TopTop
Begin typing your search above and press return to search.

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരം മലപ്പുറമെന്ന് എക്കണോമിസ്റ്റ് മാസികയുടെ സര്‍വെ, കോഴിക്കോടിന് നാലാം സ്ഥാനം, 30 നഗരങ്ങളുടെ പട്ടികയില്‍ നാലെണ്ണം കേരളത്തില്‍ നിന്ന്

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരം മലപ്പുറമെന്ന് എക്കണോമിസ്റ്റ് മാസികയുടെ സര്‍വെ,  കോഴിക്കോടിന് നാലാം സ്ഥാനം, 30 നഗരങ്ങളുടെ പട്ടികയില്‍ നാലെണ്ണം കേരളത്തില്‍ നിന്ന്

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ആദ്യ 30 നഗരങ്ങളില്‍ നാലെണ്ണവും കേരളത്തില്‍. എക്കണോമിസ്റ്റ് മാസിക ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ വിവിധ സൂചികകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടികയിലാണ് മലപ്പുറം ഏറ്റവും വേഗത്തിൽ വളരുന്ന നഗരമായി കണ്ടെത്തിയത്.

ആദ്യ 30 നഗരങ്ങളുടെ പട്ടികയില്‍ നാലെണ്ണം കേരളത്തില്‍ നിന്നാണ്. കോഴിക്കോട്, കൊല്ലം, തൃശ്ശൂര്‍ എന്നിവയാണ് മറ്റ് നഗരങ്ങള്‍. 2015-20 കാലത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. മുപ്പത് പട്ടണങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കേരളത്തില്‍നിന്നുളള നാല് നഗരങ്ങള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നഗരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്‌ളത്. ചൈനയില്‍നിന്നുളള അഞ്ച് നഗരങ്ങളും പട്ടികയിലുണ്ട്.
നഗരവല്‍ക്കരണത്തിന്റെ വിവിധ സൂചികകള്‍ അനുസരിച്ച് മലപ്പുറത്തിന് 44.1 പോയിന്റാണ് ഉള്ളത്. നാലാം സ്ഥാനത്തുള്ള കോഴിക്കോടിന് 34.5 പോയിന്റും കൊല്ലത്തിന് 31.1 ഉം പോയിന്റുണ്ട്. 30.2 പോയിന്റുള്ള തൃശ്ശൂരാണ് പട്ടികയിലുള്ള കേരളത്തില്‍ നിന്നുള്ള മറ്റൊരു നഗരം. 30.2 പോയിന്റാണ് തൃശൂരിന് ഉള്ളത്.


