TopTop

സര്‍വ്വോപരി പാലാക്കാരി

സര്‍വ്വോപരി പാലാക്കാരി
കേരളത്തിലെ പ്രശസ്തമായ സര്‍വകലാശാലയില്‍ എംബിഎ അഡ്മിഷനു പോയപ്പോള്‍ എന്റെ കൈയ്യില്‍ ഒരു പേന തന്നിട്ട് പറഞ്ഞു,“ഇത് ഞങ്ങള്‍ക്ക് വില്‍ക്കുക”. ആദ്യം ഒന്ന് അന്ധാളിച്ചെങ്കിലും പിന്നീടു മനസാന്നിധ്യം വീണ്ടെടുത്ത്‌ പാളയം ചന്തയില്‍ മീന്‍ വാങ്ങാന്‍ പോയ ഓര്‍മ്മ വച്ച് അങ്ങ് കാച്ചി. ഒക്കെ കഴിഞ്ഞു നോക്കിയപ്പോള്‍ എന്റെ മുന്നില്‍ കരയണോ ചിരിക്കണോ എന്നറിയാന്‍ വയ്യാതെ ഒരു പറ്റം അധ്യാപകര്‍. അന്ന് ചിന്തിച്ചു തുടങ്ങിയതാണ്‌ എന്താണ് ഈ മാര്‍ക്കറ്റിംഗ്? എന്താണ് ഈ സെല്ലിംഗ് അഥവാ വില്പന.

പ്രശസ്ത മാര്‍ക്കറ്റിംഗ് ഗുരു ഫിലിപ്പ് കൊട്ലെര്‍ എങ്ങനെ ഒരു ഉത്പന്നത്തിനെ മാര്‍ക്കറ്റ്‌ ചെയ്യാം എന്ന് വിവരിക്കുന്നുണ്ട്. ഇന്നത്തെ ലോകത്ത് വളരെ നൂതനവും വ്യത്യസ്തവുമായ മാര്‍ഗങ്ങള്‍ ആണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഒരു സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ അതിനെ കുറിച്ച് ചര്‍ച്ചകള്‍ ആവിഷ്കരിക്കുക, എന്തിനു പലതരം പ്രൊമോഷന്‍ പരിപാടികള്‍ സംഘടിപ്പിക്കുക ഇതൊക്കെ ഇന്ന് ഒട്ടും അത്ഭുതകരമല്ല. അതിലൊന്നാണ് രണ്ടു ദിവസമായി കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന ഒരു പുസ്തകം. സാമ്പ്രദായിക തന്ത്ര-കുതന്ത്രങ്ങളെല്ലാം എല്ലാ കാലത്തും പുസ്തകങ്ങളുടെ വില്പനയ്ക്ക് സഹായകമാകാറുണ്ട്. അല്പസ്വല്പം പൈങ്കിളി എന്നും വില്പനയ്ക്ക് മാറ്റ് കൂട്ടിയിട്ടേ ഉള്ളൂ.

കഴിഞ്ഞ രണ്ടു ദിവസമായി പൊതുസമൂഹത്തില്‍ ചര്‍ച്ചാവിഷയമാണ് നിഷ ജോസ് കെ മാണിയുടെ പുസ്തകം. അമ്മായിഅച്ഛന്‍ ബാര്‍ കോഴയില്‍ പ്രസിദ്ധി നേടിയപ്പോള്‍ ഒട്ടും പിന്നില്‍ ആയില്ല മരുമകളും. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു സംഭവം തന്റെ പുസ്തകത്തിലൂടെ വെളിച്ചത്തു കൊണ്ട് വരികയും എന്നാല്‍ അതില്‍ പോലും പറയാതെ പറയുകയും ചെയ്യുന്ന ഒരുതരം ചീപ്പ് മാര്‍ക്കറ്റിംഗ് തന്ത്രം ആയിപ്പോയി നിഷയുടേത്. വിഷയത്തിലെ രാഷ്ട്രീയം അല്ല അതിലെ സ്ത്രീപക്ഷമായ പീഡനത്തിനെ- ശാരീരിക അധിക്ഷേപങ്ങള്‍ - സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അതെല്ലാം ആണ് ശ്രദ്ധിക്കപ്പെടേണ്ടത് എന്ന രീതിയില്‍ ഉള്ള പരാമര്‍ശം ഒട്ടും വിശ്വാസയോഗ്യമായി തോന്നുനില്ലല്ലോ നിഷാ മാഡം. ഏതെങ്കിലും ഒരു സാധാരണ സ്ത്രീയാണ് പറയുന്നതെങ്കില്‍ അതിനു ഒരു സത്യം ഉണ്ടായേനെ. പ്രത്യേകിച്ചും സൌമ്യ, ജിഷ എന്നീ പെണ്‍കുട്ടികള്‍ നേരിട്ട ദുരന്തങ്ങള്‍ എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന നാട്ടില്‍. പല പെണ്‍കുട്ടികള്‍ക്കും ട്രെയിനിംഗ് പ്രോഗ്രാമുകളുടെ ഭാഗമായി ധൈര്യവും, മോട്ടിവേഷനും പകര്‍ന്നു നല്‍കുന്ന രാഷ്ട്രീയ സ്വാധീനം വളരയധികം ഉള്ള നിഷ ജോസ് കെ മാണി ഉടന്‍ പ്രതികരിക്കാതെ ഇത്രയും നാള്‍ ഇതു പൂഴ്ത്തി വച്ചത് - എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്... അത്ര അങ്ങോട്ട്‌ പിടികിട്ടുനിന്നില്ല.

