TopTop
Begin typing your search above and press return to search.

അസെന്‍ഡ് :138 പദ്ധതി നിര്‍ദ്ദേശങ്ങള്‍, ഒരു ലക്ഷത്തില്‍ പരം കോടി രൂപയുടെ നിക്ഷേപ സാധ്യത

അസെന്‍ഡ് :138 പദ്ധതി നിര്‍ദ്ദേശങ്ങള്‍, ഒരു ലക്ഷത്തില്‍ പരം കോടി രൂപയുടെ നിക്ഷേപ സാധ്യത

രണ്ടു ദിവസങ്ങളിലായി നടന്ന അസെന്‍ഡ് 2020 ആഗോള നിക്ഷേപക സംഗമത്തില്‍ ഒരു ലക്ഷത്തില്‍ പരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപനസമ്മേളനത്തില്‍ അറിയിച്ചു. ആകെ 138 പദ്ധതി നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്. 32,008 കോടി രൂപയാണ് ഇതിലേക്കുള്ള നിക്ഷേപം. ഇതിന് പുറമെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡ് ആറു പദ്ധതികളിലായി 8110 കോടി മുതല്‍മുടക്കും. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ലോജിസ്റ്റിക്‌സ് പാര്‍ക്കിനായി 66900 കോടി രൂപയും നിക്ഷേപിക്കും. സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയാതെ പോയവരെ നേരിട്ട് കണ്ട് നിക്ഷേപത്തിനായി അഭ്യര്‍ഥിക്കും. ഇവരില്‍ ചിലര്‍ നിക്ഷേപിക്കാന്‍ സന്നദ്ധരാണ്. ഇന്‍ഡസ്ട്രീസ് ആന്‍ഡ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്റ നേതൃത്വത്തില്‍ ഇവരെ നേരിട്ട് കാണും.

നിക്ഷേപ സൗഹൃദ അന്തരീക്ഷത്തില്‍ കേരളം പിന്നിലായിരുന്നു. ഇതിന് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. വിജയകരമായി സമാപിച്ച നിക്ഷേപക സംഗമത്തില്‍ പങ്കെടുത്ത നിക്ഷേപകര്‍ അര്‍പ്പിച്ച വിശ്വാസത്തിനും പ്രതീക്ഷയ്ക്കും ഭംഗം വരില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന പ്രചാരണം ഇപ്പോള്‍ ശരിയല്ല. നിക്ഷേപം നടത്തുന്നവര്‍ക്ക് സര്‍ക്കാരിന്റെ എല്ലാ തലങ്ങളിലും ഇടനിലക്കാരില്ലാതെ നേരിട്ട് സമീപിക്കാം. വില്ലേജ് ഓഫീസ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സൗഹാര്‍ദപരമായ സമീപനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപത്തിന് സന്നദ്ധരായി വരുന്നവര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും. ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിക്ഷേപകര്‍ക്ക് അനുകൂലമല്ലാത്ത സമീപനമുണ്ടാകുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളുടെ ചുമതലയുള്ള പ്രധാന വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. നിക്ഷേപകരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

സംഗമത്തിലുയര്‍ന്നു വന്ന പദ്ധതികള്‍ പ്രവൃത്തി പഥത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളുടെ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. മത്സ്യ ബന്ധനം, കയര്‍, നാളികേരം തുടങ്ങിയ മേഖലകളില്‍ ഒരു കാലത്ത് കേരളത്തിനുണ്ടായിരുന്ന കുത്തക നഷ്ടപ്പെട്ടു. ഇത്തരത്തില്‍ പുറകോട്ടു പോയ മേഖലകളെ മുന്നോട്ടു കൊണ്ടുവരാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തും.

