TopTop
Begin typing your search above and press return to search.

ബഡ്ജറ്റും ജനാധിപത്യത്തിലെ ശരിതെറ്റുകളും

ബഡ്ജറ്റും ജനാധിപത്യത്തിലെ ശരിതെറ്റുകളും

കേരള നിയമസഭ പല കാര്യങ്ങളിലും ഇന്ത്യക്ക് മാതൃകയായിട്ടുണ്ട്. പാര്‍ലമെന്റ് അത് സ്വീകരിച്ച് കേരളീയരുടെ അഭിമാനമുയര്‍ത്തിയ സംഭവങ്ങളും മുമ്പുണ്ടായി. എന്നാല്‍, ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റ് അവതരണം എന്തായാലും ഇന്ത്യക്ക് മാതൃകയല്ല. എന്നാല്‍, ഇന്ത്യന്‍ പാര്‍ലമെന്റില്‍ പലപ്പോഴും നടക്കുന്നതിന്റെ അത്രയൊന്നും എത്തിയില്ല എന്ന് ആശ്വസിക്കാം. നരസിംഹറാവു സര്‍ക്കാരിന്റെ ഒടുവിലത്തെ റെയില്‍വേ ബഡ്ജറ്റ് മല്ലികാര്‍ജുന ഖാര്‍ഗെ അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് അംഗം മുളക് സ്‌പ്രേ അടിച്ചാണ് പ്രതിഷേധിച്ചത്. കേരളത്തില്‍, അത്രയ്‌ക്കൊന്നും എത്തിയില്ല. ഇവിടെ ബഡ്ജറ്റ് അവതരണം അടുക്കളവഴി ഒളിബന്ധത്തിനുപോവുന്നതുപോലെ വേണ്ടിവന്നു എന്നേയുള്ളൂ.

അധികാരവും പൊലീസും കൈയിലുള്ള ഒരു സര്‍ക്കാരിന് നിയമസഭയില്‍ ഇത്രയേറെ പാടുപെടേണ്ടിവന്നു എന്നത് ക്യാമറക്കുമുന്നില്‍ അഭിനയിക്കാനല്ലാതെ വേറൊന്നിനും താല്പര്യമില്ലെന്ന യു.ഡി.എഫ് നേതാക്കളുടെയും എം.എല്‍.എമാരുടെയും മനോഭാവം കൊണ്ടാണെന്ന് വ്യക്തം. ബഡ്ജറ്റ് അവതരണത്തിന് ക്യാമറകളെ അനുവദിച്ചിരുന്നില്ലെങ്കില്‍ ഇതുപോലും നടക്കില്ലായിരുന്നു.

പൊലീസില്‍ നിന്ന് ഡെപ്യുട്ടേഷനിലെത്തുന്നവരെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന വാച്ച് ആന്റ് വാര്‍ഡ് എന്ന സംരക്ഷണസേനയുടെ സഹായമില്ലാതെ നിയമസഭ നടത്തുമെന്ന് പ്രഖ്യാപിച്ച് അത് അന്തസ്സായി നടത്തി ഇന്ത്യയൊട്ടാകെ മാതൃക കാട്ടിയ ആളാണ് കഴിഞ്ഞ ആഴ്ച അന്തരിച്ച ജി. കാര്‍ത്തികേയന്‍. അതുകഴിഞ്ഞ് നിയമസഭ കൂടിയ മൂന്നാം ദിനം പുതിയ സ്പീക്കര്‍ എന്ന നിലയിലെ ആദ്യ ബഡ്ജറ്റ് അവതരണദിനവുമായ മാര്‍ച്ച് 13ന് എന്‍. ശക്തന് കരിദിനമായിരുന്നു. നിലവില്‍ ആകെ 140 നിയമസഭാംഗങ്ങളുള്ള കേരള നിയമസഭയില്‍ അതിന്റെ അഞ്ചിരട്ടിയിലേറെ വാച്ച് ആന്റ് വാര്‍ഡിനെ അണിനിരത്തിയിട്ടും അദ്ധ്യക്ഷവേദിയിലേക്ക് കയറാന്‍ സ്പീക്കര്‍ക്ക് കഴിഞ്ഞില്ല.

സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ വോട്ടുനില അനുസരിച്ച് നിയമസഭയില്‍ ഇപ്പോള്‍ നാലുപേരുടെ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്. അതില്‍ മൂന്നുപേരെ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംഭാവന ചെയ്തത് സി.പി.എമ്മാണ്. സി.പി.എം അംഗമായ ആര്‍.ശെല്‍വരാജ് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന് മാത്രമല്ല, മത്സരിച്ച് ജയിക്കുകയും ചെയ്തു. എല്‍.ഡി.എഫില്‍നിന്ന് രണ്ട് ആര്‍.എസ്.പിക്കാരെക്കൂടി അപ്പുറത്തെത്തിക്കാന്‍ ചരടുവലിച്ചതും സി.പി.എമ്മുകാരായിരുന്നല്ലോ. അതുകൊണ്ട് കൊല്ലം എം.പിയായി പാര്‍ലമെന്റിലിരിക്കേണ്ട എം.എ.ബേബി കുണ്ടറ എം.എല്‍.എയായി നിയമസഭയില്‍ വാച്ച് ആന്റ് വാര്‍ഡിന്റെ തള്ളലേറ്റ് നിലത്തുവീഴാന്‍പോയതും മറ്റൊരു വാച്ച് ആന്റ് വാര്‍ഡ് പിടിച്ചതിനാല്‍ വീഴാതിരുന്നതും 'ലൈവ്' ആയി കേരളീയര്‍ സ്വീകരണമുറിയിലിരുന്ന് കണ്ടുകൊണ്ടിരിക്കുന്നു! അതായത്, സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐഷാപോറ്റിക്ക് വോട്ടുചെയ്ത കെ.ബി.ഗണേഷ് കുമാര്‍(അച്ഛന്‍ ആര്‍.ബാലകൃഷ്ണപിള്ളയെന്ന 'കീഴൂട്ട് സിംഹത്തെ' കൊട്ടാരക്കരയില്‍ മുട്ടുകുത്തിച്ച ധീരവനിതക്ക് അംഗീകാരം കൊടുക്കണമെന്ന് മകന്‍ എന്ന നിലയില്‍ ഗണേഷിന്റെ ആഗ്രഹം ഇപ്പോഴായിരിക്കും പൂവിട്ടത്!) യു.ഡി.എഫ് വിട്ടതോടെ സ്വമേധയാ നിലത്തുവീഴുമായിരുന്ന ഭരണത്തെയാണ് ഇപ്പോള്‍ സമരം ചെയ്ത് പുറത്താക്കാന്‍ എല്‍.ഡി.എഫ് ശ്രമിക്കുന്നത്.ഇന്നുവരെയും കേരള നിയമസഭയുടെ അദ്ധ്യക്ഷവേദിയില്‍ സ്പീക്കര്‍ എത്തുകയും സഭ ആരംഭിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും അതിനുശേഷം 'റൂള്‍സ് ഒഫ് ബിസിനസ്' എന്ന സഭാനടപടികളിലേക്ക് കടക്കുകയാണ് പതിവ്. എന്നാല്‍ ബഡ്ജറ്റ് അവതരണദിനം സ്പീക്കര്‍ വേദിയിലോ സഭയിലോ എത്തി സഭാ നടപടികള്‍ ആരംഭിക്കുകയാണെന്ന് പ്രഖ്യാപിച്ചില്ല. അതിനുശേഷം ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രിയെ ക്ഷണിച്ചുമില്ല. സ്പീക്കര്‍ ആംഗ്യംകാട്ടി എന്നാണ് പ്രചാരണം. സ്പീക്കര്‍ ആംഗ്യംകാട്ടാന്‍ ഇതെന്താ മൂകാഭിനയവേദിയാണോ?

