TopTop

'ഉരുകുന്ന ഐസുകട്ട' പോലെയുള്ള പ്രിന്റര്‍ വ്യവസായം; എച്ച്.പി പ്രഖ്യാപിച്ച കൂട്ടപ്പിരിച്ചുവിടലിനു പിന്നിലെ വിപണിയാഥാര്‍ഥ്യങ്ങള്‍

ആഗോള സാങ്കേതിക വ്യവസായം പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഉയര്‍ന്ന വളര്‍ച്ച കൈവരിക്കുകയും അതേ സമയം പ്രവര്‍ത്തനച്ചിലവ് കുറക്കേണ്ടി വരികയും ചെയ്യുക എന്നത് ടെക് ലോകത്തെ മുന്‍നിര സ്ഥാപനങ്ങള്‍ക്കടക്കം കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതാകട്ടെ ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും.

പേഴ്സണൽ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖരായ എച്.പി ഇന്‍ക്, കമ്പനി അഴിച്ചുപണിയുന്നതിന്റെ ഭാഗമായി, ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. എച്.പിയുടെ പ്രധാന ഉത്പന്നങ്ങളിലൊന്നായ പ്രിന്ററിന്റെ വില്‍പ്പനയിലെ ഇടിവിനെ മറികടക്കാന്‍ കമ്പനി ശ്രമിക്കവേ, വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ 9000ത്തോളം ജോലിക്കാരെ പിരിച്ചു വിടാനാണ് തീരുമാനം. നിലവില്‍ 55000 ജീവനക്കാരാണ് എച്ച്.പിക്കുള്ളത്. പുതിയ തീരുമാനത്തോടെ ജീവനക്കാരുടെ എണ്ണം 16 ശതമാനം വരെ കുറയുമെന്നര്‍ത്ഥം.

എച്ച്.പിയുടെ നിയുക്ത സി.ഇ.ഒ എന്‍റിക്ക് ലോറേയാണ് ഈ നീക്കത്തിന് പിന്നില്‍. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിയുന്ന ഡിയോണ്‍ വെയ്സ്ലെറുടെ പിന്‍ഗാമിയായി ലോറേ നവംബര്‍ 1-നു ചുമതലയേല്‍ക്കും. 2015 മുതല്‍ സി.ഇ.ഒ ആയി സേവനമനുഷ്ഠിക്കുന്ന വെയ്സ്ലെറുടെ കീഴില്‍, എച്ച്.പി വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ലെനോവോയുമായി മികച്ച മത്സരമാണ് കാഴ്ചവച്ചത്. ഇന്ന് സാങ്കേതിക രംഗത്ത് ഉയരുന്ന നിരവധി പ്രതിസന്ധികളിലൂടെ എച്ച്. പിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ലോറേ, കമ്പനിയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിനു തുടക്കം കുറിക്കും എന്ന് പ്രഖ്യാപിച്ചു.
ഇത്രയധികം ജീവനക്കാരെ പിരിച്ചു വിടുന്നത് വഴി 2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഒരു മില്യണ്‍ ഡോളറോളം ലാഭിക്കാമെന്നാണ് എച്ച്.പി കണക്കു കൂട്ടുന്നത്. കമ്പനിയുടെ സെയില്‍സ്, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണ് കൂടുതലും തൊഴില്‍ നഷ്ടമാകുക. ഇതുവഴി സമാഹരിക്കുന്ന പണം കമ്പനിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കാനും കൂടുതല്‍ ലാഭവിഹിതം നല്‍കി ഓഹരികള്‍ തിരിച്ചുവാങ്ങിയും ഓഹരിയുടമകള്‍ക്കു കൂടുതല്‍ വരുമാനം നേടികൊടുക്കാനും ഉപയോഗിക്കാനാകും എന്ന് മാനേജ്മന്റ് കരുതുന്നു.
കമ്പ്യൂട്ടറിന്റെയും പ്രിന്ററിന്റേയും വില്പന വളരെ കുറഞ്ഞ കഴിഞ്ഞ വര്‍ഷവും എച്ച്.പി ഇത്തരത്തില്‍ കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. റിസര്‍ച്ച് സ്ഥാപനമായ ഗാര്‍ട്ണറിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ രണ്ടു പാദങ്ങളില്‍ രേഖപ്പെടുത്തിയ ഇടിവിനു ശേഷം 2019 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലാണ് ആഗോള പേഴ്സണൽ കമ്പ്യൂട്ടര്‍ വിപണി 1.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത്. വിപണിയില്‍ ഒന്നാമതെത്തിയത് ലെനോവോ ആണെങ്കിലും എച്ച്.പിയുടെ പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ വില്പനയും 2.6 ശതമാനം കൂടി. 2018 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ എച്ച്.പി 6.20 കോടി കമ്പ്യൂട്ടറുകള്‍ വിറ്റപ്പോള്‍, 2019 ന്റെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ അത് 63 മില്യണ്‍ കമ്പ്യൂട്ടര്‍ യൂണിറ്റുകളായി ഉയര്‍ന്നു. വിന്‍ഡോസ് 10 റിഫ്രഷിനു ലഭിച്ച സ്വീകാര്യതയായിരുന്നു ഇതിനു പിന്നില്‍. ആഗോള പേഴ്സണൽ കമ്പ്യൂട്ടര്‍ വിപണിയുടെ 64 ശതമാനവും കൈയ്യാളുന്നത് ലെനോവോ, എച്ച്.പി, ഡെല്‍ എന്നീ കമ്പനികള്‍ ചേര്‍ന്നാണ്.

