TopTop

വോഡാഫോൺ ഐഡിയ തകര്‍ച്ചയിലേക്കൊ? ഇന്ത്യൻ ടെലികോം മേഖല പ്രതിസന്ധിയില്‍

വോഡാഫോൺ ഐഡിയ തകര്‍ച്ചയിലേക്കൊ? ഇന്ത്യൻ ടെലികോം  മേഖല പ്രതിസന്ധിയില്‍

സ്പെക്ട്രം ലൈസൻസ് ഫീസുൾപ്പെടെ 1.47 ലക്ഷം കോടി രൂപ കുടിശ്ശിക വരുത്തിയ വിവിധ ടെലികോം കമ്പനികൾക്ക് സുപ്രീം കോടതി അന്ത്യ ശാസനം നൽകിയതോടെ കുടുതൽ പ്രതിസന്ധിയിലായി ടെലികോം മേഖല. സുപ്രീം കോടതിയുടെ നിർദേശത്തിന് പിന്നാലെ കമ്പനികൾക്ക് സാവകാശം നൽകിയ നടപടി പുനഃപ്പരിശോധിക്കാൻ കേന്ദ്ര ടെലി കമ്മ്യൂണിക്കേൻ വകുപ്പും നടപടികൾ തുടങ്ങി. എന്നാൽ‌ തുക തിരിച്ചടയ്ക്കുന്നതിൽ അടിയന്തിരമായി ഇളവ് ലഭിച്ചില്ലെങ്കിൽ വോഡാഫോൺ ഐഡിയ ഗ്രൂപ്പിന്റെ രാജ്യത്തെ പ്രവർത്തനം വരും ആഴ്ചകളിൽ തന്നെ തകർച്ചയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

അതിനിടെ, സുപ്രീം കോടതി നിർദേശത്തിന് പിന്നാലെ ഭാഗികമായെങ്കിലും കുടിശ്ശിക ഒടുക്കാൻ തയ്യാറാവുകയാണ് ഭാരതി എയർടെൽ എന്നും റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കുടിശ്ശിക തുകയിൽ 10,000 കോടി ഫെബ്രുവരി 20ന് അടയ്ക്കാമെന്ന് ഭാരതി എയർടെൽ ടെലി കമ്യൂണിക്കേഷൻ വകുപ്പിനെ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഉത്തരവിന് പിന്നാലെ ഭാരതി എയർടെൽ വെള്ളിയാഴ്ച നൽകിയ കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്: " ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധിക്കും ഇന്നത്തെ നിർദ്ദേശത്തിനും അനുസൃതമായി, ഭാരതി ഗ്രൂപ്പ് കമ്പനികൾക്കായി 2020 ഫെബ്രുവരി 20 നകം 10,000 കോടി രൂപ സർക്കാരിൽ ഒടുക്കാൻ തയ്യാറാണ്. ബഹുമാനപ്പെട്ട സുപ്രീംകോടതി നിശ്ചയിച്ച അടുത്ത വാദം കേൾക്കുന്നതിന് മുമ്പായി തങ്ങളുമായി ബന്ധപ്പെട്ട കണക്കെടുപ്പുകൾ പൂർത്തിയാക്കി പണമടയ്ക്കുമെന്ന് ഉറപ്പുണ്ട്. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്' എന്ന് വ്യക്തമാക്കുന്നു. എന്നാൽ 53,000 കോടി അടയ്ക്കാനുള്ള വോഡാഫോൺ ഇന്ത്യ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

വെള്ളിയാഴ്ച ഉച്ചയോടെയാണ് പണമടയ്ക്കാൻ സാവകാശം തേടി ടെലികോം കമ്പനികൾ നൽകിയ ഹർജി പരിഗണിച്ച് സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചതും അന്ത്യശാസനം നൽകിയതും. പിന്നാലെ തുടർനടപടികൾ തീരുമാനിക്കാൻ ടെലികോം സെക്രട്ടറി അൻഷു പ്രകാശ്, ധനകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ പി കെ സിൻഹ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ടെലികോം മന്ത്രി രവിശങ്കർ പ്രസാദുമയി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സുപ്രീം കോടതി വിമർശിച്ച ഇളവ് നൽകിയ ഉത്തരവ് പിൻവലിക്കാന്‍ മന്ത്രി നിർദേശിച്ചു. തുടർ നടപടിയിലേക്ക് നീങ്ങാനും നിർദേശം നൽകി.

