TopTop
Begin typing your search above and press return to search.

ജനങ്ങളെ വിഡ്ഢികളാക്കുന്ന സര്‍ക്കാര്‍ തന്ത്രത്തിന് വിട; മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍

ജനങ്ങളെ വിഡ്ഢികളാക്കുന്ന സര്‍ക്കാര്‍ തന്ത്രത്തിന് വിട; മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍

മന്ത്രിസഭ തീരുമാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിക്കുള്ളില്‍ ഉള്‍പ്പെടുന്നതാണെന്ന സുപ്രധാനമായ വിധി സംസ്ഥാന വിവരാവാകശ കമ്മിഷന്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതുപ്രകാരം മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ അവ നടപ്പിലാവുന്നതുവരെ കാത്തിരിക്കാതെ തന്നെ പൊതുജനങ്ങള്‍ക്ക് ആര്‍ടിഐ മുഖാന്തരം അറിയുവാന്‍ സാധിക്കും. ഇത്തരമൊരു നിയമത്തിന്റെ പ്രസക്തിയും വിവരാവകാശ കമ്മിഷനു മുന്നിലേക്ക് ഈ ആവശ്യം എത്തിക്കേണ്ടിവന്നതിന്റെ കാരണവും അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനുമായ ഡി ബി ബിനു പങ്കുവയ്ക്കുന്നു (തയ്യാറാക്കിയത് ഉണ്ണികൃഷ്ണന്‍ വി)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിവാദപരമായ പല തീരുമാനങ്ങളും മന്ത്രിസഭ എടുത്തിരുന്നു എന്ന വാര്‍ത്തയാണ് കാബിനറ്റ് തീരുമാനങ്ങളുടെ നിജസ്ഥിതി ജനമധ്യത്തിലെത്തിക്കണം എന്ന ചിന്ത മനസ്സിലുണ്ടാക്കിയത്. തുടര്‍ന്ന് 2013 ഡിസംബര്‍, 2014 ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളിലെ മന്ത്രിസഭ തീരുമാനങ്ങളുടെ അജണ്ട, നടപടിക്കുറിപ്പുകള്‍, തീരുമാനങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്ന രേഖകള്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടുകയായിരുന്നു.

പക്ഷേ മന്ത്രിസഭ തീരുമാനമെടുത്താലും നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയാലേ രേഖകള്‍ നല്‍കാനാവൂ എന്നാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ബി. വി. എസ്. മണി മറുപടി നല്‍കിയത്. ഇക്കാരണം പറഞ്ഞ് അപേക്ഷ നിരസിച്ചു. തികച്ചും പ്രാവര്‍ത്തികമല്ലാത്ത ഈ മറുപടി അപ്പീല്‍ അധികാരിയായ ആര്‍ ഗോപകുമാര്‍ ശരിവയ്ക്കുകയായിരുന്നു. മന്ത്രിസഭ തീരുമാനങ്ങള്‍ നടപ്പിലാവുമ്പോഴേക്കും വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞേക്കാം. ഒരു പക്ഷെ സര്‍ക്കാര്‍ തന്നെ മാറിപ്പോയെന്നും വരാം. ഈ നടപടി വിവരാവകാശ നിയമത്തിന്റെ അന്തഃസത്തയ്ക്കു തന്നെ എതിരാണ്.

തുടര്‍ന്നു വിവരാവകാശ നിയമത്തിലെ 8(1) (i) വകുപ്പ് പ്രകാരം മന്ത്രിസഭ തീരുമാനം ഒരു കാര്യത്തില്‍ തീരുമാനം എടുത്താല്‍ അതുസംബന്ധിച്ചുള്ള രേഖകള്‍ വിവരാവകാശ നിയമം പ്രകാരം ആവശ്യപ്പെടുന്ന വ്യക്തിക്ക് ലഭ്യമാക്കണം എന്നതു ചൂണ്ടിക്കാട്ടി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മുന്‍പാകെ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ നിഷേധാത്മക നിലാപാടാണ് ഇപ്പോള്‍ കേരള സംസ്ഥാനത്തിന്റെ നിയമ ചരിത്രത്തില്‍ തന്നെ സുപ്രധാനമായ ഒരു വിധി കമ്മിഷന്‍ പുറപ്പെടുവിക്കാന്‍ കാരണമായത്. മാത്രമല്ല മേല്‍പ്പറഞ്ഞ മാസങ്ങളിലെ തീരുമാനങ്ങളുടെ രേഖകള്‍ 15 ദിവസത്തിനകം നല്‍കാന്‍ കമ്മിഷന്‍ ഉത്തരവിടുകയും ചെയ്തു.

