TopTop
Begin typing your search above and press return to search.

വായ്പാ പരിധി കൂട്ടിയാല്‍ കുറയുന്നതാണോ കേരളത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍?

വായ്പാ പരിധി കൂട്ടിയാല്‍ കുറയുന്നതാണോ കേരളത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍?

ദീര്‍ഘകാലമായി കേരളം മുന്നോട്ടു വയ്ക്കുന്ന ഒരാവശ്യം കേന്ദ്രം കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. വായ്പ എടുക്കാനുള്ള സംസ്ഥാനത്തിന്റെ പരിധി ഉയര്‍ത്തുകയെന്നതായിരുന്നു ആ ആവശ്യം. എന്നാൽ അത് കൊണ്ടുമാത്രം കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ തീരുമോ എന്നതാണ് ചോദ്യം.

കോവിഡിന് മുമ്പുതന്നെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമായ അവസ്ഥയിലായിരുന്നു. ലോക്ഡൗണ്‍ മൂലം സ്ഥിതി വഷളായി. ക്ഷേമ പദ്ധതികള്‍ക്കായി കൂടുതല്‍ പണം ചിലവഴിക്കേണ്ടതായും വന്നു. വരുമാനം പൂര്‍ണമായും ഇല്ലാതായി. കേന്ദ്രം എന്തു തരുമെന്നായിരുന്നു കേരളം പ്രതീക്ഷയോടെ കാത്തിരുന്നത്. ഇതില്‍ പ്രധാനപ്പെട്ട ഒരാവശ്യമായിരുന്നു വായ്പാ പരിധി ഉയര്‍ത്തുക എന്നത്.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ച് ശതമാനം വായ്പ എടുക്കാമെന്നാണ് പുതിയ ഇളവ്. നിലവില്‍ മൂന്ന് ശതമാനമാണ് വായ്പ പരിധി.
ഇതോടെ സംസ്ഥാനത്തിന് 18,087 കോടി രൂപ വായ്പ എടുക്കാം. ഭരണസ്തംഭനം ഉണ്ടാകുന്ന സാഹചര്യം ഒഴിവായി എന്നാണ് ധനമന്ത്രി തോമസ് ഐസക് ഇതിനോട് പ്രതികരിച്ചത്.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇതോടെ തീരില്ലെന്ന കാര്യത്തില്‍ സംശയമില്ല. എന്നുമാത്രമല്ല, വായ്പ എടുക്കുന്നതിന് വെച്ച ഉപാധികളും ഏതൊക്കെ രീതിയിലാവും പ്രവര്‍ത്തിക്കുക എന്ന് വ്യക്തമല്ല.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.5 ശതമാനം മാത്രമേ നിബന്ധനകളിലാതെ വായ്പയെടുക്കാന്‍ പറ്റൂ. 0.25 ശതമാനം വീതം നാല് വായ്പകള്‍ എടുക്കുന്നത് വണ്‍ നേഷന്‍, വണ്‍ റേഷന്‍, വൈദ്യുതി വിതരണം, തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം, ബിസിനസ് നടത്തുന്ന പ്രക്രിയ എളുപ്പമാക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയായിരിക്കും.ഈ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ മാത്രമെ ഒരു ശതമാനം വായ്പ സാധ്യമാകുവെന്ന് അര്‍ത്ഥം
നികുതി വരുമാനത്തിലുളള കുറവാണ് സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷയ്ക്കനുസരിച്ചല്ല കാര്യങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷവും നടന്നത്. ലോക്ഡൗണ്‍ കാരണം 35,000 കോടി രൂപയുടെയെങ്കിലും വരുമാന നഷ്ടം സര്‍ക്കാരിന് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മദ്യം ലോട്ടറി, ടൂറിസം എന്നി മേഖലകളില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും നിലച്ചു. അടുത്ത ദിവസം മദ്യഷാപ്പുകള്‍ തുറക്കുന്നുണ്ടെങ്കിലും ബാറുകള്‍ക്ക് വില്‍പന അനുമതി ലഭിച്ചതോടെ സര്‍ക്കാരിന്റെ വരുമാനം വലിയ രീതിയില്‍ കുറയും. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് പല പദ്ധതികളും വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.
