TopTop

കോണ്‍ഗ്രസ് നേതാക്കളാല്‍ തോല്‍പ്പിക്കപ്പെട്ട രാഹുല്‍ ഗാന്ധി, ഇടക്കാല സംവിധാനം പ്രിയങ്കയ്ക്ക് വഴിയൊരുക്കാനോ?

കോണ്‍ഗ്രസ് നേതാക്കളാല്‍ തോല്‍പ്പിക്കപ്പെട്ട രാഹുല്‍ ഗാന്ധി, ഇടക്കാല സംവിധാനം പ്രിയങ്കയ്ക്ക് വഴിയൊരുക്കാനോ?
'പലപ്പോഴും പോരാട്ടത്തില്‍ ഞാന്‍ തനിച്ചാണെന്ന് തോന്നി, അതിലെനിക്ക് അഭിമാനവുമുണ്ട്'; ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനം രാജിവെച്ച് കഴിഞ്ഞ ജൂലൈ മൂന്നാം തീയതി പ്രവര്‍ത്തക സമിതിയ്ക്ക് എഴുതിയ കത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞതാണിത്. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് പറഞ്ഞുകൊണ്ടും അതുകൊണ്ട് അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും വിശദീകരിച്ചുമുള്ള കത്തിലായിരുന്നു രാഹുലിന്റെ ഈ തുറന്നുപറച്ചില്‍.

അനിശ്ചിതത്വത്തിനും ചർച്ചയ്ക്ക്  ശേഷം ഒരു മുഴുവന്‍ സമയ പ്രസിഡന്റിനെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ് നേതൃത്വം രാഹുലിന്റെ നിലപാടിന് വിരുദ്ധമായി ഗാന്ധി കുടുംബത്തില്‍ തന്നെ ആശ്രയം കണ്ടെത്തി. രണ്ട് വര്‍ഷം മുമ്പ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സോണിയാഗാന്ധിയെ തന്നെ നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നു. ഗാന്ധി കുടുംബത്തില്‍നിന്ന് ആരെയും പരിഗണിക്കേണ്ടതില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ച് പറഞ്ഞതിന് ശേഷമാണ് പ്രവര്‍ത്തക സമിതി ഈ തീരുമാനം എടുത്തത്.

കോണ്‍ഗ്രസിനെ ഗാന്ധി കുടുംബത്തിന്റെ ആശ്രിത പാര്‍ട്ടിയെന്ന് നിലയില്‍നിന്ന് മോചിപ്പിക്കാനുളള രാഹുലിന്റെ ശ്രമമാണ് നേതാക്കള്‍ പരാജയപ്പെടുത്തിയത്. തിരിച്ചടി നേരിട്ട 1990 കളില്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത് തുടര്‍ച്ചയായി രണ്ട് തവണ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച സോണിയാഗാന്ധിയ്ക്ക് വീണ്ടും അത്ഭുതം കാട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസിലെ ഗാന്ധി കുടുംബ ആരാധകരായ നേതാക്കള്‍.

എന്നാല്‍ ഇതോടുകൂടി പഴയ ശൈലിയിലേക്ക് കോണ്‍ഗ്രസ് തിരിച്ചുപോകുകുയും ചെയ്യുമെന്ന കാര്യം ഉറപ്പാണ്. ഗാന്ധി കുടുംബത്തോടുള്ള വിധേയത്വം ഉറപ്പുവരുത്തുന്ന ശൈലിയാണ് സോണിയാഗാന്ധി പിന്തുടര്‍ന്നത്. നരസിംഹറാവുവിൻ്റെയും സീതാറാം കേസരിയുടെയും കാലത്ത് ഇത് അവർ പ്രവർത്തിച്ച് തെളിയിച്ചതാണ്.

എന്തുകൊണ്ടാണ് ആരോഗ്യ സ്ഥിതിയിലുള്ള അനിശ്ചിത്വങ്ങള്‍ക്കിടയിലും സോണിയാഗാന്ധി നേതൃത്വം ഏറ്റെടുത്തെതെന്തിനെ ചോദ്യമാണ് അവശേഷിക്കുന്നത്. അധ്യക്ഷനെ കണ്ടെത്തുന്നതിന് രൂപികരിച്ച അഞ്ച് കമ്മിറ്റികളില്‍ ഉള്‍പ്പെടാന്‍ വിസമ്മതിച്ചതിന് ശേഷമാണ് സോണിയാ ഗാന്ധി പാര്‍ട്ടി നേതൃ പദവിയിലേക്ക് എത്തുന്നത്. ഇടക്കാല സംവിധാനമാണ്, ഉടനെ തന്നെ പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസില്‍ ഇത് എളുപ്പമല്ലെന്ന കാര്യം വ്യക്തമാണ്.

