TopTop
Begin typing your search above and press return to search.

ഇന്ധനവില തുടർച്ചയായ 20ാം ദിവസവും കൂടി, പെട്രോൾ വില ഡൽഹിയിൽ 80 കടന്നു

ഇന്ധനവില തുടർച്ചയായ 20ാം ദിവസവും കൂടി, പെട്രോൾ വില ഡൽഹിയിൽ 80 കടന്നു

പെട്രോള്‍, ഡീസല്‍ വിലകള്‍ തുടര്‍ച്ചയായ 20ാം ദിവസവും കൂടി. പെട്രോള്‍ വില ഡല്‍ഹിയില്‍ 80 രൂപ കടന്നു. ലിറ്ററിന് 80.13 രൂപയാണ് ഡല്‍ഹിയില്‍ പെട്രോള്‍ വില. ഡിസല്‍വില ഇന്നും പെട്രോളിനേക്കാള്‍ കൂടുതലാണ് ഡല്‍ഹിയില്‍. 80.19 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്. പെട്രോളിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. ജൂണ്‍ 7 മുതല്‍ കഴിഞ്ഞ ബുധനാഴ്ചയൊഴികെ എല്ലാ ദിവസവും പെട്രോള്‍ വില കൂടിയിട്ടുണ്ട്. ഡീസല്‍വില ഒരു ദിവസം പോലും കൂടാതിരുന്നിട്ടില്ല. ബുധനാഴ്ച ആദ്യമായി ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോള്‍ വിലയെ മറികടന്നിരുന്നു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിംഗ് വ്യാഴാഴ്ച പറഞ്ഞത് ഡീസല്‍ വില ഉയര്‍ന്നുനില്‍ക്കുന്നത് ഡല്‍ഹി സര്‍ക്കാര്‍ വാറ്റ് (വാല്യു ആഡഡ് ടാക്‌സ്) അഥവാ മൂല്യവര്‍ദ്ധിത നികുതി കൂട്ടിയതുകൊണ്ടാണ് എന്നാണ്. രാജ്യത്തെ മറ്റ് നഗരങ്ങളില്‍ ഡീസല്‍ വില പെട്രോളിനേക്കാള്‍ കുറവായത് അവിടങ്ങളില്‍ വാറ്റ് കുറവായതുകൊണ്ടാണ്. ഡല്‍ഹി സര്‍ക്കാര്‍ 27 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി പെട്രോള്‍ VAT ഉയര്‍ത്തിയിരുന്നു. ഡീസല്‍ വാറ്റ് 16.75 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കിയും ഉയര്‍ത്തി. മുംബയ് അടക്കമുള്ള മറ്റ് മെട്രോ നഗരങ്ങളിൽ നേരത്തെ തന്നെ പെട്രോൾ വില 80 രൂപ കടന്നിട്ടുണ്ട്.

കോണ്‍ഗ്രസ് ഇന്ധനവില വര്‍ദ്ധനയക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബിഹാറില്‍ ആര്‍ജെഡിയും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. പാറ്റ്്‌നയില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കും. ഇന്ധനവില കുറക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്‍സിപി എംപി സുപ്രിയ സുലെ ആവശ്യപ്പെട്ടു.


Next Story

Related Stories