Top

പഴയ നികുതിക്ക് മേല്‍ ജി.എസ്.ടിയും; ഹോട്ടല്‍ ഭക്ഷണം പൊള്ളുന്നു; സര്‍വത്ര ആശയക്കുഴപ്പം

പഴയ നികുതിക്ക് മേല്‍ ജി.എസ്.ടിയും; ഹോട്ടല്‍ ഭക്ഷണം പൊള്ളുന്നു; സര്‍വത്ര ആശയക്കുഴപ്പം
ജി.എസ്.ടി വന്നതോടെ ഭക്ഷണസാധനങ്ങളുടെ വിലകുറയുമെന്ന വാര്‍ത്തയും തോമസ് ഐസക്കിന്റെ ഉറപ്പുമൊക്കെ കേട്ട് ആശ്വസിച്ച് ഹോട്ടലില്‍ കയറിയാല്‍ പോക്കറ്റ് കാലിയാകും. കോഴിക്കോട്ടെ പ്രമുഖ ഹോട്ടലില്‍ നിന്ന് ബീഫ് ബിരിയാണി കഴിച്ച് ബില്ലു കണ്ടപ്പോഴാണ് വിലക്കുറവ് വാക്കുകളില്‍ മാത്രമേ ഉള്ളൂ എന്നു മനസ്സിലായത്. ഒരു ബീഫ് ബിരിയാണിക്ക് മുന്‍പ് 90 രൂപയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ രൂപ 105 രൂപ. ഇതെന്താ ചേട്ടാ വിലകൂടിയതെന്നു ചോദിച്ചപ്പോള്‍ ജി.എസ്.ടി. ആണു മോനെ എന്നായിരുന്നു ഉത്തരം. സമാനമായ ആശങ്ക നിരവധി പേര്‍ പങ്കുവച്ചിരിക്കുന്നത് ഫേസ്ബുക്കിലും മറ്റും കാണാം.

ഹോട്ടല്‍ ഭക്ഷണം ജി.എസ്.ടി വന്നതോടെ പൊള്ളുന്ന സ്ഥിതിയിലേക്കാണ് മാറിയിരിക്കുന്നത്. പല ഹോട്ടലുകളിലും ഇതു തര്‍ക്കത്തിനിടയാക്കുന്നു. എ.സി. ഹോട്ടലുകളില്‍ 18 ശതമാനം, നോണ്‍ എ.സിയില്‍ 12 ശതമാനം നികുതിയുമാണ് ഭക്ഷണ സാധനങ്ങളുടെ മുകളില്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ അരിക്കും പച്ചക്കറിക്കും ചിക്കനുമൊക്കെ നികുതി നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും വിപണിയില്‍ ഇതിന്റെ നേട്ടം ഇതുവരെ ലഭ്യമായിട്ടില്ല. പല ഹോട്ടലുകളിലും പഴയ നികുതി എടുത്തുകളയാതെ അതിനു മുകളില്‍ ജി.എസ്.ടി കൂടി ചുമത്തിയതാണ് വില കയറാന്‍ ഇടയാക്കിയിരിക്കുന്നത്.'ജി.എസ്. ടി വരുന്നതോടെ ആവശ്യസാധനങ്ങളുടെ വില കുറയുമെന്നും അതുപോലെ ഹോട്ടല്‍ ഭക്ഷണത്തിലും വിലയും ചെറിയ തോതില്‍ കുറയുമെന്നുമാണ് മാധ്യമങ്ങളിലൂടെ ധനമന്ത്രി തോമസ് ഐസക്ക് അടക്കം പറഞ്ഞത്. അതുകൊണ്ടു തന്നെ ജി.എസ്.ടിയെ ഞങ്ങളടക്കം സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ജൂലൈ ഒന്നിനു ശേഷം ഹോട്ടലുകളിലെല്ലാം ഭക്ഷണ വിഭവങ്ങളും വില വര്‍ധിപ്പിച്ചിരിക്കുകയാണ്. വില കുറയുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഹോട്ടല്‍ ബില്ലുകളില്‍ നേരെ മറിച്ചാണ് സംഭവിക്കുന്നത്. ജനങ്ങളെ പകല്‍കൊള്ളയ്ക്കു വിധേയമാക്കുകയാണ് ഹോട്ടലുകള്‍ ചെയ്യുന്നത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണം. വില കുറഞ്ഞില്ലെങ്കിലും കൂട്ടരുത്'-
എന്ന് കോഴിക്കോട്ട് പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാധ്യമ വിദ്യാര്‍ഥിയായ വിപിന്‍ പറയുന്നു.

