Top

സൗജന്യം നിര്‍ത്തി, റിലയന്‍സ് ജിയോയില്‍ നിന്ന് മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് ഇനി ആറ് പൈസ

സൗജന്യം നിര്‍ത്തി, റിലയന്‍സ് ജിയോയില്‍ നിന്ന് മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് ഇനി ആറ് പൈസ

സൗജന്യ വോയ്‌സ് കോള്‍ സേവനം അവസാനിപ്പിച്ച് രാജ്യത്തെ മുന്‍നിര ടെലകോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ. മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്കാണ് ജിയോ ചാര്‍ജ്ജ് ഈടാക്കാന്‍ ഒരുങ്ങുന്നത്. മറ്റ് നെറ്റ് വർക്കിലേക്കുള്ള കോളുകൾക്ക് ഉപയോക്താക്കള്‍ ഇനി മിനുട്ടിന് ആറ് പൈസ നല്‍കണമെന്ന് ജിയോ അറിയിച്ചു. കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിലായിരുന്നു അറിയിപ്പ്. ട്രായ് നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

അതേസമയം, സ്വന്തം നെറ്റ്‌വര്‍ക്കിലേക്കുള്ള വോയ്‌സ് കോളുകള്‍ കമ്പനി സൗജന്യമായി തുടരും. ഇതര നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളിന് കമ്പനി നല്‍കിവരുന്ന ഐയുസി(ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്)യിലുണ്ടായ നഷ്ടം നികത്താനാണ് ജിയോയുടെ പുതിയ നീക്കമെന്നും സൂചനകളുണ്ട്. ഇത്രയും നാൾ പരിധിയില്ലാത്ത സൗജന്യകോളുകളായിരുന്നു റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്.
എന്നാല്‍ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് വോയ്‌സ് കോളുകളും അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്ന പുതിയ ടോപ്പ്-അപ്പ് വൗച്ചറുകകളും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ടോപ് -അപ് പായ്ക്കുകൾ പതിവ് റീചാർജ്/ ബില്ലിംഗ് പ്ലാനിന് പുറമെയായിരിക്കും നടപ്പാക്കുക. ഈ പായ്ക്കുകളിൽ ബണ്ടിൽ ചെയ്യുന്ന സൗജന്യകോളുകൾ പ്രയോജനപ്പെടുത്തുന്നവരിൽ നിന്നും മിനിറ്റിന് 6 പൈസ ഈടാക്കില്ല.
കമ്പനി പ്രവര്‍ത്തനം ആരംഭിച്ച് ഇതാദ്യമായാണ് വോയ്‌സ് കോളുകൾക്കായി ജിയോ ഉപയോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുന്നത്. 2020 ജനുവരി 1 മുതൽ ഇന്റർകണക്ട് ഉപയോഗ ചാർജുകൾ പൂജ്യമായി കുറയ്ക്കാനുള്ള പദ്ധതികൾ നിലവിൽ അനിശ്ചിതത്വത്തിലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2017ല്‍ ട്രായ് ഐയുസി മിനുട്ടിന് 14 പൈസയില്‍നിന്ന് ആറ് പൈസയാക്കി കുറച്ചിരുന്നു. 2020 ജനുവരിയില്‍ ഇത് പൂര്‍ണമായി അവസാനിപ്പിക്കുമെന്നും ട്രായ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സമയ പരിധി പരിഷ്കരിക്കാൻ ട്രായ് തയ്യാറാവുന്നെന്ന റിപ്പോര്‍ട്ടുകൾക്ക് പിന്നാലെയാണ് ജിയോ കോളുകൾക്ക് ചാർജ്ജ് ഈടാക്കുന്നത്.
സൗജന്യ സേവനത്തിനായി 10 മുതൽ 100 രൂപവരെയുള്ള ടോപ് അപ് കാർഡുകളാണ് ജിയോ പുതിയതായി പുറത്തിറക്കിയിരിക്കുന്നത്.
10 രൂപയുടെ ടോപ്- അപ് വൗച്ചർ ജിയോ ഇതര മൊബൈലുകളിലേക്ക് 124 മിനിറ്റ് ഐയുസി ഇതര കോളുകളും 1 ജിബി സൗജന്യ അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നു.
20 രൂപയുടെ ടോപ് - അപ് വൗച്ചർ 2 ജിബി ഡാറ്റയ്‌ക്കൊപ്പം 249 മിനിറ്റ് കോളും നൽകുന്നു.
50 രൂപയുടെ ടോപ് - അപ് വൗച്ചർ ചെയ്താൽ മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളിലേക്ക് 656 മിനിറ്റ് കോളുകളും 5 ജിബി ഡാറ്റയും ലഭിക്കും.
100 രൂപ വൗച്ചർ 1,362 മിനിറ്റ് കോളും 10 ജിബി അധിക ഡാറ്റയും നൽകുന്നു.


Next Story

Related Stories