TopTop
Begin typing your search above and press return to search.

വലിയ ബാങ്കുകൾ തകരില്ലേ? ബാങ്കുകളെ ലയിപ്പിച്ച് വലുതാക്കി സ്വകാര്യവൽക്കരിക്കുന്നതിന് പിന്നിലെ മൂലധന യുക്തികൾ

വലിയ ബാങ്കുകൾ തകരില്ലേ?  ബാങ്കുകളെ ലയിപ്പിച്ച് വലുതാക്കി സ്വകാര്യവൽക്കരിക്കുന്നതിന് പിന്നിലെ മൂലധന യുക്തികൾ

സ്വതന്ത്ര ഇന്ത്യയിലെ വിപ്ലവകരമായ നടപടികളിലൊന്നായി വിലയിരുത്തപ്പെട്ട ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ 51-ാം വര്‍ഷം കഴിഞ്ഞ ജൂലൈ 19 നായിരുന്നു. ഇതിന്റെ പിറ്റേദിവസമാണ് അഞ്ച് പൊതുമേഖലാ ബാങ്കുകള്‍ ഒഴികെയുള്ളവയിലെ ഭൂരിഭാഗം ഓഹരിയും സ്വകാര്യമേഖലയ്ക്ക് വിൽക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായുള്ള വാർത്ത പുറത്തുവന്നത്. ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷമുളള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധികളില്‍ ഒന്ന് നേരിടുമ്പോള്‍ തന്നെയാണ് ദുരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ഈ തീരുമാനവും ഉണ്ടായിരിക്കുന്നത്. എന്താണ് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് ഒന്നാക്കുന്നതിന്റെ യുക്തി? കക്ഷിരാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കപ്പുറത്ത് നിന്ന് ഈ വിഷയത്തെ നോക്കി കാണുമ്പോള്‍, ഈ നീക്കത്തിന്റെ പിന്നില്‍ ലോകത്താകെയുള്ള നവ ഉദാരീകരണ നയമാണുള്ളതെന്ന് വിദഗ്ദര്‍ പറയുന്നു. ബാങ്കിംങ് മേഖലയിലെ പരിഷ്‌ക്കാരത്തിന്റെ പിന്നിലെ സാമ്പത്തിക - രാഷ്ട്രീയ യുക്തി അന്വേഷിക്കുകയാണ് വിദഗ്ദരുടെ അഭിപ്രായം ഉള്‍പ്പെടുത്തിക്കൊണ്ട് ഇവിടെ.

രാജ്യത്ത് നിലവിലുള്ള 12 പൊതുമേഖലാ ബാങ്കുകളില്‍ അഞ്ചെണ്ണമൊഴികെ ബാക്കിയെല്ലാം ബാങ്കുകളും സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു എന്ന വാർത്തയാണ് കഴിഞ്ഞ ജൂലൈ 20 ന് പുറത്തുവന്നത്. ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യുസിഒ ബാങ്ക്, മഹാരാഷ്ട്ര ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളിലെ ഭൂരിഭാഗം ഷെയറുകളും സ്വകാര്യ മേഖലയ്ക്ക് വിൽക്കാനാണ് ലക്ഷ്യമിടുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ആറ് ബാങ്കുകൾ തൽക്കാലം പൊതുമേഖലയിൽ നിർത്തുക. 2014ൽ റിസർവ് ബാങ്ക് നിയോഗിച്ച പി ജെ നായക് കമ്മിറ്റി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമായാണിത്. രാജ്യത്ത് നാലോ അഞ്ചോ പൊതുമേഖലാ ബാങ്കുകൾ മാത്രം മതിയെന്ന നിലപാടിലാണ് റിസർവ് ബാങ്കും സർക്കാരും.

ഇന്ത്യ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ തുടങ്ങിയ കോവിഡ് വ്യാപനവും ഇതിനെ ചെറുക്കാനുള്ള ലോക്ക് ഡൗണും രാജ്യത്തിന്റെ സാമ്പത്തികത്തകര്‍ച്ച കൂടുതല്‍ രൂക്ഷമാക്കുകയും വലിയ അപായസൂചന നല്‍കുകയും ചെയ്യുമ്പോളാണ് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യവത്കരണ നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

ലയനത്തിലൂടെ ചെറുപൊതുമേഖലാ ബാങ്കുകള്‍ ഇല്ലാതായി വലിയ ബാങ്കുകള്‍ മാത്രം അവശേഷിക്കുന്ന Too Big to Fail എന്ന ബാങ്കിംഗ് സമീപനത്തിന്റെ ചുവടുപിടിച്ച് രാജ്യത്തെ ആറ് പൊതുമേഖലാ ബാങ്കുകളില്‍ മറ്റ് പൊതുമേഖലാ ബാങ്കുകളില്‍ ലയിച്ച് ഇല്ലാതായത് ഈ വര്‍ഷമാണ്. പൊതുമേഖലാ ബാങ്കുകളുടെ ലയനം തന്നെ അവയുടെ സ്വകാര്യവത്കരണത്തിലേയ്ക്കുള്ള പടിപടിയായുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

14 സ്വകാര്യ ബാങ്കുകളെ പൊതുമേഖലാ ബാങ്കുകളാക്കി മാറ്റിയ തീരുമാനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ ചലനമുണ്ടാക്കിയ തീരുമാനങ്ങളിലൊന്നാണ്. 1969 ജൂലായ് 19ന് ഇന്ദിര ഗാന്ധി സര്‍ക്കാര്‍ 14 ബാങ്കുകളെ പൊതുമേഖലാ ബാങ്കുകളാക്കി മാറ്റി. 1980ലെ ഇന്ദിര ഗാന്ധി സര്‍ക്കാര്‍ ആറ് ബാങ്കുകളെ കൂടി ദേശസാത്കരിച്ച് ഇതിന്‌റെ രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നു. എന്നാല്‍ 1980കളുടെ രണ്ടാം പകുതിയില്‍ ലോകത്ത് ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ ശക്തമായി. ബാങ്കുകളെ സ്വകാര്യവത്കരിക്കുക, അതിലൂടെ കമ്പോളതാല്‍പര്യങ്ങള്‍ക്കും ഊഹക്കച്ചവടത്തിനും വിട്ടുകൊടുക്കുക എന്ന നിലയിലേയ്ക്ക് മാറി. 1989ലെ ലോകബാങ്കിന്റെ ലോക വികസന റിപ്പോര്‍ട്ട് (World Development Report) തന്നെ പറയുന്നത് സ്വകാര്യവത്കരിച്ച ബാങ്കുകൾ വീണ്ടും ദേശസാത്കരിക്കേണ്ടി വന്നതിന്റെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങളാണ്. എന്നാൽ 1991ല്‍ ഉദാരവത്കരണ സാമ്പത്തികനയങ്ങളിലേയ്ക്ക് ഇന്ത്യ മാറിയ ശേഷം ബാങ്കിംഗ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വന്നത് ബാങ്കുകളുടെ സ്വകാര്യവത്കരണം ആവശ്യപ്പെട്ടുള്ള റിപ്പോർട്ടുകളാണ്. ഇത്തരത്തിലുള്ള ആദ്യ റിപ്പോര്‍ട്ടായിരുന്നു 1991ലെ നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ട്. 1991ലേയും 98ലേയും നരസിംഹം കമ്മിറ്റി റിപ്പോർട്ടുകൾ, 2007ലെ രഘുറാം രാജൻ കമ്മിറ്റി റിപ്പോർട്ട്, പി ജെ നായക് കമ്മിറ്റി റിപ്പോർട്ട് എന്നിവയാണ് രാജ്യത്തെ ബാങ്കിംഗ് രംഗത്തെ സ്വകാര്യവത്കരണം ഉൾപ്പെടെയുള്ള പരിഷ്ക്കാരങ്ങൾക്ക് ശുപാർശ ചെയ്ത പ്രധാന റിപ്പോർട്ടുകൾ.

