TopTop
Begin typing your search above and press return to search.

ലോയിഡ്സ് ലിസ്റ്റ് 2020; ആഗോള ഷിപ്പിംഗ് മേഖലയിലെ പ്രമുഖരില്‍ മലയാളി സാന്നിധ്യമായി രാജേഷ് ഉണ്ണി

ലോയിഡ്സ് ലിസ്റ്റ് 2020; ആഗോള ഷിപ്പിംഗ് മേഖലയിലെ പ്രമുഖരില്‍ മലയാളി സാന്നിധ്യമായി രാജേഷ് ഉണ്ണി

ആഗോള ഷിപ്പിംഗ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊന്നായി മലയാളിയും സിനര്‍ജി ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ രാജേഷ് ഉണ്ണിയെ തെരഞ്ഞെടുത്തു. പ്രമുഖ ഷിപ്പിംഗ് ജേര്‍ണലായ ലോയിഡ്സ് ലിസ്റ്റിന്റെ 2020ലെ തെരഞ്ഞെടുക്കപ്പെട്ട 100 പേരുടെ പട്ടികയിലാണ് രാജേഷ് ഉണ്ണി ഇടംപിടിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി അടക്കമുള്ള എണ്ണപ്പെട്ട വ്യക്തികള്‍ക്കൊപ്പമാണ് രാജേഷ് ഉണ്ണിയും തെരഞ്ഞെടുക്കപ്പെട്ടത്. ലോയിഡ്സ് പട്ടികയിലെ വിശദാംശങ്ങള്‍ അടക്കം ബിസിനസ് ലൈന്‍ പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ലോകത്തെ ഏറ്റവും പഴക്കം ചെന്നതും ആധികാരികവുമായ ഷിപ്പിംഗ് ജേര്‍ണലുകളിലൊന്നായ ലോയിഡ്സ് ലിസ്റ്റ് 1734 മുതല്‍ ലണ്ടനില്‍ നിന്നും പ്രസിദ്ധീകരിച്ചുവരുന്നു. അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് 100 മുന്‍നിര എക്സിക്യുട്ടീവുകളുടെ പട്ടികയായ 'ലോയിഡ്സ് ലിസ്റ്റ് വണ്‍ ഹണ്ട്രഡ് പീപ്പിള്‍ 2020' പ്രസിദ്ധീകരിച്ചത്.

ലോകത്തെ ഏറ്റവും വിപുലവും ഫലപ്രദവും കാര്യക്ഷമമവുമായ ഉപഭോക്തൃ കേന്ദ്രീകൃത ഷിപ്പിംഗ് സേവന ശൃംഖല കെട്ടിപ്പെടുത്ത ഉന്നത വ്യക്തിത്വമായി രാജേഷ് ഉണ്ണിയെ ലോയ്ഡ്സ് ലിസ്റ്റ് വിലയിരുത്തി. കോവിഡ് മഹാവ്യാധി വ്യാപനത്തെത്തുടര്‍ന്നു രൂപപ്പെട്ട പ്രതിസന്ധികളെ ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ രാജേഷ് ഉണ്ണിയ്ക്കും സിനര്‍ജി ഗ്രൂപ്പിനും കഴിഞ്ഞു. മഹാവ്യാധി രൂക്ഷമായ സമയത്ത് യാത്രാമധ്യേ കുടുങ്ങിക്കിന്ന കപ്പല്‍ ജീവനക്കാരെ കരയ്ക്കെത്തിയ്ക്കുകയും പുതിയ ആളുകളെ നിയോഗിക്കുകയും ചെയ്യുന്ന കാര്യത്തിലും മറ്റും നേരിട്ട പ്രതിസന്ധി തികഞ്ഞ നൈപുണ്യത്തോടെയും ഉത്തരവാദിത്തപൂര്‍ണ്ണമായും കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനായി. കോവിവിഡ് കാലത്ത് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് ഷിപ്പിംഗ് മേഖല കടന്നുപോയത്. കടുത്ത മാനുഷിക പ്രതിസന്ധികളാണ് രൂപപ്പെട്ടത്. അവയെ നേരിട്ട് ആഗോള വിതരണ ശൃംഖല മുറിയാതെ കാക്കുകയെന്നത് ചെറിയ കാര്യമല്ല.

പ്രതിസന്ധികാലത്ത് സര്‍ക്കാരുകളുടേയും ഐക്യ രാഷ്ട്ര സഭയുടെ വിവിധ ഏജന്‍സികളുടേയും ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിയ്ക്കാനും അദ്ദേഹത്തിനായി. കാര്‍ബണ്‍ പുറംതള്ളല്‍ പരമാവധി കുറച്ചുകൊണ്ടു സുസ്ഥിര പരിസ്ഥിതി സൗഹൃദ നടപടികള്‍ തന്റെ കര്‍മ്മമേഖലയില്‍ കൊണ്ടുവരുന്നതിനും രാജേഷ് ഉണ്ണി ശ്രദ്ധവെയ്ക്കുന്നു. ഒട്ടേറെ രാജ്യാന്തര അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സിനര്‍ജി ഗ്രൂപ്പ് അടുത്തിടെ ലോയിഡ്സ് ലിസ്റ്റ് ഓഫ് ടോപ് 10 ഷിപ് മാനേജേഴ്സിലും ഇടം നേടിയിരുന്നു.

തിരുവനന്തപുരത്തെ സൈനിക സ്‌കൂളില്‍ ഫുള്‍ മെരിറ്റ് സ്‌കോളര്‍ഷിപ്പോടെ പഠനം പൂര്‍ത്തിയാക്കിയ രാജേഷ് ഉണ്ണി കഠിനാധ്വാനം കൊണ്ട് പടവുകള്‍ ഒന്നൊന്നായി ചവട്ടിക്കയറുകയായിരുന്നു. സ്‌കൂള്‍ പഠനത്തിനുശേഷം മര്‍ച്ചന്റ് നേവിയില്‍ ചേര്‍ന്നു. ഹോങ്കോംഗ് ആസ്ഥാനമായ യൂണിവാന്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനിയിലായിരുന്നു തുടക്കം. ജോലി ചെയ്യുന്നതിനൊപ്പം അദ്ദേഹം മാരിറ്റൈം സ്റ്റഡീസില്‍ പഠനം തുടര്‍ന്നു. പിന്നീട് സിനര്‍ജി സ്ഥാപിച്ച് ഷിപ്പിംഗ് വ്യവസായത്തിലേക്ക് കടന്നു. തുടക്കത്തില്‍ നാലു കപ്പലുകളാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 300ല്‍പ്പരം കപ്പലുകള്‍ സിനര്‍ജി കൈകാര്യം ചെയ്യുന്നു. ലോകത്തെ പ്രമുഖ തുറമുഖങ്ങളില്‍ ഓഫീസുകളുള്ള സിനര്‍ജി ഗ്രൂപ്പില്‍ 12,000ത്തിലേറെ ജീവനക്കാരുണ്ട്.


Next Story

Related Stories