അതുകൊണ്ട് തന്നെ പ്രിയങ്കാഗാന്ധിയെ അധ്യക്ഷ സ്ഥാനം ഏല്‍പ്പിക്കുന്നതിനുള്ള ഇടക്കാല സംവിധാനമാണോ ഇപ്പോള്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രാവര്‍ത്തികമാക്കിയതെന്നാണ് സംശയം. അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് നേരത്തെ പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയിരുന്നുവെങ്കിലും ഈ നിലപാട്‌ കോണ്‍ഗ്രസിനെ സംബന്ധിച്ച് ശാശ്വതമാവില്ല. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്കാ ഗാന്ധിയ്ക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയും നല്‍കിയിരുന്നു. എന്നാല്‍ ബിജെപി തരംഗത്തില്‍ അവര്‍ക്ക് ഒരു പ്രഭാവവും ആ മേഖലയില്‍ ചെലുത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷവും ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഇവര്‍ സജീവമാണ്. പ്രിയങ്കാഗാന്ധിയുടെ വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയ ആവേശം നിറയ്ക്കുമെന്ന് കുരുതുന്നവരാണ് ഇപ്പോഴും നേതൃത്വത്തില്‍.

ഗാന്ധി കുടുംബത്തിന്റെ നിയന്ത്രണത്തില്‍നിന്ന് മാറ്റി കോണ്‍ഗ്രസിനെ ഒരു പ്രൊഫഷണല്‍ രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളെയാണ് പ്രവര്‍ത്തക സമിതി പരാജയപ്പെടുത്തിയിരിക്കുന്നത്. ഇനി ഒരു തെരഞ്ഞെടുപ്പിലൂടെയോ അല്ലെങ്കില്‍ മറ്റെതെങ്കിലും രീതിയിലോ ഒരു പ്രസിഡന്റിനെ നിയമിച്ചാലും അദ്ദേഹവും ഗാന്ധി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരിക്കാനാണ് സാധ്യത.  പ്രധാനമന്ത്രി എന്ന അധികാരം  ഉളളതു കൊണ്ട് മാത്രമാണ് പി വി നരസിംഹറാവവിന് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്.

അതേസമയം സീതാറാം കേസരിയുടെ പ്രസിഡന്റ് പദവി പേരിന് മാത്രമായിരുന്നു. നിയന്ത്രണങ്ങള്‍ മുഴുവന്‍ അന്ന് 'സജീവ' രാഷ്ട്രീയത്തിലില്ലാതിരുന്ന സോണിയാ ഗാന്ധിയ്ക്കുമായിരുന്നു. കുടുംബാധിപത്യ രാഷ്ട്രീയം പരാജയപ്പെട്ടുവെന്നറിഞ്ഞിട്ടും  അതില്‍ പിടിച്ചു തൂങ്ങുന്ന നേതാക്കളാണ് അതിജീവനത്തിനുള്ള രാഹുലിന്റെ പരീക്ഷണത്തെ മുന്നോട്ടു പോകാന്‍ അനുവദിക്കാതെ പരാജയപ്പെടുത്തിയത്. ആശയങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം കോണ്‍ഗ്രസില്‍ അസ്തമിച്ചിട്ട് കാലം കുറെയായി. ആ കാലത്തിലുടെ തന്നെ മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് സോണിയാഗാന്ധിയെ തെരഞ്ഞെടുത്തതിലൂടെ കോണ്‍ഗ്രസ് പാർട്ടി  വ്യക്തമാക്കുന്നത്.

ഒരിക്കല്‍ കൂടി നേതാക്കളാല്‍ പരാജയപ്പെടുത്തപ്പെട്ട രാഹുല്‍ ഗാന്ധി 'പഴയതിലേക്ക്' തിരിച്ചുപോകുന്ന കോണ്‍ഗ്രസില്‍ എന്ത് പങ്കായിരിക്കും വഹിക്കുകയെന്നതാണ് കണ്ടറിയേണ്ടത്.

Next Story

Related Stories