നരസിംഹം കമ്മിറ്റി റിപ്പോർട്ട് (M Narasimham Committee on Financial and Banking Sector Reform)

അന്താരാഷ്ട്രതലത്തില്‍ സാന്നിധ്യമുള്ള 3-4 വലിയ പൊതുമേഖലാ ബാങ്കുകളും 8 മുതല്‍ 10 വരെ ചെറിയ ദേശസാത്കൃത ബാങ്കുകളും. ധാരാളം പ്രാദേശിക - ഗ്രാമീണ ബാങ്കുകളും എന്ന നിര്‍ദ്ദേശം നരസിംഹം കമ്മിറ്റി മുമ്പോട്ടുവച്ചിരുന്നു. ആര്‍ബിഐ എംപ്ലോയീസ് യൂണിയന്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കണമെന്നാണ് നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചത്. ബാങ്കിംഗ് ലയനം നരസിംഹം കമ്മിറ്റിയുടെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നായിരുന്നു. ഇതിന്റെ ഭാഗമായി 90കളുടെ ആദ്യം പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 20ല്‍ നിന്ന് 19 ആയും പിന്നീട് ഇത് 18ആയും കുറഞ്ഞു. നിലവില്‍ 12 പൊതുമേഖലാ ബാങ്കുകള്‍ മാത്രമേ രാജ്യത്തുള്ളൂ.

റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ അടക്കമുള്ളവര്‍ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനായി വാദിച്ചവരാണ്. എന്നാല്‍ 2008ലെ ലോക സാമ്പത്തികമാന്ദ്യത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പിടിച്ചുനിന്നത് ബാങ്കിംഗും ഇന്‍ഷുറന്‍സും പൊതുമേഖലയുടെ ഭാഗമായതുകൊണ്ടാണെന്ന് സ്വകാര്യവത്കരണത്തിന്റെ ശക്തരായ വക്താക്കള്‍ പോലും സമ്മതിച്ചു.

ബാങ്ക് സ്വകാര്യവത്കരണ നയം നരേന്ദ്ര മോദിയുടേയും നിര്‍മ്മല സീതാരാമന്റേയും മാത്രം കുഴപ്പമല്ലെന്നും ആഗോളസാമ്പത്തിക നയങ്ങളാണ് ഇതിന് പിന്നിലെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (BEFI) മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എ കെ രമേഷ് അഴിമുഖത്തോട് പറഞ്ഞു.

ദേശസാത്കരിച്ച ബാങ്കുകള്‍ വീണ്ടും സ്വകാര്യവത്കരിക്കുകയും ഇത് വലിയ പരാജയമായി മാറിയതിനെ തുടര്‍ന്ന് വീണ്ടും ദേശസാത്കരിക്കുന്ന നിലയുണ്ടായി. ചിലിയിലും ഉറുഗ്വായിലും മലേഷ്യയിലും തുര്‍ക്കിയിലുമെല്ലാം ഇത് സംഭവിച്ചു. നാഷണലൈസേഷന്‍ ടു ഡീനാഷണലൈസേഷന്‍, ഡീ നാഷണലൈസേഷന്‍ ടു റീ നാഷണലൈസേഷന്‍ എന്നാണ് ഈ പ്രക്രിയയെക്കുറിച്ച് പറയുന്നത്. റെഗുലേഷന്‍ ടു ഡീ റെഗുലേഷന്‍, ഡീ റെഗുലേഷന്‍ ടു റീ റെഗുലേഷന്‍ എന്നും പറയുന്നു. നവലിബറല്‍ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ധനകാര്യമേഖലയെ സ്വകാര്യവത്കരിക്കുക എന്ന നയത്തിന്‌റെ ഭാഗമായിത്തന്നെയാണ് ഇന്ത്യയിലും ഇത് വരുന്നത്. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവ്യക്തികള്‍ക്ക് പതിച്ചുകൊടുക്കുക എന്ന നിലയുണ്ടായി. ലാഭത്തിന്റെ സ്വകാര്യവത്കരണവും നഷ്ടത്തിന്റെ ദേശസാത്കരണം എന്ന നിലയുണ്ടായി. പൊതുമേഖലയുണ്ടാക്കുന്ന ലാഭത്തിന്റെ പങ്ക് സ്വകാര്യമേഖലയ്ക്ക് ലഭിക്കുന്ന നിലയുണ്ടായി.

യെസ് ബാങ്ക് അടക്കമുള്ള സ്വകാര്യബാങ്കുകള്‍ പൊളിയുമ്പോള്‍ അതിനെ എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍ ഏറ്റെടുക്കേണ്ടി വരുന്നു. പൊളിയുന്ന സ്വകാര്യ ബാങ്കുകളെ പൊതുപണം ഉപയോഗിച്ച് സംരക്ഷിക്കേണ്ടി വരുന്നു. ഇതിനെയാണ് വിദഗ്ധർ 'നഷ്ടത്തിന്റെ ദേശസാത്കരണം' എന്ന് വിളിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളിലും നിഷ്ക്രിയ ആസ്തി കൂടുന്നില്ലേ? പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും നഷ്ടത്തിലാകുന്നതെങ്ങനെ?

പൊതുമേഖലാ ബാങ്കുകളുടേയും നിഷക്രിയ ആസ്തി കൂടുന്നുണ്ട് (NPA - Non Performing Asset). നിഷ്ക്രിയ ആസ്തി കുമിഞ്ഞുകൂടുന്നത് എസ് ബി ഐ അടക്കമുള്ള ബാങ്കുകളെ പ്രതിസന്ധിയിലാക്കിയിട്ടുമുണ്ട്. 20 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമുണ്ട്. അത് ശിങ്കിടി മുതലാളിത്തത്തിന്റെ അഥവാ ചങ്ങാത്ത മുതലാളിത്തത്തിന്റെ (ക്രോണി കാപ്പിറ്റലിസം) ഭാഗമായി വരുന്നതാണ് എന്ന് എ കെ രമേശ് അഭിപ്രായപ്പെട്ടു. പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും നഷ്ടത്തിലാകുന്നതിലെ വ്യത്യാസങ്ങളെക്കുറിച്ചും രമേഷ് പറയുന്നു.

ഞാന്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ ബാങ്ക് സ്വകാര്യവത്കരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. വലിയ തോതില്‍ വായ്പ നല്‍കി കിട്ടാക്കടം കുമിഞ്ഞുകൂടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. ചേംബര്‍ ഒഫ് കൊമേഴ്സ് ഒക്കെ ഇന്ത്യന്‍ ബാങ്കിനെ സ്വകാര്യവത്കരിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. ചിദംബരത്തേയും മൂപ്പനാരേയും പോലുള്ള രാഷ്ട്രീയ നേതാക്കളുടെ ആവശ്യപ്രകാരം കോടിക്കണക്കിന് രൂപ വായ്പയായി നല്‍കിയതൊക്കെ കിട്ടാക്കടമായി മാറി. ഞങ്ങള്‍ സ്വകാര്യവത്കരണ അജണ്ടയെ ശക്തമായി എതിര്‍ത്തു. സേവ് ഇന്ത്യന്‍ ബാങ്ക് കാംപെയിനൊക്കെ നടത്തി. സ്വകാര്യവത്കരണ നീക്കങ്ങള്‍ തടഞ്ഞത് ഞങ്ങള്‍ ബാങ്ക് ജീവനക്കാരാണ്. രാഷ്ട്രീയ നേതാക്കള്‍ അവര്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് വായ്പ നല്‍കാന്‍ ആവശ്യപ്പെട്ടാണ് പൊതുമേഖലാ ബാങ്കുകള്‍ നഷ്ടത്തിലായത്. അതേസമയം സ്വകാര്യ ബാങ്കുകള്‍ നിക്ഷേപകന്റെ സ്വത്തെടുത്ത് ചോര്‍ത്തുന്നതുകൊണ്ടാണ് നഷ്ടം കാണിക്കുന്നത്. യെസ് ബാങ്കും ഗ്ലോബല്‍ ട്രസ്റ്റ് ബാങ്കും മറ്റും പൊളിഞ്ഞ അനുഭവം വച്ച് നോക്കിയാല്‍ മനസ്സിലാകും പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കണമെന്ന ആവശ്യത്തിന്റെ പൊള്ളത്തരം - എ കെ രമേഷ് പറയുന്നു.