ധനമന്ത്രി കെ.എം.മാണി ആദ്യതവണ വന്നപ്പോള്‍ നിയമസഭയ്ക്കകത്ത് കയറാനായില്ല. 'ഞാനെന്റെ സ്വന്തം ഔദ്യോഗികവസതിയില്‍ ഉണ്ടുറങ്ങി പള്ളിയില്‍ പ്രാര്‍ത്ഥിച്ചശേഷം വന്ന് ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന്' തലേന്നും മാദ്ധ്യമപ്രവര്‍ത്തകരോട് വീമ്പുപറഞ്ഞ മാണിസാറിന് രാത്രി നിയമസഭാ സമുച്ചയത്തിലെ ഓഫീസ് മുറിയില്‍ അന്തിയുറങ്ങേണ്ടിവന്നു. ബഡ്ജറ്റ് അവതരിപ്പിക്കേണ്ട ഒമ്പതുമണിക്ക് ശേഷം നിയമസഭയ്ക്കകത്ത് കയറാന്‍ വീണ്ടും ശ്രമിച്ച് വാച്ച് ആന്റ് വാര്‍ഡിന്റെയും ഭരണപക്ഷ എം.എല്‍.എമാരുടെയും സഹായത്തോടെ അകത്തുകടന്ന് സ്വന്തം സീറ്റില്‍ കടക്കാനാവാതെ വേറൊരിടത്തുനിന്ന് നാലഞ്ചുമിനിറ്റുകൊണ്ട് എന്തോ വായിച്ച് പതിമൂന്നാം ബഡ്ജറ്റ് പതിമൂന്നാം തീയതി പതിമൂന്നാം കേരളനിയമസഭയിലെ പതിമൂന്നാം സമ്മേളനത്തില്‍ അവതരിപ്പിച്ച് തടിതപ്പി. ഈ നാണക്കേടിനാണോ ആവോ സ്വന്തം അനുചരര്‍ ലഡുവിതരണവും നടത്തുന്നത് കണ്ടു!

തലേന്ന് നിയമസഭയില്‍ പ്രതിപക്ഷം ഇറങ്ങിപ്പോക്കിനുമുമ്പ് ധര്‍ണ പ്രഖ്യാപിച്ചപ്പോള്‍ ഭരണപക്ഷം ഒന്നും മനസ്സിലാക്കിയില്ല. എന്തായാലും ബഡ്ജറ്റ് അവതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍ നിയമസഭയിലെങ്കിലും ചടുലമായിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട, നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിന്റെ മന്ത്രിയെ ബഡ്ജറ്റ് അവതരിപ്പിക്കാതിരിക്കുന്നതില്‍നിന്ന് വിലക്കുന്നത് ജനാധിപത്യപരമല്ല എന്നത് 100 ശതമാനും ശരിയാണ്. എന്നാല്‍, ജനാധിപത്യപരമായി കിട്ടിയ അധികാരം കട്ടുമുടിക്കാനും അഴിമതി നടത്താനും വിനിയോഗിക്കുമ്പോള്‍ തീര്‍ച്ചയായും എതിര്‍ക്കേണ്ടതുണ്ട്. അവിടെ ലക്ഷ്യമാണ്, മാര്‍ഗമല്ല പ്രധാനം.

ആലോചിച്ചുനോക്കൂ, ഇതേ മാണിയെ ഇതേ എല്‍.ഡി.എഫാണ് ചുവന്ന പരവതാനി വിരിച്ച് മുഖ്യമന്ത്രിയി ഇതുവഴി ആനയിക്കാന്‍ ശ്രമിച്ചത്. അതിനുതടയിടുകയായിരുന്നല്ലോ ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. പക്ഷെ, കളിച്ചുകളിച്ച് കളി കൈവിട്ടുപോയെന്നുമാത്രം.


Next Story

Related Stories