പാലക്കാട്ടെ ഒരു ഹോട്ടലില്‍ നിന്നു രണ്ടു ഹാഫ് ചിക്കന്‍ ബിരിയാണി കഴിച്ചവര്‍ക്ക് നികുതിയിനത്തില്‍ നല്‍കേണ്ടി വന്നത് 40.14 രൂപയാണ്. 223 രൂപയുടെ ബില്ലിലാണ് ജി.എസ്.ടിയുടെ പേരില്‍ 40 രൂപ അധികം ഈടാക്കിയത്. എന്നാല്‍ ബില്ലില്‍ കൃത്യമായി ജി.എസ്.ടി നമ്പര്‍ രേഖപ്പെടുത്തിയതുമില്ല. ഇതുമായി ബന്ധപ്പെട്ട് വാണിജ്യ നികുതി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും ഈ വിഷയത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന ഉത്തരമാണ് ലഭിച്ചത്. വിറ്റുവരവിന് അനുസരിച്ചാണ് ഹോട്ടലുകളില്‍ ജി.എസ്.ടി നിശ്ചയിച്ചിട്ടുള്ളത്. ഹോട്ടലുകളിലെ വിലക്കയറ്റം സംബന്ധിച്ച് കഴിഞ്ഞ ദിവസം ധനമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചതിങ്ങനെ-

'ജിഎസ് ടിയുടെ വരവ് വിലക്കയറ്റത്തിലേയ്ക്ക് ഇന്ത്യയെ നയിക്കുമെന്ന ആശങ്ക യാഥാര്‍ത്ഥ്യമാകുന്ന സൂചനകളാണ് ഒന്നാം ദിവസം കേരളവും നല്‍കുന്നത്. എംആര്‍പിയുടെ മേല്‍ പല കച്ചവടക്കാരും തോന്നിയതുപോലെ നികുതി ഈടാക്കുകയാണെന്ന പരാതി വ്യാപകമാണ്. ഇതു നിയമവിരുദ്ധമാണ്. നിലവിലുണ്ടായിരുന്ന കേന്ദ്ര എക്സൈസ്, സര്‍വീസ് ടാക്സ്, കേന്ദ്രവില്‍പന നികുതി, എന്‍ട്രി ടാക്സ്, വാറ്റ് നികുതി തുടങ്ങിയവ ഒഴിവായിരിക്കുകയാണ്. പകരം ഏര്‍പ്പെടുത്തിയിട്ടുള്ള ജി.എസ്.ടി നികുതി നിരക്കാവട്ടെ ഇവയേക്കാള്‍ താഴ്ന്നതാണ്. നാം സാധാരണയായി ഉപയോഗിച്ചു വരുന്ന നൂറ് ഉത്പന്നങ്ങളുടെ നിലവിലുണ്ടായിരുന്ന ആകെ നികുതിയും പുതിയ ജിഎസ്ടി നിരക്കും തമ്മിലുള്ള താരതമ്യപ്പട്ടിക ഞാനിന്ന് പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചു. ഈ വിലക്കുറവ് കമ്പോളത്തില്‍ പ്രതിഫലിക്കുന്നില്ല.