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണം ദോഷം ചെയ്തെന്ന് ലോകബാങ്കിന്റെ 1989ലെ ലോക വികസന റിപ്പോർട്ട് (World Development Report) പരിശോധിച്ചാൽ വ്യക്തമാകും.

1989ലെ ലോക വികസന റിപ്പോർട്ട് കാണാം


ലയിച്ച് വലുതാക്കി ബാങ്കുകളെ ശക്തിപ്പെടുത്തുക എന്നതാണ് മറ്റൊന്ന്. Too Big to Fail എന്ന സിദ്ധാന്തം. ബിസിസിഐ (ബാങ്ക് ഓഫ് ക്രെഡിറ്റ് ആന്‍ഡ് കൊമേഴ്‌സ് ഇന്റര്‍നാഷണല്‍) പോലുള്ള ബാങ്കുകളൊന്നും പൊളിഞ്ഞുപോയത് (1972ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബാങ്ക് 1991ല്‍ അടച്ചുപൂട്ടി) മൂലധനം ഇല്ലാത്തതുകൊണ്ടല്ല. ഈ ബാങ്കുകള്‍ പൊളിയാനുള്ള അടിസ്ഥാനപരമായ കാരണം സ്വകാര്യവത്കരണ അജണ്ടകളാണ്. അമേരിക്കന്‍ സാമ്പത്തികപ്രതിസന്ധിയുടെ കാരണം ഊഹക്കച്ചവടമായിരുന്നു - രമേഷ് ചൂണ്ടിക്കാട്ടി.

സ്റ്റോക്ക് മാര്‍ക്കറ്റില്‍ ബാങ്കുകള്‍ നേരിട്ട് നിക്ഷേപം നടത്താന്‍ പാടില്ല എന്ന നിയമം മറികടന്നാണ് ബാങ്കുകളെ ഉപയോഗിച്ചത്. ബാങ്കുകളെ വാതുവയ്പിന് ഉപകരണമാക്കുക എന്ന നയത്തിന്റെ ഭാഗമായാണിത്. 2008ലെ സാമ്പത്തികമാന്ദ്യത്തിന് കാരണമായത് ഇതായിരുന്നു. ഈ രീതിയിലുള്ള ഊഹക്കച്ചവടം ഇന്ത്യയിലെ ബാങ്കുകളെക്കൊണ്ട് നടത്തിക്കുക എന്നതാണ് ബാങ്കിംഗ് പരിഷ്‌കരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്കായി നിയോഗിച്ച എല്ലാ കമ്മിറ്റികളും മുന്നോട്ടുവച്ചത്. 1991ലെ നരസിംഹം കമ്മിറ്റിയായാലും (91ലും 98ലും നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ടകള്‍ നല്‍കി) പിന്നീട് വന്ന രഘുറാം രാജന്‍ കമ്മിറ്റി ആയാലും നിര്‍ദ്ദേശിച്ചത് ഇതാണ്. സര്‍ക്കാരിന്റെ ഓഹരിപങ്കാളിത്തം കുറക്കണമെന്ന് ഈ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. 1991ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ കോണ്‍ഗ്രസ്സിന്റെ വാഗ്ദാനങ്ങളിലൊന്ന് ബാങ്കിംഗ് മേഖലയില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റമായിരുന്നു.

1991ല്‍ സ്വകാര്യവത്കരണത്തിന് ന്യായീകരണമായി പറഞ്ഞത് പൊതുമേഖല നഷ്ടത്തിലാണെന്നും അതിന് കാര്യക്ഷമതയും ലാഭക്ഷമതയുമില്ലെന്നും പറഞ്ഞാണ്. എന്നാല്‍ എബിബിയെ (ABB - ASEA Brown Boveri) പോലുള്ള കമ്പനികളുമായി മത്സരിക്കാന്‍ ശേഷിയുള്ള ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് (BHEL) പോലുള്ള സ്ഥാപനങ്ങള്‍, ബിഇഎൽ (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്), ലോകനിലവാരമുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (HAL), ONGC (Oil and Natural Gas Corporation of India) പോലുള്ള സ്ഥാപനങ്ങള്‍ ഒക്കെ വെട്ടിപ്പൊളിച്ച് സ്വകാര്യമേഖലയ്ക്ക് കൊടുക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് ബാങ്കിംഗ് മേഖലയിലും സ്വകാര്യവത്കരണം വരുന്നത്. ഐഒബി, പഞ്ചാബ് - സിന്ധ് ബാങ്ക് തുടങ്ങിയ ചെറിയ ബാങ്കുകളിലാണ് ആദ്യം കൈവയ്ക്കുക. പിന്നീട് വലുതിലേയ്ക്ക് വരും - എ കെ രമേഷ് പറയുന്നു.

മറ്റ് മേഖലകളില്‍ നിന്ന് വ്യത്യസ്തമായി ബാങ്കുകളുടെ സ്വകാര്യവത്കരണം വൈകുന്നത്, അത് സമ്പദ് വ്യവസ്ഥയെ മൊത്തത്തില്‍ തകര്‍ക്കുമെന്നത് കൊണ്ടാണെന്ന് ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ ആറ് പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നിർദ്ദേശം മുന്നിലുണ്ടെങ്കിലും കേന്ദ്രസർക്കാർ ഇത് നടപ്പാക്കുന്നത് നിലവിലെ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് നീട്ടിവച്ചേക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2007ല്‍ ബാങ്കിംഗ് നിയന്ത്രണങ്ങള്‍ എടുത്തുകളയാന്‍ ആവശ്യപ്പെട്ടുള്ള രഘുറാരാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വാങ്ങിവച്ച, ചിദംബരം 2008ല്‍ ആഗോള പ്രതിസന്ധിയുണ്ടായപ്പോള്‍ ബാങ്കുകള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ നിയന്ത്രണം എടുത്തുകളയാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പറഞ്ഞു. അമേരിക്കന്‍ ബാങ്കിംഗ് മോഡല്‍ അനുകരിക്കാന്‍ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാന്‍ താല്‍പര്യപ്പെട്ടിരുന്ന ചിദംബരം സാമ്പത്തികപ്രതിസന്ധി വന്നതോടെ ഇതില്‍ നിന്ന് പിന്മാറുകയാണുണ്ടായത്.

അമേരിക്കന്‍ കമ്പനി എഐജിയുമായുള്ള (അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) ചേര്‍ന്നുള്ള ടാറ്റയുടെ ഇന്‍ഷുറന്‍സ് പൊളിഞ്ഞപ്പോള്‍ എഐജിയുമായി ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല എന്നായി ടാറ്റ. നിയന്ത്രണങ്ങളുണ്ടായിരുന്നതുകൊണ്ടാണ് ഇന്ത്യയിലെ ബാങ്കിംഗ്, ധനകാര്യ, ഇന്‍ഷുറന്‍സ് മേഖല തകരാതിരുന്നത്. നിയന്ത്രണങ്ങള്‍ എടുത്തകളഞ്ഞ സ്ഥലങ്ങളിലൊക്കെ തകര്‍ച്ചയുണ്ടായിട്ടുണ്ട് - എ കെ രമേഷ് പറഞ്ഞു.

