TopTop
Begin typing your search above and press return to search.

ഒടുവില്‍ ആ ബിസിനസ്സ് കുടുംബവും പിരിയുന്നു, ഹിന്ദുജ സഹോദരന്മാര്‍ തമ്മിലെ തര്‍ക്കം കോടതിയില്‍

ഒടുവില്‍ ആ ബിസിനസ്സ് കുടുംബവും പിരിയുന്നു, ഹിന്ദുജ സഹോദരന്മാര്‍ തമ്മിലെ തര്‍ക്കം കോടതിയില്‍

എല്ലാ കുടുംബ വ്യവസായ ഗ്രൂപ്പുകളിലും സംഭവിക്കുന്നത് ഹിന്ദുജ ഗ്രൂപ്പിലും സംഭവിച്ചു. ഒരിക്കലും പിരിയില്ലെന്ന് കരുതിയ ബിസിനസ് സഹോദരന്മാർ കമ്പനികളുടെ അവകാശങ്ങളെ ചൊല്ലി നിയമതർക്കത്തിലേക്ക്

ലോകത്തിലെ ഏറ്റവും സമ്പന്നരുടെ കൂട്ടത്തില്‍പെട്ടിരുന്ന ഹിന്ദുജ കുടുംബത്തിലെ നാല് സഹോദരങ്ങള്‍ തമ്മിലുള്ള ഭിന്നതയാണ് ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്. 98960 കോടി രൂപയുടെ ആസ്തിയുള്ള കുടുംബം ഭിന്നിക്കപ്പെടന്ന സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. ഓട്ടോമൊബൈല്‍, ആരോഗ്യശിശ്രൂഷ, പ്രതിരോധം, ധനകാര്യ സേവനങ്ങള്‍ എന്നിങ്ങനെ 48 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന വ്യാപാര സാമ്രാജ്യമാണ് ഹിന്ദുജ കുടുംബത്തിന് ഉള്ളത്. ഏകദേശം 150,000 ആളുകള്‍ക്ക് ജോലി കൊടുക്കുന്ന വലിയ സാമ്രാജ്യം.

