TopTop

ഇന്ത്യയിൽ മാന്ദ്യമെന്ന് ലോക സാമ്പത്തിക സ്ഥാപനങ്ങളുടെ പഠനങ്ങളും സർവ്വേകളും; സർക്കാരിന്റെ നിശ്ശബ്ദതയ്ക്ക് പ്രതിസന്ധിയെ മറികടക്കാനാകുമോ?

ഇന്ത്യയിൽ മാന്ദ്യമെന്ന് ലോക സാമ്പത്തിക സ്ഥാപനങ്ങളുടെ പഠനങ്ങളും സർവ്വേകളും; സർക്കാരിന്റെ നിശ്ശബ്ദതയ്ക്ക് പ്രതിസന്ധിയെ മറികടക്കാനാകുമോ?

ബിജെപിയുടെ നയപരിപാടികളുടെ വിചാരകേന്ദ്രമായ നാഗ്പൂർ ആർഎസ്എസ് ആസ്ഥാനത്തു നിന്നും വരുന്ന വാക്കുകൾ ഇങ്ങനെയാണ്: "ചിലയാളുകൾ കരുതുന്നു സ്വദേശിവൽക്കരണമെന്നു പറഞ്ഞാൽ അത് ലോകവുമായുള്ള ബന്ധങ്ങൾ വിച്ഛേദിക്കലാണെന്ന്. എന്നാൽ കാര്യം അങ്ങനെയല്ല. മുമ്പെന്നെത്തേക്കാളുമധികം ശക്തമായ സാമ്പത്തിക ബന്ധങ്ങൾ ഇപ്പോൾ രാജ്യങ്ങൾ തമ്മിലുണ്ട്. എന്നാൽ ഏതെല്ലാം രാജ്യങ്ങൾക്കാണ് ഏറ്റവും ശക്തമായ ബന്ധങ്ങളുണ്ടാവുക? സ്വയംസമ്പൂർണമായ രാജ്യങ്ങൾക്കേ അത് സാധിക്കൂ!" വിജയദശമി ദിനത്തിൽ സന്ദേശം നൽകുകയായിരുന്ന ആർഎസ്എസ് സർസംഘചാലക് മോഹന്‍ ഭാഗവത്, സാമ്പത്തിക മാന്ദ്യത്തെ നേരിടാനുള്ള വഴികൾ നിർദ്ദേശിക്കവെയാണ് ഇതു പറഞ്ഞത്. സാമ്പത്തികമാന്ദ്യം നേരിടാൻ നേരിട്ടുള്ള വിദേശനിക്ഷേപം വർധിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇതിന് തങ്ങള്‍ തന്നെ മുൻകാലങ്ങളിൽ ഉയർത്തിപ്പിടിച്ച സ്വദേശിവൽക്കരണം എന്ന ആശയം അബദ്ധമാണെന്ന തിരിച്ചറിവും അദ്ദേഹത്തിന് ഇപ്പോഴുണ്ട്. ഇന്നും സാമ്പത്തികമാന്ദ്യം നിലനിൽക്കുന്നതായി സർക്കാർ നേരിട്ട് സമ്മതിച്ചിട്ടില്ല. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ ഇപ്പോഴും സർക്കാരിന് വ്യക്തത കൈവന്നിട്ടില്ലെന്നത് ഇതിനൊരു കാരണമാകാം. എന്തായാലും ആശങ്കകൾ വലുതാണെന്ന് സർസംഘചാലക് അടക്കമുള്ളവരുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

രാജ്യത്തെ ജനങ്ങള്‍ക്ക് വിപണിയിൽ നിന്ന് ഉപഭോഗ സാധനങ്ങൾ വാങ്ങുന്നതിനുള്ള ശേഷി വലിയ തോതിൽ കുറഞ്ഞതായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ തന്നെയാണ് ഈ മാസമാദ്യത്തിൽ ചൂണ്ടിക്കാട്ടിയത്. മാസംതോറും നടത്തുന്ന കൺസ്യൂമർ കോൺഫിഡൻസ് സർവ്വേയുടെ റിപ്പോർട്ടിലാണ് ജനങ്ങളുടെ ആത്മവിശ്വാസം ഇടിഞ്ഞതായി പറയുന്നത്.

