TopTop
Begin typing your search above and press return to search.

കേക്കിന്റെ രാജകുമാരി; ആലപ്പുഴയിലെ ക്യൂട്ടി-പൈയുടെ രുചിപ്പെരുമ

കേക്കിന്റെ രാജകുമാരി; ആലപ്പുഴയിലെ ക്യൂട്ടി-പൈയുടെ രുചിപ്പെരുമ

ആലപ്പുഴ കളക്ട്രേറ്റിനോട് ചേര്‍ന്ന് പൂര്‍ണമായും യൂറോപ്യന്‍ മാതൃകയില്‍ നിര്‍മ്മിച്ച വലിയ കെട്ടിടം. അതിന് മുകളില്‍ പര്‍പ്പിള്‍ നിറത്തിലെ വലിയ ബോര്‍ഡില്‍ 'ക്യൂട്ടി-പൈ' എന്നെഴുതിയിട്ടുണ്ട്. 'ക്യൂട്ടി-പൈ'യിലേക്കുള്ള റോഡ് മുഴുവന്‍ വാഹനങ്ങളുടെ നീണ്ട നിര കാണാം. വാഹനങ്ങള്‍ക്കിടയിലൂടെ തിക്കിതിരക്കി, ആകര്‍ഷകമായി അലങ്കരിച്ച ക്യൂട്ടി പൈയുടെ മുറ്റത്തെത്തിയപ്പോള്‍ സ്വാഗതം ചെയ്തത് നാവില്‍ വെള്ളമൂറിക്കുന്ന രുചിക്കൂട്ടുകളുടെ കൊതിപ്പിക്കുന്ന സുഗന്ധം. അതുണ്ടാക്കിയ ലഹരി ആസ്വദിച്ചുകൊണ്ടാണ് ചില്ലുവാതില്‍ കടന്ന് അകത്തെത്തിയത്. ഇപ്പോള്‍ കാണാം, ആ കൊതിപ്പിക്കുന്ന ഗന്ധത്തിന്റെ ഉറവിടം. അത് ആ ചില്ലുകൂടുകളിലുണ്ടായിരുന്നു. പല വര്‍ണത്തില്‍, രുചിയില്‍, ഒരായിരം കേക്കുകള്‍. കേക്കുകള്‍ക്ക് മാത്രമായി ഒരു ലോകം, അതാണ് ക്യൂട്ടി പൈ.

ക്രിസ്മസ് ആഘോഷിക്കാന്‍ കേക്ക് വാങ്ങാനെത്തിയവരുടെ തിരക്കാണ് ആ മുറിയില്‍. ചിലര്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. മറ്റുചിലര്‍ അവിടെയെത്തി ടേസ്റ്റ് ചെയ്ത് വാങ്ങുന്നു. മുന്‍ നിരയില്‍ നിന്ന മാത്യുഫിലിപ്പും എലിസബത്തും എറണാകുളം ചക്കരപ്പറമ്പില്‍ നിന്നെത്തിയതാണ്. കേക്ക് ഷോപ്പുകള്‍ ഒട്ടും കുറവല്ലാത്ത എറണാകുളത്തു നിന്ന് ഇവിടേക്ക് എത്തിയതെന്തെന്ന് സംശയിച്ച് നില്‍ക്കുമ്പോള്‍ തന്നെ വന്നു അതിനുള്ള മറുപടി; 'ക്രിസ്മസിന് വീട്ടില്‍ മക്കളും കൊച്ചുമക്കളുമെല്ലാം എത്തും. സന്തോഷത്തിനും ആഘോഷത്തിനും എന്തായാലും കാശ് മുടക്കുണ്ട്. എന്നാല്‍ പിന്നെ അത് ഏറ്റവും ബെസ്റ്റ് തന്നെ ആയിക്കോട്ടെ എന്ന് വച്ചു. ഇവിടുന്നാവുമ്പോള്‍ കൊടുക്കുന്ന കാശ് മുതലാവും'. 'ഇവര്‍ എറണാകുളത്തു നിന്നല്ലേ. ഞാന്‍ വെമ്പായത്ത് നിന്ന് വരുന്നതാണ്. ഒരിക്കല്‍ എറണാകുളത്തു നിന്ന് വീട്ടിലേക്ക് പോവുന്ന വഴി വെറുതെ കയറിയതാണ് ഇവിടെ. രുചി അറിഞ്ഞ നാവ് പിന്നെയുമത് തേടുമെന്ന് പറയാറില്ലേ. ഇത്തവണ ക്രിസ്മസ് ആഘോഷത്തിന് കേക്ക് ഇവിടെ നിന്ന് തന്നെ വാങ്ങിയാ മതിയെന്ന് നേരത്തെ ഉറപ്പിച്ചതാണ്. നേരത്തെ മോന്റെ ബര്‍ത്ത്‌ഡേയ്ക്ക് ക്യൂട്ടി പൈ യില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയിരുന്നു. പക്ഷെ ഇത്തവണ ഇവിടെ വന്ന് സെലക്ട് ചെയ്ത് വാങ്ങാമെന്ന് കരുതി വന്നതാണ്.' കേക്ക് വാങ്ങാനെത്തിയവരുടെ കൂട്ടത്തില്‍ നിന്ന് തിരുവനന്തപുരം വെമ്പായം സ്വദേശി വിനോദ് പറഞ്ഞു.

