Top

സ്റ്റാര്‍ട്ടപ്പ് മിഷനും യൂണിറ്റി ടെക്നോളജീസും കൈകോര്‍ക്കുന്ന യുണൈറ്റ് ഇന്ത്യ സമ്മേളനം 13 മുതല്‍

സ്റ്റാര്‍ട്ടപ്പ് മിഷനും യൂണിറ്റി ടെക്നോളജീസും കൈകോര്‍ക്കുന്ന യുണൈറ്റ് ഇന്ത്യ സമ്മേളനം 13 മുതല്‍

പ്രമുഖ വിഡിയോ ഗെയിം ആഗോള സോഫ്റ്റ്വെയര്‍ കമ്പനിയായ യൂണിറ്റി ടെക്നോളജീസും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായി കൊച്ചിയില്‍ യുണൈറ്റ് ഇന്ത്യ സമ്മേളനം സംഘടിപ്പിക്കുന്നു. ഓട്ടോമൊബൈല്‍, പ്രതിരോധം, ഗെയിമിംഗ്, സിനിമ, വിദ്യാഭ്യാസം, അനിമേഷന്‍ തുടങ്ങിയ മേഖലകളില്‍ സിമുലേഷന്‍സ്, വിര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയവ എങ്ങനെ സമന്വയിപ്പിക്കാം എന്നതിനെക്കുറിച്ച് സാങ്കേതിക വിദഗ്ധര്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ബോള്‍ഗാട്ടി ഗ്രാന്റ് ഹയാട്ട് ഹോട്ടലില്‍ നവംബര്‍ 14, 15 തിയതികളിലായാണ് സമ്മേളനം. 13 ന് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ചു വരെ കളമശ്ശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ പരിശീലന പരിപാടി നടക്കും. വിദേശരാജ്യങ്ങളില്‍ നിന്നടക്കം 1200 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. കൊച്ചിയില്‍ മികവിന്റെ കേന്ദ്രം തുടങ്ങിയിട്ടുള്ള യൂണിറ്റിയുടെ മൂന്നാമത്തെ യുണൈറ്റ് ഇന്ത്യ സമ്മേളനമാണിത്.

ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന അനിമേഷന്‍ സാങ്കേതികവിദ്യയിലെ തത്സമയ മാറ്റങ്ങളെക്കുറിച്ചും സമ്മേളനത്തില്‍ ചര്‍ച്ച നടക്കും. ഗെയിമുകള്‍, സിമുലേഷന്‍സ്, വീഡിയോ, ഓഡിയോ റിക്കാര്‍ഡിംഗ് തുടങ്ങിയവയില്‍ നൈപുണ്യ വികസനത്തിനും അറിവ് സമ്പാദിക്കുന്നതിനും യുണൈറ്റ് ഇന്ത്യ സമ്മേളനം പ്രതിഭകളെ സഹായിക്കും. ഉള്ളടക്ക സൃഷ്ടിയിലെ പുത്തന്‍ പ്രവണതകളാണ് സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണം.

മികച്ച ആഗോള സര്‍വകലാശാലകള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് കേരളത്തിലെ നൂതന സാങ്കേതികവിദ്യാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശ്രമിക്കുന്നതെന്ന് സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. വിജയകരമായ രണ്ട് ലക്കങ്ങള്‍ക്കുശേഷം കൂടുതല്‍ മികച്ച സമ്മേളനമാണ് കൊച്ചിയില്‍ നടക്കാന്‍ പോകുന്നതെന്ന് യൂണിറ്റി ടെക്നോളജീസ് എപിഎസി പ്രസിഡന്റും ഡിസ്ട്രിബ്യൂഷന്റെ ആഗോള മേധാവിയുമായ ഹ്യൂബര്‍ട്ട് ലാരെനോഡി പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ യൂണിറ്റി ടെക്നോളജീസും കേരള സ്റ്റാര്‍ട്ടപ് മിഷനുമായി ഉണ്ടാക്കിയ ധാരണാപത്ര പ്രകാരമാണ് കേരളത്തില്‍ മികവിന്റെ കേന്ദ്രം തുടങ്ങിയത്. കേരളത്തെ ഓഡിയോ വീഡിയോ സാങ്കേതികവിദ്യയുടെ കേന്ദ്രമാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


Next Story

Related Stories