എച്ച്.പി പ്രിന്ററിന്റെ വില്പന താഴേയ്ക്ക് പോകുന്ന അവസ്ഥയില്‍, പേഴ്സണൽ കമ്പ്യൂട്ടര്‍ വില്പനയില്‍ ഉണ്ടായ വളര്‍ച്ച മാനേജ്‌മെന്റിനും ഓഹരിയുടമകള്‍ക്കും ഒരുപോലെ ആശ്വാസം പകരുന്നതായിരുന്നു. യു.എസ്.ബി അനലിസ്റ്റ് ആയ ജോണ്‍ റോയ് അദ്ദേഹത്തിന്റെ ഗവേഷണ പേപ്പറില്‍ നിരീക്ഷിച്ചത്, പ്രിന്റര്‍ മഷിയും ടോണറുകളും വിതരണം ചെയ്യുന്ന തേര്‍ഡ് പാര്‍ട്ടി കമ്പനികളില്‍ നിന്ന് കനത്ത മത്സരം ഉയരുന്ന സാഹചര്യത്തില്‍, എച്ച്.പിയുടെ പ്രിന്റര്‍ വില്പന വെല്ലുവിളികള്‍ നേരിടുന്നത് തുടരും എന്നാണ്. ഈ സ്ഥിതി മറികടക്കാന്‍ തങ്ങളുടെ പ്രിന്റിങ് യൂണിറ്റില്‍ കൂടുതല്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്താനാകും കമ്പനി ശ്രമിക്കുക. എച്ച്.പിയുടേതല്ലാത്ത കാട്രിഡ്ജുകള്‍ ഉപയോഗിക്കാന്‍ സൗകര്യമുള്ള പ്രിന്ററുകളുടെ വില കൂട്ടാനും സാധ്യതയുണ്ട്. പ്രിന്ററിന്റെ വില കുറച്ച് പ്രിന്റര്‍ മഷിയുടെ വില്പനയിലൂടെ നഷ്ടം നികത്തുക എന്ന തന്ത്രമാണ് എച്ച്.പി ഇതുവരെ പരീക്ഷിച്ചിരുന്നത്. സംഭവിക്കാന്‍ ഇടയുള്ള മറ്റൊരു മാറ്റം എച്ച്.പി, മൈക്രോഫ്‌ലൂയിഡിക്‌സ് എന്നറിയപ്പെടുന്ന, അതിന്റെ ഇങ്ക് ജെറ്റ് പ്രിന്റിങ് സാങ്കേതികവിദ്യ ആരോഗ്യരംഗത്തെയും സൗന്ദര്യസംരക്ഷണ രംഗത്തെയും സ്ഥാപനങ്ങള്‍ക്ക് കൈമാറിത്തുടങ്ങുമെന്നുള്ളതാണ്.