നിലവിലെ സാമ്പത്തിക സാഹചര്യത്തെ ഏതുതരത്തിൽ ഉപഭോക്താവ് നോക്കിക്കാണുന്നുവെന്നത് ഈ സർവ്വേയുടെ അന്വേഷണ ലക്ഷ്യങ്ങളിലൊന്നാണ്. സാമ്പത്തികരംഗത്തെ ഒരു പ്രധാന പ്രശ്നത്തെ ഇപ്പോൾ എങ്ങനെ ഉപഭോക്താവ് കാണുന്നുവെന്നും ഭാവിയിൽ അതിന്റെ നില എന്തായിരിക്കുമെന്നാണ് ഉപഭോക്താവ് കരുതുന്നതെന്നും സർവ്വേ മനസ്സിലാക്കുന്നു. ഇത് പ്രസ്തുത ഉപഭോക്താവിന്റെ വാങ്ങൽ മനോഭാവത്തെ എങ്ങനെ ബാധിച്ചിരിക്കുന്നുവെന്നും ഇതിലൂടെ മനസ്സിലാക്കും. ഈ സൂചിക നൂറിനു മുകളിലാണെങ്കിൽ ഉപഭോക്താവിന് മികച്ച ക്രയപരമായ ആത്മവിശ്വാസമുണ്ടെന്ന് അനുമാനിക്കുന്നു. ഇതിനും ഏറെ താഴെയാണ് നിലവിലെ സുചികയുടെ നിലയെന്ന് ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നു. ഉയർന്ന ക്രയ ആത്മവിശ്വാസം ഉപഭോക്താവിനുണ്ടെങ്കിൽ അയാൾ സമ്പാദ്യമായി നീക്കിവെക്കുന്നതിനെക്കാളധികം തുക ചെലവഴിക്കുന്നു. കൂടുതല്‍ സാധനങ്ങൾ വിപണിയിൽ നിന്നും വാങ്ങുന്നു. നിലവിൽ ഇത്തരമൊരു പ്രവണത ജനങ്ങൾ കാണിക്കുന്നില്ല. അതായത്, ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് ചെലവിടലിന് ഉപഭോക്താക്കളെ പ്രേരിപ്പിക്കുക. ഇത്തരമൊരു ശുഭപ്രതീക്ഷ ജനങ്ങൾക്ക് ഗൗരവകരമാംവിധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നാണ് ആർബിഐയുടെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നത്.

സാമ്പത്തിക രംഗത്തെ ഗവേഷണങ്ങൾക്ക് ഖ്യാതി നേടിയ അമേരിക്കൻ സ്ഥാപനം നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിലെ (National Bureau of Economic Research (NBER) ഗവേഷകർ അവതരിപ്പിച്ച ഒരു പ്രബന്ധവും രാജ്യത്ത് നിലനിൽക്കുന്ന മാന്ദ്യത്തെക്കുറിച്ചും അതിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചും പറയുകയുണ്ടായി. എടിഎം മെഷീനുകളിലൂടെയുള്ള ഇടപാടുകൾ കൂടി വിശകലനം ചെയ്താണ് എൻബിഇആർ തങ്ങളുടെ പഠനം (Cash and the Economy: Evidence from India's Demonetisation) പൂർത്തിയാക്കിയത്. നോട്ടുനിരോധനം കാര്യമായി ബാധിച്ച ജില്ലകളിൽ എടിഎമ്മുകളിൽ നിന്നുള്ള പണം പിൻവലിക്കൽ വലിയ തോതിൽ കുറഞ്ഞിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. രാജ്യത്തെ പണത്തിന്റെ ലഭ്യതയും എടിഎം മെഷീനുകളിൽ നിന്നുള്ള പിൻവലിക്കലിന്റെ സ്വഭാവവും രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തികകമ്മിയെ വെളിപ്പെടുത്തുന്നുണ്ട്. നോട്ടുനിരോധനം സാമ്പത്തിക പ്രവർത്തനങ്ങളിൽ വലിയ പ്രത്യാഘാതമാണ് രാജ്യത്ത് സൃഷ്ടിച്ചതെന്നും പഠനം പറയുന്നു.

വിചിത്രമെന്നു തോന്നാവുന്ന മറ്റു ചില ഡാറ്റ കൂടി ഈ പഠനത്തിന് ഉപയോഗിക്കുകയുണ്ടായി. രാത്രികാലങ്ങളിലെ ഭൂമിയുടെ സാറ്റലൈറ്റ് ചിത്രങ്ങൾ ഉപയോഗിച്ചുള്ള വിശകലനങ്ങളായിരുന്നു ഇത്. രാത്രിയിൽ കൂടുതൽ ലൈറ്റുകൾ ഭൂമിയിൽ പ്രകാശിക്കുന്നതായി ഈ ചിത്രങ്ങളിൽ കാണുന്നുവെങ്കിൽ അതിനർത്ഥം സാമ്പത്തികരംഗം സജീവമായി നിലനിൽക്കുന്നുവെന്നാണ്. നോട്ടുനിരോധനത്തിനു ശേഷമുള്ള സാറ്റലൈറ്റ് ചിത്രങ്ങൾ പറയുന്നത് സാമ്പത്തികരംഗം സജീവമല്ലെന്നാണ്.

