രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത സ്ഥാപനമായ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് (എംസിഎസ്എല്‍),ഇരുചക്ര ഇലക്ട്രിക് വാഹന വിപണിയിലെ പ്രമുഖരായ ഹീറോ ഇക്കോ ഗ്രൂപ്പിന്റെ ഭാഗമായ ഹീറോ ഇലക്ട്രിക്കുമായി ധാരണാപത്രം ഒപ്പിട്ടു. ഈ ധാരണാപത്രത്തിലൂടെ മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്, ഹീറോ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട ധനകാര്യ പങ്കാളിയായി മാറുമെന്ന് കമ്ബനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. കൂടാതെ ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഹീറോ ഇലക്ട്രിക്, എംസിഎസ്എല്‍ എന്നിവ സംയുക്തമായി ഏറ്റെടുക്കും. ഫിനാന്‍സിന്റെ കാര്യത്തില്‍ ഈ വ്യവസായം പരിണാമത്തിന്റെ പ്രാരംഭഘട്ടത്തിലാണ്. ധനകാര്യ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നതിനും രംഗത്തെ വൈദഗ്ധ്യം ഉപയോഗിക്കാന്‍ മുത്തൂറ്റ് ക്യാപിറ്റല്‍ ഉദ്ദേശിക്കുന്നു.