TopTop

ഗ്രാമീണ യുവതയ്ക്ക് നൈപുണ്യ പരിശീലനം നല്‍കാന്‍ പോപ്പീസ് ബേബി കെയര്‍

ഗ്രാമീണ യുവതയ്ക്ക് നൈപുണ്യ പരിശീലനം നല്‍കാന്‍ പോപ്പീസ് ബേബി കെയര്‍

കേരളത്തിലെ ഗ്രാമീണ യുവതയ്ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കാനുള്ള പദ്ധതിയുമായി പ്രമുഖ വസ്ത്രവ്യാപാര ബ്രാന്‍ഡായ പോപ്പീസ് ബേബികെയര്‍. കേന്ദ്ര സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു - ജി.കെ.വൈ) വഴിയാണ് പോപ്പീസ് ബേബി കെയര്‍ സംസ്ഥാനത്തു പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഗ്രാമീണ യുവതയ്ക്ക് തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനം നല്‍കുകയും അത് വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

വസ്ത്ര നിര്‍മ്മാണം, ഹോം ഫര്‍ണിഷിംഗ് തുടങ്ങിയ മേഖലകളില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിനായി മലപ്പുറത്ത് പരിശീലന കേന്ദ്രവും പോപ്പീസ് ബേബി കെയര്‍ ആരംഭിച്ചിട്ടുണ്ട്. വീട്ടമ്മമാരെ സ്വയംപര്യാപ്തരാക്കാനുള്ള പദ്ധതികളും പരിശീലനത്തിന്റെ ഭാഗമായി പോപ്പീസ് ബേബി കെയര്‍ നടപ്പാക്കുന്നുണ്ട്. സ്വന്തമായി തയ്യല്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഇവരെ പ്രാപ്തരാക്കുകയാണ് പോപ്പീസ് ബേബി കെയര്‍ ലക്ഷ്യമിടുന്നത്.സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം നൈപുണ്യ വികസന പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് പോപ്പീസ് ബേബി കെയര്‍ പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഷാജു തോമസ് പറഞ്ഞു. വനിതാ ശാക്തീകരണത്തിലൂടെ അവരെ സ്വാശ്രയശീലമുള്ളവരാക്കുക ലക്ഷ്യവും പോപ്പീസിനുണ്ടെന്ന് ഷാജു തോമസ് പറഞ്ഞു. നൈപുണ്യ വികസനത്തിനൊപ്പം ആശയവിനിമയ പാടവവും ഭാഷാ പ്രാവീണ്യവും ഉറപ്പാക്കുന്ന തരത്തിലാണ് പരിശീലനം നല്‍കുക. പദ്ധതി നടപ്പാക്കുന്ന ഏജന്‍സി എന്ന നിലയ്ക്ക് പരമാവധി ഗുണഭോക്താക്കളെ സൃഷ്ടിക്കാനും വ്യക്തിത്വ വികസനത്തിനും മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാഷന്‍ ഡിസൈനിംഗ്, മെഷീന്‍ ഓപ്പറേഷന്‍ മേഖലകളില്‍ പരിശീലനത്തിനായുള്ള ആദ്യ ബാച്ചിന് ഇതിനകം തുടക്കം കുറിച്ച് കഴിഞ്ഞു. മെഷീന്‍ മെയിന്റനന്‍സ് മെക്കാനിക്, തയ്യല്‍ മെഷീന്‍ ഓപ്പറേറ്റര്‍, എംബ്രോയിഡറി മെഷീന്‍ ഓപ്പറേറ്റര്‍, സ്റ്റിച്ചിങ്, വെയര്‍ഹൗസ് പായ്ക്കര്‍, ഗാര്‍മെന്റ്സ് കട്ടര്‍ എന്നീ മേഖലകളിലാണ് വിദഗ്ദ്ധ പരിശീലനം നല്‍കുന്നത്. നൈപുണ്യ വികസന പരിശീലനത്തിനൊപ്പം ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവും കമ്പ്യൂട്ടര്‍ സാക്ഷരതയും ഉറപ്പ് വരുത്തുന്ന തരത്തിലാണ് കോഴ്സുകള്‍ .തയാറാക്കിയിരിക്കുന്നത്.

ഓരോ കോഴ്സിലും പരമാവധി 35 പേര്‍ക്കാണ് പരിശീലനം. സ്‌ക്രീനിംഗ് നടത്തിയായിരിക്കും ഇവരെ തെരഞ്ഞെടുക്കുക. മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെയായിരിക്കും പരിശീലന കാലയളവ്. പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പോപ്പീസില്‍ നിയമനം നല്‍കും. ഇവര്‍ക്ക് ഓണ്‍ ജോബ് പരിശീലനവും നല്‍കും.പരമാവധി ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി പ്രായപരിധിയില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്കായി താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ പിക് ആന്‍ഡ് ഡ്രോപ്പ് സൗകര്യവും ഉണ്ട്. സുസ്ഥിരത മുന്‍നിര്‍ത്തിയാണ് പരിശീലനം നല്‍കുക. ഇതിന്റെ ഭാഗമായി പരിശീലന കേന്ദ്രങ്ങളില്‍ ലഭ്യമായ വേസ്റ്റ് കരകൗശല വസ്തുക്കളാക്കി മാറ്റും.



Next Story

Related Stories