1980കളുടെ മധ്യത്തില്‍ ലോകത്ത് ധനകാര്യ മേഖലയിലുണ്ടായ വലിയ മാറ്റം എന്നത് ഉല്‍പ്പാദനമേഖലയിലെ നിക്ഷപത്തില്‍ വലിയൊരു ഭാഗം ധനകാര്യ മൂലധനമായി മാറി എന്നതാണ്. ധനമേഖലയിലെ നിക്ഷേപത്തിലൂടെ ഉല്‍പ്പാദനമേഖലയിലെ നിക്ഷേപത്തേക്കാള്‍ വലിയ തോതില്‍ ലാഭമുണ്ടാക്കാമെന്ന് വന്നു. മാരുതിക്ക് വിദേശനാണ്യവിനിമയത്തിലൂടെ ഉല്‍പ്പാദനത്തില്‍ നിന്നുള്ളതിനേക്കാള്‍ ലാഭമുണ്ടാക്കാനായി എന്നതടക്കമുള്ള ഉദാഹരണങ്ങളുണ്ട്. ഇത്തരത്തില്‍ മൂലധനത്തിന്റെ വലിയൊരു കേന്ദ്രീകരണം വരുന്നു. ഇങ്ങനെ ഊഹക്കച്ചവടത്തിനായി നിയമനിര്‍മ്മാണങ്ങളുണ്ടാകുന്നു.

ആയുധനിര്‍മ്മാണത്തിനായി വ്യവസായലോകവും സൈന്യവുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി 'മിലിട്ടറി ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ്' എന്നൊരു പദപ്രയോഗം യുഎസ് മുന്‍ പ്രസിഡന്റ് ഐസന്‍ഹോവര്‍ നടത്തിയിരുന്നു. മുതലാളിത്ത സാമ്പത്തികവിദഗ്ധന്‍ ജഗദീഷ് ഭഗവതി ഇത് തിരുത്തിക്കൊണ്ട് പറഞ്ഞത് 'വാള്‍സ്ട്രീറ്റ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ്' എന്നാണെന്ന് രമേശ് ചൂണ്ടിക്കാട്ടുന്നു. വ്യവസായലോകവും ധനകാര്യമേഖലയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് ഇത് പറഞ്ഞത്. അമേരിക്കയില്‍ സിറ്റി ബാങ്ക് പോലുള്ള പ്രമുഖ ബാങ്കുകളുടെയൊക്കെ ചെയര്‍മാന്‍ സ്ഥാനത്തിരുന്നവരാണ് പിന്നീട് ധനകാര്യമേഖലയിലേയ്ക്ക് വരുന്നത്. ആഗോള കാഴ്ചപ്പാടില്‍ ഇത്തരം കാര്യങ്ങളെ കണ്ടില്ലെങ്കില്‍ നമുക്ക് യഥാര്‍ത്ഥ പ്രശ്‌നം മനസ്സിലാക്കാനാവില്ല. ഇന്ത്യന്‍ സാഹചര്യം മാത്രം നോക്കി ഇത് മോദിയുടേയോ നിര്‍മ്മല സീതാരാമന്റേയോ മാത്രം പ്രശ്‌നമാണ് എന്ന് പറയുന്നതില്‍ കാര്യമില്ല. ഇത് ലോകത്താകെ കോര്‍പ്പറേറ്റുകള്‍ക്ക് ഗവണ്‍മെന്റുകളെ സ്വാധീനിക്കാന്‍ കഴിയുന്ന അവസ്ഥയുടെ പ്രശ്‌നമാണ്. എറിക് ടൂസെയിന്റിന്റെ (Éric Toussaint) ബാങ്കോക്രസി (BANKOCRACY) എന്ന പുസ്തകം വളരെ പ്രസക്തമാണ്. ഇന്ന് നിലവിലുള്ള ബാങ്കിംഗ് സംവിധാനത്തിന്റെ ബദലുകളെക്കുറിച്ച് ആ പുസ്തകം പറയുന്നുണ്ട്. വലിയ ബാങ്കുകളെക്കുറിച്ച് Too Big to Fail എന്ന് പറയാറുണ്ട്. എന്നാല്‍ എറിക് ടൂസെയ്ന്റ് രസകരമായൊരു പ്രയോഗമാണ് നടത്തിയിരിക്കുന്നത് - Too Big to Jail എന്നാണത്.

എച്ച്എസ്ബിസി പോലുള്ള ബാങ്കുകള്‍ തകര്‍ന്നാല്‍ അത് സമ്പദ് വ്യവസ്ഥയെ ഒന്നാകെ തകര്‍ക്കുമെന്ന വിലയിരുത്തലാണുള്ളത്. ഇത്തരം ബാങ്കുകള്‍ തട്ടിപ്പ് നടത്തുമ്പോളും അവര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ല. ബാങ്കോക്രസിയില്‍ ടൂസെയ്ന്റ് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ - ബാങ്കുകളുടെ ബാങ്കുകളുടെ വലിപ്പം കുറയ്ക്കണം, പൊതുമേഖലാ ബാങ്കുകള്‍ ശക്തിപ്പെടുത്തണം, എല്ലാ സ്വകാര്യ ബാങ്കുകളും സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നെല്ലാമാണ്. ബാങ്കുകളുടെ തകർച്ചയുടെ ബാധ്യത സംബന്ധിച്ച പ്രസക്തമായ ചോദ്യം എറിക് ടൂസെയിന്റ് ഉന്നയിക്കുന്നുണ്ട്. ആർക്കാണ് ഇതിന്റെ ബാധ്യത? (Liability). ബാങ്ക് ഉടമസ്ഥർക്കല്ല, ഡെപ്പോസിറ്റർമാർക്കാണ് അതെന്നാണ് സ്വകാര്യ ബാങ്കിംഗ് കാഴ്ചപ്പാട്. എന്നാൽ എറിക് ടൂസെയിന്റ് ഇതിനെ എതിർക്കുന്നു. ബാധ്യത ഉടമസ്ഥർക്കായിരിക്കണമെന്നും ലിമിറ്റഡ് ബാങ്കുകൾ എന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ടൂസെയിന്റ് ആവശ്യപ്പെടുന്നു. ലിമിറ്റഡ് ബാങ്കിംഗിൽ ചെറിയ ശതമാനം ഓഹരിയേ പ്രൊമോട്ടർക്കുണ്ടാകൂ. നഷ്ടമുണ്ടാവുക ഡെപ്പോസിറ്റർമാർക്കായിരിക്കും. ഇന്ത്യൻ പാർലമെന്റിന് പോലും ഇന്ത്യയിലെ ബാങ്കുകളുടെ ബാലൻസ് ഷീറ്റ് പരിശോധിക്കാനാവില്ല. ബാങ്കിംഗിലെ ഈ രഹസ്യാത്മകത അവസാനിപ്പിക്കണമെന്ന് എറിക് ടൂസെയിന്റിന്ർറെ പുസ്തകം ആവശ്യപ്പെടുന്നതായി എ കെ രമേശ് ചൂണ്ടിക്കാട്ടുന്നു.

രാജ്യങ്ങളെ നിയമഭേദഗതികള്‍ക്ക് പ്രേരിപ്പിക്കും വിധം ആഗോളതലത്തില്‍ എങ്ങനെയാണ് ധനമൂലധനം പെരുമാറുന്നതിന്റെ എന്നതിന്റെ അന്വേഷണമാണ് പ്രധാനം. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇത് അനിവാര്യമാണ്. ലോകവ്യാപാര സംഘടന കരാര്‍, ഗാട്ട് കരാര്‍ ഒക്കെ നോക്കണം. 1984ല്‍ സിറ്റി ബാങ്കും ജനറല്‍ മോട്ടോര്‍സും അടക്കമുള്ളവയുടെ തലവന്മാര്‍ ചേര്‍ന്ന് ഗാട്ടിന്റെ അവസാനവട്ട ചര്‍ച്ചകള്‍ക്ക് രൂപം നല്‍കി. മൊണ്‍സാന്റോ അടക്കമുള്ളവ ഇതില്‍ വന്നു. പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുക അടക്കം അജണ്ടകളുടെ ഭാഗമായി. അതില്‍ ഒരു ആവശ്യമാണ് ധനകാര്യമേഖലയുടെ പരിഷ്‌കരണം.1986ലാണ് ഗാട്ടിന്റെ അവസാനഘട്ട ചര്‍ച്ചകള്‍ തുടങ്ങിയത്. 1993 ഡിസംബര്‍ 14നാണ് ഐ കെ ഗുജറാള്‍ കമ്മിറ്റി, ഗാട്ട് റിപ്പോര്‍ട്ട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തത്. അതിന്റെ പിറ്റേ ദിവസം ഡിസംബര്‍ 15ന് ഇന്ത്യ കരാറില്‍ ഒപ്പുവച്ചു.

