TopTop
Begin typing your search above and press return to search.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ കേരളം 28-ാമത്; കേന്ദ്രം സംസ്ഥാനത്തോടുള്ള വിരോധം തീര്‍ക്കുകയാണെന്ന് ഇപി ജയരാജന്‍; ഉമ്മന്‍ ചാണ്ടി കേരള വിരുദ്ധര്‍ക്കൊപ്പമെന്നും വിമര്‍ശനം

ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ കേരളം 28-ാമത്;   കേന്ദ്രം സംസ്ഥാനത്തോടുള്ള വിരോധം തീര്‍ക്കുകയാണെന്ന് ഇപി ജയരാജന്‍; ഉമ്മന്‍ ചാണ്ടി കേരള വിരുദ്ധര്‍ക്കൊപ്പമെന്നും വിമര്‍ശനം

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യം) റാങ്കിങ്ങ് കണക്കാക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളത്തിന്റെ കത്ത്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് ( ഡി പി ഐ ഐ ടി) ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ 2019 ന്റെ ഭാഗമായി പുറത്തിറക്കിയ 2018-19 സാമ്പത്തിക വര്‍ഷത്തെ റാങ്കിംഗ് പട്ടിക പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടതായി വ്യവസായ മന്ത്രി ഐ.പി ജയരാജന്‍ വ്യകതമാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും ശക്തമായ വിമര്‍ശനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. "കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിരോധമാണ് റാങ്കിങ്ങില്‍ പ്രതിഫലിക്കുന്നത്. അതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് കോണ്‍ഗ്രസില്‍നിന്നും അവരുടെ നേതാക്കളില്‍ നിന്നും ഉണ്ടാകുന്നത്. കേരളത്തിന്റെ താല്‍പ്പര്യങ്ങളെയും വികസനത്തെയും ഹനിക്കുന്ന നിലപാടാണിത്. കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കാന്‍ ഒന്നിച്ച് നില്‍ക്കുന്നതിനു പകരം കേരളവിരുദ്ധര്‍ക്ക് ഒപ്പം നില്‍ക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയുടേത്. കേരളത്തിലേക്ക് വരുന്ന നിക്ഷേപകരെ തിരിച്ചോടിക്കാനും അവരെ നിരുത്സാഹപ്പെടുത്താനും മാത്രമേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ", ജയരാജന്‍ പറഞ്ഞു.

കേന്ദ്ര ധനമന്ത്രാലയം സെപ്റ്റംബര്‍ അഞ്ചിനു പുറത്തിറക്കിയ റാങ്കിങ്ങില്‍ സംസ്ഥാനത്തിന്റെ റാങ്ക് 28 ആണ്. കഴിഞ്ഞവര്‍ഷം 21 ആയിരുന്നു. "കേരളം ഏറെ നിക്ഷേപസൗഹൃദമായ സാഹചര്യത്തിലുള്ള ഇത്തരമൊരു കണക്ക് വസ്തുതാവിരുദ്ധമാണ്. പോയിന്റുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ ഗ്രൂപ്പുകളായി തിരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് മാറി മുന്‍വര്‍ഷങ്ങളിലെ റാങ്കിങ്ങ് സംവിധാനം തുടര്‍ന്ന ഡിപിഐഐടി നടപടി ആശ്ചര്യപ്പെടുത്തുന്നതാണ്. ഡിപിഐഐടി പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കേരളം 187 പരിഷ്‌ക്കരണങ്ങളില്‍ 157 ഉം നടപ്പാക്കി. അതിന്റെ അടിസ്ഥാനത്തില്‍ 85 ശതമാനം പോയിന്റിന് അര്‍ഹതയുള്ള സംസ്ഥാനത്തെ 'ഫാസ്റ്റ് മൂവര്‍' വിഭാഗത്തിലായിരുന്നു ഉള്‍പ്പെടുത്തേണ്ടിയിരുന്നത്. ഒരു പരിഷ്‌ക്കാരവും നടപ്പാക്കാത്ത ചില കേന്ദ്ര ഭരണപ്രദേശങ്ങള്‍ റാങ്കിങ്ങില്‍ ഏറെ മുന്നിലാണ്.