എന്നാൽ, കനത്ത കുടിശ്ശിക ടെലികോം മേഖലിയിൽ രാജ്യത്ത് രണ്ട് കമ്പനികൾ മാത്രമുള്ള അവസ്ഥയിലേക്ക് എത്തിക്കുമെന്നാണ് വ്യവസായ നിരീക്ഷകരുടെ അഭിപ്രായം. ഇത് കൂടി കണക്കിലെടുത്താണ് നടപടികൾ പൂർത്തിയാക്കാൻ സമയം അനുവദിച്ചതും. എന്നാൽ‌ പ്രതിസന്ധി മൂലം കമ്പനികൾ പ്രവർത്തനം അവസാനിപ്പിക്കുന്ന സ്ഥിതിവിശേഷം വരികയും ചുരുങ്ങിയ കമ്പനികളിലേക്ക് മേഖല ഒതുങ്ങുകയും ചെയ്താൽ ഈ രംഗത്തെ ധനകാര്യ സേവന മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തുന്നു.

കുടിശ്ശിക വിഷയത്തിൽ സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയതോടെ അന്താരാഷ്ട്ര ഓഹരി വിപണിയിൽ ഉൾപ്പെടെ തുടർ ചലനങ്ങളും ദൃശ്യമായിരുന്നു. വോഡഫോൺ ഉൾപ്പെടെയുള്ള കമ്പനികളുടെ ഓഹരിയിൽ വലിയ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ വോഡഫോൺ ഐഡിയയുടെ സ്ക്രിപ്റ്റ് വ്യാഴാഴ്ച ക്ലോസ് ടു എൻഡ് ട്രേഡിംഗിൽ 23.21 ശതമാനം ഇടിഞ്ഞ് 3.44 രൂപയായി. എന്നാൽ ഭാരതി എയർടെല്ലിന്റെ ഓഹരി വില 4.69 ശതമാനം ഉയർന്ന് 565.10 രൂപയിലെത്തി.

അതിനിടെ, എജിആർ കുടിശ്ശിക ഒടുക്കാൻ ധനസഹായം തേടി ടെലികോം കമ്പനികൾ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ രജനിഷ് കുമാർ പറഞ്ഞു. പണം കണ്ടെത്തുന്നതിന് ടെലികോം കമ്പനികൾക്ക് ചുമതലയുണ്ടെന്നും അവർ തന്നെ ക്രമീകരണങ്ങൾ ചെയ്യുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്പെക്ട്രം യൂസേജ് ചാർജും കുടിശ്ശികയും ഉൾ‌പ്പെട്ടെ 1.47 ലക്ഷം കോടിയാണ് രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ ടെലികോം കമ്പനികൾ കേന്ദ്ര സർക്കാറിൽ അടയ്ക്കേണ്ടത്. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർ‌കോം) എന്നിവയിൽ നിന്ന് 92,000 കോടി രൂപയും സ്‌പെക്ട്രം ഉപയോഗ ഫീസായി 41,000 കോടി എന്നിങ്ങനെയായിരുന്നു ടെലികോം വകുപ്പ് ആവശ്യപ്പെട്ടത്. ഇത് പ്രകാരം ഭാരതി എയർടെല്ലിന് 23,000 കോടി രൂപയും വോഡഫോൺ ഐഡിയ 19,823.71 കോടി രൂപ, റിലയൻസ് കമ്മ്യൂണിക്കേഷൻസ് 16,456.47 കോടി രൂപ എന്നിങ്ങനെയായിരുന്നു ഒടുക്കേണ്ടത്.

എന്നാൽ, 2017 ഡിസംബറിൽ പ്രവർത്തനം നിർത്തിവച്ച റിലയൻസ് കമ്മ്യൂണിക്കേഷൻസ് പിന്നാലെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആവശ്യപ്പെട്ട് അപേക്ഷയും നൽകിയിരുന്നു. പിന്നാലെ പ്രതിസന്ധി വ്യക്തമാക്കി വോഡഫോണും രംഗത്തെത്തി. പണം അടയ്ക്കുന്നതിന് സർക്കാർ ഇടപെട്ട് ആശ്വാസം പ്രഖ്യാപിക്കുകയോ നിയമപരമായ പരിഹാരം കണ്ടെത്തുകയോ ചെയ്തില്ലെങ്കിൽ ഇന്ത്യയിൽ ബിസിനസ്സ് തുടരാനാവില്ലെന്നായിരുന്നു വോഡഫോൺ നടത്തിയ പ്രതികരണം.Next Story

Related Stories