TopTop
Begin typing your search above and press return to search.

വണ്‍വെബിലേക്ക് 550 മില്ല്യന്‍ ഡോളറിന്റെ യൂട്ടെല്‍സാറ്റ് നിക്ഷേപം

വണ്‍വെബിലേക്ക് 550 മില്ല്യന്‍ ഡോളറിന്റെ യൂട്ടെല്‍സാറ്റ് നിക്ഷേപം

ഭാരതിയുടെ പിന്തുണയുള്ള ആഗോള കമ്യൂണിക്കേഷന്‍സ് നെറ്റ്വര്‍ക്ക് സ്ഥാപനമായ വണ്‍വെബിന് ഫ്രാന്‍സിന്റെ യൂട്ടെല്‍സാറ്റ് കമ്യൂണിക്കേഷനില്‍ നിന്നും 550 മില്ല്യന്‍ ഡോളറിന്റെ നിക്ഷേപം ലഭിച്ചു. ഇതോടെ പുതിയ ഇക്ക്വിറ്റിയിലെ വണ്‍വെബിന്റെ ആകെ ഫണ്ടിങ് 1.9 ബില്ല്യന്‍ ഡോളറായതായി കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ലോകത്തെ പ്രമുഖ സാറ്റലൈറ്റ് ഓപറേറ്റര്‍മാരില്‍ ഒന്നായ യൂട്ടെല്‍സാറ്റിന് ഇതോടെ വണ്‍വെബില്‍ 24 ശതമാനം ഓഹരി പങ്കാളിത്തമാകും. യുകെ സര്‍ക്കാരിനും ഭാരതി ഗ്ലോബലിനും സോഫ്റ്റ് ബാങ്കിനും ഇതോടെ സംയുക്ത നിക്ഷേപ പങ്കാളിത്തമാകും. റെഗുലേറ്ററി അംഗീകാരങ്ങള്‍ അനുസരിച്ച് 2021 രണ്ടാം പകുതിയോടെ നിക്ഷേപം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്നും പത്രക്കുറിപ്പ് പറയുന്നു.

വണ്‍വെബിന്റെ 648 ലിയോ സാറ്റലൈറ്റ് ഫ്ളീറ്റിന് ഇനി ഉയര്‍ന്ന വേഗവും കുറഞ്ഞ ലാറ്റന്‍സിയില്‍ ആഗോള കണക്റ്റീവിറ്റിയും ലഭിക്കും. പങ്കാളിത്തം പൂര്‍ണമായി കഴിഞ്ഞാല്‍ വണ്‍വെബിന്റെ വാര്‍ഷിക വരുമാനം ഏകദേശം ഒരു ബില്ല്യന്‍ ഡോളറാകുമെന്നാണ് കണക്കാക്കുന്നത്. ഭാരതിയുടെ സംരംഭക ഊര്‍ജ്ജവും യുകെ സര്‍ക്കാരിന്റെ ആഗോള വ്യാപനവും യൂട്ടെല്‍സാറ്റിന്റെ ഉപഗ്രഹ വ്യവസായ പരിചയവും ചേരുമ്പോള്‍ തങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്നും വണ്‍വെബ് ലിയോ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയില്‍ മുന്‍നിരയിലെത്താന്‍ പോകുകയാണെന്നും ഭാരതി എന്റര്‍പ്രൈസസ് സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. യൂട്ടെല്‍സാറ്റിന്റെ ആഗോള നെറ്റ്വര്‍ക്ക് വണ്‍വെബിന് പുതിയ വിപണികളിലേക്കുള്ള അവസരങ്ങള്‍ തുറക്കുകയാണെന്ന് വണ്‍വെബ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നീല്‍ മാസ്റ്റേഴ്സണ്‍ പറഞ്ഞു. യുകെ സര്‍ക്കാരിനൊപ്പം ഭാരതിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്ന് യൂട്ടെല്‍സാറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ റോഡോള്‍ഫ് ബെല്‍മറും പറഞ്ഞു.

ലോകമെമ്പാടുമുള്ള ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ഉപയോക്താക്കള്‍ക്ക് എത്തിക്കുക, ഡാറ്റാ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിലൂടെ ആഗോള ഡിജിറ്റല്‍ വിഭജനം പരിഹരിക്കുക, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സിന്റെ (ഐഒടി) ഭാവിയിലേക്കുള്ള ലിങ്കേജ് സാധ്യമാക്കുക, 5 ജിയിലേക്കുള്ള പാത എന്നിവയാണ് വണ്‍വെബിന്റെ ദൗത്യം.


Next Story

Related Stories