TopTop
Begin typing your search above and press return to search.

ബഹിഷ്‌കരണത്തിൽ യൂണിലിവറും, പരസ്യനയത്തിൽ മാറ്റം വരുത്താൻ നിർബന്ധിതരായി ഫേസ്ബുക്ക്

ബഹിഷ്‌കരണത്തിൽ യൂണിലിവറും, പരസ്യനയത്തിൽ മാറ്റം വരുത്താൻ നിർബന്ധിതരായി  ഫേസ്ബുക്ക്

വിദ്വേഷ പ്രചാരണത്തിനും വോട്ടർമാരെ സമ്മർദ്ദത്തിനാക്കുന്നതിനും വഴിവക്കുന്ന നയങ്ങള്‍ ഭേദഗതി ചെയ്യാന്‍ ഫേസ്ബുക്ക് തീരുമാനിച്ചു. എന്നിട്ടും ഫേസ്ബുക്കില്‍നിന്നും പരസ്യം പിന്‍വലിക്കുന്ന കമ്പനികളുടെ എണ്ണം കൂടിവരികയാണ്. അടുത്ത ആറ് മാസത്തേക്ക് പ്ലാറ്റ്‌ഫോമിൽ നിന്ന് പരസ്യങ്ങൾ പിൻവലിക്കുമെന്ന് മൾട്ടിനാഷണൽ കമ്പനിയായ യൂണിലിവർ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ് നിരവധി മാറ്റങ്ങളുമായി പുതിയ നയം അവതരിപ്പിച്ചത്.

എന്നാല്‍ ഫേസ്ബുക്കിന്റെ പ്രഖ്യാപനങ്ങളൊന്നും കമ്പനികളുടെ രോഷം ശമിപ്പിച്ചില്ല. കൊക്കക്കോള, ഹോണ്ട, ചോക്ലേറ്റ് ബ്രാൻഡായ ഹെർഷെ, വസ്ത്ര കമ്പനികളായ ലുലുലേമോൻ, ജാൻസ്‌പോർട്ട് തുടങ്ങിയ കമ്പനികള്‍ ഫേസ്ബുക്കിന് പരസ്യം നല്‍കുന്നത് നിര്‍ത്തിവെച്ചു. നൂറിലധികം പ്രമുഖ ബാന്‍ഡുകളാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തിരിക്കുന്നത്. ഫേസ്ബുക്ക് തങ്ങളുടെ വാര്‍ഷിക വരുമാനമായ 70 ബില്യൺ ഡോളറില്‍ 98 ശതമാനവും ഉണ്ടാക്കുന്നത് പരസ്യത്തിലൂടെയാണ്.

ബഹിഷ്‌കരണത്തിൽ യൂണിലിവറും ചേര്‍ന്നതോടെ ഫേസ്ബുക്ക് കാര്യമായ സമ്മർദ്ദത്തില്‍ ആയെന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഇമാർക്കറ്ററിലെ പ്രിൻസിപ്പൽ അനലിസ്റ്റ് നിക്കോൾ പെറിൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പരസ്യദാതാക്കളിൽ ഒരാളെന്ന നിലയിൽ, അവരുടെ നീക്കങ്ങൾ മറ്റ് ബ്രാൻഡ് പരസ്യദാതാക്കളെയും സ്വധീനിച്ചേക്കാം. 'ഇത് ഉപയോക്തൃ-നിർമ്മിത ഉള്ളടക്ക പ്ലാറ്റ്ഫോമുകളിലെ ആഴത്തിലുള്ള പ്രശ്‌നത്തെ സൂചിപ്പിക്കുന്നു. രാഷ്ട്രീയ ആവിഷ്കാരം അനുവദിക്കുന്ന ഇത്തരത്തിലുള്ള ഏത് പ്ലാറ്റ്ഫോമിലും ഭിന്നിപ്പിന്റെ സ്വരങ്ങള്‍ ഉയരും' നിക്കോള്‍ പെറിന്‍ കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററിന് സമാനമായ ഒരു സമീപനം സ്വീകരിക്കുമെന്നാണ് ഫേസ്ബുക്ക് ഇപ്പോള്‍ പറയുന്നത്. നയങ്ങൾ ലംഘിക്കുന്ന പോസ്റ്റുകള്‍ വ്യക്തമായി ലേബല്‍ ചെയ്യും. വാർത്താ യോഗ്യതയുള്ളതായി കണക്കാക്കപ്പെടുന്നതിനാൽ അവ പ്ലാറ്റ്ഫോമില്‍ തുടരുകയും ചെയ്യും. ഫേസ്ബുക്കിന്റെ മുമ്പത്തെ നിലപാടുകളിൽ നിന്നുള്ള പിന്മാറ്റമാണ് ഇപ്പോള്‍ പ്രകടമാകുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് തുടരെതുടരെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിട്ടും ഫേസ്ബുക്ക് നടപടി സ്വീകരിച്ചിരുന്നില്ല. അതേസമയം, സമാനമായ പോസ്റ്റ്‌ ട്വിറ്റര്‍ വ്യക്തമായി ലേബല്‍ ചെയ്യുകയും ചെയ്തിരുന്നു.


Next Story

Related Stories