തദ്ദേശ സ്ഥാപന പ്രസിഡന്റ്, സെക്രട്ടറിമാരുടെ സംസ്ഥാനതല സംയുക്ത യോഗം ജനുവരി 21 ന് നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. നിക്ഷേപക സംഗമത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തും. ഇതിനു പുറമേ തദ്ദേശ സ്വയംഭരണ മേഖലയിലെ പ്രധാന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഫെബ്രുവരി ആദ്യവാരം സംസ്ഥാനതല ശില്‍പശാലയും നടത്തും. ആവശ്യമെങ്കില്‍ നിക്ഷേപക പ്രതിനിധികളെ ശില്‍പശാലയില്‍ ഉള്‍പ്പെടുത്തി അഭിപ്രായം സ്വരൂപിക്കും.

സംസ്ഥാനത്ത് 10 കോടിയില്‍ താഴെയുള്ള നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ചട്ടങ്ങള്‍ക്കു വിധേയമായി മൂന്നു വര്‍ഷത്തിനകം അത്തരം സംരംഭം തുടങ്ങാന്‍ വ്യവസായ സംരംഭകര്‍ക്ക് അനുമതി ലഭിക്കും. ആവശ്യമെങ്കില്‍ വ്യവസായവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം പ്രത്യേകം വിളിക്കും. സെമി ഹൈസ്പീഡ് റെയില്‍, ജലപാത, റോഡ് തുടങ്ങിയ വലിയ പദ്ധതികളില്‍ അനുകൂല സാഹചര്യമാണുള്ളത്. കൊച്ചി-കോയമ്ബത്തൂര്‍ വ്യാവസായിക ഇടനാഴി വലിയ മാറ്റങ്ങള്‍ക്കു വഴിതെളിക്കും. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണ്. അവയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ആലോചന നടന്നു വരുന്നു. വ്യവസായ പാര്‍ക്കുകളില്‍ സമിതികള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കും.

പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ കടബാധ്യതകള്‍ തീര്‍ക്കാനുള്ള സംവിധാനമൊരുക്കും. ഇവയില്‍ നന്നായി പ്രവര്‍ത്തിക്കുന്നവയുടെയും പ്രതിസന്ധിയിലായവയുടെയും കാര്യത്തില്‍ ധനകാര്യ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി എന്തു ചെയ്യാനാകുമെന്ന് പരിശോധിക്കും. നിക്ഷേപക സംഗമം തുടരും. നാടിനും പ്രകൃതിക്കും അനുയോജ്യമായ വ്യവസായങ്ങളേതും സ്വാഗതം ചെയ്യും. ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നീങ്ങിയാല്‍ രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളില്‍ ആദ്യത്തെ അഞ്ചിലൊന്നാകാന്‍ കേരളത്തിന് കഴിയുമെന്നതില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്ലിസ് സിറ്റി എഡ്യു ടെയ്ന്‍മെന്റ് പദ്ധതിക്കായുള്ള ധാരണാപത്രം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡ് സിഇഒ വി.എസ്. സെന്തിലും കെ.എം.ആര്‍.എല്‍ എം.ഡി. അല്‍ക്കേഷ് കുമാര്‍ ശര്‍മ്മയും തമ്മില്‍ കൈമാറി. മൂവായിരം കോടി രൂപയുടെ പദ്ധതിയാണിത്.

ഒഡീഷയിലെ ഇലക്‌ട്രോണിക്‌സ്, ഐടി വകുപ്പ് മന്ത്രി തുഷാര്‍ ഗാന്ധി ബെഹ്‌റ വിശിഷ്ടാതിഥിയായി. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിനും ഡിജിറ്റല്‍ ഗവേണന്‍സിനും വലിയ പ്രാധാന്യമാണ് ഇരു സംസ്ഥാനങ്ങളും നല്‍കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ.പി. ജയരാജന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, കെ.പി.എം.ജി ചെയര്‍മാന്‍ അരുണ്‍ കുമാര്‍, ഇന്‍ഡസ്ട്രീസ് ആന്‍ഡ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് ഡയറക്ടര്‍ കെ. ബിജു എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.


Next Story

Related Stories