ദ് കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ആക്റ്റ് 2018, ദ് കേരള മൈക്രോ സ്‌മോള്‍ മീഡിയം എന്റര്‍പ്രൈസസ് ഫെസിലിറ്റേഷന്‍ ആക്റ്റ് 2019 എന്നിവ അടക്കം വ്യവസായ വികസനം ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാനം സ്വീകരിച്ച നടപടികള്‍ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എം എസ് എം ഇ സംരംഭം തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന വ്യവസ്ഥ കൊണ്ടുവന്നതാണ് 2019 ലെ ആക്റ്റ്. ഈ നിയമം നിലവില്‍ വന്ന് ഏഴ് മാസത്തിനകം ഇതുപ്രകാരം 3559 സംരംഭങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. എം എസ് എം ഇ മേഖലയിലാകെ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വന്‍കുതിപ്പാണുണ്ടായത്. 2016 നു ശേഷം 52137 എം എസ് എം ഇ യൂണിറ്റുകള്‍ തുടങ്ങി. സംസ്ഥാനത്ത് നിലവിലുള്ള എം എസ് എം ഇകളുടെ 40 ശതമാനം വരുമിത്. ഇതുവഴി 5000 കോടിയോളം നിക്ഷേപവും രണ്ടു ലക്ഷത്തിലധികം തൊഴിലും സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ 18 മാസത്തിനിടെ 3600 കോടി മുതല്‍മുടക്കുള്ള 29 വന്‍കിട നിക്ഷേപങ്ങളും ഉണ്ടായി. അസന്‍ഡ് എന്ന പേരില്‍ സംസ്ഥാനം എല്ലാ വര്‍ഷവും നടത്തുന്ന ആഗോള നിക്ഷേപക സംഗമം വന്‍വിജയമാണ്. അസന്‍ഡ് 2020 ല്‍ 2700 പ്രതിനിധികള്‍ പങ്കെടുത്തു. 1,00,365 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്കുള്ള ധാരണാപത്രങ്ങള്‍ ഒപ്പിട്ടതായും കത്തിലുണ്ട്. ഈ വസ്തതുതകള്‍ കണക്കിലെടുക്കുമ്പോള്‍, റാങ്കിങ്ങ് സുതാര്യവും വിശ്വാസ്യത ഇല്ലാത്തതുമാണെന്ന് തെളിയും. ഇത്തരം റാങ്കിങ്ങുകള്‍ നിക്ഷേപകരില്‍ വലിയ ആശങ്ക സൃഷ്ടിക്കും. നിക്ഷേപസൗഹൃദമായ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് വലിയതിരിച്ചടിയാകും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്ങിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണ"മെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി നടത്തിയ പരാമര്‍ശത്തിനെതിരെയും ജയരാജന്‍ വിമര്‍ശനമുന്നയിക്കുന്നത്. "ഉമ്മന്‍ചാണ്ടി നടത്തിയ പരാമര്‍ശം സ്വയം