Top

ആറ് വർഷത്തിനിടെ തൊഴിൽ നഷ്ടമായവരുടെ എണ്ണം 90 ലക്ഷമെന്ന് പഠന റിപ്പോർട്ട്

ആറ് വർഷത്തിനിടെ തൊഴിൽ നഷ്ടമായവരുടെ എണ്ണം 90 ലക്ഷമെന്ന് പഠന റിപ്പോർട്ട്

കഴിഞ്ഞ ആറ് വർഷത്തിനിടയിൽ രാജ്യത്ത് നഷ്ടമായത് 90 ലക്ഷം തൊഴിലുകളെന്ന് റിപ്പോർട്ട്. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു ഇടിവ് രേഖപ്പെടുത്തുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 2012 നും 2018 നും ഇടയിലാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നതെന്നും ഇന്ത്യയിലെ തൊഴിൽ പ്രതിസന്ധി: ഉയരുന്ന വിദ്യാഭ്യാസ നിലവാരം, കാർഷിക ഇതര ജോലികളുടെ വളര്‍ച്ച' എന്ന പേരിൽ പുറത്തിറങ്ങി പഠനം ചൂണ്ടിക്കാട്ടുന്നു.

2011-12 ൽ 474 ദശലക്ഷമായിരുന്ന തൊഴിൽ 2017-18 ൽ 465 ദശലക്ഷമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. "2011-12 സാമ്പത്തിക വർഷം മുതൽ 2017-18 വരെ മൊത്തം തൊഴിൽ 90 ലക്ഷം കുറഞ്ഞെന്നും പഠനം പറയുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിന്റെ തൊഴിൽ ചരിത്രത്തിൽ ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്തെ മൊത്തം തൊഴിൽ (തൊഴിൽ ശക്തി) കുറയുന്നെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അസിം പ്രേംജി സർവകലാശാലയിലെ സുസ്ഥിര തൊഴിൽ കേന്ദ്രം പ്രസിദ്ധീകരിച്ച പഠനം സന്തോഷ് മെഹ്‌റോത്രയും ജജതി കെ പരിദ എന്നിവർ ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രം അധ്യാപികയാണ് മെഹ്‌റോത്ര. പരിദ പഞ്ചാബ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറാണ്.

സ്വകാര്യമേഖലയിലെ ഔപചാരിക ജോലികളുടെ പങ്ക് മൊത്തം തൊഴിൽ വിഹിതത്തിൽ വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം അസംഘടിത മേഖലകളിലെ സൂക്ഷ്മ, ചെറുകിട യൂണിറ്റുകൾ ഇപ്പോഴും തൊഴിൽ മേഖലയിൽ പ്രധാന പങ്ക് സൃഷ്ടിക്കുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.

തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇതുവരെ നേരിടാത്ത ഒരു അവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത്. തൊഴിലില്ലാത്തവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

സർക്കാർ, സ്വകാര്യ മേഖലകളിൽ കരാർ ജോലികളുടെ എണ്ണം (ഒരു വർഷത്തിൽ താഴെ കരാർ ഉള്ളത്) 2011-12 ന് ശേഷം വലിയ തോതിൽ വർദ്ധിച്ചുവരികയാണ്. എന്നാൽ ഗ്രാമീണ, നഗര പ്രദേശങ്ങളിൽ യഥാർത്ഥ വേതനം വർദ്ധിച്ചിട്ടില്ല. 2011-12- 2017-18 വർഷങ്ങളിൽ ഉൽപ്പാദന മേഖലയിലെ തൊഴിൽ കുറയുന്നതിനൊപ്പം നിർമ്മാണ മേഖലയിലെ തൊഴിലിൽ കുറവുണ്ടാകുന്നതായും റിപ്പോർട്ട് പറയുന്നു.

