വിപണി/സാമ്പത്തികം

ഒരു കോടി ഇന്ത്യക്കാരുടെ ബാങ്ക് വിവരങ്ങള്‍ വില്‍പനയ്ക്ക്; ഒരാളുടെ അക്കൗണ്ട് വിവരത്തിന് 20 പൈസ!

ബാങ്ക് ജീവനക്കാര്‍, കോളേജ് സെന്ററുകള്‍, ബാങ്കുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്നത്

ഒരു കോടി ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വില്‍പനയ്‌ക്കെന്ന് ഡല്‍ഹി പോലീസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബാങ്ക്, ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ട് വിവരങ്ങളാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. ഒരാളുടെ അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കാന്‍ പരമാവധി ചെലവാക്കേണ്ടത് പരമാവധി ഇരുപതോ പൈസ മാത്രമാണെന്നും പോലീസ് പറയുന്നു. തെക്കന്‍ ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലെ എണ്‍പതുകാരിയുടെ പരാതിയെ തുടര്‍ന്നാണ് ഗുരുതരമായ ഈ സംഭവം പുറത്തായത്.

ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് പരാതികാരിയുടെ 1.46 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ എടുത്തത്. അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് തട്ടിപ്പുകാര്‍ക്ക് വില്‍ക്കുന്ന ഇടനിലയിലെ പ്രധാനിയെ പിടികൂടിയതോടെയാണ് ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭ്യമായത്. ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്ന് ഒരു കോടിയോളം ആളുകളുടെ ബാങ്ക് വിവരങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്.

കാര്‍ഡ് നമ്പര്‍, ഉടമയുടെ പേര്, ജനന തീയതി, മൊബൈല്‍ നമ്പര്‍, ക്രഡിറ്റ് ലിമിറ്റ്, കാര്‍ഡ് ഉടമയുടെ വരുമാനം എന്നീ വിവരങ്ങളാണ് ഇയാള്‍ കൈമാറ്റം ചെയ്തിരിക്കുന്നത്. കൂടാതെ ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങള്‍, വിസിറ്റിങ് കാര്‍ഡുകള്‍, ഡീമാറ്റ് അക്കൗണ്ട് വിവരങ്ങള്‍, വോട്ടര്‍ ഐഡി എന്നിവയും ഇയാളുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെടുത്തു. ഇയാള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

ബാങ്ക് ജീവനക്കാര്‍, കോളേജ് സെന്ററുകള്‍, ബാങ്കുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്നത്. കുറഞ്ഞത് 50,000-ഓളം പേരുടെ വിവരങ്ങള്‍ ആവിശ്യമുള്ളവര്‍ക്കാണ് ഇതെല്ലാം കൈമാറുക. ഇതിനായി 5000 രൂപമുതല്‍ 10,000 രൂപവരെയാണ് ഈ സംഘം ഈടാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