പരിഹാസ്യമാകുന്നതിന് തുല്യമാണ്. ദേശീയതലത്തില്‍ പ്രഖ്യാപിച്ച ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങില്‍ കേരളം പിന്നിലായത് സൂചിപ്പിച്ചാണ് ഉമ്മന്‍ചാണ്ടി എല്‍ ഡി എഫ് ഗവണ്‍മെന്റിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. യു ഡി എഫ് ഭരണകാലത്തെ പൊതുമേഖലയുടെ പിന്നോക്കാവസ്ഥ സൂചിപ്പിക്കുന്ന കണക്കുകളും മറ്റും കാണിച്ചാണ് എല്‍ ഡിഎഫ് ഗവണ്‍മെന്റിനെയും സി പി ഐ എമ്മിനെയും വിമര്‍ശിക്കുന്നത്. വിമര്‍ശനത്തിന് പിന്തുണയായി ഉമ്മന്‍ചാണ്ടി ഉന്നയിച്ച വിഷയങ്ങള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്. യു ഡി എഫ് കാലത്ത് നിലച്ചു നിന്ന ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി ഉള്‍പ്പെടെയുള്ളവയെ പരാമര്‍ശിച്ചുള്ള മുന്‍ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ ആശ്ചര്യപ്പെടുത്തി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യം) റാങ്കിങ്ങ് കണക്കാക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ കേന്ദ്ര ധനമന്ത്രിക്കും വ്യവസായ മന്ത്രിക്കും കത്തെഴുതിയിട്ടുണ്ട്. കേരളത്തില്‍ നിലവിലുള്ള നിക്ഷേപകസൗഹൃദ സാഹചര്യം കണക്കിലെടുത്താല്‍ ആദ്യ പത്തിനുള്ളില്‍ ഉള്‍പ്പെടേണ്ടതാണ്. അശാസ്ത്രീയവും അപ്രായോഗികവുമായ റാങ്കിങ്ങ് രീതിയാണ് പ്രശ്‌നം. പോയിന്റുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ ഗ്രൂപ്പുകളായി തിരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് മാറി, മുന്‍വര്‍ഷങ്ങളിലെ റാങ്കിങ്ങ് സംവിധാനം തുടര്‍ന്ന ഡി പി ഐ ഐ ടി നടപടി ശരിയല്ല. ധന മന്ത്രാലയത്തിനു കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് ( ഡി പി ഐ ഐ ടി) പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 187 പരിഷ്‌ക്കരണങ്ങളില്‍ 157 ഉം കേരളം നടപ്പാക്കി. ഒരു പരിഷ്‌ക്കരണവും നടപ്പാക്കാത്ത ചില കേന്ദ്ര ഭരണപ്രദേശങ്ങള്‍ റാങ്കിങ്ങില്‍ ഏറെ മുന്നിലാണ്. കേരളത്തെ കുറ്റപ്പെടുത്താന്‍ ഭൂതക്കണ്ണാടി വെച്ചു നോക്കുന്നവര്‍ ഇതൊന്നും കാണില്ല. കേന്ദ്രം സ്വീകരിക്കുന്ന തെറ്റായ നിലപാടുകളിലും സന്തോഷിക്കുകയാണ് അവര്‍.

