Top

3,012 കോടി രൂപയുടെ ലാഭമുണ്ടായെന്ന് എസ്ബിഐ; 472 കോടി നഷ്ടമാണെന്ന് എംപ്ലോയീസ് അസോസിയേഷന്‍

3,012 കോടി രൂപയുടെ ലാഭമുണ്ടായെന്ന് എസ്ബിഐ; 472 കോടി നഷ്ടമാണെന്ന് എംപ്ലോയീസ് അസോസിയേഷന്‍

ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 3,012 കോടി രൂപയുടെ ലാഭമുണ്ടായെന്ന് എസ്ബിഐ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറിലാണ് എസ്ബിഐ ഇക്കാര്യം അവകാശപ്പെട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 945 കോടി രൂപയുടെ ലാഭം ഉണ്ടായ സ്ഥാനത്താണ് ഇതെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഈ വര്‍ഷം പലിശയില്‍ നിന്നുള്ള ആകെ വരുമാനം 24,600 കോടി രൂപയായെന്നും കഴിഞ്ഞ വര്‍ഷം ഇത് 20,906 കോടിയാണെന്നും ഇവര്‍ പറയുന്നു. ആഭ്യന്തര പലിശ വരുമാനം 3.22 ശതമാനം വര്‍ധിച്ചതായും ഈ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പലിശേതര വരുമാനം 9,375 കോടി രൂപയില്‍ നിന്നും 12,023 കോടി രൂപയായും വര്‍ധിച്ചു. പ്രവര്‍ത്തനലാഭത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

നിഷ്‌ക്രിയ ആസ്തിയിലും ഇളവ് വന്നിട്ടുണ്ട്. കിട്ടാക്കടത്തില്‍ നിന്നുള്ള നഷ്ടത്തിലും കുറവ് വന്നിട്ടുണ്ടെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. അതേസമയം ഈ കണക്കുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ബാങ്ക് പുറത്തുവിടുന്ന കണക്കുകളില്‍ നിന്നു തന്നെ നഷ്ടത്തിലാണ് പോകുന്നതെന്ന് വ്യക്തമാകുമെന്നും ഓള്‍ ഇന്ത്യ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് അസോസിയേഷന്‍ പുറത്തുവിടുന്ന കണക്കുകളില്‍ പറയുന്നു.

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന്റെ 3,484 കോടി രൂപയുടെ ഓഹരി വിറ്റിട്ടുണ്ടെന്ന് ഇവര്‍ പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നു. ഈ ഓഹരി വിറ്റ തുക ലാഭത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അങ്ങനെ നോക്കിയാല്‍ 472 കോടി രൂപയുടെ നഷ്ടമാണ് യഥാര്‍ത്ഥത്തില്‍ ബാങ്കിന് ഉണ്ടായിരിക്കുന്നതെന്ന് മനസിലാക്കാമെന്നും ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ നേതാവ് സന്തോഷ് സെബാസ്റ്റിയന്‍ സര്‍ക്കുലര്‍ വിശദീകരിച്ചുകൊണ്ട് അഴിമുഖത്തോട് പറഞ്ഞു. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് കാര്യങ്ങള്‍ നടത്തുന്നത് പോലെയാണ് ബാങ്കിന്റെ കൈവശമുള്ള ഓഹരികള്‍ ഓരോന്നായി വില്‍ക്കുന്നത്.

ലോകത്തില്ലാത്ത ചാര്‍ജ്ജുകളെല്ലാം പിടിക്കുന്ന ബാങ്കാണ് എസ്ബിഐ. സര്‍വീസ് ചാര്‍ജ്ജ്, എസ്എംഎസ് ചാര്‍ജ്ജ് തുടങ്ങീ നിരവധി ചാര്‍ജ്ജുകളാണ് എസ്ബിഐ ഈടാക്കുന്നത്. അതില്‍ നിന്നും എങ്ങനെയായാലും നല്ലരീതിയില്‍ വരുമാനമുണ്ടായിട്ടുണ്ട്. ഇപ്പോള്‍ പറഞ്ഞിരിക്കുന്ന ലാഭത്തില്‍ ഇതില്‍ നിന്നുള്ള വിഹിതം എത്രയാണെന്ന് അറിയണമെങ്കില്‍ വിവരാവകാശ നിയമ പ്രകാരം നീങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Next Story

Related Stories