ഒരു കാരണവശാലും അച്ചടിച്ച എംആര്‍പി വിലയെക്കാള്‍ കൂടുതല്‍ വിലയ്ക്ക് ചരക്കുകള്‍ വില്‍ക്കാന്‍ പാടില്ല. മാത്രമല്ല, നികുതി കിഴിവിന് ആനുപാതികമായി എംആര്‍പിയില്‍ നിന്ന് വില കുറച്ചാണ് ചരക്കുകള്‍ വില്‍ക്കേണ്ടത്. ഒരു ശരാശരി എസി റെസ്റ്റോറന്റില്‍ 75 രൂപ തന്നെയാണ് വെജിറ്റേറിയന്‍ ഊണിനുമേല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിലവിലുള്ള നികുതി 7.95 രൂപയാണ്. അതായത് യഥാര്‍ത്ഥ വില 67.05 രൂപ. ഈ വിലയുടെ അഞ്ചു ശതമാനമാണ് ജിഎസ്ടി. അതായത് പുതിയ വില 70.40 രൂപയാണ്. ജിഎസ് ടി വരുമ്പോള്‍ ഊണിന്റെ വില കുറയുകയാണ് വേണ്ടത്.


എസി റെസ്റ്റോറന്റില്‍ 350 രൂപ വിലയുള്ള ഫുള്‍ ചിക്കന് നിലവില്‍ 56 രൂപയാണ് നികുതി. ഇതു കഴിച്ചുള്ള 294 രൂപയ്ക്കു മേലാണ് 5 ശതമാനം ജിഎസ്ടി ചുമത്തേണ്ടത്. അപ്പോള്‍ വില 308.70 രൂപയായി കുറയും. ജിഎസ് ടിയുടെ ഭാഗമായി ഉപഭോക്താവിന് 42 രൂപയുടെ ലാഭമുണ്ടാകണം. എന്നാല്‍ പലേടത്തും ഇപ്പോള്‍ ചെയ്യുന്നത് 350 രൂപയ്ക്കു മേല്‍ 5 ശതമാനം നികുതി ചേര്‍ത്ത് 367 രൂപ ഈടാക്കുകയാണ്. ഇതു നിയമവിരുദ്ധമാണ്. ജിഎസ്ടി നടപ്പാക്കിയ സ്ഥലങ്ങളിലെല്ലാം കച്ചവടക്കാര്‍ ഇത്തരത്തില്‍ അമിതലാഭം കൊയ്യാന്‍ ശ്രമിക്കുകയും വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലും പോക്ക് അങ്ങോട്ടു തന്നെയാണ്. ഇക്കാര്യം കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ശ്രദ്ധയില്‍പ്പെടുത്തും.'


തോമസ് ഐസക്ക് ഫെയ്സ്ബുക്കില്‍ കുറിച്ചതും വായിച്ച് ഹോട്ടലുകളില്‍ ചെന്നാല്‍ അവര്‍ കൈമലര്‍ത്തും. മന്ത്രിയുടെ വാദം ശരിയാണെങ്കിലും വിപണിയില്‍ പല കച്ചവടക്കാരും വില കുറയ്ക്കാന്‍ തയ്യാറായിട്ടില്ലെന്നതാണ് സത്യം. വില കൂട്ടേണ്ട സാധനങ്ങള്‍ക്ക് കൃത്യമായി വില കൂട്ടിയിട്ടുമുണ്ട്. എന്നാല്‍ ഹോട്ടലുകളില്‍ ജി.എസ്.ടി പിരിക്കുന്നത് ശരിയല്ലെന്ന ധനമന്ത്രിയുടെ പ്രസ്താവന പുതിയ നികുതി സമ്പ്രദായം മൂലം ആശയക്കുഴപ്പത്തിലായ ഹോട്ടലുടമകളെയും ഉപഭോക്താക്കളെയും കൂടുതല്‍ ആശയക്കുഴപ്പത്തില്‍ എത്തിച്ചിരിക്കുകയാണെന്നാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയ്തീന്‍ക്കുട്ടി ഹാജി പറയുന്നത്- 'ജി.എസ്.ടി വന്നതുമൂലം പല ഉത്പ്പന്നങ്ങളുടെയും വില കുറയുമെന്നും അതിനാല്‍ ഹോട്ടലുകളില്‍ ജി.എസ്.ടി പിരിക്കേണ്ടതില്ലെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണ്. ജി.എസ്.ടി നിലവില്‍ വന്നിട്ട് നാലുദിവസം പിന്നിട്ടിട്ടും ചിക്കന്‍ അടക്കം ഒരു ഉത്പ്പന്നതിന്റെയും വില കുറഞ്ഞിട്ടില്ല. അസംസ്‌കൃത ഉത്പ്പന്നങ്ങളുടെ വില കുറഞ്ഞാല്‍ ഭക്ഷണ വിഭവങ്ങളുടെ വില കുറയ്ക്കണമെന്നു പറയുന്നത് അംഗീകരിക്കാനാവില്ല. തൊഴിലാളികളുടെ ശമ്പളം, മറ്റു അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള പ്രശ്നങ്ങളുണ്ട്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയാണെങ്കില്‍ പ്രശ്ന പരിഹാരത്തിനിടപെടാന്‍ ഞങ്ങളും തയ്യാറാണ്.'
എന്നാണ്.

