TopTop
Begin typing your search above and press return to search.

ചെറുകിട ഹോട്ടലുകളെ വിഴുങ്ങുന്നു; ഓയോക്കെതിരെ കൊച്ചി നഗരത്തിലെ ഹോട്ടലുകള്‍ സമരത്തില്‍

ചെറുകിട ഹോട്ടലുകളെ വിഴുങ്ങുന്നു; ഓയോക്കെതിരെ കൊച്ചി നഗരത്തിലെ ഹോട്ടലുകള്‍ സമരത്തില്‍
ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ്ങ് രംഗത്തെ ഭീമനായ ഓയോ ഹോട്ടല്‍ ആന്റ് ഹോംസ് പടിപടിയായി ചെറുകിട ഹോട്ടലുകളെ വിഴുങ്ങുകയാണെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍. സ്വന്തമായി ഹോട്ടലുകള്‍ ഒന്നുമില്ലാത്ത ഓയോ, ഇടനിലക്കാരായി നിന്ന് അവര്‍ വഴി വില്‍പന നടത്തുന്ന ഹോട്ടലുകളുടെ വിലയിടിച്ചും ഉപഭോക്താക്കളുടെ വിവരങ്ങള്‍ സ്വന്തമാക്കിയുമാണ് ചെറുകിട ഹോട്ടലുകളെ തകര്‍ക്കുന്നത് എന്ന് ഇവര്‍ ആരോപിക്കുന്നു.

ഹോട്ടലുകളുകള്‍ക്ക് മോഹവില വാഗ്ദാനം ചെയ്താണ് ഓയോ രംഗത്ത് വരുന്നത്. പിന്നീട് ഹോട്ടലുകളുമായി കച്ചവട സാധ്യതയുള്ള സമാനമായ ബുക്കിംഗ് പോര്‍ട്ടലുകളെ ഓയോ ബ്ലോക്ക് ചെയ്യുന്നു. വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്നതോടെ ഓയോ റൂമുകള്‍ തുച്ഛമായ വിലക്ക് വാടകയ്ക്ക് കൊടുക്കുന്നു. ഇതിന്റെ ഭാരം ഓയോ ഹോട്ടല്‍ ഉടമകളുടെ മേല്‍ ചുമത്തുന്നു. ആയിരത്തി അഞ്ഞൂറ് രൂപ വരെ വിലയുള്ള റൂമുകള്‍ മുന്നൂറ് രൂപക്ക് വരെ വില്‍ക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. ഈ വിലയിടിവ് ചെറുകിട ഹോട്ടലുടമകള്‍ക്ക് താങ്ങാവുന്നതല്ല. ഇവരില്‍ ഭൂരിഭാഗവും ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തും കെട്ടിടം വാടക്കെടുത്തുമാണ് ഹോട്ടലുകള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയവും ഇടക്കിടെ ഉണ്ടാകുന്ന പകര്‍ച്ച വ്യാധികളും കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഓയോ നടത്തുന്ന ഇടപെടലുകള്‍ കൂടിയാകുമ്പോള്‍ പ്രതിസന്ധി രൂക്ഷമാകും. ഇത് കൂടാതെ ഹോട്ടലുകള്‍ക്ക് ഓയോ കടം പലിശക്ക് കൊടുക്കുന്ന രീതിയുണ്ട്. ഒരു ലക്ഷം രൂപക്ക് ആറായിരം രൂപയാണ് പലിശ. പല ഹോട്ടലുടമകളും കടക്കെണിയില്‍ പെടുന്ന സ്ഥിതിയാണ്. ഇങ്ങനെ കടക്കെണിയില്‍ പെടുന്ന ഹോട്ടലുകള്‍ ഓയോ തന്നെ ഏറ്റെടുക്കുന്നു- അസോസിയേഷന്‍ പറയുന്നു.

ഇങ്ങനെ ചെറുകിടക്കാര്‍ അപ്രത്യക്ഷമാകുന്നതോടെ ഓയോക്ക് ഉപഭോക്താക്കളില്‍ നിന്ന് വലിയ വില ഈടാക്കാനുമാകും. ഹോട്ടലുടമകള്‍ക്ക് ഓയോയുമായി കരാറില്‍ നിന്ന് പിന്‍വാങ്ങാനും എളുപ്പമല്ല. മുപ്പത് ദിവസത്തെ നോട്ടീസ് കാലയളവ് മാത്രമേ കരാറില്‍ നിര്‍ദേശിക്കുന്നുളളുവെങ്കിലും മാസങ്ങളോളം കഴിഞ്ഞാണ് ഓയോ നല്‍കാനുള്ള പണം തിരിച്ച് നല്‍കുന്നത്. ചെറുകിടക്കാര്‍ക്ക് ഓയോയുമായി ഒരു നിയമയുദ്ധം സാധ്യമല്ലെന്ന ധിക്കാരമാണ് ഈ കാലതാമസത്തിന് കാരണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഹോട്ടലുടമകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഓയോ അധികൃതരെ ധരിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ചര്‍ച്ച ചെയ്യാന്‍ പോലും ഓയോ അധികൃതര്‍ തയ്യാറായില്ല. ഇത് മൂലമാണ് സമരത്തിലേക്ക് നീങ്ങാന്‍ അസോസിയേഷന്‍ നിര്‍ബന്ധിതരായത്. രാജ്യത്തെ ചെറുകിട രംഗം ബഹുരാഷ്ട്രകുത്തകകളുടെ കയ്യിലമരുന്നത് തടയാന്‍ സര്‍ക്കാറുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. ചെറുകിട ഹോട്ടലുടമകളെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടുക, റൂമിന്റെ വില നിശ്ചയിക്കാനുള്ള അധികാരം ഉടമകള്‍ക്ക് തിരികെ നല്‍കുക, പണമിടപാടുകള്‍ സുതാര്യമാക്കുക, പണം തന്ന് തീര്‍ക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബുധന്‍, വ്യാഴം ദിവസങ്ങളിലായി നാല്‍പത്തിയെട്ട് മണിക്കൂറാണ് സമരം. റൂമുകള്‍ നേരത്തെ ബുക്ക് ചെയ്തവരെ സമരം ബാധിക്കില്ല. ഇവര്‍ക്ക് റൂം അനുവദിക്കും. പുതിയ ബുക്കിംഗുകള്‍ സ്വീകരിക്കില്ല.

ബുധനാഴ്ച ഹോട്ടലുടമകളുടെ നേതൃത്വത്തില്‍ ഓയോയുടെ ഇടപ്പള്ളിയിലെ ഓഫീസിലേക്ക് പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിച്ചിട്ടുണ്ട്. കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സെക്രട്ടറി ടി ജെ മനോഹരന്‍, പ്രസിഡന്റ് അസീസ് മൂസ, മുഹമ്മദ് റമീസ് കെ എന്നിവര്‍ അറിച്ചു.

Next Story

Related Stories