Top

ഇടനിലക്കാരെ ഒഴിവാക്കാന്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ബയര്‍ സെല്ലര്‍ മീറ്റ്

ഇടനിലക്കാരെ ഒഴിവാക്കാന്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ബയര്‍ സെല്ലര്‍ മീറ്റ്

ഭക്ഷ്യ-കാര്‍ഷികോല്‍പന്നങ്ങള്‍ ഇടനിലക്കാരെ ഒഴിവാക്കി ഉല്‍പാദകരുടെ കയ്യില്‍ നിന്നും നേരിട്ട് ഇടപാട് ഉറപ്പിക്കാന്‍ കൊച്ചിയില്‍ ബയര്‍ സെല്ലര്‍ മീറ്റ് സംഘടിപ്പിക്കുന്നു. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍, കര്‍ഷക ഉല്‍പാദന കമ്പനികള്‍, സ്വയം സഹായ സംഘങ്ങള്‍, കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്താനും വ്യാപാര ബന്ധം സ്ഥാപിക്കുവാനും ഇത് അവസരമൊരുക്കും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ), എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം, നബാര്‍ഡ് എന്നിവ സംയുക്തമായി 14 മുതല്‍ 16 വരെ സിഎംഎഫ്ആര്‍ഐയിലാണ് ബയര്‍ സെല്ലര്‍ മീറ്റ് നടത്തുന്നത്. ജൈവകര്‍ഷകരുടെയും കര്‍ഷക ഉല്‍പാദന കമ്പനികളുടെയും സ്വയം സഹായ സംഘങ്ങളുടെയും മറ്റും ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ഇടമൊരുക്കുകയും സുരക്ഷിത ഭക്ഷ്യോല്‍പന്നങ്ങള്‍ ജനകീയമാക്കുകയുമാണ് ലക്ഷ്യം.

അരി, അരി ഉല്‍പ്പന്നങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, വെളിച്ചെണ്ണ, മറ്റു ഭക്ഷ്യ എണ്ണകള്‍, പാല്‍ ഉല്‍പന്നങ്ങള്‍, മീന്‍, മുട്ട, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ കൂടാതെ ജൈവ വളങ്ങള്‍ കാര്‍ഷിക ഉല്‍പാദനോപാധികള്‍ തുടങ്ങി ഭക്ഷ്യ-കാര്‍ഷിക അനുബന്ധ വസ്തുക്കളുടെ ഉല്‍പാദകര്‍ മീറ്റില്‍ പങ്കെടുക്കും. നബാര്‍ഡ്, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, കാര്‍ഷിക സര്‍വകലാശാലകള്‍, കൃഷി വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആരുടെയെങ്കിലും അംഗീകാരമുള്ളവര്‍ക്ക് മാത്രമാണ് മീറ്റില്‍ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്താന്‍ അവസരമുണ്ടാകുക.

ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങാനും വ്യാപാര ബന്ധം തുടങ്ങാനും താല്‍പര്യമുള്ള ജൈവ ഉല്‍പന്ന വിതരണക്കാര്‍, സൂപ്പര്‍മാര്‍ക്കറ്റ് വ്യാപാരികള്‍, മൊത്തകച്ചവടക്കാര്‍, സര്‍ക്കാര്‍-സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവരായിരിക്കും മീറ്റില്‍ പങ്കാളികളാകുന്ന ബയേഴ്‌സ്. ഏകദേശം അഞ്ഞൂറോളം ഉല്‍പ്പന്നങ്ങളുടെ വിപണനത്തില്‍ ധാരണായാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഎംഎഫ്ആര്‍ഐ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ബയേഴ്സിന് സ്പോട്ട് രജിസ്ട്രേഷന്‍ മതിയാകും. ഉല്‍പാദകര്‍ (സെല്ലേഴ്സ്) മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9400257798.

സ്വദേശി സയന്‍സ് മൂവ്മെന്റുമായി സഹകരിച്ച് ഈ മാസം 14 മുതല്‍ 16 വരെ സിഎംഎഫ്ആര്‍ഐയില്‍ നടക്കുന്ന ഭക്ഷ്യ-മത്സ്യ-കാര്‍ഷിക മേളയോടനുബന്ധിച്ചാണ് പരിപാടി. പാനല്‍ ചര്‍ച്ചകള്‍, ഭക്ഷ്യമേള, വിവിധതരം ഭക്ഷ്യ-മത്സ്യ-കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനം, വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക മേഖലയിലെ ഉന്നത പഠനത്തെ കുറിച്ച് ബോധവല്‍ക്കരണം എന്നിവ മേളയിലുണ്ടാകും.


Next Story

Related Stories