TopTop
Begin typing your search above and press return to search.

ടിക്ക് ടോക്ക് ഉപയോഗിക്കുന്ന ഇന്ത്യക്കാര്‍ 12 കോടിയിലേറെ; നിരോധനം വിപണിയെ എങ്ങനെ മാറ്റിമറിക്കും?

ടിക്ക് ടോക്ക് ഉപയോഗിക്കുന്ന ഇന്ത്യക്കാര്‍ 12 കോടിയിലേറെ; നിരോധനം വിപണിയെ എങ്ങനെ മാറ്റിമറിക്കും?

ചൈനീസ് വ്യാപാരമേഖലയോടുള്ള ഇന്ത്യയുടെ ആദ്യത്തെ ശക്തമായ പ്രതികരണമാണ് ടിക്ക് ടോക്ക് അടക്കം 59 മൊബൈല്‍ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം എന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലെ കമ്പനികള്‍ക്ക് നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന ഭേദഗതി നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ചൈന ഇതിനെതിരെ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ലഡാക്കിലെ അതിർത്തി സംഘർഷം ശക്തമായതും. ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയാല്‍ ലോകവ്യാപാര സംഘടനയില്‍ ചൈനയ്ക്ക് ഇത് ചോദ്യം ചെയ്യാം. ഇത് കണക്കിലെടുത്താണ് ടെക്‌നോളജി മേഖലയില്‍ ഇത്തരമൊരു നടപടിക്ക് സര്‍ക്കാര്‍ മുതിര്‍ന്നിരിക്കുന്നത് എന്നാണ് സൂചന എന്ന് ഇന്ത്യന്‍ എക്സ്പ്രസ് ചൂണ്ടിക്കാട്ടുന്നു. ഫിസിക്കല്‍ ഗൂഡ്‌സിന് ഏര്‍പ്പെടുത്തുന്ന നിരോധനം ഇന്ത്യയുടെ വ്യാപാരത്തേയും സമ്പദ് വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കാം. ചൈനയെ അത്ര വലിയ തോതില്‍ ബാധിക്കുകയുമില്ല.

എഫ് ഡി ഐ ചട്ടങ്ങളില്‍ മാറ്റം വരുത്തിയത് ഇന്ത്യന്‍ ഐടി സ്റ്റാര്‍ട്ട് അപ്പ് കമ്പനികളില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് ചൈനീസ് കമ്പനികളായ ആലിബാബയേയും ടെന്‍സെന്റിനേയും മറ്റും പിന്തിരിപ്പിക്കാനിടയുണ്ട്. 2015 മുതല്‍ 2019 വരെയുള്ള കാലത്ത് ആലിബാബ, ടെന്‍സെന്റ്, ടി ആര്‍ കാപ്പിറ്റല്‍, ഹില്‍ഹൗസ് കാപ്പിറ്റല്‍ എന്നീ കമ്പനികള്‍ 5.5 ബില്യണ്‍ ഡോളറാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളില്‍ നിക്ഷേപിച്ചത്. 29 യൂണിക്കോണുകളില്‍ (100 കോടി ഡോളറിലധികം മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍) 16 എണ്ണത്തിലും ഒരു ചൈനീസ് ഇന്‍വെസ്റ്ററെങ്കിലുമുണ്ട് എന്ന് വെൻച്വർ ഇൻ്റലിജൻസ് ഡാറ്റ പറയുന്നു.

ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന മൊബൈല്‍ ആപ്പ് ആണ് ടിക്ക് ടോക്ക്. 12 കോടിയിലധികം ഇന്ത്യക്കാര്‍ ടിക്ക് ടോക്ക് ഉപയോഗിക്കുന്നു. ഇന്ത്യയുടെ പുതിയ യുവസംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ ടിക്ക് ടോക്ക് വലിയ പങ്കാണ് വഹിക്കുന്നത് എന്ന വിലയിരുത്തലുണ്ട്. ബൈറ്റ് ഡാന്‍സ് എന്ന ചൈനീസ് കമ്പനിയാണ് ടിക്ക് ടോക്കിനേയും ഹലോയേയും ഒക്കെ നിയന്ത്രിക്കുന്നത്. ഏപ്രിലില്‍ ലോകത്താകെ 200 കോടിയിലധികം പേരാണ് ടിക്ക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 30 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെന്‍സര്‍ ടവര്‍ എന്ന മാര്‍ക്കറ്റ് ഇന്റലിജന്‍സ് കമ്പനി പറയുന്നു. ചൈനയിൽ നിന്നും യുഎസ്സിൽ നിന്നും ലഭിക്കുന്ന ആപ്പ് റെവന്യൂ ഇന്ത്യയിൽ നിന്ന് കിട്ടുന്നില്ലെങ്കിൽ പോലും.

