കര്‍ഷകര്‍ക്ക് ഈ ആനുകൂല്യം നേടാന്‍ സാധിച്ചേക്കില്ല. കരുതല്‍ വലിയ കര്‍ഷകരുടെ കയ്യിലാണുണ്ടാവുക. അവര്‍ക്ക് ഇക്കാരണത്താല്‍ വികസനവും സാധ്യമാവും. (കരുതലും വികസനവും).


*Views are Personal

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)


Next Story

Related Stories