രാജ്യത്ത് സാമ്പത്തികമാന്ദ്യം നിലനിൽക്കുന്നതായി നേരിട്ട് പറയാൻ മടിക്കുന്ന ധനമന്ത്രി പക്ഷെ, മാന്ദ്യം അനുഭവപ്പെടാത്ത മേഖലകളെക്കുറിച്ച് പറയുകയുണ്ടായി. ചെറുകിട സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും ഉയർന്ന ക്രയശേഷിയുണ്ടെന്നായിരുന്നു കണ്ടെത്തൽ. സ്വകാര്യ ബാങ്കുകളും പണമില്ലായ്മയുടെ പ്രശ്നം നേരിടുന്നില്ലെന്നും അവർ പണം വായ്പ നൽകാൻ മടിക്കുന്നതാണെന്നും മന്ത്രി മനസ്സിലാക്കി. നടപ്പ് ഉത്സവസീസണിൽ കൂടുതൽ ശക്തമായി വിപണിയിലിടപെടാൻ അവരെക്കൊണ്ട് സമ്മതിപ്പിക്കാൻ മന്ത്രി നേരിട്ടു പോയി ചർച്ചകൾ നടത്തി.

അതെസമയം രാജ്യത്ത് വലിയതോതിൽ തൊഴിൽ സൃഷ്ടിക്കുന്ന ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ മാന്ദ്യം നേരിടാനാകാതെ പൂട്ടിപ്പോകുകയോ പ്രവർത്തനങ്ങൾ ചുരുക്കുകയോ ചെയ്തുവെന്നാണ് എസ്ഐജിബിഐ (Small Industries Development Bank of India) നടത്തിയ സർവ്വേ കണ്ടെത്തിയത്. ഉപഭോക്താക്കൾ വാങ്ങുന്നത് കുറച്ചതോടെ വിവിധ ഉൽപ്പാദന മേഖലകൾ തളരുകയാണെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ വാണിജ്യമേഖലയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് വലിയതോതിൽ കുറഞ്ഞതായി വെളിപ്പെടുത്തിയത് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ ഫണ്ടൊഴുക്ക് 88 ശതമാനം കണ്ട് ഇടിഞ്ഞതായാണ് റിപ്പോർട്ട്.

ബാങ്കുകളില്‍ നിന്നും ബാങ്കിതര സാമ്പത്തികസ്ഥാപനങ്ങളിൽ നിന്നുമുള്ള പണമൊഴുക്കാണ് ഗുരുതരമായ വിധത്തിൽ തടസ്സപ്പെട്ടിരിക്കുന്നത്. 2019-20 കാലയളവിലെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 90,995 കോടി രൂപയാണ് വാണിജ്യമേഖലയിലേക്ക് എത്തിയിട്ടുള്ള ഫണ്ട്. ഇത് മൂൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിലെ ഫണ്ടൊഴുക്കിനെക്കാൾ ഗണ്യമായ കുറവാണ് കാണിക്കുന്നത്. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 7,36,087 കോടി രൂപയായിരുന്നു വാണിജ്യമേഖലയിലേക്ക് ഒഴുകിയെത്തിയത്.

ഭക്ഷ്യേതര വ്യവസായങ്ങൾക്ക് ബാങ്കുകൾ നൽകുന്ന വായ്പകൾ വളരെയേറെ കുറഞ്ഞിരിക്കുകയാണ്. മുൻ സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ 1,65,187 കോടി രൂപയാണ് ഈ വിഭാഗത്തിൽ വായ്പയായി നൽകിയിരുന്നതെങ്കിൽ നടപ്പുവർഷത്തിൽ ഇത് 93,688 കോടിയായി കുറഞ്ഞിരിക്കുകയാണ്.

ഇന്ത്യ നീങ്ങുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണെന്നാണ് ഐഎംഎഫ് പറയുന്നത്. ലോകത്തിലെ 90 ശതമാനം രാജ്യങ്ങളിലും മാന്ദ്യം നിലനിൽക്കുന്നുണ്ടെങ്കിലും അത് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ പ്രകടമാകുന്നതെന്ന് ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു. ഇതിനു തൊട്ടു മുമ്പാണ് ദക്ഷിണേഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥയെന്ന വിശേഷണം ബംഗ്ലാദേശിന് കൈവന്നത്. നേരത്തെ ഇന്ത്യയാണ് ഒന്നാമത് നിന്നിരുന്നത്. ഇപ്പോൾ അതിവേഗം ഇടിയുന്ന സാമ്പത്തിക വ്യവസ്ഥയായി പരിണമിക്കുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

നിരവധി സ്വകാര്യ സർവ്വേകളും ഐഎംഎഫ് പോലുള്ള ആധികാരിക സ്ഥാപനങ്ങളുടെ ഗവേഷണ-വിചാരകേന്ദ്രങ്ങളും ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തെയും അതിന്റെ ഗുരുതര സ്ഥിതിയെയും കുറിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു നിർത്താനുള്ള ശ്രമങ്ങൾക്കാണോ സർക്കാര്‍ മുൻതൂക്കം നൽകുന്നതെന്ന് സംശയിക്കേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നത്. മാന്ദ്യമുണ്ടെന്നത് തുറന്നു പറയാനും അതിനെ ഉറപ്പോടെ നേരിടാനും സർക്കാരിന് ഇപ്പോഴും കഴിയുന്നുണ്ടോയെന്ന് സംശയിക്കപ്പെടുന്നു.


Next Story

Related Stories