കാര്‍ഷികമേഖലയിലെ തൊഴിൽ രംഗത്തും വലിയ തോതിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ടെന്നും കണക്കുകൾ പറയുന്നു. എട്ട് വർഷത്തിനിടെ ഈ രംഗത്ത് തൊഴിലവസരങ്ങൾ പ്രതിവർഷം 4.5 ദശലക്ഷം എന്ന നിരക്കിൽ മൊത്തം 27 ദശലക്ഷത്തോളമാണ് കുറഞ്ഞത്. ഇതുപ്രകാരം കാർഷിക, അനുബന്ധ മേഖലയിൽ നിന്നുള്ള തൊഴിൽ വിഹിതം 49 ശതമാനത്തിൽ നിന്ന് 44 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. ഉൽപ്പാദന നിർമ്മാണ മേഖലയിൽ 35 ലക്ഷം തൊഴിലവസരങ്ങളുടെ കുറവും ഉണ്ടായി. തൊഴിൽ വിഹിതത്തിൽ 12.6 ശതമാനത്തിൽ നിന്നും 12.1 ലേക്കാണ് കുറഞ്ഞത്. 2004-2012 കാലയളവിൽ പ്രതിവർഷം 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ഉൽ‌പാദനേതര മേഖല ( നിർമ്മാണം) 2011- 18 സമയത്ത് 0.6 ദശലക്ഷം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 2017-18ൽ ജോലി തേടുന്നവരുടെ എണ്ണത്തിൽ ഏകദേശം 10 ദശലക്ഷം വർദ്ധന രേഖപ്പെടുത്തുകയും ഇത് 495 ദശലക്ഷത്തിലെത്തിയതായും പഠനം പറയുന്നു.

ജോലി അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ (എൽ‌എഫ്‌പി‌ആർ- ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ റേറ്റ്) 2011-18 നും ഇടയിൽ 37 ശതമാനത്തിൽ നിന്നും 39.5 ശതമാനത്തിലേക്ക് ഉയർന്നു. എന്നാൽ ജോലികണ്ടെത്തുന്നവരുടെ (ഡബ്ല്യുപിആർ-വർക്ക് പാർട്ടിസിപ്പേഷൻ റേറ്റ് ) എണ്ണത്തിൽ ഇക്കാലയളവിൽ യഥാക്രമം 38.6 ശതമാനത്തിൽ നിന്നും 34.7 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. യുവാക്കള്‍ക്കിടയിൽ എൽ‌എഫ്‌പി‌ആർ 44.6 ശതമാനത്തിൽ നിന്ന് 38.3 ശതമാനമായും ഡബ്ല്യുപിആർ 42 ശതമാനത്തിൽ നിന്ന് 31.4 ശതമാനമായും കുറഞ്ഞു.

ഇതിന് പുറമെ, രാജ്യത്തെ മൊത്തത്തിലുള്ള തൊഴിലില്ലായ്മാ നിരക്ക് (സിഡബ്ല്യുഎസിനെ അടിസ്ഥാനമാക്കി) 2011-12 നും 2017-18 നും ഇടയിൽ 3 ശതമാനത്തിൽ നിന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 8.8 ശതമാനമായി ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. എല്ലാ വിദ്യാഭ്യാസ വിഭാഗങ്ങളിലുമുള്ളവരുടെ തൊഴിലില്ലായ്മ 2011-12 കാലയളവിൽ 6.1 ശതമാനം ആയിരുന്നത് 2017-18ൽ 17.8 ശതമാനത്തിലേക്ക് ഉയർന്നു. ഏകദേശം ഇരട്ടിയായാണ് തൊഴിലില്ലായ്മ ഈ വിഭാഗത്തിൽ വർധിച്ചത്.

തൊഴിലില്ലായ്മ കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശാണ് ഒന്നാം സ്ഥാനത്ത്. ബീഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, കർണാടക, തമിഴ്‌നാട്, ഒഡീഷ, ഝാർഖണ്ഡ്, അസം എന്നി സംസ്ഥാനങ്ങളിലും ഉൾപ്പെടുന്നു. മൈക്രോ, ചെറുകിട സംരംഭങ്ങളാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. 2017-18 കാലയളവിൽ മൊത്തം കാർഷികേതര തൊഴിലിന്റെ 68 ശതമാനം ഈ മേഖലയിൽ നിന്നാണ്. മേഖലയിൽ 61 ശതമാന മേഖലയിൽ നിന്നും. ഉൽപ്പാദന നിർമാണേതര സേവനങ്ങളിൽ പങ്ക് യഥാക്രമം 66 ഉം 71 ഉം ആണ്. എന്നാൽ രജിസ്റ്റർ ചെയ്ത സംരംഭങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് ഇക്കാലയളവിൽ വർധനവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.


Next Story

Related Stories