രാജ്യമെമ്പാടും വാഹനങ്ങളുടെ തടസ്സമില്ലാത്ത നീക്കം ഉറപ്പാക്കുന്നതിന് ജിപിഎസ് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ടോള്‍ ശേഖരണത്തിന് സര്‍ക്കാര്‍ അന്തിമരൂപം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ടോള്‍ ഫ്രീ( ടോള്‍രഹിതം) യായി മാറുമെന്ന് ഇത് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാഹനഗതാഗതത്തെ അടിസ്ഥാനമാക്കി ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഈടാക്കുമെന്ന് അസോചാം ഫൗണ്ടേഷന്റെ ഫൗണ്ടേഷന് വാര പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം വിശദീകരിച്ചു. ഇപ്പോള്‍ എല്ലാ വാണിജ്യ വാഹനങ്ങളും വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനവുമായി ഇറങ്ങുന്നുണ്ടെങ്കിലും പഴയ വാഹനങ്ങളില്‍ ജിപിഎസ് സാങ്കേതികവിദ്യ ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് മാസത്തോടെ ടോള്‍ പിരിവ് 34,000 കോടി രൂപയിലെത്തുമെന്ന് മന്ത്രി പ്രത്യാശിച്ചു. ടോള്‍ പിരിവിനായി ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടോള്‍ വരുമാനം 1,34,000 കോടി രൂപയാകുമെന്നും ഗഡ്കരി അറിയിച്ചു.