പിന്നീട് അന്വേഷിച്ചത് ഈ രുചിക്കൂട്ടുകളുടെ ഉടമയെയാണ്. ഫൗസി ആര്‍. നൈസാം എന്ന 28-കാരിയെ. വരുന്ന എല്ലാ കസ്റ്റമറോടും അവരുടെ രുചിയിലെ ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞ് അവര്‍ക്കിണങ്ങുന്ന കേക്കുകള്‍ തിരഞ്ഞെടുത്ത് നല്‍കുന്ന തിരക്കിലാണ് ഫൗസി. ഇടയ്ക്ക് മുന്നില്‍ കേക്ക് വാങ്ങാന്‍ നില്‍ക്കുന്നവരോട് ക്ഷമ പറഞ്ഞ് കുക്കിങ് ഗൗണ്‍ എടുത്തണിഞ്ഞ് പ്രൊഡക്ഷന്‍ റൂമിലേക്ക് ഓടുന്നു. ക്യൂട്ടി പൈയിലെ ഫൗസിയുടെ മേല്‍നോട്ടത്തിലല്ലാതെ ഒരു കാര്യവും നടക്കുന്നില്ല. ഓരോ കേക്കിന്റെയും രുചിക്കൂട്ട് ഉണ്ടാക്കുന്നത് മുതല്‍ കേക്ക് വാങ്ങാനെത്തുന്നവരുടെ താത്പര്യങ്ങളറിയുന്നത് വരെ എല്ലായിടത്തും ഫൗസിയുടെ മനസ്സും കയ്യും എത്തുന്നു. പ്രൊഡക്ഷന്‍ റൂമില്‍ നിന്ന് തയ്യാറായി വരുന്ന കേക്കുകള്‍ എവിടെ എങ്ങനെ വയ്ക്കണമെന്ന് തീരുമാനിക്കുന്നത് പോലും ഇവരാണ്. ക്രിസ്മസ് ആഘോഷത്തിന് കേക്ക് വാങ്ങാന്‍ കേരളത്തിലെ പലയിടത്തു നിന്നും ആളുകള്‍ എത്തിയിട്ടുണ്ട്. ആരെയും ഫൗസി നിരാശപ്പെടുത്തുന്നില്ല. ഓരോരുത്തരുമായും സംസാരിച്ച്, ഫ്ലേവറുകളെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ച് അവര്‍ക്കിടയില്‍ തന്നെയാണ്. 'ക്രിസ്മസ് അടുക്കും തോറും ഒന്നിരിക്കാന്‍ പോലും നേരമുണ്ടാവില്ല. രണ്ട് ദിവസമായി ഉറങ്ങിയിട്ടില്ല'; കേക്ക് വാങ്ങാനെത്തുന്നവര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനിടെ ഫൗസി പറഞ്ഞു.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാല് പേര്‍ മാത്രമായിട്ട് ഒരു ദിവസം നാല് കേക്ക് ഉണ്ടാക്കി തുടങ്ങിയ സ്ഥാപനം ഇന്ന് ദിവസത്തില്‍ ആയിരക്കണക്കിന് കേക്കുകള്‍ ഉണ്ടാക്കുന്ന ഒന്നായി വളര്‍ന്നു. ഫൗസിയുടെ സ്വന്തം കയ്യാല്‍ ഉണ്ടാക്കുന്ന കേക്ക് മിക്‌സുകള്‍ക്ക് കേരളം മുഴുവന്‍ ആരാധകരുണ്ടായി. ഇതിന് പിന്നില്‍ ഫൗസിയുടെ ആഗ്രഹവും ആശയവും കഠിനാധ്വാനവും മാത്രമാണ്. കൂടെ, സ്ഥാപനം പൂട്ടേണ്ടി വന്നാലും ഗുണനിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല എന്ന നിലപാടും. തിരക്കുകള്‍ക്കിടയില്‍ നിന്ന് ഫൗസിയെത്തി, അല്‍പ്പ സമയം തന്റെ അനുഭവം പങ്കുവക്കാന്‍

"ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ഹോംസയന്‍സിലാണ് ഞാന്‍ ഡിഗ്രിയെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോംസയന്‍സില്‍ ഡിഗ്രിയെടുത്ത ഉമ്മയായിരുന്നു എന്റെ പ്രചോദനം. ഉമ്മ നന്നായി ഭക്ഷണമുണ്ടാക്കുമ്പോള്‍, തുന്നല്‍ പണികള്‍ ചെയ്യുമ്പോള്‍ അതുപോലെയാവണമെന്നായിരുന്നു ആഗ്രഹം. പിന്നെ അത് ഭക്ഷണത്തിലേക്ക് മാത്രമായി മാറി. ചങ്ങനാശേരി അസംപ്ഷന്‍ കോളേജില്‍ ഫുഡ് ആന്‍ഡ് ടാക്ടിക്‌സ് പി.ജിക്ക് ചേരുന്നതങ്ങനെയാണ്. വിദ്യാഭ്യാസം കഴിഞ്ഞ് ആലപ്പുഴ സ്വദേശിയായ, ഫുഡ്‌ ബിസിനസ് ചെയ്തിരുന്ന നൈസാമിനെ വിവാഹം ചെയ്തു. ഭക്ഷണകാര്യത്തിലുള്ള എന്റെ അറിവ് എന്നില്‍ തന്നെ വയ്ക്കാതെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാനായിരുന്നു എന്റെ താത്പര്യം. സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ അധ്യാപികയായി ജോലിക്ക് കയറിയത് ആ ഉദ്ദേശത്തോടെയാണ്. പക്ഷെ ഞാന്‍ ചെയ്യേണ്ടത് അതൊന്നുമല്ല എന്ന് തോന്നിയ സമയത്താണ് ജര്‍മനിയില്‍ അഡ്വാന്‍സ് കോഴ്‌സിന് ചേരുന്നത്. കേക്ക് നിര്‍മ്മാണം ആയിരുന്നു വിഷയം. തിരിച്ചെത്തിയപ്പോഴും ആദ്യം ആലോചിച്ചത് ക്രാഷ് കോഴ്‌സ് തുടങ്ങുക, അല്ലെങ്കില്‍ ഹോംസയന്‍സും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ പോലെ ഒന്ന് തുടങ്ങുക എന്നായിരുന്നു. പക്ഷെ അവിടെ എന്റെ ഭര്‍ത്താവ് നൈസാമാണ് വേറൊരു വഴികാട്ടി തന്നത്. നിന്റെ അറിവുകള്‍ ഒരു മുറിയില്‍ കുറച്ചു പേര്‍ക്ക് പറഞ്ഞുകൊടുക്കുന്നതില്‍ മാത്രമൊതുങ്ങേണ്ടതല്ല, അത് പ്രാക്ടിക്കല്‍ ആക്കാനുള്ള വഴികള്‍ ആലോചിക്കാം എന്ന് നൈസാമാണ് പറഞ്ഞത്. അതോടെ എനിക്കും എന്റെ വഴി കൃത്യമായി മനസ്സിലായി. ഇതിന് തന്നെയായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത് എന്നുള്ള തിരിച്ചറിവുമുണ്ടായി. പിന്നെ ഒന്നും ആലോചിച്ചില്ല. കയ്യില്‍ ഒരു മൂലധനമുണ്ട്, അത്, നാല് പേര്‍ക്ക് ഇഷ്ടമാവുന്ന തരത്തില്‍ കേക്ക് ഉണ്ടാക്കാന്‍ അറിയാം എന്നത് തന്നെയായിരുന്നു. ആ ആത്മവിശ്വാസത്തില്‍ നിന്നും ബലത്തില്‍ നിന്നുമാണ് ക്യൂട്ടി-പൈ ഉണ്ടാവുന്നത്.

