TopTop
Begin typing your search above and press return to search.

കേരളത്തിന് പതിനായിരം കോടി രൂപ നിക്ഷേപം; വാഗ്ദാനവുമായി ദുബായിലെ പ്രവാസി സംരംഭകര്‍

കേരളത്തിന് പതിനായിരം കോടി രൂപ നിക്ഷേപം; വാഗ്ദാനവുമായി ദുബായിലെ പ്രവാസി സംരംഭകര്‍

കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് ദുബായില്‍ നടന്ന പ്രവാസി സംരംഭകരുടെ യോഗത്തില്‍ (NEEM - NRK Emerging Entrepreneurs Meet) ഇതുവരെ പതിനായിരം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിപി വേള്‍ഡ് 3500 കോടി രൂപയും, ആര്‍പി ഗ്രൂപ്പ് 1000 കോടിയും, ലുലു ഗ്രൂപ്പ് 1500 കോടിയും, ആസ്റ്റര്‍ 500 കോടിയും, മറ്റു ചെറുകിട സംരംഭകര്‍ 3500 കോടി എന്നിങ്ങനെയായിരുന്നു സംസ്ഥാനത്തേക്കുള്ള നിക്ഷേപ വാഗ്ദാനം.

ഇതില്‍ ഡിപി വേള്‍ഡ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് വിഭാഗത്തിലും, ആര്‍പി ഗ്രൂപ്പ് ടൂറിസം മേഖലയിലും, ലുലു റീ ടെയില്‍ മേഖലയിലും, ആസ്റ്റര്‍ ആരോഗ്യമേഖലയിലുമാണ് നിക്ഷേപം നടത്തുന്നത്. ദുബായിലെ സംരംഭകരുടെ യോഗത്തില്‍ എത്തിയ പിണറായി വിജയന്‍ മലയാളികള്‍ക്കായി ദുബായില്‍ ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ തത്വത്തില്‍ ധാരണയായിയെന്നും പറഞ്ഞു.

ദുബായ് കമ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഔദ്യോഗികമായി മലയാളികള്‍ക്കായി ഒരു അസോസിയേഷന്‍ അംഗീകരിക്കണമെന്ന കാര്യം അവതരിപ്പിച്ചു. തുടര്‍ന്ന്, ഈ ആവശ്യത്തെ കമ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി അധികൃതര്‍ അംഗീകരിച്ചു. ഇതിനായുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു.

യുഎഇ-യുടെ നിയമ പരിധിക്കകത്ത് നിന്ന് കൊണ്ട് തന്നെ അസോസിയേഷന് അംഗീകാരം നല്‍കും. കമ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമദ് അബ്ദുല്‍ കരീം ജുല്‍ഫാറുമായാണ് ചര്‍ച്ച നടത്തിയത്. അസോസിയേഷന്‍ രൂപീകരണത്തിനും ഇത് സംബന്ധിച്ച മറ്റു നടപടികള്‍ക്കുമായി കേരള സര്‍ക്കാരിന്റെ കീഴില്‍ ഒരു കമ്മറ്റിക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട്. മലയാളി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയായിരിക്കും അസോസിയേഷന്‍ രൂപീകരിക്കുക.


Next Story

Related Stories