TopTop

കോവിഡ് 19, ലോക്ക്ഡൗൺ‌; ഇന്ത്യയിലെ ഓൺലൈൻ‌ വ്യാപാരവും പ്രതിസന്ധിയിൽ, ഫ്ലിപ്കാർട്ട് സേവനം നിർത്തി

കോവിഡ് 19, ലോക്ക്ഡൗൺ‌; ഇന്ത്യയിലെ ഓൺലൈൻ‌ വ്യാപാരവും പ്രതിസന്ധിയിൽ, ഫ്ലിപ്കാർട്ട് സേവനം നിർത്തി

കോവിഡ് 19 പ്രതിരോധിക്കുന്നതിനായി രാജ്യത്ത് ലോക് ഡൗൺ ഉൾപ്പെടെ നിർദേശിച്ച സാഹചര്യത്തിൽ പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ് കാർട്ട് ഇന്ത്യയിലെ പ്രവർത്തനം നിർത്തി. 21 ദിവസത്തെ ലോക്ക് ഡൗൺ നിലവിൽ വന്ന ബുധനാഴ്ച മുതലാണ് ആഗോള റീട്ടെയ്ൽ വ്യാപാര കമ്പനിയായി വാൾമാർട്ടിന് കീഴിൽ പ്രവർത്തിക്കുന്ന ഫ്ലിപ്കാർട്ട് ഇന്ത്യയിൽ പ്രവർത്തനം നിർത്തിയത്. എത്രകാലത്തേക്കാണ് നിയന്ത്രണമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല.‌ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കമ്പനി നേരത്തെ തന്നെ പലസേവനങ്ങളും നിർത്തിയിരുന്നു. എന്നാൽ സാധ്യമാവും വേഗത്തിൽ സേവനം പുനഃരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി വ്യക്തമാക്കുന്നു.

നേരത്തെ ആമസോൺ ഇന്ത്യയും തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു. ഉപഭോക്താക്കളുടെ നിർണായക ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിന് അവശ്യമല്ലാത്ത ഉൽപ്പന്നങ്ങൾക്കുള്ള ഓർഡറുകൾ മാത്രം നിർത്തുമെന്നായിരുന്നു ആമസോണിന്റെ പ്രഖ്യാപനം. ഇന്ത്യയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ‌ തങ്ങളുടെ സേവനങ്ങളെ ബാധിച്ചതായി അലിബാബയുടെ ഓൺലൈൻ വ്യാപാര പങ്കാളിയായ ബിഗ് ബാസ്‌ക്കറ്റ് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം മാർക്കറ്റുകളില്‍ വലിയ തിരക്കിന് വഴി വച്ചിരുന്നു. നിരോധനം പ്രാബല്യത്തിൽ വരുന്നതിനുമുമ്പ് സാധനങ്ങൾ സ്വന്തമാക്കാനുള്ള വ്യഗ്രതയായിരുന്നു പരിഭ്രാന്തിയുടെ അടിസ്ഥാനം. തിരക്ക് ന്യൂഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലെ പലചരക്ക് കടകളിൽ നീണ്ട ക്യൂ തന്നെ സൃഷ്ടിച്ചു.

എന്നാൽ, പ്രധാനമന്ത്രി മോദി സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ, ഇന്ത്യയിലുടനീളമുള്ള നിരവധി നഗരങ്ങൾ കർഫ്യൂ ഏർപ്പെടുത്താൻ തുടങ്ങിയിരുന്നു. സംസ്ഥാനങ്ങളുടെ ഇത്തരം നടപടികൾ ഓൺലൈൻ വ്യാപാര സൈറ്റുകളിൽ‌ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ഓൺലൈൻ ഡെലിവറികളെ തടസ്സപ്പെടു്ന അവസ്ഥയും ഉണ്ടായിരുന്നു.


Next Story

Related Stories