പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ടിക്കല്‍: ഇലക്ടോണിക്സ് കമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സെപ്റ്റംബര്‍ 30 ന് അവസാനിച്ച 2019-20 രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. രണ്ടാം പാദത്തിലെ മൊത്തം പ്രവര്‍ത്തന വരുമാനം 623.27 കോടി രൂപയാണ്. മുന്‍ കൊല്ലം ഇതേ കാലയളവിലെ വരുമാനത്തില്‍ നിന്ന് (604.5 കോടി) 3.1 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ നികുതിക്കു മുന്‍പുള്ള മൊത്ത ലാഭം 78.48 കോടി രൂപ.മുന്‍ കൊല്ലം രണ്ടാം പാദത്തില്‍ 48.27 കോടി ആയിരുന്നു. വര്‍ധന 62.6 ശതമാനം. രണ്ടാം പാദത്തില്‍ നികുതിക്കു ശേഷമുള്ള മൊത്ത ലാഭം 58.75 കോടി രൂപ.മുന്‍ കൊല്ലം രണ്ടാം പാദത്തിലെ 38.04 കോടിയെക്കാള്‍ 54.4 ശതമാനം വര്‍ധന.
ത്രൈമാസത്തില്‍ സ്റ്റെബിലൈസര്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ വളര്‍ച്ച നേടിയതായും പത്രക്കുറിപ്പില്‍ പറയുന്നു. മൊത്തത്തില്‍, ഉപഭോക്തൃ ഡിമാന്‍ഡ് കുറവായത് വിറ്റുവരവു വളര്‍ച്ചയെ ബാധിച്ചു. ദക്ഷിണേന്ത്യയ്ക്കു പുറത്തുള്ള വിപണികളില്‍ നിന്നാണ് മൊത്തം വിറ്റുവരവിന്റെ 37 ശതമാനം. മുന്‍ കൊല്ലം രണ്ടാം പാദത്തില്‍ ഇത് 35.7 ശതമാനം ആയിരുന്നു. എംപ്ലോയീ സ്റ്റോക് ഓപ്ഷന് ആവശ്യമില്ലാത്തതിനാല്‍ 10.12 കോടി രൂപ ഈ പാദത്തിലെ കണക്കുകളില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
വിപണിയില്‍ ഡിമാന്‍ഡ് കുറവാണെന്നത് വിറ്റുവരവിനെ സാരമായി ബാധിച്ചെന്ന് വി-ഗാര്‍ഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്.കെ. ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി. ഈ വെല്ലുവിളിക്കിടയിലും സ്റ്റെബിലൈസര്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. വരും പാദങ്ങളില്‍ സമ്പദ് വ്യവസ്ഥയിലെ ഘടകങ്ങള്‍ അനുകൂലമാകുമെന്ന് ഉറച്ച വിശ്വാസമുണ്ട്. ദക്ഷിണേന്ത്യയ്ക്കു പുറത്ത് ബിസിനസ് വളര്‍ത്താനുള്ള ശ്രമങ്ങളില്‍ മികച്ച പുരോഗതി തുടരുന്നതായും അദ്ദേഹം പറഞ്ഞു,