പ്രമുഖനായ ബേണ്‍സ്റ്റെയിന്‍ അനലിസ്റ്റ്, ടോണി സാക്കോനാഗി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം, ഡിജിറ്റല്‍ യുഗത്തില്‍ പ്രിന്ററിന്റെ ആവശ്യം കുറയുന്നത് പ്രിന്റര്‍ വിപണിയില്‍ ഘടനാപരമായ വെല്ലുവിളികള്‍ സൃഷ്ടിക്കും. ഈ അനലിസ്റ്റിന്റെ വാക്കുകളില്‍ പ്രിന്റര്‍ വ്യവസായം 'ഉരുകുന്ന ഐസുകട്ട' പോലെയാണ്. പ്രിന്റര്‍ വില്പന കുറഞ്ഞത് മൂലം സംഭവിച്ച നഷ്ടം എച്ച്.പി കമ്പ്യൂട്ടര്‍ വില്പനയിലൂടെ നികത്തിയിരിക്കുന്നു എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. എന്നാല്‍ കമ്പ്യൂട്ടര്‍ വില്‍പ്പനയിലെ ഈ വളര്‍ച്ച ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനിര്‍ത്താനാവുമോ എന്നത് സംശയമാണെന്നു അദ്ദേഹം കരുതുന്നു. കോര്‍പ്പറേറ്റ് അപ്‌ഗ്രേഡ് സൈക്കിളിലൂടെ കമ്പനി നേടിയ ലാഭം മൂലം മാര്‍ജിനുകള്‍ അസ്ഥിരമായതാണ് കാരണം.
എച്ച്.പിയുടെ വരുമാനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും കമ്പ്യൂട്ടര്‍ വില്പനയില്‍ നിന്നാണെങ്കിലും ഇത് കമ്പനിയുടെ പ്രവര്‍ത്തനലാഭത്തിന്റെ മൂന്നിലൊന്നേ ആകുന്നുള്ളു. ഇതേസമയം, പ്രിന്റര്‍ വില്പനയില്‍ നിന്നുള്ള വരുമാനം 2011-ലെ 26 ബില്യണ്‍ ഡോളറില്‍ നിന്ന് 2018-ല്‍ 20.8 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തു. 'ആയതിനാല്‍ പ്രിന്റിങ് സാമഗ്രികളുടെ വില്‍പ്പനയിലെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വളര്‍ച്ച എച്ച്.പിയുടെ ടെര്‍മിനല്‍ മൂല്യം നിര്‍ണ്ണയിക്കുന്നതിലെ ഒരു പ്രധാന ഘടകമാണ്', സാക്കോനാഗി തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ എച്ച്.പിയുടെ ഇമേജിങ്, പ്രിന്റിങ് ആന്‍ഡ് സൊല്യൂഷന്‍സ് ഗ്രൂപ്പിന്റെ പ്രസിഡന്റ് ആയിരുന്ന നിയുക്ത സി.ഇ.ഒ എന്റിക്ക് ലോറേ ഇനിയും കഴിവ് തെളിയിക്കേണ്ടിയിരിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.


ഡാര്‍ലിംഗ്ടണ്‍ ഹെക്ടര്

ഡാര്‍ലിംഗ്ടണ്‍ ഹെക്ടര്

മാധ്യമ പ്രവര്‍ത്തകന്‍

Next Story

Related Stories