എറണാകുളം പോലുള്ള സ്ഥലങ്ങളില്‍ കേക്കിനായി എക്‌സ്‌ക്ലൂസീവ് ഇടങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ ആലപ്പുഴയില്‍ അത് വിജയിക്കുമോ എന്നത് തന്നെയായിരുന്നു എന്റെ സംശയം. പക്ഷെ അത് ഒരു പരാജയമായി മാറാതിരിക്കാനായി ധാരാളം ഹോംവര്‍ക്ക് ചെയ്തു. ആ ഹോം വര്‍ക്കുകള്‍ ഫലമുണ്ടാക്കി. അതായത് ഈ സ്ഥാപനം തുടങ്ങിയതിന് ശേഷമല്ല എന്ത് ചെയ്യാമെന്ന് ആലോചിച്ചത്. എന്തൊക്കെ, എങ്ങനെയൊക്കെ ചെയ്യാം എന്ന് ഹോംവര്‍ക്ക് ചെയ്ത്, ചെയ്ത് നോക്കി, ചെയ്യാന്‍ പറ്റുമെന്ന് ഉറപ്പിച്ചതിന് ശേഷമാണ് സ്ഥാപനം തുടങ്ങുന്നത്. അത് വിജയമല്ലാതെ മറ്റൊന്നുമാവില്ലെന്ന വിശ്വാസം മനസ്സിലുണ്ടായിരുന്നു. ആദ്യം നാല് പേരായിരുന്നു ജീവനക്കാരായി ഉണ്ടായിരുന്നത്. നാല് പേര്‍ ചേര്‍ന്ന് നാല് കേക്കുകള്‍ ഒരു ദിവസം ഉണ്ടാക്കുക- ഇതായിരുന്നു തുടക്കം. അതങ്ങനെ മുന്നോട്ട് പോയി. ഒരു തവണ ഇവിടെ നിന്ന് കേക്ക് നുണഞ്ഞവര്‍ പിന്നീടും വന്നുകൊണ്ടേയിരുന്നു എന്നതാണ് സ്ഥാപനത്തിന്റെ വിജയമായത്. ഇപ്പോള്‍ നൂറോളം ജീവനക്കാരുണ്ട്. ക്രിസ്മസ് പോലുള്ള സീസണുകളില്‍ ആയിരത്തിലധികം കേക്കുകള്‍ ഒരു ദിവസം ഉണ്ടാക്കുന്നു. അല്ലാത്തപ്പോഴും ഓര്‍ഡറുകള്‍ക്ക് ദൈവം സഹായിച്ച് ഒരു കുറവുമില്ല. ആലപ്പുഴക്കാര്‍ മാത്രമല്ല, തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ളവര്‍ കേക്കുകള്‍ക്കായി ഓര്‍ഡറുകള്‍ നല്‍കുന്നു."

