TopTop

മാന്ദ്യം ഹ്രസ്വകാലത്തേയ്ക്ക് മാത്രം, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന് ഐഎംഫ് ചീഫ്

മാന്ദ്യം ഹ്രസ്വകാലത്തേയ്ക്ക് മാത്രം, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന് ഐഎംഫ് ചീഫ്

ഇന്ത്യ നേരിടുന്ന സാമ്പത്തിക മാന്ദ്യം താല്‍ക്കാലികമാണെന്നും അധികം വൈകാതെ ഇന്ത്യ വളര്‍ച്ചാപാതയില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത് എന്നും ഐഎംഫ് (ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട്) മാനേജിംഗ് ഡയറക്ടര്‍ ചീഫ് ക്രിസ്റ്റാലിന ജോര്‍ജീവ. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറം (ഡബ്ല്യുഇഎഫ്) ഉച്ചകോടിക്കിടെ സംസാരിക്കുകയായിരുന്നു അവര്‍. 2019 ഒക്ടോബറില്‍ ഐഎംഎഫ് വേള്‍ഡ് എക്കണോമിക്ക് ഔട്ട്‌ലുക്ക് പുറത്തിറക്കിയ സമയത്തേതിനേക്കാള്‍ മെച്ചപ്പെട്ട ലോകമാണ് 2020 ജനുവരിയില്‍ കാണുന്നത് എന്ന് ഐഎംഎഫ് എംഡി അഭിപ്രായപ്പെട്ടു.

യുഎസ് - ചൈന ആദ്യ ഘട്ട വ്യാപാര കരാര്‍ അന്താരാഷ്ട്ര വ്യാപാര സംഘര്‍ഷങ്ങള്‍ കുറച്ചതും, നികുതി ഇളവുകളുമെല്ലാം ഇന്ത്യയുടെ സാമ്പത്തികനില മെച്ചപ്പടാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസ്റ്റാലിന ജോര്‍ജീവ പറഞ്ഞു. അതേസമയം 3.3 ശതമാനം വളര്‍ച്ചാനിരക്ക് ലോക സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് അത്ര സുഖകരമല്ലെന്നും ക്രിസ്റ്റാലിന പറഞ്ഞു. കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികളും ഘടനാപരമായ പരിഷ്‌കാരങ്ങളും വേഗതയും വേണമെന്ന് ഐഎംഎഫ് എംഡി ആവശ്യപ്പെട്ടു.

ലോകത്തെ വലിയ വിപണികളിലൊന്നായ ഇന്ത്യയില്‍ സാമ്പത്തികമായി ഇടിവുണ്ടായി. എന്നാല്‍ ഇത് താല്‍ക്കാലികമാണ് എന്ന് ഞങ്ങള്‍ കരുതുന്നു. ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും മുന്നേറുമെന്നാണ് കരുതുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളുടേതും മെച്ചപ്പെട്ട പ്രകടനമാണ്. അതേസമയം മെക്‌സിക്കോയുടെ അവസ്ഥ നിരാശ നല്‍കുന്നു - ഐഎംഫ് എംഡി പറഞ്ഞു.


Next Story

Related Stories