അതേസമയം ടിക്ക് ഇന്ത്യയില്‍ വികസനപരിപാടികളുമായി മുന്നോട്ടുപോവുകയാണ്. കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ ബൈറ്റ് ഡാന്‍സ് ഫയല്‍ ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നത്. വീ ചാറ്റ് എന്ന മെസ്സേജിംഗ് ആപ്പിനും വീബോ എന്ന ട്വിറ്ററിന് പകരമുള്ള ചൈനീസ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. 2012നും 2018നുമിടയ്ക്ക് ഇന്ത്യക്കാര്‍ ഒരു ദിവസം ഓണ്‍ലൈന്‍ വീഡിയോ കാണാന്‍ ഉപയോഗിക്കുന്ന സമയം ശരാശരി രണ്ട് മിനുട്ടില്‍ നിന്ന് 50 മിനുട്ടായി കൂടിയിട്ടുണ്ട്.

യൂടൂബിന് ടിക്ക് ടോക്കിനേക്കാള്‍ യൂസര്‍മാരുണ്ടെങ്കിലും ടിക്ക് ടോക്കിന്റെ സ്വാധീനം വളരെ വലുതാണ്. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലുള്ള ടിക്ക് ടോക്കിന്റെ സ്വാധീനം അത്രക്ക് വലുതാണ്. 15ലധികം ഇന്ത്യന്‍ ഭാഷകള്‍ ഈ ചൈനീസ് ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമപ്രദേശങ്ങളിലെ അറിയപ്പെടാത്ത പ്രതിഭകളെ മുഖ്യധാരയ്ക്ക് മുന്നില്‍ ടിക്ക് ടോക്ക് കൊണ്ടുവന്നു. ഏറ്റവും കൂടുതല്‍ ടിക്ക് ടോക്ക് ഇന്‍സ്റ്റാളുകള്‍ വരുന്നത് ഇന്ത്യയിലാണെന്ന് സെന്‍സര്‍ ടവര്‍ പറയുന്നത്. 611 മില്യണ്‍ ലൈഫ്‌ടൈം ഡൗണ്‍ലോഡുകള്‍. ലോകത്താകെ വരുന്നതിന്റെ 30.3 ശതമാനം. രണ്ടാമത് ചൈനയാണ്. 196.6 മില്യണ്‍. ആകെയുള്ളതിന്റെ 9.7 ശതമാനം മാത്രം. ഡൂയിന്‍ (Douyin) എന്നാണ് ചൈനീസ് പേര്. തേഡ് പാര്‍ട്ടി ആന്‍ഡ്രോയ്ഡ് സ്‌റ്റോര്‍ ഇന്‍സ്റ്റാളുകള്‍ കൂടാതെയാണിത്. യുഎസ്സില്‍ 165 മില്യണ്‍ ഇന്‍സ്റ്റാളുകള്‍. ആകെയുള്ളതിന്റെ 8.2 ശതമാനം.

2019 മേയിലും ടിക്ക് ടോക്കിന് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയിരുന്നു. കുട്ടികള്‍ക്കെതിരായ അവകാശലംഘനത്തിന് കാരണമാകുമെന്ന് പറഞ്ഞ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് ടിക്ക് ടോക്കിന് രണ്ടാഴ്ചത്തെ നിരോധനമേര്‍പ്പെടുത്തിയത്. ടിക്ക് ടോക്ക് കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഇത്തവണയും കേന്ദ്ര് തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ടിക്ക് ടോക്ക് അറിയിച്ചു.

ബൈറ്റ് ഡാന്‍സ് കമ്പനിയുടെ തന്നെ ഹലോ ആപ്പ് അടക്കമുള്ളവയും ഇന്ത്യയില്‍ വളരെയേറെ ജനപ്രീതിയുള്ളവയാണ്. ഇംഗ്ലീഷ് അറിയാത്ത ഇന്ത്യക്കാർക്ക് ഈ ആപ്പുകൾ പ്രാദേശിക ഭാഷയിൽ ലഭ്യമാകുന്നു. ഇത്തരം സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നവരെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നിരാശയുണ്ടാക്കിയേക്കാം.


Next Story

Related Stories