ലോകബാങ്ക് രേഖയുടെ പകര്‍ത്തിയെഴുത്താണ് 1991ലെ ആദ്യത്തെ നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ട് എന്ന് എ കെ രമേഷ് പറയുന്നു. ലോകബാങ്ക് രേഖയും നരസിംഹം കമ്മിറ്റി റിപ്പോര്‍ട്ടും ഞങ്ങള്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കട്ട് ആന്‍ഡ് പേസ്റ്റ് ആയതുകൊണ്ട് അമേരിക്കന്‍ ഇംഗ്ലീഷ് വാക്കുകള്‍ പോലും അതില്‍ കടന്നുവന്നിരുന്നു. ലോകബാങ്ക് രേഖയില്‍ സഹകരണ മേഖല ഉണ്ടായിരുന്നില്ല. നരസിംഹം അതുകൂടി ഉള്‍പ്പെടുത്തി. "ഇന്ത്യയില്‍ പൊതുമേഖലാ ബാങ്കുകള്‍ കെട്ടിപ്പടുക്കാന്‍ പങ്ക് വഹിച്ച എന്റെ കൈ കൊണ്ട് തന്നെ അതിന്റെ ഉദകക്രിയ ചെയ്യേണ്ടി വന്നു എന്ന് അല്‍പ്പം കുറ്റബോധത്തോടെ തനിക്ക് തോന്നാറുണ്ടെന്നും എന്നാല്‍ ഈ നിലപാട് താന്‍ സ്വയം തിരുത്താറുണ്ട്" എന്നും നരസിംഹം പറഞ്ഞിരുന്നു.

സിഎഫ്എസ്ആർ (കമ്മിറ്റി ഓൺ ഫിനാൻഷ്യൽ സെക്ടർ റിഫോംസ്) അഥവാ രഘുറാം രാജന്‍ കമ്മിറ്റി ആവശ്യപ്പെട്ടത് സര്‍ക്കാര്‍ ഓഹരികള്‍ കുറക്കണം, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റേയും സിഎജിയുടേയും ഇന്ത്യന്‍ പാര്‍ലമെന്റിന്റേയും അന്വേഷണപരിധിയില്‍ നിന്ന് ബാങ്കുകളെ ഒഴിവാക്കണം എന്നെല്ലാമാണ്.

രഘുറാം രാജൻ കമ്മിറ്റി (CFSR - Committee on Financial Sector Reforms) റിപ്പോർട്ട്


എന്താണ് പി ജെ നായക് കമ്മിറ്റി നിർദ്ദേശിച്ചത്?

ആക്‌സിസ് ബാങ്ക് മുന്‍ ചെയര്‍മാനും കേന്ദ്ര ധന മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിലെ (Department of Economic Affairs) ജോയിന്‌റെ സെക്രട്ടറിയുമായിരുന്ന പി ജെ നായക്കിനെ അധ്യക്ഷനാക്കി ബാങ്കിംഗ് പരിഷ്‌കരണം സംബന്ധിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചത് 2014ൽ റിസർവ് ബാങ്ക് ആണ്. കമ്മിറ്റിയുടെ പ്രധാന നിര്‍ദ്ദേശങ്ങളിലൊന്നാണ് ബാങ്ക് ദേശസാത്കരണം പിന്‍വലിക്കണമെന്നായിരുന്നു. 1970ലേയും 80ലേയും ബാങ്ക് ദേശസാത്കരണ നിയമങ്ങള്‍ പിന്‍വലിക്കുക, എസ്ബിഐ ആക്ടും എസ്ബിഐ സബ്‌സിഡിയറീസ് ആക്ടും പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ പി ജെ നായിക് കമ്മിറ്റി മുന്നോട്ടുവച്ചു. ബാങ്കുകളില്‍ സര്‍ക്കാരിന് കുറഞ്ഞത് 50 ശതമാനം ഓഹരിയെങ്കിലും വേണമെന്ന് ഈ നിയമങ്ങള്‍ പറയുന്നു. സ്വകാര്യവത്കരണത്തിന് തടസമായതിനാലാണ് ഈ നിയമങ്ങളില്‍ ഭേദഗതി വേണമെന്ന് പി ജെ നായിക് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ബാങ്ക് നിയമങ്ങള്‍ പിന്‍വലിച്ച ശേഷം സര്‍ക്കാര്‍ ഒരു ബാങ്ക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിക്കണം. സര്‍ക്കാര്‍ ഓഹരികള്‍ ഈ കമ്പനിയിലേയ്ക്ക് മാറ്റണം. എല്ലാ പൊതുമേഖലാ കമ്പനികളുടേയും ഹോള്‍ഡിംഗ് കമ്പനിയായി ബിഐസി പ്രവര്‍ത്തിക്കും. പൊതുമേഖലാ ബാങ്കുകൾ ബിഐസിയുടെ സബ് സിഡിയറികളായി മാറും. എല്ലാ ബാങ്കുകളും ലിമിറ്റഡ് ആയി മാറും. ഡയറക്ടർ ബോര്‍ഡിനെ തീരുമാനിക്കുന്നതിനും നയപരമായ തീരുമാനങ്ങളെടുക്കുന്നതിനുമുള്ള അധികാരം ബിഐസിക്കായിരിക്കും. ബിഐസി രൂപീകരിക്കുന്നതുവരെ താല്‍ക്കാലിക സംവിധാനമെന്ന നിലയ്ക്ക് ബാങ്ക് ബോര്‍ഡ്‌സ് ബ്യൂറോ (ബിബിബി) ഉണ്ടാകും. ബിഐഎസി രൂപീകരണം വരെ ബോര്‍ഡ്, ചെയര്‍മാന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിയമനങ്ങളില്‍ ബിബിബി ഉപദേശം പല്‍കും.

50 ശതമാനം ഓഹരിയുള്ളതിനാല്‍ ബാങ്ക് ബോര്‍ഡുകളില്‍ സര്‍ക്കാരിന് കാര്യക്ഷമതയില്ലാത്തവരെ തിരുകിക്കയറ്റാന്‍ കഴിയുന്നതായും ഇത് അഴിതിക്ക് കാരണമാകുന്നതായും സ്വകാര്യവത്കരണ വക്താക്കള്‍ ആരോപിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണ് പി ജെ നായക് കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. എന്നാല്‍ സ്വകാര്യ ബാങ്കുകളിലെ സാമ്പത്തികക്രമക്കേടും അഴിമതിയും സംബന്ധിച്ച് സ്വകാര്യവത്കരണം ആവശ്യപ്പെടുന്നവര്‍ നിശബ്ദരായിരുന്നു. ഐസിഐസിഐ ബാങ്ക് എംഡിയും സിഇഒയുമായിരുന്ന ചന്ദ കൊച്ചാര്‍ അടക്കമുള്ളവര്‍ നേരിട്ട അന്വേഷണങ്ങളും നടപടികളും സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളും സമീപകാലത്ത് കണ്ടതാണ്.

