TopTop

നിക്ഷേപകര്‍ക്ക് നേട്ടം; റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു

നിക്ഷേപകര്‍ക്ക് നേട്ടം; റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു

സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറ്റം തുടരുകയാണ്. കേരളത്തില്‍ പവന്‍വില ഗ്രാമിന് 20 രൂപ കൂടി 3,910 രൂപയായി. പവന് 160 രൂപ കൂടി 31,280 രൂപയായി പുതിയ റെക്കോഡ് കുറിച്ചു. അതായത് വെള്ളിയാഴ്ച മാത്രം പവന്റെ വിലയിലുണ്ടായ വര്‍ധന 400 രൂപ. ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതും വ്യാവസായിക ഉത്പാദനത്തെ കാര്യമായി ബാധിച്ചു. ഈ പ്രതിസന്ധി വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തുമെന്ന ഭീതിയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിഷേപകരുണ്ടായതും ഡിമാന്‍ഡ് കൂടിയതുമാണ് വില വര്‍ധനവിന് കാരണമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. അതേസമയം സ്വര്‍ണവില വന്‍തോതില്‍ ഉയര്‍ന്നതോടെ ജൂവലറികളില്‍ വില്പന കുറഞ്ഞു. പണിക്കൂലിയും ജി.എസ്.ടി.യും പ്രളയ സെസുമൊക്കെ ചേരുന്നതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 35,000 രൂപയ്ക്കു മേല്‍ മുടക്കേണ്ട സാഹചര്യമാണുള്ളത്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,625.05 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ചക്കിടെയുള്ള വിലവര്‍ധന 2.5ശതമാനമാണ്.

ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഇതിനൊപ്പം, വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം ദുര്‍ബലമാകുക കൂടി ചെയ്തതാണ് ഇന്ത്യയില്‍ സ്വര്‍ണവില റെക്കോഡ് നിലവാരത്തിലേക്ക് ഉയര്‍ന്നതിന്റെ മറ്റൊരു കാരണം. 2020-ല്‍ ഇതുവരെ 1,800 രൂപയുടെ വര്‍ധനയാണ് പവന്‍വിലയിലുണ്ടായത്. 2019 ഡിസംബര്‍ 31-ന് 29,080 രൂപയായിരുന്നു വില. 2020 ജനുവരി ഒന്നിന് വില 29,000 രൂപയിലേക്ക് താഴ്ന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയരുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 5,720 രൂപയുടെ വര്‍ധനയാണ് പവന്‍വിലയിലുണ്ടായത്. സ്വര്‍ണത്തില്‍ വന്‍ നിക്ഷേപം നടത്തിയവര്‍ താത്കാലികമായെങ്കിലും ലാഭമെടുത്തു പിന്‍ വാങ്ങിയാല്‍ വിലക്കുറവുണ്ടായേക്കുമെന്ന് ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജൂവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.


Next Story

Related Stories