Top

സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇനി കിണ്ണത്തപ്പവും; 'കണ്ണൂരിന്റെ കിണ്ണത്തപ്പം' വിപണിയിലേക്ക്

സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇനി കിണ്ണത്തപ്പവും;

തടവുകാര്‍ നിര്‍മ്മിക്കുന്ന ഭക്ഷണത്തിന് ആവശ്യക്കാര്‍ ഏറെയാണ്. നിരവധി ഭക്ഷണ സാധനങ്ങള്‍ ജയിലില്‍ നിന്നും ലഭ്യവുമാണ്. ഇപ്പോഴിതാ തടവുകാര്‍ നിര്‍മിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ പുതിയൊരിനംകൂടി ഒക്ടോബര്‍ എട്ടിന് പുറത്തിറങ്ങുകയാണ്. കണ്ണൂര്‍ ജില്ലാ ജയിലില്‍നിന്ന് ഉത്പാദനം തുടങ്ങുന്ന കിണ്ണത്തപ്പമാണ് ഈ പുതിയ ഇനം.

'കണ്ണൂരിന്റെ കിണ്ണത്തപ്പം' എന്ന ബ്രാന്‍ഡ് നെയിമിലായിരിക്കും കിണ്ണത്തപ്പം പുറത്തിറങ്ങുക. പുറത്ത് കിലോയ്ക് 150 രൂപ വിലവരുന്ന കിണ്ണത്തപ്പത്തിന് ജയിലില്‍ 120 രൂപയാണ് വിലയിട്ടിരിക്കുന്നത്. സെന്‍ട്രല്‍ ജയിലിന്റെ കൗണ്ടര്‍വഴിയായിരിക്കും വിതരണം. കൂടുതല്‍ കിണ്ണത്തപ്പം വേണ്ടവര്‍ മുന്‍കൂട്ടി ഫോണില്‍ വിളിച്ച് ബുക്ക് ചെയ്യണം. നാല് തടവുകാരുടെ കൂട്ടായ്മയാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത്.

കിണ്ണത്തപ്പത്തിന് പുറമെ ജില്ലാ ജയിലില്‍നിന്ന് പൂച്ചട്ടികളും നിര്‍മിക്കുന്നുണ്ട്. ഇതിന്റെ ഉദ്ഘാടനം എട്ടിന് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് നിര്‍വഹിക്കും. പൊതു വിപണിയില്‍ 140 മുതല്‍ 150 രൂപവരെ വിലവരുന്ന പൂച്ചട്ടികള്‍ക്ക് 90 രൂപയായിരിക്കും ജയിലില്‍ നിന്നും വാങ്ങുമ്പേഴുള്ള വില. ആവശ്യക്കാര്‍ക്കുവേണ്ട മോഡലില്‍ അവ ഉണ്ടാക്കിനല്‍കാനും പദ്ധതിയുണ്ട്.

ഇവ കൂടാതെ സെന്‍ട്രല്‍ ജയിലില്‍നിന്ന് 'കാരുണ്യഭക്ഷണം' എന്ന പദ്ധതിയുടെ ഉദ്ഘാടനവും ഡി.ജി.പി. നിര്‍വഹിക്കും. വിശക്കുന്നവര്‍ക്ക് ഒരുനേരത്തെ ആഹാരം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് സെന്‍ട്രല്‍ ജയിലിലെ കൗണ്ടറില്‍ പണമടച്ച് കൂപ്പണ്‍ വാങ്ങി കൗണ്ടറില്‍ പിന്‍ചെയ്ത് വെക്കാം. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ആ കൂപ്പണ്‍ വാങ്ങി സൗജന്യമായി കൗണ്ടറില്‍നിന്ന് ഭക്ഷണം കഴിക്കാം. ഇതാണ് കാരുണ്യഭക്ഷണം'.


Next Story

Related Stories