കോവിഡ് പശ്ചാത്തലത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വേഗത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരുമെന്ന വാഗ്ദാനവുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 2020-2021 സാമ്പത്തിക വര്‍ഷത്തെ ജിഡിപി 7.5 ശതമാനമായിരിക്കുമെന്നും ആര്‍ബിഐ വിലയിരുത്തി. കോവിഡ് പ്രതിസന്ധിയും ലോക്ഡൗണും രാജ്യത്തെ ജിഡിപിയില്‍ വന്‍ തകര്‍ച്ചയാണുണ്ടായത്. കോവിഡ് പ്രതിസന്ധിയിലായ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ജിഡിപിയില്‍ 23.9 ശതമാനമാണ് ഇടിവു നേരിട്ടത്. രണ്ടാം പാദത്തില്‍ സമ്പദ്വ്യവസ്ഥ 7.5 ശതമാനവും ചുരുങ്ങി. കഴിഞ്ഞ തവണത്തെ നയഅവലോകനയോഗത്തിന് ശേഷം വാര്‍ഷിക ജിഡിപിയില്‍ 9.5 ശതമാനം ഇടിവുണ്ടാകുമെന്ന പ്രവചനമാണ് ആര്‍ബിഐ നടത്തിയത്. എന്നാല്‍ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനു പ്രതീക്ഷിച്ചതിനെക്കാള്‍ വേഗമുണ്ടെന്നും 7.5 ശതമാനം ഇടിവു മാത്രമേ ഉണ്ടാകൂവെന്നുമുള്ള പ്രതീക്ഷയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കുന്നത്. ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഡിമാന്‍ഡ് ഉയരുന്നതു ശുഭ സൂചനയാണെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൂടുന്നതിനാല്‍ സമ്പദ് വ്യവസ്ഥ ഉടന്‍ പോസിറ്റീവിലേക്കും തിരികെയെത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം രാജ്യത്തെ ഈ സാമ്പത്തിക വര്‍ഷത്തെ ജിഡിപിയില്‍ 9.6 ശതമാനം ഇടിവുണ്ടാകുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം. ജൂണ്‍ മാസത്തില്‍ 4.5 ശതമാനം ഇടിവു മാത്രമേ ഉണ്ടാകൂ എന്നായിരുന്നു ലോകബാങ്ക് വിലയിരുത്തിയത്. വായ്പാനിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 4 ശതമാനമായി തുടരും. നിലവില്‍ കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റിപ്പോ 19 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ്. ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ സ്വീകരിക്കുന്ന വായ്പകളുടെ നിരക്കായ റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. പണപ്പെരുപ്പം ഉയര്‍ന്ന തോതില്‍ തുടരുന്നതാണ് അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താത്തിന്റെ കാരണമെന്ന് വിലയിരുത്തപ്പെടുന്നത്.