ഒരു സഹോദരന്റെ പേരിലുള്ള ആസ്തികള്‍ മറ്റ് സഹോദരങ്ങള്‍ക്ക് കൂടി ഉള്ളതാകുമെന്നും ഓരോ വ്യക്തിയും ബാക്കി സഹോദരന്മാരെ തന്റെ നടത്തിപ്പുകാരായി അംഗീകരിക്കുമെന്നും പറയുന്ന 2014ലെ ഒരു ഉടമ്പടിയാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. നാല് പേരടങ്ങിയ സഹോദരന്മാരില്‍ ഏറ്റവും മൂത്തയാളും കുടുംബത്തിലെ കാരണവരുമായ ശ്രീചന്ദ് ഹിന്ദുജ ഇപ്പോള്‍ ഈ ഉടമ്പടിയ്‌ക്കെതിരെ രംഗത്തെത്തുകയും ഉടമ്പടി റദ്ദാക്കുന്നതിനായി നിയമ നടപടികളിലേക്ക് നീങ്ങുകയും ചെയ്തിരിക്കുന്നു. ഈ വ്യവസായ സാമ്രാജ്യം എങ്ങനെ വിഭജിക്കപ്പെടുമെന്നത് ഈ നിയമ പോരാട്ടം നിശ്ചയിക്കും.
1971ല്‍ സ്ഥാപകനായ പരമാനന്ദ് ദീപ്ചന്ദ് ഹിന്ദുജ അന്തരിച്ചതിന് ശേഷം ശ്രീചന്ദും (എസ് പി ), ഗോപീചന്ദും (ജിപി), പ്രകാശും (പിപി), അശോക് ഹിന്ദുജയും (എപി) ചേര്‍ന്നാണ് ഈ ബിസിനസ് സാമ്രാജ്യം നയിച്ചിരുന്നത്. സഹോദരബന്ധത്തിന്റെ ഏറ്റവും നല്ല ഉദാഹരണമായാണ് ഇതിനെ നോക്കി കണ്ടിരുന്നത്. അഴിമതി മുതല്‍ അനധികൃത ആയുധ വിതരണം വരെയുള്ള നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിട്ടും അവര്‍ തങ്ങളുടെ വ്യാപാര നടത്തിപ്പ് കൃത്യമായി നടത്തിയിരുന്നു.
ശ്രീചന്ദിന്റെ അവകാശമായി കണക്കാക്കിയ ഹിന്ദുജ ബാങ്കിന്റെ ഉടമസ്ഥാവകാശം നേടിയെടുക്കുന്നതിനായി ഗോപീചന്ദും പ്രകാശും അശോകും ഒരു കത്ത് ദുരപയോഗം ചെയ്തതായി ബ്രിട്ടനിൽ നിയമ പോരാട്ടം തുടങ്ങിയപ്പോഴാണ് സഹോദരന്മാര്‍ തമ്മിലുള്ള കുടിപ്പക പുറത്തായത്. ഡിമന്‍ഷ്യയുടെ ഒരു വകഭേദമായ ലെവി ബോഡി അസുഖം മൂലം ബുദ്ധിമുട്ടുകയാണ് ശ്രീചന്ദ്.
പക്ഷെ തങ്ങള്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മറ്റ് മൂന്ന് സഹോദരന്മാര്‍ പറയുന്നത്. എല്ലാം എല്ലാവര്‍ക്കും ഉള്ളതാണെന്നും ആര്‍ക്കും സ്വന്തമായി ഒന്നുമില്ലെന്നും ഗോപീചന്ദും പ്രകാശും അശോകും പ്രസ്താവനയില്‍ പറയുന്നു. ദശാബ്ദങ്ങളായി നിലനിന്നിരുന്ന കുടുംബ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും മൂവരും പറയുന്നു.
പാകിസ്ഥാനിലെ സിന്ധ് മേഖലയിലെ സിഖര്‍പൂരില്‍ 14 കാരനായ പരമാനന്ദ് ഹിന്ദുജ ഒരു ചെറുകിട വ്യാപാര കേന്ദ്രം തുറന്നതോടെ 1914ലാണ് ഹിന്ദുജ ഗ്രൂപ്പ് തുടങ്ങുന്നത്. ആ കച്ചവടം അദ്ദേഹത്തെ പഴയ ബോംബെയില്‍ എത്തിച്ചു. പിന്നീട് ഇറാനിലും. പരമാനന്ദ് ചവറ്റുമെത്തകളും ഉണക്ക പഴങ്ങളും ഇറക്കുമതി ചെയ്തപ്പോള്‍, അവര്‍ തുണിത്തരങ്ങളും തേയ്‌ലയും സുഗന്ധവ്യജ്ഞനങ്ങളും കയറ്റുമതി ചെയ്തു. 1919ല്‍ ഹിന്ദുജ ഇറാനില്‍ ഒരു ഓഫീസ് തുറക്കുകയും ആ ഇസ്ലാമിക രാജ്യത്തില്‍ വാണീജ്യ ബാങ്കിംങ് വ്യാപാരത്തിനും തുടക്കം കുറിക്കുകയും ചെയ്തു.