ഇപ്പോള്‍ ക്യൂട്ടി-പൈക്ക് കോട്ടയം, ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളിലും ഔട്ട്‌ലെറ്റുകളുണ്ട്. എറണാകുളത്ത് യോജിച്ച ഒരു സ്ഥലത്ത് ഔട്ടലറ്റുകള്‍ തുടങ്ങാനാണ് ഫൗസിയുടെ അടുത്ത പദ്ധതി. പക്ഷെ എത്ര ഔട്ട്‌ലറ്റുകള്‍ തുടങ്ങിയാലും ഓര്‍ഡറുകളുടെ എണ്ണം കൂടിയാലും ഒരു കേക്കില്‍ പോലും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന ഉറച്ച നിലപാടാണ് ഫൗസിയുടേത്. "തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളില്‍ നിന്ന് ഒരു ദിവസം തന്നെ നിരവധി ഓര്‍ഡറുകളാണ് ലഭിച്ചുകൊണ്ടിരുന്നത്. അങ്ങനെയാണ് അവിടെ ഔട്ട്ലറ്റ് തുടങ്ങുന്നത്. അവിടെ പ്രൊഡക്ഷനില്ല. ഇവിടെ എന്റെ മേല്‍നോട്ടത്തില്‍ തന്നെ ഉണ്ടാക്കുന്ന കേക്കുകള്‍ അവിടേക്കെത്തിക്കുകയാണ് ചെയ്യുന്നത്. കേക്കുകളുടെ പ്രീ-മിക്‌സ് ഞാന്‍ തന്നെയാണ് ചെയ്യുന്നത്. കാരണം അതെന്റെ ട്രേഡ് സീക്രട്ട് ആണ് (ചിരിക്കുന്നു). ക്യൂട്ടി-പൈ രാവിലെ 9.30ന് തുറക്കും. അതിനും ഒരു മണിക്കൂര്‍ മുമ്പ് ഞാന്‍ പ്രൊഡക്ഷന്‍ ഹൗസിലെത്തി പ്രീമിക്‌സ് ചെയ്ത് വയ്ക്കും. പിന്നീട് ജീവനക്കാരാണ് കേക്കുണ്ടാക്കുന്ന ജോലികള്‍ ചെയ്യാറെങ്കിലും അവരുടെ മാത്രം ഉത്തരവാദിത്തത്തില്‍ അത് ഞാന്‍ വിട്ടുകൊടുക്കാറില്ല. പൂര്‍ണമായും എന്റെ മേല്‍നോട്ടമുണ്ടാവും. കാരണം, ഇവിടെ കേക്ക് അന്വേഷിച്ചെത്തുന്നവര്‍ അര്‍പ്പിക്കുന്ന ഒരു വിശ്വാസമുണ്ട്. കൊടുക്കുന്ന പണത്തിന് രുചിയുള്ള, ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യാത്ത കേക്ക് കിട്ടുമെന്ന്. അതില്ലാതാവാന്‍ ഞാനൊരിക്കലും ഇടയാക്കില്ല. അക്കാര്യത്തിലുള്ള ഞങ്ങളുടെ അര്‍പ്പണ ബോധവും കസ്റ്റമര്‍ക്ക് ഞങ്ങളിലുള്ള വിശ്വാസവുമാണ് സ്ഥാപനം മുന്നോട്ടുകൊണ്ടുപോവുന്നത്. അതിഗുണനിലവാരമുള്ള ഇന്‍ഗ്രേഡിയന്റസ് മാത്രമേ ഞാന്‍ ഉപയോഗിക്കാറുള്ളൂ. പലതും വിദേശത്ത് നിന്ന് ഇംപോര്‍ട്ട് ചെയ്യുന്നതാണ്. ചിലത് എറണാകുളത്ത് നിന്നും ബാംഗ്ലൂരില്‍ നിന്നും വാങ്ങുന്നതും. ഏതെങ്കിലും ഒരു ഇന്‍ഗ്രേഡിയന്റ് കിട്ടിയില്ലെങ്കില്‍, ഏറ്റവും ഡിമാന്റ് ഉള്ള കേക്ക് ആയാലും അത് ഉണ്ടാക്കില്ല. ഇപ്പോള്‍ തന്നെ, റെഡ് വെല്‍വറ്റ് കേക്കിന് വലിയ ഡിമാന്റ് ആണ്. പ്രേമം സിനിമ വന്നതിന് ശേഷം റെഡ് വെല്‍വറ്റ് കേക്ക് ചോദിച്ചെത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ അത് ഇപ്പോള്‍ ഇവിടെയില്ല. കാരണം അതുണ്ടാക്കാനുള്ള സാധനങ്ങള്‍ കിട്ടിയിട്ടില്ല. ഇവിടെ മാര്‍ക്കറ്റില്‍ റെഡ് വെല്‍വറ്റ് ഉണ്ടാക്കാനുള്ള സാധനങ്ങള്‍ ഉണ്ട്. പക്ഷെ അതുകൊണ്ടും എനിക്ക് ഉണ്ടാക്കാം. പക്ഷെ അത് ഞങ്ങളുടെ കേക്കിന്റെ ക്വാളിറ്റിയുണ്ടാവില്ല. അങ്ങനെ ചെയ്യുന്നത് കസ്റ്റമേഴ്‌സിനോടുള്ള വഞ്ചനയാണ്. അവര്‍ നമ്മുടെ സ്‌പെഷ്യല്‍ കഴിക്കാനാണ് വരുന്നത്."

