Top

കൊച്ചി ഡിസൈന്‍ വീക്കില്‍ സന്ദര്‍ശകര്‍ക്ക് രുചിച്ചു നോക്കാന്‍ 100 വിഭവങ്ങള്‍

കൊച്ചി ഡിസൈന്‍ വീക്കില്‍ സന്ദര്‍ശകര്‍ക്ക് രുചിച്ചു നോക്കാന്‍ 100 വിഭവങ്ങള്‍

രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ ഉച്ചകോടിയായ കൊച്ചി ഡിസൈന്‍ വീക്കില്‍ സന്ദര്‍ശകര്‍ക്ക് രുചിച്ചു നോക്കാന്‍ ഒരുങ്ങുന്നത് 100 വിഭവങ്ങള്‍. ഭക്ഷണത്തിലെ രൂപകല്‍പ്പനയെക്കുറിച്ച് ഈ മേഖലയില്‍ അവബോധം സൃഷ്ടിക്കുന്നതിനും നമ്മുടെ തനത് വിഭവങ്ങള്‍ക്ക് പ്രചാരം നല്‍കുന്നതിനുമാണ് ഈ പരിപാടിയെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും 20 ഹോട്ടലുകളില്‍ നിന്ന് ജനപ്രിയത അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത 100 വിഭവങ്ങളെയാണ് വിഭവ പ്രതിഷ്ഠാപനമായി അവതരിപ്പിക്കുന്നത്. ഡിസൈന്‍ വീക്കിന്റെ ആദ്യ ദിനമായ ഡിസംബര്‍ 12 ന് വൈകീട്ട് മുതല്‍ ബോള്‍ഗാട്ടി ഐലന്റിലാണ് ഫുഡ് ഫെസ്റ്റിവല്‍ തുടങ്ങും. മൂന്നു ദിവസങ്ങളിലും വൈകീട്ട് ആറു മുതല്‍ പൊതുജനങ്ങള്‍ക്ക് ഫുഡ്‌ഫെസ്റ്റിവലില്‍ പ്രവേശനം സൗജന്യമായിരിക്കും.

ഓണ്‍ലൈന്‍ ഭക്ഷണ ആപ്പുകളുടെ വരവോടുകൂടി ഭക്ഷണത്തിന്റെ അവതരണം ഏറെ പ്രധാനമാണെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. ഇലയിട്ട് വിളമ്പുന്ന സദ്യയുടെ അത്രയും ഡിസൈന്‍ അവബോധമുള്ള ഏതെങ്കിലും ഭക്ഷണ രൂപകല്‍പ്പന ലോകത്തുണ്ടോയെന്ന് സംശയമാണെന്ന് ഡിസൈന്‍ വീക്കിന്റെ സ്‌പെഷ്യല്‍ ഓഫീസറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയുമായ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു.

രൂപകല്‍പ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പ് ഡിസൈന്‍ വീക്ക് ഉച്ചകോടി ഒരുക്കുന്നത്. ഡിസൈനുമായി ബന്ധപ്പെട്ട സമസ്തമേഖലയിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ അയ്യായിരത്തില്‍പരം പേരാണ് പങ്കെടുക്കുന്നത്. https://kochidesignweek.org/ എന്ന വെബ്‌സൈറ്റ് വഴി ഉച്ചകോടിയില്‍ രജിസ്റ്റര്‍ ചെയ്യാം. മികച്ച രൂപകല്‍പ്പനയോടെ ഭക്ഷണത്തെ അവതരിപ്പിക്കുന്നതിനായി ഫുഡ് സ്‌റ്റൈലിംഗിനെ കുറിച്ച് പരിശീലന കളരിയും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്.


Next Story

Related Stories