Top

സാമൂഹിക ക്ഷേമം ലക്ഷ്യമാക്കി ആധുനിക സാങ്കേതികവിദ്യ: 'സ്പര്‍ശ്' കേന്ദ്രം മേക്കര്‍വില്ലേജിന്

സാമൂഹിക ക്ഷേമം ലക്ഷ്യമാക്കി ആധുനിക സാങ്കേതികവിദ്യ:

സാമൂഹിക ക്ഷേമത്തിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതു ലക്ഷ്യമാക്കി കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന 'സ്പര്‍ശ്'പദ്ധതി പ്രകാരമുള്ള കേന്ദ്രം കളമശ്ശേരി മേക്കര്‍വില്ലേജില്‍. പ്രതിരോധ വകുപ്പിന്റെ സ്റ്റാര്‍ട്ടപ്പ് പങ്കാളിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് തങ്ങള്‍ക്കിത് സാധ്യമായിരിക്കുന്നതെന്ന് മേക്കര്‍വില്ലേജ് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

അന്തരീക്ഷ മലിനീകരണത്തിനെതിരായ പോരാട്ടം, കാര്‍ഷിക സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ നൂതന സാങ്കേതിക ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനാണ് മേക്കര്‍വില്ലേജിന് 'സ്പര്‍ശ്' കേന്ദ്രത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് കോടി രൂപയുടെ സഹായമാണ് ഇതുവഴി സംരംഭകര്‍ക്ക് ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഉന്നതപഠന, ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരളയുടെ (ഐഐഐടിഎം-കെ) കീഴിലുള്ള ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഇന്‍കുബേറ്ററാണ് കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മേക്കര്‍ വില്ലേജ്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലെ ബയോ-ടെക്‌നോളജി വകുപ്പാണ് സോഷ്യന്‍ ഇനോവേഷന്‍ പ്രോഗ്രാം ഫോര്‍ പ്രൊഡക്ട്‌സ്: അഫോര്‍ഡബിള്‍ ആന്‍ഡ് റെലവന്റ് ടു സൊസൈറ്റല്‍ ഹെല്‍ത്ത്(സ്പര്‍ശ്) എന്ന പദ്ധതി തുടങ്ങിയത്.

രണ്ട് മേഖലകള്‍ക്കും കൂടി മൂന്നു വര്‍ഷമായിരിക്കും സ്പര്‍ശ് പദ്ധതിയുടെ കാലാവധി. ആദ്യ 16 മാസം അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന ഉപകരണങ്ങളില്‍ ഗവേഷണം നടത്തുന്ന സംരംഭങ്ങള്‍ക്കാണ് സാധ്യതയുള്ളത്. കരാറൊപ്പിട്ട് രണ്ട് മാസത്തിനുള്ളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ മേഖലയിലുമായി അഞ്ച് ഫെലോകളെ വീതം മേക്കര്‍വില്ലേജിന് നിയമിക്കാം. ഇവര്‍ക്ക് 18 മാസത്തേക്ക് പ്രതിമാസം 50,000 രൂപ വീതം സഹായം ലഭിക്കും. കൂടാതെ ഒറ്റത്തവണ സഹായമെന്ന നിലയില്‍ അഞ്ച് ലക്ഷം രൂപ ഗ്രാന്റും നല്‍കും. പൂര്‍ണമായും 'സ്പര്‍ശു'മായി ചേര്‍ന്ന് മാത്രമേ ഇക്കാലയളവില്‍ ഫെലോകള്‍ക്ക് പ്രവര്‍ത്തിക്കാവൂ.

ഫെലോകള്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ വിശദ രൂപരേഖ സമര്‍പ്പിക്കണം. ഉത്പന്നത്തിന്റെ രൂപകല്‍പന, മാതൃക നിര്‍മ്മാണം തുടങ്ങിയവ 16 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ്. വ്യവസ്ഥ. 20 മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം. ഓരോ ഘട്ടത്തിലും അഞ്ച് ഗഡുക്കളായി തിരിച്ചാണ് സാമ്പത്തിക സഹായം നല്‍കുന്നത്.

രണ്ടാം മേഖലയായ കാര്‍ഷിക സാങ്കേതിക ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഇതേ മാതൃകയില്‍ തന്നെയാണ് വ്യവസ്ഥകള്‍. ആദ്യ ഘട്ടം തുടങ്ങി 16-ാം മാസത്തിലാണ് രണ്ടാമത്തെ ഘട്ടം ആരംഭിക്കുന്നത്. അന്തരീക്ഷ മലിനീകരണം, കാര്‍ഷിക സാങ്കേതിക വിദ്യ എന്നിവയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് സുവര്‍ണാവസരമാണ് സ്പര്‍ശ് കേന്ദ്രം അനുവദിച്ചതിലൂടെ ലഭിച്ചിരിക്കുന്നതെന്ന് മേക്കര്‍വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഈ മേഖലയിലെ സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായത്തിനപ്പുറം വിദഗ്ധരില്‍ നിന്ന് മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭിക്കുമെന്നതും സ്പര്‍ശ് കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. മാതൃ-ശിശു ആരോഗ്യ പദ്ധതി, വാര്‍ധക്യകാല ആരോഗ്യം, പോഷകാഹാര മേഖല, മുല്യമുള്ള മാലിന്യം, അന്തരീക്ഷ മലിനീകരണത്തിനെതിരെയുള്ള പോരാട്ടം, കാര്‍ഷിക സാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് സ്പര്‍ശ് കേന്ദ്രം തുടങ്ങാന്‍ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയം അനുമതി നല്‍കുന്നത്.


Next Story

Related Stories