നൂറിലധികം ഫ്ലേവറിലുള്ള കേക്കുകള്‍ ഫൗസിയുടെ ക്യൂട്ടി-പൈയില്‍ ഉണ്ട്. പഴച്ചാറുകളില്‍ നിന്നുള്ള കേക്കുകള്‍ക്കാണ് പ്രിയം കൂടുതലെന്ന് ഫൗസി പറയുന്നു. "പാഷന്‍ ഫ്രൂട്ടില്‍ നിന്നുള്‍പ്പെടെ വിവിധ പഴങ്ങളുടെ കേക്കുകള്‍ ഉണ്ട്. അതിന് ഏറെ ആവശ്യക്കാരുമുണ്ട്. പക്ഷെ ഒരു കസ്റ്റമറേയും മുന്‍ധാരണയോടെ അപ്രോച്ച് ചെയ്യാറില്ല. അവരോട് നേരിട്ട് സംസാരിച്ച്, ഓരോരുത്തരുടേയും ഇഷ്ടങ്ങളും താത്പര്യങ്ങളും മനസ്സിലാക്കി അവര്‍ക്കുള്ള കേക്കുകള്‍ തിരഞ്ഞെടുത്ത് നല്‍കാന്‍ സഹായിക്കാറുണ്ട്. ചിലര്‍ക്ക് ചോക്ലേറ്റ് ഇഷ്ടമായിരിക്കില്ല, മറ്റുചിലര്‍ക്ക് വാനില ഫ്ലേവര്‍ ഒട്ടും പിടിക്കില്ല. ഓരോരുത്തരുടേയും താത്പര്യങ്ങള്‍ വേറെയാണ്. ഇവിടെ വരുന്ന കസ്റ്റമേഴ്‌സിനോട് ഞാന്‍ നേരിട്ട് തന്നെ സംസാരിക്കും. പിന്നെ, കസ്റ്റമേഴ്‌സിന്റെ താത്പര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ഫ്ലേവറുകള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓര്‍ഡര്‍ ആണെങ്കില്‍ അവരാണ് കസ്റ്റമറോട് കൂടുതല്‍ ഡീറ്റെയ്ല്‍ ആയി സംസാരിക്കുക."