പി ജെ നായക് കമ്മിറ്റി റിപ്പോർട്ട് (Report of The Committee to Review Governance of Boards of Banks in India) - ലിങ്ക് കാണുക: https://rbidocs.rbi.org.in/rdocs/PublicationReport/Pdfs/BCF090514FR.pdf

പി ജെ നായക് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയാല്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടം മാത്രമേ വേണ്ടി വരൂ എന്നും സിവിസിയുടേയും (സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍) സിഎജിയുടേയും (കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) ആര്‍ടിഐയുടേയും (വിവരാവകാശ നിയമം) മേല്‍നോട്ട, അന്വേഷണപരിധികളില്‍ നിന്ന് ബാങ്കുകള്‍ മുക്തമാകും. ഇത് ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ ബാങ്കുകളെ സഹായിക്കുമെന്ന് സ്വകാര്യവത്കരണ വക്താക്കള്‍ വാദിച്ചു. അതേസമയം സിഎജിയുടേയും സിവിസിയുടേയും പരിശോധനകള്‍ ഇല്ലാതായാല്‍ വലിയ തട്ടിപ്പുകള്‍ക്ക് സാധ്യതയുണ്ടെന്നും ലാഭം മാത്രം ലക്ഷ്യമിട്ടുള്ള ബാങ്കിംഗ് കാഴ്ചപ്പാട്, ഗ്രാമീണ മേഖലകളിലെ ബാങ്കിംഗ് ഇല്ലാതാക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

വിവരാവകാശ പരിധിയില്‍ ബാങ്കുകള്‍ വരുന്നത് പൊതുജനങ്ങളോട് കാര്യങ്ങള്‍ പറയേണ്ട ബാധ്യതയും വലിയ ബുദ്ധിമുട്ടും പൊതുമേഖലാ ബാങ്കുകള്‍ക്കുണ്ടാക്കുന്നതായും സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 50 ശതമാനം കുറയ്ക്കുകയാണ് ഈ പ്രശ്‌നം പരിഹരിക്കാനുള്ള വഴിയെന്നും പി ജെ നായക് കമ്മിറ്റി പറയുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് നിര്‍മ്മിച്ച നിയമങ്ങൾ ഒഴിവാക്കി ബാങ്കുകളെ സ്വകാര്യവത്കരിക്കണമെന്നാണ് കമ്മിറ്റി പറയുന്നത്.

ബാങ്ക് ലയനം കൊണ്ട് സാധാരണക്കാരായ നിക്ഷേപകര്‍ക്ക് യാതൊരു ഗുണവുമില്ലെന്നും ബാങ്ക് ചെയര്‍മാന്‍മാര്‍ക്ക് മാത്രമാണ് ഗുണമെന്നും അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ പഠന റിപ്പോര്‍ട്ട് പറയുന്നു. മിനിമം ബാലന്‍സില്ലെന്ന് പറഞ്ഞ് സാധാരണക്കാരില്‍ നിന്ന് എസ് ബി ഐ ആറ് മാസം കൊണ്ട് 235 കോടി രൂപയിലധികം ഈടാക്കി. സാധാരണക്കാര്‍ താമസിക്കുന്ന ഇടങ്ങളിലെ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്ന കാര്യം ഐഎല്‍ഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

1991ല്‍ ബാങ്ക് സ്വകാര്യവത്കരണ നിര്‍ദ്ദേശം വന്നപ്പോള്‍ അതിനെ എതിർക്കുന്നവർ പറഞ്ഞൊരു കാര്യം നിങ്ങള്‍ സ്വകാര്യമേഖലയെ സ്വകാര്യവത്കരിക്കൂ എന്നാണ്. ടാറ്റയുടെ അല്ലെങ്കില്‍ ബിര്‍ളയുടെ സ്ഥാപനത്തില്‍ ഒക്കെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഓഹരിപങ്കാളിത്തമുണ്ട്. ഇതൊക്കെ ഒഴിവാക്കി അവര്‍ പൂര്‍ണമായും സ്വകാര്യവത്കരിക്കട്ടെ എന്നാണ് ഞങ്ങള്‍ പറയുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ് എന്ന വാദമുയര്‍ത്തിയാണ് 1991ല്‍ സ്വകാര്യവത്കരണം മുന്നോട്ടുവച്ചത് - എ കെ രമേഷ് പറഞ്ഞു.

കോവിഡ് കാലത്ത് വിവിധ രാജ്യങ്ങള്‍ പൊതുമേഖലയെ ശക്തിപ്പെടുത്തുകയാണ്. സ്‌പെയിനില്‍ ആരോഗ്യമേഖലയെ ദേശസാത്കരിച്ചത് ഉദാഹരണം. 2008ലെ പ്രതിസന്ധി വന്നപ്പോള്‍ അമേരിക്ക അടക്കം തല്‍ക്കാലത്തേയ്‌ക്കെങ്കിലും പല ബാങ്കുകളേയും പൊതുമേഖലയിലാക്കുന്ന നിലയിലുണ്ടായി. ബാങ്ക് പ്രതിസന്ധി വന്നാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ ബ്രിട്ടനും ഇത്തരം നടപടികള്‍ സ്വീകരിച്ചിരുന്നു. ബ്രിട്ടീഷ് ബാങ്കായിരുന്ന ആര്‍ബൂത്ത്‌നോട്ട് ബാങ്ക് പൊളിഞ്ഞുപോയപ്പോളാണ് 1906ല്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നവര്‍ ചേര്‍ന്ന് ഇന്ത്യന്‍ ബാങ്ക് സ്ഥാപിച്ചത്. ഇപ്പോള്‍ ഇതില്‍ നിന്ന് തിരിച്ചുപോയി സ്വകാര്യ മുതലാളിമാരെ ബാങ്കുകള്‍ ഏല്‍പ്പിക്കുക എന്നതാണ് നയം - എ കെ രമേഷ് പറഞ്ഞു.

പൊതുമേഖലയില്‍ തല്‍ക്കാലം നിര്‍ത്താന്‍ തീരുമാനിച്ച ബാങ്കുകളേയും അടുത്ത ഘട്ടത്തില്‍ സ്വകാര്യവത്കരിക്കുക എന്നത് തന്നെയാണ് നയമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ നേതാവ് വി കെ പ്രസാദ് അഴിമുഖത്തോട് പറഞ്ഞു. എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവയെ ഇതില്‍ ലയിപ്പിക്കുക എന്നതാണ് പി ജെ നായക് കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദ്ദേശം. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാല്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയേയും സ്വതന്ത്രമായി നിലനിര്‍ത്താന്‍ തീരുമാനിച്ചു. ബാങ്ക് ബോര്‍ഡ്‌സ് ബ്യൂറോ എന്ന് പറഞ്ഞൊരു സംവിധാനമുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഓഹരികള്‍ക്ക് ബാങ്ക് ബോര്‍ഡ്‌സ് ബ്യൂറോയ്ക്ക് ഇവര്‍ സ്വകാര്യ നിക്ഷേപകരെ കണ്ടെത്തി ഓഹരി വില്‍ക്കുക എന്നതാണ് ഇതിന്റെ നടപടിക്രമം. 26 ശതമാനം സര്‍ക്കാര്‍ ഓഹരി മതി എന്നാണ് നിലപാടാണ്. യൂറോപ്യന്‍ യൂണിയനുമായുള്ള ഒരു ഉഭയകക്ഷി കരാര്‍ കുറേകാലമായി ഒപ്പിടാന്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. അവര്‍ ആവശ്യപ്പെട്ട പ്രധാനപ്പെട്ട കാര്യം ധനകാര്യ മേഖല തുറന്നുകൊടുക്കുക എന്നതാണ്. വിനാശകരം എന്നാണ് ഒറ്റവാക്കിൽ ബാങ്ക് സ്വകാര്യവത്കരണത്തെ പറയാം.