ഗെയ്ല്‍ പൈപ്പ് ലൈന്‍, സ്മാര്‍ട്ട്‌സിറ്റി, വിഴിഞ്ഞം തുടങ്ങിയവയെ എതിര്‍ക്കുന്നവരെന്ന ഉമ്മന്‍ചാണ്ടിയുടെ ആരോപണം പച്ചക്കള്ളമാണെന്ന് ജനങ്ങള്‍ക്ക് അറിയാം. യു ഡി എഫ് ഭരണകാലത്ത് സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതിനാല്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയ്ല്‍) വാതക പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിച്ചതാണ്. എന്നാല്‍, എല്‍ ഡി എഫ് അധികാരമേറിയ ശേഷം സ്ഥലം ഏറ്റെടുത്തു നല്‍കി. പദ്ധതി പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. വിഴിഞ്ഞം തുറമുഖം പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഐ ടി മേഖലയില്‍ അഞ്ചു വര്‍ഷത്തിനകം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വികസനം നാല് വര്‍ഷത്തിനകം നടപ്പാക്കി മുന്നേറുകയാണ് എല്‍ ഡി എഫ് ഗവണ്‍മെന്റ്.

2019 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ 130 പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 1833.2 കോടി രൂപയാണെന്നാണ് ഉമ്മന്‍ചാണ്ടി പ്രസ്താവനയില്‍ പറയുന്നത്. ഈ കണക്ക് 2018 ലെ സി എ ജി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ളതാണ്.'-പൊതുമേഖലാ സ്ഥാപനങ്ങളുടെ 2017 മാര്‍ച്ച് 31 വരെയുള്ള സ്ഥിതി പരിശോധിച്ചുള്ള കണക്കുകളാണ് 2018 ജൂണ്‍ 19 ന് സി എ ജി പുറത്തുവിട്ടത്. ഇതുപ്രകാരം ലാഭത്തില്‍ പ്രവര്‍ത്തിച്ച 45 പൊതുമേഖലാ സ്ഥാപനങ്ങള്‍ ആകെ 382.84 കോടി രൂപ ലാഭം ഉണ്ടാക്കി. നഷ്ടത്തില്‍ പ്രവര്‍ത്തിച്ച 64 പൊതുമേഖലാ സ്ഥാപനങ്ങള്‍ ആകെ 2216.01 കോടി രൂപ നഷ്ടവുമുണ്ടായി. ബാക്കി സ്ഥാപനങ്ങള്‍ ലാഭ-നഷ്ടമില്ലാത്തവയാണ്. ഇതുപ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം കണക്കില്‍ 1833.2 കോടി രൂപ നഷ്ടമാണ് 2017 മാര്‍ച്ച് 31 വരെ എന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇക്കാര്യമാണ് 2019 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലുള്ളത്.'-2017 ന് ശേഷമുള്ള കണക്കുകള്‍ പുറത്തുവന്നിട്ടില്ല. തന്റെ കാലത്തെ നഷ്ടക്കണക്ക് എല്‍ ഡി എഫിന് മേല്‍ കെട്ടിവെക്കാനുള്ള ഹീനശ്രമമാണ് ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തു നിന്നുണ്ടായത്.

ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചും ആ കാലയളവും സി എ ജി റിപ്പോര്‍ട്ടില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. കെ എസ് ആര്‍ ടി സി 1431. 29 കോടി നഷ്ടം (2014-15), കെ എസ് ഇ ബി 313.29 കോടി നഷ്ടം (2015-16), സപ്ലൈകോ 107.43 കോടി നഷ്ടം (2014-15).'-മൂന്നു സ്ഥാപനങ്ങള്‍ മാത്രം 1852.01 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് സി എ ജി റിപ്പോര്‍ട്ട്്.'- സി എ ജി റിപ്പോര്‍ട്ടില്‍ പറഞ്ഞ കാലയളവ് മുഴുവന്‍ ഉമ്മന്‍ചാണ്ടി നയിച്ച കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റേതാണ്. ഇതെല്ലാം മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് കേരളത്തിലെ നിക്ഷേപരംഗം മുരടിപ്പിലായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന അവസ്ഥയായിരുന്നു. എന്നാല്‍, ഇന്ന് സ്ഥിതി മാറി. നിതി ആയോഗിന്റെ 2019 ലെ സുസ്ഥിര വികസന സൂചിക പ്രകാരം കേരളം വ്യവസായ വികസനത്തില്‍ ഒന്നാമതാണ്. നിക്ഷേപകര്‍ വലിയതോതില്‍ ആകര്‍ഷിക്കപ്പെടുകയാണ്. ഇതില്‍ അസ്വസ്ഥത പൂണ്ടാണ് പ്രതിപക്ഷം ആക്ഷേപങ്ങളുമായി വരുന്നത്. കേരളം സ്വീകരിച്ച നിക്ഷേപസൗഹൃദ നടപടികള്‍ മനസ്സിലാക്കുകയും അര്‍ഹമായ അംഗീകാരം ലഭിക്കാന്‍ വാദിക്കുകയുമാണ് ഉമ്മന്‍ചാണ്ടിയെ പോലുള്ളവര്‍ ചെയ്യേണ്ടത്. അതിനു പകരം നെറികെട്ട രാഷ്ട്രീയക്കളി നടത്തുന്നത് കേരളത്തിന് ഗുണകരമല്ല. വ്യാജ ആരോപണങ്ങളുമായി കേരള വിരുദ്ധര്‍ക്ക് കുടപിടിക്കുന്നതിനു പകരം നാടിന്റെ പുരോഗതിക്കായി ഒന്നിച്ചു നില്‍ക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയോടും കൂട്ടരോടും പറയാനുള്ളത്", പത്രക്കുറിപ്പില്‍ മന്ത്രി പറഞ്ഞു.


Next Story

Related Stories