500 രൂപയുടെ വാനില കേക്ക് മുതല്‍ തുടങ്ങുന്നതാണ് ക്യൂട്ടിപൈയിലെ കേക്കുകള്‍. കുട്ടികളുടെ ജനനം, വിവാഹം, ബര്‍ത്ത്‌ഡേ ആഘോഷം തുടങ്ങിയ വിശേഷ അവസരങ്ങള്‍ക്കായുള്ള തീം കേക്കുകള്‍ക്ക് വിലയേറുമെങ്കിലും അതിനും ആവശ്യക്കാര്‍ കുറവല്ല. വെഡ്ഡിങ് ഗൗണിന്റെ രൂപത്തില്‍ ചെയ്ത ഒരു കേക്കിന് ഒരു ലക്ഷം രൂപ വരെ ചെലവായിട്ടുണ്ടെന്ന് ഫൗസി പറയുന്നു. "500 രൂപ മുതല്‍ 1000 രൂപ വരെയുള്ള കേക്കുകളാണ് സാധാരണയായി ഉള്ളത്. പിന്നീട് തീം കേക്കുകളാണ്. അത് ഓരോരുത്തരുടെ താത്പര്യത്തിനനുസരിച്ച് മുന്‍കൂട്ടി ഓര്‍ഡര്‍ എടുത്ത് ചെയ്യുന്നതാണ്. ഒരാഴ്ച മുമ്പെങ്കിലും ഓര്‍ഡര്‍ കിട്ടിയാലേ അത് ചെയ്യാനാവൂ. അത് വലുപ്പവും ഡിസൈനും അനുസരിച്ച് വിലയില്‍ വ്യത്യാസം വരും. പക്ഷെ എനിക്ക് മനസ്സിലായ ഒരു സംഗതി, പണം ചെലവാക്കാന്‍ ആളുകള്‍ തയ്യാറാണ്, നമ്മള്‍ ക്വാളിറ്റി ഉള്ള പ്രോഡക്ട് കൊടുത്താല്‍ മാത്രം മതി എന്നതാണ്. ഇപ്പോള്‍ എല്ലാം ആഘോഷമാക്കുന്നവരാണ് നമ്മള്‍. ആഘോഷങ്ങള്‍ക്ക് മിക്കപ്പോഴും കേക്കും ഉണ്ടാവും. അത് ഏറ്റവും നല്ലതാവണമെന്നാണ് പണം ചെലവാക്കുന്നവരുടെ ആഗ്രഹം. അവരുടെ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞാല്‍ എത്ര പണവും ചെലവാക്കാന്‍ പലരും തയ്യാറാണ്."

കുടുംബം എല്ലാത്തരത്തിലും സഹകരിക്കുന്നതിനാല്‍ അവരെക്കുറിച്ച് പറയാതെ തന്റെ കഥ പൂര്‍ത്തിയാവില്ലെന്നാണ് ഫൗസിയുടെ പക്ഷം; "എന്റെ ഭര്‍ത്താവ് ആണ് ഏറ്റവും ബെസ്റ്റ് ടേസ്റ്റ് അനലൈസര്‍. നൈസാം രുചിച്ച് നല്ലതെന്ന് പറഞ്ഞാല്‍ അത് നല്ലതായിരിക്കും. രുചിയിലെ ചെറിയ പാകപ്പിഴ പോലും വളരെ കൃത്യമായി മനസ്സിലാക്കി പറഞ്ഞുതരും. പിന്നെ എന്റ മകന്‍ ഫര്‍ഹാന്‍, അവന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു. ഞാനെന്റെ ഉമ്മയോടൊപ്പം നടന്നതുപോലെ അവനിപ്പോള്‍ എന്റെ വഴിയെയാണ്. വീട്ടിലൊക്കെ കേക്ക് ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്. ഭര്‍ത്താവിന്റെ വീട്ടുകാരാണെങ്കിലും പൂര്‍ണ പിന്തുണയാണ്. ഇപ്പോ ക്രിസ്മസ് സീസണില്‍ വെളുപ്പിന് മൂന്ന് മണിക്കാണ് വീട്ടിലേക്ക് തിരിച്ചുപോകുന്നത്. അതി രാവിലെ കുളിച്ച് വീണ്ടും ഇവിടേക്ക് വരുന്നു. അല്ലാത്ത ദിവസങ്ങളിലും രാവിലെ എട്ടരയോടെ പ്രൊഡക്ഷന്‍ ഹൗസില്‍ എത്തിയാല്‍ പിന്നെ രാത്രി പത്ത് മണിയോടെയാണ് തിരിച്ചുപോകുന്നത്. അപ്പോഴെല്ലാം കുഞ്ഞിന്റെ കാര്യമുള്‍പ്പെടെ നോക്കി അവര്‍ പരമാവധി സഹകരിക്കും. അങ്ങനെ എല്ലാവരുടേയും സഹകരണത്തോടെയാണ് ഈ സംരംഭം വിജയമാക്കാന്‍ കഴിഞ്ഞത്".

പറഞ്ഞ് തീരുന്നതിന് മുമ്പേ കേക്കുകളുടെ അന്വേഷണവുമായി ഫൗസിയയെ പലരും സമീപിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ സംസാരം നിര്‍ത്തി വീണ്ടും തിരക്കിനിടയിലേക്ക് ഫൗസിയ നടന്നുചെന്നു, കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ, എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി.


Next Story

Related Stories