TopTop
Begin typing your search above and press return to search.

20 ലക്ഷം കോടിയുടെ പാക്കേജ് സമ്പദ് വ്യവസ്ഥയെ രക്ഷിക്കില്ല, ഇന്ത്യയുടെ ജിഡിപി ജൂണിൽ 45 ശതമാനം കുറയും - ഗോൾഡ് മാൻ സാക്ക്സ്

20 ലക്ഷം കോടിയുടെ പാക്കേജ് സമ്പദ് വ്യവസ്ഥയെ രക്ഷിക്കില്ല, ഇന്ത്യയുടെ ജിഡിപി ജൂണിൽ 45 ശതമാനം കുറയും - ഗോൾഡ് മാൻ സാക്ക്സ്

ഇന്ത്യയുടെ ജിഡിപി ജൂണ്‍ സാമ്പത്തിക പാദം 45 ശതമാനം ഇടിയുമെന്ന് ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഗോള്‍ഡ്മാന്‍ സാക്ക്സ്. നേരത്തെ 20 ശതമാനം ഇടിവാണ് പ്രതീക്ഷിച്ചിരുന്നത് എന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020-21 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള റിയല്‍ ജിഡിപിയില്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടാകും. നേരത്തെ 0.4 ശതമാനത്തിന്റെ കുറവാണ് പ്രവചിച്ചിരുന്നത്.

2019-20 സാമ്പത്തികവര്‍ഷത്തിന്റെ അവസാനം ജിഡിപി വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനമായിരിക്കും എന്നായിരുന്നു പ്രവചനം. ഇത് കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണ്. സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ ഫലപ്രദമായാല്‍ 2020-21 സാമ്പത്തികവര്‍ഷം ജിഡിപി വളര്‍ച്ച 6 മുതല്‍ 6.5 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് ഫിനാന്‍സിലെ എക്കണോമിസ്റ്റ് പ്രവചിച്ചിരുന്നു. 2020-21 വര്‍ഷത്തേയ്ക്കുള്ള ഫോര്‍കാസ്റ്റ് മൈനസ് അഞ്ച് ആയത് ഇന്ത്യ നേരിട്ട എല്ലാ മാന്ദ്യങ്ങളേക്കാളും ഗുരുതരമായ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത് എന്ന് ഗോള്‍ഡ്മാന്‍ സാക്ക്സ് പറയുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ക്കായി ലഭിച്ച മോശം സാമ്പത്തിക ഡാറ്റയാണ് ഇത്തരമൊരു ഫോര്‍കാസ്റ്റിലേയ്ക്ക് നയിച്ചിരിക്കുന്നത്.

സെപ്റ്റംബറിന് ശേഷമുള്ള ഡിസംബര്‍, മാര്‍ച്ച് പാദങ്ങളില്‍ ജിഡിപി വളര്‍ച്ച വീണ്ടെടുക്കും. ഡിസംബര്‍ ക്വാര്‍ട്ടറില്‍ 14 ശതമാനം വളര്‍ച്ചയും മാര്‍ച്ച് ക്വാര്‍ട്ടറില്‍ 6.5 ശതമാനം വളര്‍ച്ചയുമാണ് 2020-21 സാമ്പത്തികവര്‍ഷം പ്രതീക്ഷിക്കുന്നത്. എപ്രിലില്‍ കയറ്റുമതിയിലും ഇറക്കുമതിയിലും 60 ശതമാനത്തിന്റെ കുറവുണ്ടായി. മാര്‍ച്ച് അവസാനം, ലോക്ക്ഡൗണ്‍ തുടങ്ങി ഒരാഴ്ചയായിരുന്ന സമയത്ത് വ്യാവസായികോല്‍പ്പാദനം 16.7 ശതമാനം കുറഞ്ഞു. കയറ്റുമതി 34.6 ശതമാനം കുറഞ്ഞിരുന്നു. ലോക്ക് ഡൗണിന്റെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ സമ്പദ് വ്യവസ്ഥ ഭാഗികമായി തുറന്നെങ്കിലും മേയിലും സാമ്പത്തികപ്രവര്‍ത്തനങ്ങളില് വലിയ തടസമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

20 ലക്ഷം കോടിയുടെ പാക്കേജ് പെട്ടെന്ന് എന്തെങ്കിലും ഗുണം സമ്പദ് വ്യവസ്ഥയ്ക്ക് ചെയ്യില്ല. ഇത് എങ്ങനെ നടപ്പാക്കുന്നു എന്ന് നിരീക്ഷിക്കും. ഇതൊരു മധ്യവര്‍ത്തി പാക്കേജ് ആണ്. മാര്‍ച്ചില്‍ നടത്തിയ 1.7 ലക്ഷം കോടിയുടെ പ്രഖ്യാപനം ഉള്‍പ്പടെ ആറ് ഘട്ടങ്ങളിലായി നടത്തിയ പ്രഖ്യാപനങ്ങള്‍ ജിഡിപിയുടെ 1.3 ശതമാനം മാത്രമേ വരുന്നുള്ളൂ. ആകെ ലക്ഷ്യമിടുന്ന ജിഡിപിയുടെ 10 ശതമാനത്തിലും വളരെ താഴെയാണിത്.


Next Story

Related Stories