UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്തരീക്ഷ മലിനീകരണം: പുറത്തിറങ്ങാനാവാതെ ജനം, ഡല്‍ഹിയില്‍ മൂന്നുദിവസം സ്കൂളുകള്‍ അടച്ചിടും

Avatar

അഴിമുഖം പ്രതിനിധി

ഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഗുരുതരമായ വിധത്തില്‍ വര്‍ദ്ധിച്ചതോടെ ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് സ്‌കൂളുകള്‍ അടച്ചിടും. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും കെട്ടിടങ്ങള്‍ പൊളിക്കുന്നതും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. കൃത്രിമ മഴ പെയ്യിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരുമായി ആലോചിക്കുമെന്നും അടിയന്തര മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. ഇതോടൊപ്പം, സര്‍ക്കാര്‍ മുമ്പ് നടപ്പാക്കിയ ഓഡ് – ഈവന്‍ വാഹന നിയന്ത്രണ പദ്ധതി തിരികെ കൊണ്ടുവരാന്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

അന്തരീക്ഷ മലിനീകരണം ഇത്രയും രൂക്ഷമായ വിധത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. മലിനീകരണത്തിന് കാരണം അയാള്‍ സംസ്ഥാനങ്ങളില്‍ വയ്‌ക്കോല്‍ കത്തിക്കുന്നത് മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളോട് പരമാവധി വീട്ടിനുള്ളില്‍ തന്നെ കഴിച്ചു കൂട്ടാനും ജോലികള്‍ വീട്ടിലിരുന്നു തന്നെ ചെയ്യാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ചപ്പുചവറുകള്‍ കൂടിക്കിടന്ന് തീപിടിക്കുമ്പോള്‍ അണയ്ക്കാന്‍ ബുള്‍ഡോസറുകള്‍ ഉപയോഗിക്കും. കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബദര്‍പൂരിലെ പ്‌ളാന്റ് പത്തു ദിവസത്തേക്ക് അടച്ചിടും. അവിടെ നിന്ന് ഫ്‌ളൈ ആഷോ മറ്റ് മലിനവസ്തുക്കളോ പ്‌ളാന്റിന് പുറത്തേക്ക് കൊണ്ടു പോകില്ല. പൊടിപടലങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ റോഡുകളില്‍ വെള്ളം തളിക്കുന്നത് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. വ്യാഴാഴ്ചയോടെ വാക്വം ക്‌ളീനിംഗും ആരംഭിക്കും. ഡീസല്‍ ജനറേറ്ററുകള്‍ക്ക് 10 ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രികളിലും അടിയന്തര സാഹചര്യങ്ങളിലും മാത്രമെ ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുകയുള്ളൂ.

 

കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ ദാവെയുമായി കൂടിക്കാഴ്ച നടത്തിയ കെജ്രിവാള്‍ നഗരത്തില്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു. ഇത് സംബന്ധിച്ച് സര്‍ക്കാരിന് ചില പ്രൊപ്പോസലുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുകമഞ്ഞു കാരണം വാഹന ഗതാഗതവും പല സ്ഥലങ്ങളില്‍ തടസപ്പെടുന്നുണ്ട്. 

 

അന്തരീക്ഷം പൊടിനിറഞ്ഞതോടെ ശ്വാസതടസവും ആസ്തമയും ഉള്ള രോഗികളുടെ എണ്ണവും അലര്‍ജി ബാധിച്ചവരുടെ എണ്ണവും ഡല്‍ഹിയില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. 17 വര്‍ഷത്തിനിടെയുണ്ടാവുന്ന ഏറ്റവും വലിയ പുകമഞ്ഞാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. നേരത്തെ 15 – 20 ശതമാനമായിരുന്നു രോഗികളുടെ വര്‍ദ്ധന. എന്നാലിപ്പോള്‍ അത് 60 ശതമാനം ആയിട്ടുണ്ട്. ചുമയും കഫക്കെട്ടും ബാധിച്ചവരുടെ എണ്ണവും ഏറിവരികയാണ്. കുട്ടികളും പ്രായമേറിയവരുമാണ് അന്തരീക്ഷ മലിനികരണത്തിന്റെ ദൂഷ്യഫലം കൂടുതലും അനുഭവിക്കുന്നത്. വിഷാംശം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന അതിരാവിലേയും വൈകുന്നേരവും കൂടുതല്‍ ജാഗ്രത പാലിക്കാനും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

 

അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവിടങ്ങളിലെ പാടങ്ങള്‍ വിളവെടുപ്പിന് ശേഷം കത്തിക്കുന്നതിനെ തുടര്‍ന്നുള്ള പുകയാണ് ഡല്‍ഹിയില്‍ വ്യാപിക്കുന്നതെന്ന് കേജ്രിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഒരാഴ്ച മുമ്പ് ദീപാവലിക്ക് പടക്കങ്ങള്‍ പൊട്ടിക്കുക കൂടി ചെയ്തതോടെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനാവാത്ത അവസ്ഥയില്‍ എത്തുകയായിരുന്നു. അന്ന് മുതല്‍ വ്യാപിച്ചിരിക്കുന്ന പുകയാണ് ഇപ്പോഴും മാറ്റമില്ലാതെ നഗരത്തെ പുതഞ്ഞിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