കേരളത്തില്‍ 1970 കള്‍ക്ക് ശേഷം ഗള്‍ഫിലേക്ക് തൊഴിലന്വേഷകരുടെ എണ്ണം വര്‍ധിക്കുകയും അവിടെനിന്നുള്ള പണം സംസ്ഥാനത്തെത്തുകയും ചെയ്തതോടെയാണ് നഗരവല്‍ക്കരണം വ്യാപകമായത്. കേരള വികസനത്തിൻ്റെ ഒരു സവിശേഷതയായി നേരത്തെ തന്നെ സാമൂഹ്യ ശാസ്ത്രകാരന്മാര്‍ വിശദീകരിച്ചതാണ് ഗ്രാമ നഗര വ്യത്യാസമില്ലായ്മ എന്നത്. ( Rural Urban continuum). ഇതിലേക്ക് കേരളത്തെ നയിച്ചതിന് പിന്നില്‍ പല കാരണങ്ങളും സാമുഹ്യശാസ്ത്രകാരന്മാര്‍ പറയുന്നുണ്ട്. കേരളത്തിന്റെ കാര്‍ഷിക സമ്പദ് വ്യവസ്ഥയ്ക്ക് ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയതിന് ശേഷമുണ്ടായ മാറ്റവും വിദേശത്തുനിന്നുള്ള പണത്തിന്റെ വരവും ഇതില്‍ പ്രധാനമാണ്
ഇപ്പോള്‍ പട്ടികയില്‍, ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന 10 നഗരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍പെട്ട മലപ്പുറവും കോഴിക്കോടും മലബാറിലാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ ഏറെയുള്ള പ്രദേശവും ഇവിടെയാണ്. അതുകൊണ്ട് തന്നെ കേരളത്തിന്റെ നഗരവല്‍ക്കരണത്തെ ത്വരിതപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന വിദേശത്തുനിന്നുള്ള പണത്തിനാണെന്ന കാര്യം വ്യക്തമാണ്.
മറ്റ് നഗരങ്ങള്‍ സാമ്പത്തികമായി വികസിക്കുന്നതിന്റെ പ്രധാന കാരണമാകാറുളളത് വ്യാവസായിക മേഖലയില്‍ ഉണ്ടാകുന്ന കുതിപ്പിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ കേരളത്തിലെ നഗരങ്ങളുടെ വളര്‍ച്ച ഇതില്‍നിന്നും വ്യത്യസ്തമാണ്. ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ വളരുന്നുവെന്ന കണ്ടെത്തിയ നഗരങ്ങളൊന്നും തന്നെ വലിയ തോതില്‍ വ്യാവസായിക നിക്ഷേപം നടക്കുന്നുവെന്ന പറയാവുന്ന നഗരങ്ങളല്ല. സാമ്പത്തിക ശാസ്ത്രകാരന്മാര്‍ മൂന്നാം മേഖലയെന്ന് വിശേഷിപ്പിക്കുന്ന സര്‍വീസ് മേഖലയിലാണ് കേരളം വലിയ വളര്‍ച്ച കൈവരിക്കുന്നത്. വ്യാപാരമാണ് ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 60 ശതമാനത്തിലേറെയും സര്‍വീസ് മേഖലയുടെതാണ്. മലപ്പുറവും കോഴിക്കോടും വലിയ തോതില്‍ വികസിക്കുന്ന നഗരങ്ങളാകാന്‍ കാരണം സര്‍വീസ് മേഖലയുടെ കുതിപ്പാകാനാണ് സാധ്യത.
സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയുടെ ആസ്ഥാനമാണ് മലപ്പുറം നഗരം. വികസന പട്ടികയില്‍ പെട്ടിട്ടുള്ള കേരള നഗരങ്ങളില്‍ കോര്‍പ്പറേഷനല്ലാത്ത ഏക നഗരവും മലപ്പുറമാണ്. പട്ടികയില്‍ ഉള്ള കോഴിക്കോടും, കൊല്ലവും തൃശ്ശൂരുമെല്ലാം കോര്‍പ്പറേഷനുകളാണ്.
ഭരണപരമായ സൗകര്യത്തിന് വേണ്ടി മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന ആവശ്യം കഴിഞ്ഞ കുറെ നാളായി ഉയര്‍ന്നുവരുന്നുണ്ട്.
പട്ടികയില്‍ നാലാം സ്ഥാനത്തുള്ള കോഴിക്കോട് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ നഗരമായാണ് കണക്കാക്കുന്നത്. 20 ലക്ഷം ജനസംഖ്യയാണ് കോഴിക്കോടുളളത്. തൃശ്ശൂരും കൊല്ലവുമാണ് വേഗത്തില്‍ വളരുന്ന പട്ടികയിലുള്ള മറ്റ് നഗരങ്ങള്‍.
ഇന്ത്യയില്‍നിന്നുള്ള ആറ് നഗരങ്ങളാണ് വേഗത്തില്‍ വളരുന്ന 30 എണ്ണത്തിന്റെ പട്ടികയില്‍ ഉള്ളത്. ഗുജറാത്തിലെ സൂറത്ത്, തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ എന്നിവയാണ് മറ്റ് പട്ടണങ്ങള്‍. രണ്ടും വ്യവസായ നഗരങ്ങളാണ്. തുണി വ്യവസായത്തിന് പേര് കേട്ട നഗരമാണ് തിരുപ്പൂര്‍. തുണി വ്യവസായത്തിന് പുറമെ വജ്രാഭരണ നിര്‍മാണങ്ങള്‍ക്കും പ്രശസ്തമാമാണ് സൂറത്ത് നഗരം.
ഇന്ത്യയിലും ചൈനയിലുമാണ് ഏറ്റവും വേഗത്തില്‍ വികസിക്കുന്ന പട്ടണങ്ങളില്‍ ഏറെയും എന്നതാണ് ശ്രദ്ധേയം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളാണ് ഇന്ത്യയിലേയും ചൈനയിലേയും. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ഇന്ത്യയുടെ വളര്‍ച്ച നിരക്കില്‍ അടുത്ത ചില സാമ്പത്തിക വര്‍ഷങ്ങളില്‍ ഏറെ കുറഞ്ഞിട്ടുണ്ടെന്നത് വസ്തുതയാണ്. ആഫ്രിക്കയില്‍നിന്നുള്ള നിരവധി പട്ടണങ്ങളും ഗ്രൂപ്പില്‍ ഇടം നേടിയിട്ടുണ്ട്.


Next Story

Related Stories