അതുപോലെ പത്തുലക്ഷത്തിന് മുകളില്‍ 75 ലക്ഷം വരെ വിറ്റുവരവുള്ള ഹോട്ടലുകളെല്ലാം ഇതുവരെ ഭക്ഷണത്തിന് ഈടാക്കിയിരുന്ന നികുതി കോമ്പൗണ്ട് ചെയ്താല്‍ മതിയായിരുന്നു. അതായത് ജനങ്ങളില്‍ നിന്നു പരിക്കാതെ തന്നെ വാര്‍ഷിക വിറ്റുവരവില്‍ തന്നെ നിശ്ചിത വര്‍ധന കണക്കാക്കി ഉടമകള്‍ തന്നെ സ്വയം അടയ്ക്കുന്നരീതി. അതു സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴുള്ള അവസ്ഥ ഒഴിവാക്കാമായിരുന്നെന്നും ഹോട്ടലുടമകള്‍ പറയുന്നു.

പല ഹോട്ടലുകളിലും പല തരത്തിലുള്ള നികുതിയാണ് ഈടാക്കുന്നതെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ അത്തരത്തില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു സര്‍ക്കാര്‍ പറയുമ്പോഴും എന്തടിസ്ഥാനത്തിലാണ് ഇടപെടേണ്ടതെന്ന് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമല്ല. നിലവിലുള്ള നികുതി ഒഴിവാക്കാതെ അതിനു മുകളില്‍ തന്നെ ജി.എസ്.ടി ചുമത്തിയതെന്ന വിമര്‍ശനം ശരിയാണെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് ഹോട്ടലുടമകളുമായി സംസാരിച്ച് ഇത് തിരുത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

സര്‍ക്കാരും ഹോട്ടലുടമകളും വ്യത്യസ്ത തട്ടില്‍ നില്‍ക്കുമ്പോള്‍ സാധാരണക്കാരന്റെ കീശയിലെ കാശാണ് കൊള്ളയടിക്കപ്പെടുന്നത്. ജി.എസ്.ടിയുടെ പേരില്‍ ഭക്ഷണത്തിന് ഇത്രയും വലിയ നികുതി ചുമത്തുക എന്നത് എന്തുതന്നെയായാലും ന്യായീകരിക്കാവുന്നതല്ല. പകല്‍കൊള്ള നടക്കുന്നുണ്ടെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഏതുതരത്തിലുള്ള നടപടി ഉണ്ടാകും എന്നതു പറയുന്നില്ല. ജി.എസ്.ടി നടപ്പാക്കിയത് ജനങ്ങള്‍ക്ക് ഗുണകരമാകാനാണ്. എന്നാല്‍ നിലവില്‍ ഉയര്‍ന്ന ആശങ്കകള്‍ പറയുന്നത് ജി.എസ്.ടി ജനങ്ങളെ ദോഷമായാണ് ബാധിക്കുന്നു എന്നതും. ഭരണാധികാരികള്‍ അവകാശപ്പെടുന്ന ഗുണം ജനങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ നേരിട്ടു ഇത് നടപ്പില്‍ വരുത്താന്‍ മുന്നിട്ടിറങ്ങണമെന്നാണ് ജനപക്ഷം.

Next Story

Related Stories