വിപണി/സാമ്പത്തികം

രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ വന്‍ കുതിച്ചുചാട്ടം

Print Friendly, PDF & Email

മുന്‍വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 24 ശതമാനമാണ് കയറ്റുമതിയില്‍ ഉണ്ടായ വര്‍ധന

A A A

Print Friendly, PDF & Email

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസത്തെ സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ വമ്പന്‍ കുതിച്ചു ചാട്ടം. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ 24 ശതമാനമാണ് കയറ്റുമതിയില്‍ ഉണ്ടായ വര്‍ധന. നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി റിപ്പോര്‍ട്ടാണ് സ്പൈസസ് ബോര്‍ഡ് പുറത്തു വിട്ടിരിക്കുന്നത്. ഇതു പ്രകാരം ആദ്യ ആറുമാസത്തെ മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി 5,57,525 ടണ്ണാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,50,700 ടണ്ണായിരുന്നു കയറ്റുമതി. 8,850.53 കോടി രൂപ(1,373.97 ദശലക്ഷം ഡോളര്‍)യാണ് ഇതിന്‍റെ മൂല്യം. കഴിഞ്ഞ വര്‍ഷം 8,700.15 കോടി രൂപ(1,299.96 ദശലക്ഷം ഡോളര്‍)യായിരുന്നു കയറ്റുമതി വരുമാനം. കയറ്റുമതി അളവില്‍ 24 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍, രൂപയുടെ മൂല്യത്തില്‍ രണ്ട് ശതമാനവും ഡോളര്‍ മൂല്യത്തില്‍ ആറ് ശതമാനവും വളര്‍ച്ച കൈവരിച്ചു.

സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഏറ്റവും കരുത്തു കാട്ടിയ ഉത്പന്നം ചെറിയ ഏലവും വെളുത്തുള്ളിയുമാണ്. ജീരകം, അയമോദകം, കടുക്, ശതകുപ്പ, കസ്കസ്, കായം, പുളി എന്നിവയുടെ കയറ്റുമതി അളവിലും മൂല്യത്തിലും മികച്ച വര്‍ധനയാണുണ്ടായിരിക്കുന്നത്.

മൂല്യവര്‍ധിത ഉത്പന്നങ്ങളായ കറി പൗഡര്‍, പുതിന ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജന എണ്ണ, സത്തുകള്‍ എന്നിവയുടെ കയറ്റുമതിയിലും വര്‍ധനയുണ്ടായി. ചെറിയ ഏലത്തിന്‍റെ കയറ്റുമതി നടപ്പുവര്‍ഷത്തെ ആദ്യ പാദത്തില്‍ അളവില്‍ 37 ശതമാനവും മൂല്യത്തില്‍ 79 ശതമാനവുമാണ് വര്‍ധിച്ചത്. കയറ്റുമതി അളവ് 2,230 ടണ്ണും മൂല്യം 248.71 കോടി രൂപയുമാണ്. കഴിഞ്ഞ വര്‍ഷം ഇത് യഥാക്രമം 1,624 ടണ്ണും 138.96 കോടി രൂപയുമായിരുന്നു.

വെളുത്തുള്ളി കയറ്റുമതി അളവില്‍ 76 ശതമാനവും മൂല്യത്തില്‍ 48 ശതമാനവുമാണ് വര്‍ധന. 188.54 കോടി രൂപ മൂല്യമുള്ള 27,040 ടണ്‍ വെളുത്തുള്ളിയാണ് ആദ്യ ആറുമാസം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം 127.62 കോടി രൂപ മൂല്യമുള്ള 15,337 ടണ്‍ വെളുത്തുള്ളിയാണ് കയറ്റുമതി ചെയ്തത്. വെളുത്തുള്ളി. ഏലം എന്നിവയുടെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ ബോര്‍ഡ് എടുത്ത നടപടികള്‍ ഫലം കാണുന്നതിന്‍റെ തെളിവാണ് കയറ്റുമതിയിലുണ്ടായ വര്‍ധനയെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എ ജയതിലക് പറഞ്ഞു. ആഗോളതലത്തിലെ പ്രതികൂല അന്ത:രീക്ഷം തരണം ചെയ്താണ് രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജീരകത്തിന്‍റെ കയറ്റുമതി 79,460 ടണ്ണാണ്. 1,324.58 കോടി രൂപയാണ് ഇതിന്‍റെ മൂല്യം. കഴിഞ്ഞ തവണ1,104.32 കോടി രൂപ മൂല്യമുള്ള 68,596 ടണ്‍ ജീരകമാണ് കയറ്റുമതി ചെയ്തത്. ഇക്കുറി അളവില്‍ 16 ശതമാനത്തിന്‍റെയും മൂല്യത്തില്‍ 20 ശതമാനത്തിന്‍റെയും വര്‍ധനയാണ് ജീരകത്തിനുണ്ടായത്.

മൂല്യവര്‍ധിത ഉത്പന്നങ്ങളായ കറിപ്പൊടി, കറിക്കൂട്ടുകള്‍ എന്നിവയുടെ കയറ്റുമതി അളവില്‍ 17,030 ടണ്ണും മൂല്യത്തില്‍ 348.88 കോടി രൂപയുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് യഥാക്രമം 14,016 ടണ്ണും, 278.40 കോടി രൂപയുമായിരുന്നു. അളവില്‍ 22 ശതമാനത്തിന്‍റേയും മൂല്യത്തില്‍ 25 ശതമാനത്തിന്‍റെയും വര്‍ധനയാണ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നേടിയത്.

സുഗന്ധവ്യഞ്ജന എണ്ണ/സത്ത് എന്നിവയുടെ കയറ്റുമതി അളവില്‍ 33 ശതമാനവും മൂല്യത്തില്‍ എട്ട് ശതമാനവുമാണ് വര്‍ധന. 1,332.22 കോടി രൂപ മൂല്യം വരുന്ന 8,800 ടണ്‍ എണ്ണയും സത്തുമാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 6,617 ടണ്ണും 1,237.06 രൂപയുമായിരുന്നു.

പുതിന ഉത്പന്നങ്ങളുടെ കയറ്റുമതി അളവില്‍ 11,280 ടണ്ണും മൂല്യം 1,317.40 കോടി രൂപയുമാണ്. കഴിഞ്ഞ വര്‍ഷം ഇത് 10,850 ടണ്ണും 1,157.45 കോടി രൂപയുമായിരുന്നു. കയറ്റുമതി അളവില് നാല് ശതമാനത്തിന്‍റെയും മൂല്യത്തില്‍ 14 ശതമാനത്തിന്‍റെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുളക്, ഇഞ്ചി, പെരുംജീരകം, മല്ലി എന്നിവയുടെ കയറ്റുമതി അളവിലാണ് വര്‍ധന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