TopTop
Begin typing your search above and press return to search.

ഇന്നലെ കൊല്ലപ്പെട്ട ബര്‍ഹാന്‍ മുസഫര്‍ വാനിയെ കുറിച്ച് അറിയേണ്ടതെല്ലാം

ഇന്നലെ കൊല്ലപ്പെട്ട ബര്‍ഹാന്‍ മുസഫര്‍ വാനിയെ കുറിച്ച് അറിയേണ്ടതെല്ലാം

അഴിമുഖം പ്രതിനിധി

ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബര്‍ഹാന്‍ മുസാഫര്‍ വാണി അറിയപ്പെട്ടിരുന്നത് ‘പോസ്റ്റര്‍ ബോയ്‌’ എന്നായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ പേരെ സംഘത്തില്‍ ചേര്‍ക്കുന്നതില്‍ പ്രധാനിയായിരുന്നു ഇയാള്‍. തോക്കും ബോംബും അല്ലാതെ സാമൂഹ്യ മാധ്യമങ്ങളെയും ആയുധമാക്കാം എന്ന സാധ്യത മനസ്സിലാക്കിയ പുതുതലമുറ തീവ്രവാദികളില്‍ ഒരാള്‍. അതുകൊണ്ടുതന്നെയായിരുന്നു ബര്‍ഹാന്‍ ഹിസ്ബുള്‍ മുജാഹിദീന്‍ 'പോസ്റ്റര്‍ ബോയ്‌' എന്ന പേരില്‍ കുപ്രസിദ്ധനായതും.

ദക്ഷിണ കശ്മീരിലെ ട്രാള്‍ എന്ന സ്ഥലത്ത് സമ്പന്ന കുടുംബത്തില്‍ ജനനം. ഇതിനടുത്തു തന്നെയാണ് ബര്‍ഹാന്‍ കൊല്ലപ്പെട്ടതും. ഇയാളുടെ പിതാവ് സര്‍ക്കാര്‍ സ്കൂളിലെ പ്രധാന അധ്യാപകനാണ്.

15-ആം വയസ്സിലാണ് ഇയാള്‍ ഹിസ്ബുള്‍ മുജാഹിദീനില്‍ അംഗത്വം നേടുന്നത്. സഹോദരന്‍ ഖാലിദിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചതായിരുന്നു ഇതിനു കാരണമായി പറയപ്പെടുന്നത്‌.സഹോദരനോടൊപ്പം ബൈക്കില്‍ ഒരു ചെറു യാത്രയ്ക്കായി ഇറങ്ങിയ ബര്‍ഹാനെയും ഖാലിദിനെയും അമിറാബാദില്‍ വച്ച് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് തടഞ്ഞു നിര്‍ത്തുകയുണ്ടായി. അവരോട് തങ്ങള്‍ക്കായി സിഗരറ്റ് വാങ്ങി വരാന്‍ ആവശ്യപ്പെട്ടു. വാങ്ങാന്‍ പോകാനൊരുങ്ങിയ അവരെ സൈനികര്‍ മര്‍ദ്ദിക്കുകയും അതില്‍ ഖാലിദ് ബോധരഹിതനാവുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്‌.

തുടര്‍ന്ന് 2010ല്‍ ഹിസ്ബുള്‍ മുജാഹിദീനില്‍ എത്തിയ ബര്‍ഹാന്‍ വളരെ പെട്ടെന്നു തന്നെ സംഘടനയുടെ നേതൃനിരയിലേക്ക് എത്തുകയായിരുന്നു. സാങ്കേതികവിദ്യകളില്‍ ഇയാള്‍ക്കുള്ള പരിജ്ഞാനവും സോഷ്യല്‍ മീഡിയയിലുള്ള വൈദഗ്ധ്യവും അതിനു കാരണമായി. കൊല്ലപ്പെടുന്ന സമയം വരെ ഭീകരസംഘടനയുടെ ജില്ലാ കമാന്‍ഡര്‍ ആയിരുന്നു ബര്‍ഹാന്‍.

