TopTop
Begin typing your search above and press return to search.

കണ്ണില്‍ ചോരയില്ലാത്തത് ധനമന്ത്രിക്കാണ് സ്‌റ്റേറ്റ് ബാങ്കിനല്ല, നിര്‍മ്മല സീതാരാമനെതിരായ വിമര്‍ശനം ട്വിറ്ററില്‍ ട്രെൻ്റിംങ്

കണ്ണില്‍ ചോരയില്ലാത്തത് ധനമന്ത്രിക്കാണ് സ്‌റ്റേറ്റ് ബാങ്കിനല്ല, നിര്‍മ്മല സീതാരാമനെതിരായ വിമര്‍ശനം ട്വിറ്ററില്‍ ട്രെൻ്റിംങ്

എസ്ബിഐയ്ക്ക് കാര്യക്ഷമതയില്ലെന്നും കണ്ണില്‍ ചോരയില്ലെന്നുമുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വിമര്‍ശനത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങള്‍. എസ്ബിഐ ചെയര്‍മാനെയും ബാങ്കിന്റെ പ്രവര്‍ത്തന രീതികളെയുമായിരുന്നു അസമിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു നിര്‍മ്മല സീതാരാമന്‍ സ്‌റ്റേറ്റ് ബാങ്കിനെയും അതിന്റെ ചെയര്‍മാന്‍ രജനീഷ് കുമാറിനെയും രൂക്ഷമായി വിമര്‍ശിച്ചത്. അസാമിലെ രണ്ടര ലക്ഷത്തോളം വരുന്ന തേയില തോട്ടം തൊഴിലാളികളുടെ അക്കൗണ്ടുകള്‍ പ്രവര്‍ത്തന ക്ഷമമായില്ലെന്നതായിരുന്നു മന്ത്രിയുടെ വിമര്‍ശനത്തിന് കാരണമായത്.

എന്നാല്‍ നിര്‍മ്മല സീതാരമന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ ചെയ്തത്. #HeartlessFM എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിംങായി..
സ്‌റ്റേറ്റ് ബാങ്ക് ഹൃദയശൂന്യമായി പോയത് അത് കാര്യക്ഷമമല്ലാത്ത സ്വകാര്യ ബാങ്കായ യെസ് ബാങ്കിനെ സംരക്ഷിക്കേണ്ടി വന്നതുകൊണ്ടായിരുന്നു ചിലര്‍ നടത്തിയ വിമര്‍ശനം. യെസ് ബാങ്കിനെ രക്ഷിക്കാന്‍ സ്‌റ്റേറ്റ് ബാങ്കിനെ ഇടപെടിച്ചുകൊണ്ടുള്ള പരിഹാരമാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് തയ്യാറാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഇടിയുമ്പോഴും ആഭ്യന്തര വിപണിയില്‍ വിലകൂട്ടുന്ന മന്ത്രിയാണ് ഹൃദയശൂന്യയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.


സ്റ്റേറ്റ് ബാങ്കില്‍ നടക്കാത്ത ശബള പരിഷ്‌ക്കരണത്തെ ചൂണ്ടിക്കാണിച്ചായിരുന്നു മറ്റ് ചിലരുടെ വിമര്‍ശനം. ഇപ്പോഴത്തെ ശബളം മാഗിയും പാര്‍ലെ ജിയും വാങ്ങാന്‍ മാത്രമെ തികയുന്നുള്ളൂവെന്നും അതിലൊന്നും ഹൃദയശൂന്യയ്ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും മറ്റ് ചിലര്‍ പരിഹസിച്ചു.


വിവരം കെട്ട മന്ത്രിയാണ് ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടതെന്നും ചിലര്‍ ആരോപിച്ചു.ഈ ദശാബ്ദത്തിലെ അഹങ്കാരിയായ ധനമന്ത്രിയാണ് നിര്‍മ്മല സീതാരമാന്‍ എന്നായിരുന്നു മറ്റ് ചിലരുടെ വിമര്‍ശനം.
സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തെ പരിഹസിക്കുന്നത് വിവേകമുള്ള ഭരണാധികാരിക്ക് ചേര്‍ന്നതല്ലെന്നായിരുന്നു മറ്റ് ചിലരുടെ വിമര്‍ശനം


സംസ്ഥാന ധന മന്ത്രി ഹിമന്ത ബിശ്വ ശര്‍മയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലായിരുന്നു നിര്‍മ്മല സീതാരാമന്റെ രൂക്ഷമായ വിമര്‍ശനം. നിങ്ങള്‍ അങ്ങേയറ്റം നിരുത്തരവാദപരമായാണ് പെരുമാറുന്നത്. ഈ വീഴ്ചയ്ക്ക് പൂര്‍ണമായും ഉത്തരവാദി നിങ്ങളാണ്. നിങ്ങളോട് ഞാന്‍ വിശദമായി സംസാരിക്കുന്നുണ്ട്. നിങ്ങളുടെ പിടിവാശി മൂലം ഒരൊറ്റ തേയില തൊഴിലാളിക്കും അക്കൗണ്ട് ഇല്ലാതാകാന്‍ പാടില്ലെന്നുമായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. ഫെബ്രുവരി 27ന് നടന്ന യോഗത്തിന്റെ ഓഡിയോ ക്ലിപ്പ് ആണ് പുറത്തുവന്നിരിക്കുന്നത്. ധന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
ബാങ്കിനേയും ചെയര്‍മാനേയും കേന്ദ്ര മന്ത്രി അപമാനിച്ചതായി എഐബിഒസി ജനറല്‍ സെക്രട്ടറി സൗമ്യ ദത്ത പറഞ്ഞു. പ്രതിസന്ധിയിലായ യെസ് ബാങ്കിനെ രക്ഷിക്കാൻ സ്റ്റേറ്റ് ബാങ്കിനെ പങ്കാളിയാക്കിയുള്ള പദ്ധതിയാണ് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുള്ളത്. ഇതിൻ്റെ വിശദാംശങ്ങൾ ഉടൻ പുറത്തുവരും. സ്വകാര്യബാങ്കിൻ്റെ കെടുകാര്യസ്ഥതയ്ക്ക് സ്റ്റേറ്റ് ബാങ്കിനെ ഇടപെടിക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു


Next Story

Related Stories