പൊതുമേഖലാ ബാങ്കുകളിൽ കുറേയൊക്കെ സ്വകാര്യവത്കരണം സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്. പൂർണമായ സ്വകാര്യവത്കരണം വന്നാൽ മാസ് ബാങ്കിംഗ് ഇല്ലാതാവുകയും ബാങ്കിംഗ് കൺസെപ്റ്റ് തന്നെ മാറിപ്പോകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പണം ആവശ്യമുള്ളവർക്ക് സ്വകാര്യ സ്ഥാപനങ്ങൾ എന്ന നിലയിലേയ്ക്ക് തിരിച്ചുപോവുകയാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. സർക്കാർ നിരന്തരം എൻ ബി എഫ് സികളെ (നോൺ ബാങ്കിംഗ് ഫിനാൻഷ്യൻ കമ്പനി) പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2018 മാർച്ച് വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ റീടെയിൽ ലെൻഡിംഗിൽ 40 ശതമാനവും എൻ ബി എഫ് സികളുടേതാണ്. പൊതുമേഖലാ ബാങ്കുകളടക്കം ചെയ്യുന്നത് എൻ ബി എഫ് സികളെ ഫണ്ട് ചെയ്യുക എന്നതാണ്.

ബാങ്കിംഗ് സ്വകാര്യവത്കരണമുണ്ടാകുമ്പോൾ പ്രൈമറി ബാങ്കിംഗ് എന്നത് ഇല്ലാതെയാകുമെന്ന് വി കെ പ്രസാദ് ചൂണ്ടിക്കാട്ടി. ലാഭത്തിൽ മാത്രം അധിഷ്ടിതമായ ബാങ്കിംഗിലൂടെ സമ്പദ് വ്യവസ്ഥയിലെ വിഭവങ്ങൾ മുഴുവൻ സമാഹചരിച്ച് അത് കുറച്ചുപേരുടെ കൈകളിലെത്തിക്കാനുള്ള ഉപകരണമാകും ബാങ്കുകൾ. ആഗോളവത്കരണത്തില്‍ നടക്കുന്നത് വാസ്തവത്തില്‍ മൂലധനത്തിന്റെ കേന്ദ്രീകരണമാണ്. അതിന് വേഗതകൂട്ടുന്നതാണ് ബാങ്കിംഗ് സ്വകാര്യവത്കരണം. ഫിനാൻഷ്യൽ ടെക്നോളജി ഉപയോഗിച്ചുള്ള ഫിൻടെക് ബാങ്കിംഗ് ലോകത്ത് വലിയ ജനപ്രീതി ആർജ്ജിച്ചുകഴിഞ്ഞു. റീടെയിൽ ബാങ്കിംഗിന്റെ നല്ലൊരു പങ്കും നിയന്ത്രിക്കുന്നത് ഗൂഗിളും ആമസോണുമൊക്കെയാണ്. പൊതുമേഖലാ ബാങ്കുകൾ നിലവിലുള്ളപ്പോൾ ഫിൻടെക്ക് വന്നാലും സാധാരണക്കാരന് ഗുണമുണ്ടാകണമെന്ന നിലയുണ്ട്. ബാങ്കുകൾ സ്വകാര്യവത്കരിക്കപ്പെട്ടുകഴിഞ്ഞാൽ അത്തരം യാതൊരു പ്രതിബദ്ധതയുടേയും ആവശ്യം വരുന്നില്ല.

സമ്പത്തിന്റെ വിതരണത്തില്‍ വലിയ അസന്തുലിതാവസ്ഥയാണ് രാജ്യത്തുണ്ടായിരിക്കുന്നത്. 2014നും 2019നുമിടയ്ക്ക് സമ്പത്തിന്റെ കേന്ദ്രീകരണത്തില്‍ 22 ശതമാനമാണ് വര്‍ദ്ധനയുണ്ടായത്. 2014ല്‍ സമ്പത്തിന്റെ 42 ശതമാനമായിരുന്നു ഒരു ശതമാനം സമ്പന്നരുടെ കയ്യിലുണ്ടായിരുന്നത്. 2019ല്‍ ഇത് 64 ശതമാനമായി മാറി. പൊതുമേഖലാ ബാങ്കുകള്‍ ഇല്ലാതായാല്‍ ഈ കേന്ദ്രീകരണം ഇനിയും വര്‍ദ്ധിക്കും. സ്വകാര്യ ബാങ്കുകള്‍ക്ക് പ്രതിസന്ധിയുണ്ടാകുമ്പോള്‍ പൊതുമേഖല ബാങ്കുകളും ട്രഷറിയിലെ പണവും വച്ച് അതിനെ സഹായിക്കുന്ന നിലയാണുള്ളത്. 2008ലെ സാമ്പത്തിക മാന്ദ്യമുണ്ടായപ്പോള്‍ സിറ്റി ബാങ്കിനെ രക്ഷിക്കാന്‍ യുഎസ് ഗവണ്‍മെന്റ് 400 ബില്യണ്‍ ഡോളറാണ് ചിലവാക്കിയത്.

യെസ് ബാങ്കില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ എസ് ബി ഐയെക്കൊണ്ട് ഓഹരി വാങ്ങിച്ചു. ഐഡിബിഐയില്‍ പ്രശ്‌നമുണ്ടായപ്പോള്‍ എല്‍ ഐ സിയെക്കൊണ്ട് അവിടെ നിക്ഷേപം നടത്തി. ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക് പൊളിഞ്ഞപ്പോള്‍ ഓറിയന്റല്‍ ബാങ്കിനെക്കൊണ്ട് അത് ഏറ്റെടുപ്പിച്ചു. പൊതുപണമാണ് എസ് ബി ഐ സ്വകാര്യ ബാങ്കുകള്‍ക്ക് നല്‍കുന്നത്. പൊതുജനത്തിന് വായ്പ നല്‍കാനുള്ള എസ് ബി ഐയുടെ ശേഷി കുറയുകയാണ് ചെയ്യുന്നത് - വി കെ പ്രസാദ് പറഞ്ഞു.

എന്താണ് ബാങ്കിംഗിന്റെ ഒറിജിനൽ കൺസെപ്റ്റ്? സ്വകാര്യവത്കരണം ഇതിനെ പ്രതികൂലമായി ബാധിക്കുന്നതെങ്ങനെ?

ബാങ്കിന്റെ ഒറിജിനൽ കൺസെപ്റ്റ് അനുസരിച്ച് നാല് കാര്യങ്ങളാണ് അതിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. 1. ബിസിനസ് സൈസ് - ഡെപ്പോസിറ്റർമാർ , വായ്പകളുടെ എണ്ണം 2. അതിന്റെ ശൃംഖലയുടെ വലിപ്പം - ശാഖകളുടെ എണ്ണം. 3. അതിന്റെ ജീവനക്കാരുടെ എണ്ണം. എന്നാൽ ഇതിൽ നിന്ന് മാറി 1. അതിന്റെ മൂലധനത്തിന്റെ വലിപ്പം, 2. ബാലൻസ് ഷീറ്റിന്റെ വലിപ്പം, 3. ലാഭത്തിന്റെ വലിപ്പം എന്നീ കാര്യങ്ങളിലേയ്ക്ക് മാറി. ബാങ്കുകൾ കൂടുതൽ ലാഭമുണ്ടാക്കിയാൽ മതി, അതിന് കൂടുതൽ എണ്ണം വേണ്ട, കൂടുതൽ ആളുകൾ ആവശ്യമില്ല എന്ന നിലയിലേയ്ക്ക് മാറി.