സോഷ്യല്‍ മീഡിയയുടെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞ ഇയാള്‍ അതിലൂടെ സംഘടന വളര്‍ത്താനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. കൂടാതെ ഉപയോഗിക്കുന്ന പുതിയ ആയുധങ്ങള്‍, നെറ്റ്വര്‍ക്ക് ഹാക്കിംഗ് തുടങ്ങിയവയില്‍ കൂടുതല്‍ പരിശീലനം നേടുന്നതിലും ഇയാളുടെ നേതൃത്വത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു എന്ന് വാര്‍ത്തകളുണ്ട്.

സൈന്യത്തിനെതിരെയുള്ള ആക്രമണങ്ങളില്‍ ബര്‍ഹാന്‍ നേരിട്ട് പങ്കെടുത്തിരുന്നില്ലയെങ്കിലും ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് തിരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഇയാള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയായിരുന്നു എന്നാണ് സൈന്യം വിശദീകരിക്കുന്നത്. ബര്‍ഹാന്‍ മികച്ച പ്രാസംഗികനുമായിരുന്നു. ആയുധങ്ങളുമായി നിന്നുകൊണ്ട് സൈന്യത്തെ പരിഹസിക്കുന്ന വീഡിയോയും ഫോട്ടോകളും ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും പ്രചരിപ്പിച്ചു ചെറുപ്പക്കാരെ ആകര്‍ഷിച്ചിരുന്നു ബര്‍ഹാന്‍. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സേന 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

ബര്‍ഹാനെ സന്ദര്‍ശിക്കാന്‍ ട്രാല്‍ മേഖലയില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ വിഹരിക്കുന്ന കാട്ടിലേക്ക് എത്തിയപ്പോഴാണ് ഇയാളുടെ സഹോദരന്‍ ഖാലിദ്‌ വധിക്കപ്പെടുന്നത്.ആയുധമില്ലാതെ വന്ന ഇയാളെ സൈന്യം അന്യായമായി വധിക്കുകയായിരുന്നു എന്ന് ബര്‍ഹാനും പിതാവ് മുസാഫര്‍ അഹമ്മദ് വാണിയും പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കാട്ടില്‍ എത്തിയ ഖാലിദും കൂട്ടുകാരും പെട്രോളിംഗിനെത്തിയ സൈന്യവുമായി ഏറ്റുമുട്ടുകയായിരുന്നു തുടര്‍ന്ന് നടന്ന വെടിവയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത് എന്നും വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു.

ബര്‍ഹാനെ സൈന്യം ടാര്‍ഗറ്റ് ചെയ്യുന്നതില്‍ ന്യായമുണ്ടെന്നും എന്നാല്‍ ഇതുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഖാലിദിനെ ബര്‍ഹാന്റെ സഹോദരന്‍ എന്നതിനാല്‍ മാത്രമാണ് കൊന്നത് എന്നും മുസാഫര്‍ അഹമ്മദ് വാണി അഭിപ്രായപ്പെടുന്നുണ്ട്.

ബര്‍ഹാന്‍ വാണി കൊല്ലപ്പെട്ട ആക്രമണത്തില്‍ സൈന്യത്തിനും പോലീസിനും ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വന്നത് തദ്ദേശീയരില്‍ നിന്നുമായിരുന്നു. ഏറ്റുമുട്ടലില്‍ ഇയാള്‍ അടക്കം നാല് ഭീകരര്‍ കൊല്ലപ്പെട്ടു.

വിഘടനവാദി നേതാക്കളായ സയീദ്‌ അലി ഷാ ഗീലാനിയും അസിയാ അന്ധ്രാബിയും ഇന്ന് കശ്മീര്‍ ആകെ പ്രതിഷേധ സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. ആക്രമണത്തെത്തുടര്‍ന്ന് ശ്രീനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം നടക്കേണ്ടിയിരുന്ന അമര്‍നാഥ് യാത്ര, പരീക്ഷകള്‍ എന്നിവ ഇതിനാല്‍ മാറ്റി വച്ചു. മൊബൈല്‍ നെറ്റ്വര്‍ക്കും റദ്ദ് ചെയ്തിരിക്കുകയാണ്.ബര്‍ഹാന്‍ മുസാഫര്‍ വാണി കൊല്ലപ്പെട്ടതോടെ മറ്റൊരു രക്തച്ചൊരിച്ചിലിനു കൂടി കശ്മീര്‍ സാക്ഷിയാകേണ്ടി വരുമോ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.


Next Story

Related Stories