ഇറാനിലെ രാജകുടുംബവുമായി അടുത്ത ബന്ധങ്ങളുണ്ടാക്കിയ ഈ കുടുംബം അവര്‍ക്ക് പഞ്ചാബില്‍ നിന്നും ഉരുളക്കിഴങ്ങും ഉള്ളിയും ധാരാളമായി എത്തിച്ചുകൊടുത്തുവെന്നതാണ് കഥ. പിന്നീട് എണ്ണയില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ ഇറാനില്‍ വളര്‍ന്ന് വികസിച്ചു. 1971ല്‍ പരമാനന്ദ് അന്തരിക്കുകയും ശ്രീചന്ദ് കുടുംബത്തിന്റെയും വ്യാപാരത്തിന്റെയും കാരണവരാകുകയും ചെയ്തു. ഇസ്ലാമീക വിപ്ലവത്തിന് ശേഷം 1979 ഓടെ കുടുംബത്തിന്റെ കച്ചവട കേന്ദ്രം ഇറാനില്‍ നിന്നും ലണ്ടനിലേക്ക് മാറ്റിയതും അദ്ദേഹമാണ്. അതിന് ഒരു വര്‍ഷം മുമ്പ് ഗ്രൂപ്പ് ഹിന്ദുജ ബാങ്ക് (യഥാര്‍ത്ഥത്തില്‍ അമാസ് എസ്എ) എന്ന പേരില്‍ ഒരു ധനകാര്യസ്ഥാപനം ആരംഭിച്ചിരുന്നു. 1994 ആയപ്പോഴേക്കും അതൊരു സ്വിസ് ബാങ്കിംഗ് സ്ഥാപനമായി വളര്‍ന്നു.
യൂറോപ്പിലേക്ക് കൂടുമാറിയതിനിടയിലും ഹിന്ദുജമാര്‍ ഇന്ത്യയിലെ ഉയര്‍ന്ന വളര്‍ച്ച നിരക്കുള്ള മേഖലകളില്‍ കൈവച്ചിരുന്നു. 1984ല്‍ ഗള്‍ഫ് ഓയില്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഉടമസ്ഥാവകാശം നേടിയെടുത്തുകൊണ്ട് ഇന്ധന, പാചകവാതക മേഖലയില്‍ അവര്‍ ഇടംനേടി. 1987ല്‍ അവര്‍ ബ്രിട്ടണിലെ ലാന്റ് റോവര്‍ ഗ്രൂപ്പില്‍ നിന്നും ലാന്റ് റോവര്‍ ലൈലന്റ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശം നേടിയെടുത്തു. ആ സമയത്ത് ലൈന്റിന്റെ ഉടമസ്ഥാവകാശം നേടിയെടുക്കാന്‍ കഠിനമായി പരിശ്രമിച്ച ബജാജ് ഓട്ടോ അദ്ധ്യക്ഷന്‍ രാഹുല്‍ ബജാജുമായി അവര്‍ തീക്ഷ്ണമായ മത്സരം തന്നെ നടത്തി. 1993ല്‍ ഇന്‍ഡസഇന്റ് ബാങ്ക് സ്ഥാപിച്ചുകൊണ്ട് ഇന്ത്യയുടെ ബാങ്കിംഗ് മേഖലയിലും 1995ല്‍ ഇന്‍ഡസ്ഇന്റ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് സ്ഥാപിച്ചുകൊണ്ട് കേബിള്‍, ടെലിവിഷന്‍ മേഖലകളിലും അവര്‍ പ്രവേശിച്ചു.
ഇന്ന് ഇംഗ്ലണ്ടിലെ ചരിത്രപരമായ ഓള്‍ഡ് വാര്‍ ഓഫീസ് മുതല്‍ അവര്‍ താമസിക്കുന്ന ബക്കിംഗ്ഹാമിലെ ചാള്‍ട്ടണ്‍ ഹൗസ് ടെറസ് ഉള്‍പ്പെടെയുള്ള വിലപിടിച്ച ആസ്തികളാണ് ഈ സഹോദരന്മാര്‍ക്ക് ഉള്ളത്. ശ്രീചന്ദും ഗോപീചന്ദും ലണ്ടനിലും പ്രകാശ് മൊണോക്കോയിലും ജീവിക്കുന്നു. ഏറ്റവും ഇളയ സഹോദരനായ അശോക് മുംബെയിലും.