ബാങ്ക് ലയനം തന്നെ സ്വകാര്യവത്കരണത്തിലേയ്ക്കുള്ള പടിയാണെന്ന് വി കെ പ്രസാദ് പറയുന്നു. ബാങ്കുകൾ വലുതാകും തോറും അവയുടെ പ്രാദേശിക തലത്തിലെ ഇടപടലുകൾ കുറയും. വായ്പ നൽകൽ കുറയും. ഫെഡറൽ ബാങ്കിൽ നിന്നോ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നോ ലോണ്‍ കിട്ടുന്നതുപോലെ എളുപ്പമല്ല എസ് ബി ഐയില്‍ നിന്ന് ലോണ്‍ കിട്ടുന്നത്. ബാങ്കിന്റെ ഒറിജിനൽ കൺസെപ്റ്റൽ നിന്നുള്ള വ്യതിചലനത്തിന്റെ ഭാഗമായാണ് വലിയ ബാങ്കുകൾ മാത്രമെന്ന ആശയത്തിന് പിന്നിൽ.

ബാങ്കുകളുടെ തകർച്ചയുടെ ബാധ്യത ആർക്ക്?

ഇന്ത്യൻ ബാങ്കുകളിലെ നിക്ഷേപണങ്ങളിൽ (Deposit) 72 ശതമാനവും റീടെയിൽ സേവിംഗുകളാണ്. ഇതിൽ നിന്നാണ് കോർപ്പറേറ്റുകളുടെ കയ്യിൽ ആകെ എൻപിഎയുടെ (നിഷ്ക്രിയ ആസ്തി അല്ലെങ്കിൽ കിട്ടാക്കടം) 85 ശതമാനവും വരുന്നത്. 1991ൽ സ്വകാര്യവത്കരണത്തിന്റെ വക്താക്കൾ പറഞ്ഞത് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ മൊത്തം കിട്ടാക്കടമാണെന്നും പലിശ കണക്കിലെഴുതി ക്രിത്രിമമായി ലാഭം കാണിക്കുന്നു എന്നെല്ലാമാണ്. സർക്കാർ പദ്ധതികളുടെ ഭാഗമായി സാധാരണക്കാർക്ക് നൽകുന്ന വായ്പകളാണ് എൻപിഎയുടെ 85 ശതമാനവും എന്നായിരുന്നു ഇവരുടെ വാദം. ഇതിനെ ക്ലെയിം ചെയ്യാനാണ് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് പ്രുഡെൻഷ്യൽ നോംസ് എന്ന പേരിൽ മാർഗനിർദ്ദേശങ്ങൾ കൊണ്ടുവന്നത്. എന്നാൽ ഇപ്പോൾ കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് മൊത്തം കിട്ടാക്കടത്തിന്റെ 85 ശതമാനവും കോർപ്പറേറ്റ് ലോണുകളാണ് എന്നാണ്.

കോര്‍പ്പറേറ്റ് ലോണുകളായ എന്‍പിഎകള്‍ എഴുതിത്തള്ളുന്നു, അല്ലെങ്കില്‍ അസറ്റ്‌സ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് വില്‍ക്കുന്നു. അസറ്റ്‌സ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി എന്ന് പറയുന്നതില്‍ മിക്കതും ബാങ്കുകളുടേതോ അല്ലെങ്കില്‍ റിലയന്‍സ് പോലുള്ള കമ്പനികളുടേതോ ആണ്. രാജ്യത്തെ ഏറ്റവും വലിയ അസറ്റ്‌സ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി റിലയന്‍സിന്റേതാണ്. ഏറ്റവും വലിയ കിട്ടാക്കടങ്ങളിലൊന്ന് അനില്‍ അംബാനിയുടേതാണ്.

സ്വകാര്യവത്കരണവും നിയോ ലിബറൽ സാമ്പത്തികനയങ്ങളും ബാങ്കിംഗ് മേഖലയിലും മൂലധന കേന്ദ്രീകരണത്തേയും കുത്തകവത്കരണത്തേയും പ്രോത്സാഹിപ്പിക്കുന്നു

കുത്തകവത്കരണം ഇല്ലാതാക്കുന്നു, മത്സരം വർദ്ധിപ്പിക്കുന്നു എന്നെല്ലാമുള്ള ആഗോളവത്കരണത്തിന്റെ അവകാശവാദങ്ങൾ പൊളിഞ്ഞിരിക്കുന്നു എന്നാണ് ബാങ്കിംഗ് അടക്കം വിവിധ മേഖലകളിലെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. മൂലധനത്തിന്റെ കേന്ദ്രീകരണമാണ് ഉദാരവത്കരണ നയങ്ങളിലൂടെ ലോകത്ത് നടപ്പായത് എന്നത് ബാങ്കിംഗ് മേഖലയിലെ ലയന നടപടികളിലും സ്വകാര്യവത്കരണ നടപടികളിലും കാണാം. ആഗോളവത്കരണം അവകാശപ്പെടുന്നതിന് വിരുദ്ധമായ ദേശീയവത്കരണത്തിലേയ്ക്കാണ് യുഎസ് അടക്കമുള്ള രാജ്യങ്ങൾ നീങ്ങുന്നത്.

അമേരിക്ക ഗ്ലോബലൈസേഷനിൽ നിന്ന് ഗ്ലോക്കലൈസേഷനിലേയ്ക്കും ഇപ്പോൾ ലോക്കലൈസേഷനിലേയ്ക്കും (സ്വദേശിവത്കരണം) നീങ്ങിയിരിക്കുകയാണ് എന്ന് വി കെ പ്രസാദ് ചൂണ്ടിക്കാട്ടി. കുത്തകവത്കരണം ശക്തമാകുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് GAFA (GOOGLE, APPLE, FACECBOOK, AMAZON). ഈ നാല് കമ്പനികളുടേയും മൂലധനം ഒരു ട്രില്യൺ ഡോളറിലധികം വരും. റിലയൻസ് ജിയോ ഫൈവ് ജി പ്രഖ്യാപിച്ചു. ഇത് പൂർണമായും ഇന്ത്യൻ ടെക്നോളജി ആണെന്ന് ജിയോ അവകാശപ്പെട്ടു. എന്നാൽ അന്ന് തന്നെ ഗൂഗിൾ പ്രഖ്യാപിച്ചത് 33,000ലധികം കോടി രൂപ ജിയോയിൽ നിക്ഷേപിക്കുന്നു എന്നാണ്. ഒരു മാസം മുൻപ് 48000 കോടിയിലധികം രൂപ ജിയോയിൽ നിക്ഷേപിക്കുന്നതായി ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. ഗൂഗിൾ എന്ന ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐസിടി) സ്ഥാപനം ധനകാര്യ മേഖലയിൽ ഇടപെടുന്നതും പെയ്മെന്റ് ബാങ്കിംഗിന്റെ വലിയൊരു ഭാഗം കയ്യടക്കിയതും ശ്രദ്ധിക്കേണ്ടതാണ്. നമ്മൾ ഗൂഗിൾ പേയെ നിസ്സാരമായൊരു സാധനമായി കാണുമ്പോളാണിത്. ഇന്ത്യയിൽ ജിയോ തന്നെ മറ്റ് ടെലികോം കമ്പനികളെ ഒതുക്കിയാണ് വളർന്നത്. മൂലധനത്തിന്റെ കേന്ദ്രീകരണമാണ് ആഗോളവത്കരണത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബാങ്കിംഗ് മേഖലയിലും ഇതാണ് കാണുന്നത്. ചെറിയ മീനിനെ വലിയ മീനും അതിനെ അതിനേക്കാൾ വലിയ മീനും വിഴുങ്ങുന്നു. ചെറിയ ബാങ്കുകളെ വലിയ ബാങ്കുകളും ഇവയെ അതിനേക്കാൾ വലിയ ബാങ്കുകളും വാങ്ങുന്നു - വി കെ പ്രസാദ് പറഞ്ഞു.സുജയ് രാധാകൃഷ്ണൻ

സുജയ് രാധാകൃഷ്ണൻ

ചീഫ് സബ്‌ എഡിറ്റര്‍

Next Story

Related Stories