2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെ 16,790 കോടി രൂപയാണ് ജിഎസ്ടിയില്‍ നിന്നും സംസ്ഥാനത്തിന് പിരിഞ്ഞുകിട്ടിയതെന്നാണ് റിപ്പോര്‍ട്ട്. 2020-21 സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത് 32,388 കോടിയും. നികുതിവരുമാനത്തില്‍ കഴിഞ്ഞവര്‍ഷം 25 ശതമാനവും ഈ വര്‍ഷം 30 ശതമാനം വര്‍ധനയുമാണ് ധനവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ജിഎസ്ടി നടപ്പിലായ ശേഷം കേരളത്തിന് 4000 കോടി രൂപയുടെ നഷ്ടമുണ്ടായതായി നേരത്തെ തോമസ് ഐസക് തന്നെ പറയുകയും ചെയ്തു.
ഈ സാമ്പത്തികവര്‍ഷത്തെ ചെലവ്, നടപ്പ് വര്‍ഷത്തേക്കാള്‍ പതിനഞ്ച് ശതമാനം കൂടുതലാവുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. അതിനി കൂടാനും സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ പൊതുകടം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 24,491.91 കോടിയാകും. അതായത് സംസ്ഥാനത്ത് ഓരോ വ്യക്തിയുടേയും കടബാധ്യത 50,000 രൂപയില്‍ കൂടുതല്‍. കൃത്യമായി പറഞ്ഞാല്‍ ആളോഹരി കടം 72,000 രൂപയിലധികം. അക്കൗണ്ട് ജനറലിന്റെ കണക്ക് പ്രകാരം 31-03-2016 വരെ, അതായത് കഴിഞ്ഞ സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ ആകെ പൊതുകടം 1,09,730 കോടിയായിരുന്നു. ആകെ, കടബാധ്യത 1,57,370 കോടിയും. 2019 ഡിസംബര്‍ വരെ ലഭ്യമായ കണക്ക് പ്രകാരം പൊതുകടം 1,71, 748 കോടിയും ബാധ്യത 2,55,520 കോടിയുമാണെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. 64,718 കോടി രൂപ 2019-'25 വര്‍ഷത്തില്‍ കൊടുത്തു തീര്‍ക്കണം. കിഫ്ബി നടത്തിയ 5005.40 കോടിയുടെ വായ്പകളും തിരിച്ചടവും വേറെ. സംസ്ഥാനത്തിന്റെ മൊത്തം കടത്തില്‍ കിഫ്ബി വഴി സമാഹരിക്കുന്ന തുക ഉള്‍പ്പെടുന്നില്ലെങ്കിലും തിരിച്ചടവ് സംസ്ഥാനത്തിന്റെ വരുമാനത്തില്‍നിന്നുമാണ്. അതായത് വാഹനനികുതിയുടെ വിഹിതവും പെട്രോള്‍ സെസും നല്‍കുന്ന തുക മാത്രമാണ് കിഫ്ബിയുടെ വരുമാനം. അതില്‍നിന്നാണ് പണം തിരിച്ചടക്കേണ്ടത്. അതിന് കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാനം വേറെ മാര്‍ഗം കണ്ടെത്തണം
2020 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 2019-'20 കാലയളവില്‍ 70,224.46 കോടിയാണ് റവന്യൂ വരുമാനം. മുന്‍വര്‍ഷം 92,854 കോടിയായിരുന്നു. 2017-'18 കാലയളവില്‍ 83,020.14 കോടിയായിരുന്നു വരുമാനം. 2016-'17ല്‍ 75,611 കോടിയും. നോട്ട് നിരോധനവും ജി.എസ്.ടി നടപ്പാക്കിയതും സംസ്ഥാനത്തിന്റെ നികുതി നികുതിയേതര സമാഹരണത്തില്‍ കാര്യമായ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ടെന്നാണ് ധനമന്ത്രി നല്‍കുന്ന വിശദീകരണം.
ഇതിന് പുറമെ മറ്റൊരു ആശങ്കയും സര്‍ക്കാരിനെ അലട്ടുന്നുണ്ട്. അത് വായ്പ പിരിധിയില്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം കേന്ദ്രം ഏതെങ്കിലും തരത്തില്‍ ഇടങ്കോലിടുമോ എന്നതാണ് അത്. സംസ്ഥാനത്തിന്റെ ട്രഷറിയില്‍ ഉള്ള ജനങ്ങളുടെ പണവും, ജീവനക്കാരുടെ പിഎഫ് നിക്ഷേപവുമല്ലൊം കടമാണെന്ന് കാണിച്ച് പരിധി കുറച്ചാ്ല്‍ ഇപ്പോഴുള്ള പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്ന അവസ്ഥയുണ്ടാകുമെന്നാണ് സര്‍ക്കാരിനെ അലട്ടുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേന്ദ്രം ഇത്തരത്തില്‍ നിബന്ധനകള്‍ വരുത്തിയിരുന്നു. ഇത്തവണ അത് ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് കേരളം
ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ ആ വര്‍ഷത്തെ കടമെടുപ്പ് പരിധി എത്രയെന്ന് കേന്ദ്രമാണ് നിശ്ചയിക്കുക. ആ വര്‍ഷം ഘട്ടംഘട്ടമായി തുക കടമെടുക്കാന്‍ കഴിയും. സംസ്ഥാനങ്ങള്‍ക്ക് പരമാവധി നല്‍കുന്ന വായ്പയുടെ പലിശ അഞ്ച് ശതമാനമൊക്കെയാണ്.


Next Story

Related Stories