ബോഫോഴ്‌സ് ആയുധമിടപാടില്‍ ഉള്‍പ്പെടെ നിരവധി വിവാദങ്ങളില്‍ ഇവര്‍ കഥാപാത്രങ്ങളായിട്ടുണ്ട്. സ്വീഡിഷ് കമ്പനിക്ക് അനുകൂലമായി ഉടമ്പടി മാറ്റുന്നതിനായി ഹിന്ദുജ കുടുംബം കൈക്കൂലി വാങ്ങിയെന്നായിരുന്നു അന്നത്തെ ആരോപണം. 2005ല്‍ ഡെല്‍ഹി ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കി. 2019ലെ മാത്രം വരുമാനം പ്രതിവര്‍ഷം 30,000 കോടി രൂപയാണ്. ഇന്‍ഡസ്ഇന്റ് ബാങ്ക്, ഗള്‍ഫ് ഓയില്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ഹിന്ദുജ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്, ഹിന്ദുജ ലൈലന്റ് ഫിനാന്‍സ് ലിമിറ്റഡ്, ഹിന്ദുജ ഗ്ലോബല്‍ സൊലൂഷന്‍സ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാനം വേറെ.
ലണ്ടനില്‍ നിന്നും ജനീവയില്‍ നിന്നും സ്വകാര്യ വിമാനങ്ങളില്‍ പറന്നെത്തിയ നിരവധി അതിിഥികളുടെ സാന്നിധ്യത്തിലാണ് മൂന്ന് സഹോദരങ്ങളുടെ ആണ്‍മക്കളുടെയും വിവാഹം ഒരേ ദിവസം തന്നെ മുംബെയില്‍ നടന്നത്. ടോണി ബ്ലയര്‍. ജോര്‍ജ്ജ് എച്ച് ബുഷ്, മാര്‍ഗരറ്റ് താച്ചര്‍ തുടങ്ങിയവരാണ് അവരുടെ സൗഹാര്‍ദപ്പട്ടികയില്‍ ഉണ്ടായിരുന്നതും.
നേരത്തെ പരാമര്‍ശിച്ചത് പോലെ, സഹോദരങ്ങള്‍ തങ്ങളുടെ വാണീജ്യ മേഖലകള്‍ കൃത്യമായി വിഭജിച്ചിരുന്നു. അശോക് ഹിന്ദുജ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തപ്പോള്‍ പ്രകാശ് ഹിന്ദുജ കമ്പനിയുടെ യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ തലവനായി തുടര്‍ന്നു. ഹിന്ദുജ ഗ്രൂപ്പ് കമ്പനികളുടെ തലവനായി ശ്രീചന്ദ് ഹിന്ദുജ തുടര്‍ന്നപ്പോള്‍, ഗോപീചന്ദ് ഹിന്ദുജ ഹിന്ദുജ ഗ്രൂപ്പ് കമ്പനികളുടെ അദ്ധ്യക്ഷനും യുകെയിലെ ഹിന്ദുജ ഓട്ടോമേറ്റീവ് ലിമിറ്റഡിന്റെ അദ്ധ്യക്ഷനുമായി.
തന്റെ ആഗ്രഹങ്ങള്‍ പ്രതിഫലിപ്പിക്കുന്നതല്ല 2014ലെ ഉടമ്പടിയെന്നും കുടുംബ ആസ്തികള്‍ വിഭജിക്കണമെന്നും 2016ല്‍ ശ്രീചന്ദ് ആവശ്യപ്പെട്ടതോടെയാണ് സഹോദരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് ശ്രിചന്ദിന്റെ ഉടമസ്ഥതയിലുള്ള സ്വിസര്‍ലന്റ് ആസ്ഥാനമായ ഹിന്ദുജ ബാങ്കിന്റെ പേരില്‍ സഹോദരങ്ങള്‍ മല്ലയുദ്ധം തുടങ്ങി.
എന്നാല്‍ തര്‍ക്കം ഇപ്പോള്‍ പരസ്യമായെങ്കിലും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കില്ല എന്നാണ് സഹോദരങ്ങള്‍ അവകാശപ്പെടുന്നത്. 'ഞങ്ങളുടെ ആഗോള പ്രവര്‍ത്തനങ്ങളെ ഈ നിയമപോരാട്ടം ഒരു തരത്തിലും ബാധിക്കില്ല എന്ന് മാത്രമല്ല ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുക തന്നെ ചെയ്യും എന്ന് ഉറപ്പിച്ച് പറയുന്നു,' എന്നാണ് സഹോദരന്മാരുടെ പ്രസ്താവന പറയുന്നത്.


Next Story

Related Stories