TopTop
Begin typing your search above and press return to search.

സാമ്പത്തിക മാന്ദ്യം നേരിടാൻ അമേരിക്കയിൽ അസാധാരണ നടപടികൾ,പലിശ നിരക്ക് പൂജ്യത്തിലേക്ക്, വിപണികളിൽ തകർച്ച

സാമ്പത്തിക മാന്ദ്യം നേരിടാൻ അമേരിക്കയിൽ അസാധാരണ നടപടികൾ,പലിശ നിരക്ക് പൂജ്യത്തിലേക്ക്, വിപണികളിൽ തകർച്ച

ലോകത്തെമ്പാടും പടരുന്ന കൊറോണ വൈറസ് ഉണ്ടാക്കുന്ന സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ലോക രാജ്യങ്ങള്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചു. ഇതിന് പുറമെ 700 ബില്യണ്‍ ഡോളര്‍ വിപണിയിലിറക്കുമെന്നും ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ചു. യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നി കേന്ദ്ര ബാങ്കുകളുമായി സഹകരിച്ചാണ് ഫെഡറല്‍ റിസര്‍വിന്റെ നീക്കം. എന്നാൽ ഇതിന് ശേഷം ലോക വിപണിയിൽ തകർച്ച അനുഭവപ്പെടുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുന്നത്.

' വിവിധ രാജ്യങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ കൊറോണയുടെ വ്യാപനം തടസ്സപ്പെടുത്തിയിരിക്കയാണ്. പണത്തിന്റെ ലഭ്യത ഉറപ്പുവരുത്താനുള്ള എല്ലാ ഉപാധികളും ഫെഡറല്‍ റിസര്‍വ് സ്വീകരിക്കും' നിരക്ക് വെട്ടിക്കുറച്ചുകൊണ്ടുള്ള അറിയിപ്പില്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് അറിയിച്ചു. ഇതിന് പുറമെ സെക്യുരിറ്റി ബോണ്ടുകള്‍ വാങ്ങാന്‍ 700 ബില്യണ്‍ ഡോളര്‍ ചിലവഴിക്കുമെന്നും ഫെഡറല്‍ റിസര്‍വ് അറിയിച്ചു.
എന്നാല്‍ ഫെഡറല്‍ റിസര്‍വിന്റെ നടപടി അമേരിക്കന്‍ ഓഹരി വിപണിയെ സ്വാധീനിച്ചില്ല. വ്യാപാരം തുടങ്ങി നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഡോ ജോണ്‍സ് അഞ്ച് ശതമാനം ഇടിഞ്ഞു. ഓസ്‌ത്രേലിയയിലെ ഓഹരി വിപണയില്‍ ഏഴ് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.
കൊവിഡ് 19 വൈറസ് ബാധ മൂലം അമേരിക്കയിലെ വിവിധ കമ്പനികള്‍ ഉത്പാദനം കുറയ്ക്കുകയോ നിര്‍ത്തിവെയ്ക്കുകയോ ചെയ്തിരുന്നു. അമേരിക്കയിലെ വന്‍കിട കമ്പനികളായ എടി ആന്റ് ടി, ഫോഡ്, ജനറല്‍ മോട്ടോഴ്‌സ്, എന്നീ സ്ഥാപനങ്ങള്‍ ഉത്പാദനം കുറയ്ക്കുകയും നിരവധി തൊഴിലാളികളെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്തിരുന്നു. ട്രാവല്‍ ടൂറിസം മേഖലയിലാണ് ഏറ്റവും കൂടുതല്‍ പ്രത്യാഘാതം ഉ്ണ്ടാക്കിയത്.
ഫെഡറല്‍ റിസര്‍വ് ഈയാഴ്ച യോഗം ചേര്‍ന്ന് നിരക്കില്‍ കുറവ് വരുത്തുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിന് കാത്തുനില്‍ക്കാതെ അസാധാരണ സമയത്ത് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുകയായിരുന്നു. 2008 ലെ സാമ്പത്തിക മാന്ദ്യ കാലത്താണ് ഇത്തരത്തില്‍ അസാധാരണമായി നിരക്ക് ഫെഡറല്‍ റിസര്‍വ് വെട്ടിക്കുറച്ചത്.
കൊറോണ വൈറസ് ബാധ മൂലം ഹൃസ്വകാലത്ത് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു. എന്നാല്‍ ദീര്‍ഘ കാലത്തില്‍ ഇത് ഏത് തരത്തിലാണ് സമ്പദ് വ്യവസ്ഥകളെ ബാധിക്കുകയെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മേഖല ഇപ്പോഴത്തെ പ്രയാസങ്ങള്‍ അതിജീവിച്ചുവെന്ന് ഉറപ്പുവരുത്തുന്നതുവരെ ഇപ്പോഴത്തെ നിരക്ക് തുടരുമെന്നും ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ പറഞ്ഞു.
നിരക്ക് കുറയുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ പതുക്കെയാണ് നടപടികള്‍ സ്വകരിക്കുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഫെഡറല്‍ റിസര്‍വ് ചെയര്‍മാനെ മാറ്റാനുള്ള അധികാരം തനിക്കുണ്ടെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിരക്ക് കുറച്ച് നടപടിയെ ട്രംപ് സ്വാഗതം ചെയ്തിട്ടുണ്ട്. സന്തോഷമുണ്ടാക്കുന്ന നടപടിയാണ് ഫെഡറല്‍ റിസര്‍വ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച മാത്രം അമേരിക്കന്‍ ഓഹരി വിപണിയില്‍ 20 ശതമാനത്തിന്റെ നഷ്ടമാണ് ഉണ്ടായത്.
പലിശ കുറച്ച നടപടിയും സാമ്പത്തിക മേഖലയില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ പറ്റിയില്ലെങ്കില്‍ എന്ത് മാര്‍ഗമാണ് ഇനി ഫെഡറല്‍ റിസര്‍വിന്റെ മുന്നില്‍ അവശേഷിക്കുന്നതെന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്.
വാണിജ്യ ബാങ്കുകള്‍ക്ക് കൂടുതല്‍ പണം ലഭ്യമാക്കുന്നതിന് ഉതകുന്ന നടപടികള്‍ ഫെഡറല്‍ റിസര്‍വ് മറ്റ് ബാങ്കുകളുമായി ചേര്‍ന്ന് സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പാണ് നിരവധി സാമ്പത്തിക ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച അഞ്ച് ശതമാനം കുറയുമെന്ന് ഗോള്‍ഡ്മാന്‍ സാക്ക്‌സ് വ്യക്തമാക്കി. ഇതും വിപണിയെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്‌


Next Story

Related Stories