ഈ വിധി വരുന്നതിനു മുമ്പ് തന്നെ വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് നമ്മുടെ കേരളത്തില്‍. ഏറ്റവും അടുത്തുണ്ടായത് അന്തരിച്ച മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തി കേയന്‍ മൂലം നിലവില്‍ വന്ന കേള്‍ക്കപ്പെടാനുള്ള അവകാശം അഥവാ Right to Hearing ആയിരുന്നു. ഇത് നടപ്പിലാക്കാന്‍ അദ്ദേഹം പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. അതിന്മേല്‍ മന്ത്രിസഭാ തീരുമാനവുമെടുത്തിരുന്നു. പക്ഷേ അദ്ദേഹം ആശുപത്രിയിലായതിനു ശേഷം വളരെ രഹസ്യമായി കാബിനെറ്റ് ഇത് പിന്‍വലിച്ചു.സാധാരണ എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി കാബിനറ്റ് ബ്രീഫിംഗ് മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി നടത്താറുള്ളതില്‍ നിന്നും ഈ വിവരം തന്ത്രപരമായി ഒളിച്ചുവയ്ക്കുകയും ചെയ്തു.

പിന്നീടു വിവരാവകാശ നിയമം പ്രകാരമാണ് ഈ വിവരം പുറത്തറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മുഖ്യമന്ത്രിക്കു കത്തെഴുതുകയുണ്ടായി. കാര്‍ത്തികേയന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. അതിനു ശേഷമാണു കാബിനറ്റ് കൂടി ഇത് പ്രാബല്യത്തില്‍ വരുത്തിയത്. തണ്ണീര്‍തടസംരക്ഷണ നിയമവും ഇതുപോലെയായിരുന്നു.

രണ്ടു രീതിയില്‍ ഈ വിധി നമ്മളെ സഹായിക്കും. ഒന്ന് ശരിയായ എന്ത് തീരുമാനമെടുത്താലും ജനങ്ങള്‍ക്ക് ഉപകാരപ്രദമായി നടപ്പിലാക്കുന്നതിനു തടസ്സം നില്‍ക്കുന്ന ബ്യുറോക്രസിക്ക് അവരുടെ തല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വിലങ്ങുതടിയായി ഈ വിധി നിലനില്‍ക്കും. തെറ്റായ തീരുമാനങ്ങള്‍ മറച്ചുവെച്ചുകൊണ്ട് നടപടികള്‍ക്ക് മുതിരുന്ന അധികാരസ്ഥാനത്തിരിക്കുന്നവരെ എക്‌സ്‌പോസ് ചെയ്യാന്‍ ഈ നിയമത്തിന്റെ പിന്‍ബലം നമുക്കുണ്ടാവും.

ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു നിയമം നിലവിലുണ്ടെന്ന് അവര്‍ അറിയുന്നതില്‍ നിന്ന് വിലക്കുന്ന രീതിയിലുള്ള രഹസ്യസ്വഭാവമുള്ള നടപടികളായിരുന്നു ഉദ്യോഗസ്ഥന്മാര്‍ സ്വീകരിച്ചുപോന്നിരുന്നത്. പലപ്പോഴും ഉദ്യോഗസ്ഥര്‍ പല നിയമങ്ങളെയും വളച്ചൊടിച്ചു ജനങ്ങളെ ചുറ്റിച്ചുകൊണ്ടിരുന്നത് ഈ കാര്യങ്ങള്‍ ഒന്നും പുറത്തറിയില്ല എന്ന ധൈര്യത്തിലായിരുന്നു. എന്നാല്‍ പുതിയ ഉത്തരവോടെ അതിനുള്ള പഴുത് അടച്ചിരിക്കുകയാണ് കമ്മീഷന്‍.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകപുറത്തറിയിച്ചാല്‍ കുഴപ്പമില്ലാത്ത വിവരങ്ങള്‍ മാത്രം പൊതുസമക്ഷം അറിയിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്ന സര്‍ക്കാര്‍ തന്ത്രത്തിന് ഇതോടെ തിരശീല വീഴുകയാണ്. മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ അണുവിട തെറ്റാതെ ജനങ്ങളിലെത്തും എന്ന ചിന്ത മതി ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍. അതിനു ഭാഗഭാക്കാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അത്യന്തം സന്തുഷ്ടനാണുനാണ്.

ഇന്‍ഫര്‍മേഷന്‍ ഒരു അധികാരമാണ്; അത് ശരിയായ രീതിയില്‍ വിനിയോഗിക്കുകയാണെങ്കില്‍. ആ അധികാരം ജനങ്ങളില്‍ നിക്ഷിപ്തമാകുന്നതില്‍ വളരെ വലിയൊരു സ്വാധീനം ഈ വിധിക്കുണ്ട്. ഭരണകൂടത്തിന്റെ തെറ്റായ പ്രവണതകളെ എതിര്‍ക്കാനും അതിനെ ചോദ്യം ചെയ്യാനും ഇതുപകരിക്കുകയും ചെയ്യും.


Next Story

Related Stories