കച്ചവട തന്ത്രങ്ങള്‍ പയറ്റി ആളുകളുടെ കണ്ണില്‍ പൊടിയിട്ടു പത്തു പുസ്തകം ആ കൂട്ടത്തില്‍ വിറ്റഴിക്കാന്‍ സാധിച്ചാല്‍ അതില്‍ കൂടുതല്‍ എന്ത് വേണം? ചാനല്‍ ചര്‍ച്ചകളില്‍ പോകുമ്പോള്‍ പിന്നില്‍ ഒരു എഫ്ഫക്റ്റ്‌ പോലെ പുസ്തകത്തിന്റെ പുറംചട്ട വരും. മാർക്കറ്റബിലിറ്റി എന്ന ഗുണവിശേഷം ഒരു നേതാവിന്റെ വ്യക്തിത്വത്തിലും പെരുമാറ്റരീതിയിലും ലുക്ക് & ഫീലിലും കൊണ്ടുവന്ന് ആ നേതാവിനെ വിജയിപ്പിച്ചെടുക്കാന്‍ ഇന്നത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പയറ്റുന്ന അതേ തന്ത്രം! ആധുനിക മാർക്കറ്റിങ്ങ്/കമ്മ്യൂണിക്കേഷൻ/ബ്രാന്‍ഡിംഗ് സ്ട്രാറ്റജികൾ പയറ്റി സ്മാര്‍ട്ട്‌ ആയി ജനങ്ങളുടെ ഹൃദയം കവരാനുള്ള ഒരു മാര്‍ക്കറ്റിംഗ് ഒബ്ജക്ടിവ് ആയി എടുക്കേണ്ടതിലേക്കാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.

http://www.azhimukham.com/trending-nisha-jose-k-mani-says-i-am-not-says-thats-a-politicians-son/

അതിലുപരി അത്ഭുതപ്പെടുത്തുന്നത് പുസ്തകം പ്രകാശനം ചെയ്തു മിനിട്ടുകള്‍ക്കുളില്‍ തന്നെ ഷോണ്‍ ജോര്‍ജ് തന്നെ താറടിച്ചു കാണിക്കാനാണ് നിഷ ശ്രമിക്കുന്നത് എന്ന് പ്രസ്താവന ഇറക്കിയതാണ്. കൂട്ടത്തില്‍ കുടുംബത്തിലെ എല്ലാവരും കിട്ടിയ തക്കത്തിനു അഭിപ്രായം കാച്ചുകയുണ്ടായി. രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കാന്‍ - ജനങ്ങള്‍ മറന്നു പോകാതിരിക്കാന്‍- ഉള്ള “ഞാന്‍ ഇവിടെ ഒക്കെ തന്നെ ഉണ്ടേ” എന്നുള്ള പഴഞ്ചന്‍ മാര്‍ക്കറ്റിംഗ് തന്ത്രം. കോണ്‍ഗ്രസിലെ അമ്മയും മകനും തമ്മില്‍ ഉള്ള ആലിംഗനം വാര്‍ത്ത‍ ആക്കിയ മാധ്യമങ്ങള്‍ ഇതും ന്യൂസ്‌ അവര്‍ ചര്‍ച്ച ആക്കിയില്ലെങ്കിലെ അത്ഭുതം ഉള്ളൂ.

ഫിലിപ്പ് കൊട്ലെര്‍ എന്ന മാര്‍ക്കറ്റിംഗ് ഗുരു പറഞ്ഞു തന്ന ആശയങ്ങളേക്കാള്‍ ഇന്ന് ലോകം വളരെയധികം ദൂരം പോയി കഴിഞ്ഞിരിക്കുന്നു. എന്തായാലും ആശ്വസിക്കാം സല്‍മാന്‍ റുഷ്ദിയെ പോലെ, തസ്ലിമ നസ്രീനെ പോലെ, റാം സ്വരുപിനെ പോലെ നിഷ ജോസ് കെ മാണി എത്തില്ല– അത്രയ്ക്ക് പ്രസിദ്ധി നേടി തരാന്‍ കേരളത്തിലെ ജനങ്ങള്‍ മണ്ടന്മാരല്ല.

വാല്‍കഷണം: അഭിപ്രായ പ്രകടനത്തിലൂടെ ഈയുള്ളവളും അറിയാതെ ഈ പുസ്തകത്തിനെ പ്രൊമോട്ട് ചെയ്തോ എന്ന് ഒരു സംശയം. അങ്ങനെ ഒരു ദുരുദ്ദേശവും എനിക്കില്ല!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories