UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി, മോദി, മോദി മാത്രം

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് മന്ത്രിസഭയില്‍ പ്രധാനമന്ത്രിക്ക് ‘തുല്യരില്‍ പ്രധാനി’യെന്ന സ്ഥാനമുണ്ട്. ഈ അധികാരം മൂലം മന്ത്രിമാരെ തെരഞ്ഞെടുക്കാനുള്ള അവകാശം പ്രധാനമന്ത്രിക്കു ലഭിക്കുന്നു. എങ്കില്‍പ്പോലും പ്രാധാനമന്ത്രിയെക്കാള്‍ പ്രാമാണിത്തമുള്ള മന്ത്രിമാര്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.

ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹായി തുല്യാധികാരമുണ്ടായിരുന്ന ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു. 1998ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് എല്‍ കെ അദ്വാനി എന്ന ശക്തനായ ആഭ്യന്തരമന്ത്രിയും ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എന്ന കരുത്തുറ്റ നേതാവും കൂട്ടുണ്ടായിരുന്നു.

ഇവര്‍ തമ്മില്‍ ജമ്മു കശ്മീര്‍, പാക്കിസ്ഥാന്‍ തുടങ്ങിയ വിഷയങ്ങളോടുള്ള സമീപനത്തില്‍ നിലനിന്നിരുന്ന വ്യത്യാസം തീരുമാനങ്ങളില്‍ പലപ്പോഴും അനാരോഗ്യകരമായ മല്‍സരത്തിനു വഴിവയ്ക്കുകയും ചെയ്തു. അദ്വാനിയെ ഉപപ്രധാനമന്ത്രിയാക്കി ഉയര്‍ത്തിയത് അദ്ദേഹത്തിന് നിഴല്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നല്‍കി.

എന്നാല്‍, ‘മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം’ എന്ന് നിര്‍വചിക്കപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ഭരണസംവിധാനം നരേന്ദ്ര മോദിക്കു കീഴില്‍ സാവധാനം ഏകാധികാരസ്ഥാനം എന്ന നിലയിലേക്കു ചുരുങ്ങുകയാണ്. പ്രധാനമന്ത്രിയുടെ പദവിയുടെ ഔന്നത്യം ഭീമാകാരമായി വളര്‍ന്ന് മറ്റു മന്ത്രിസഭാംഗങ്ങളില്‍ മിക്കവരും തൃണവല്‍ഗണിക്കപ്പെടുന്ന അവസ്ഥ. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തപ്പെട്ട 19 പേരുടെയും പുറത്താക്കപ്പെട്ട അഞ്ചുപേരുടെയും കാര്യം നോക്കിയാല്‍ ഇത് വ്യക്തമാണ്. ഇവരില്‍ ആരും തന്നെ വ്യക്തിത്വം കൊണ്ടോ അനിതരസാധാരണ വാഗ്‌വൈഭവം കൊണ്ടോ ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കാനുള്ള കഴിവുകൊണ്ടോ ജനശ്രദ്ധ നേടിയവരല്ല.

ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങള്‍ക്കു പുറത്തുള്ളവര്‍ക്കു കൂടി പ്രാതിനിധ്യം നല്‍കാനുള്ള സമര്‍ത്ഥമായ നീക്കമെന്ന് വേണമെങ്കില്‍ പുനഃസംഘടനയെ വിശേഷിപ്പിക്കാം. രാജ്യത്തിന്റെ വലിപ്പവും വൈവിധ്യവും നോക്കുമ്പോള്‍ ഇത് പ്രോത്‌സാഹിപ്പിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ ഈ നേതാക്കളില്‍ ആരും തന്നെ സ്വന്തം തട്ടകങ്ങളില്‍ കരുത്തുറ്റവരല്ല എന്നത് ഭരണരീതിയിലെ മാറ്റം വ്യക്തമാക്കുന്നു.

കുറച്ച് സര്‍ക്കാര്‍, കൂടുതല്‍ ഭരണം എന്ന പ്രവര്‍ത്തനതത്വം ആവര്‍ത്തിക്കുന്നയാളാണ് മോദി. എന്നാല്‍ 79 പേരടങ്ങുന്ന ഒരു ഭീമന്‍ സര്‍ക്കാരുമായി നില്‍ക്കുമ്പോള്‍ ഈ തത്വവും മോദിയുടെ വ്യാജവാഗ്ദാനങ്ങളുടെ പട്ടികയിലേക്കു നീങ്ങുകയല്ലേ എന്നതാണ് ചോദ്യം.

ഭരണത്തിലും ഭരണം നടപ്പാക്കലിലും പ്രധാനമന്ത്രി അമ്പേ പരാജയപ്പെട്ടുകഴിഞ്ഞു. നാണ്യപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിലോ ക്രിയാത്മക നേതൃത്വം കൊണ്ട് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലോ ശ്രദ്ധ തീരെയില്ല. വ്യാപാര, വ്യവസായ രംഗത്തെ മാന്ദ്യത്തെപ്പറ്റി ബോധവാനേയല്ല എന്നതാണ് മോദിയുടെ മട്ട്. 17 മാസമായി തുടര്‍ച്ചയായി താഴേക്കു വളരുന്ന കയറ്റുമതിരംഗം, അടിസ്ഥാനമേഖലകളിലെ ഉത്പാദനത്തില്‍ തുടര്‍ച്ചയായുള്ള കുറവ് എന്നതിനു പുറമെ സ്വകാര്യമേഖലയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കലിലോ മൂല്യം ഇടിഞ്ഞ രൂപയെ താങ്ങിനിര്‍ത്തുന്നതിലോ നടപടികളുമില്ല. എടുത്തുപറയാവുന്ന മറ്റൊരു ഭരണനേട്ടം സമുദായസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുകയും ജനങ്ങളെ തമ്മിലടിപ്പിക്കുകയും ചെയ്യുന്നവരെ സംരക്ഷിക്കും എന്ന വ്യക്തമായ സന്ദേശമാണ്. അങ്ങനെയായിരുന്നില്ലെങ്കില്‍ സ്മൃതി ഇറാനി, സ്വാധി നിരഞ്ജന്‍ ജോഷി, ജന. വി കെ സിങ്, ഗിരിരാജ് സിങ്, സഞ്ജീവ് ബലിയാന്‍, മഹേഷ് ശര്‍മ എന്നവര്‍ക്കും മറ്റ് അരഡസനോളം പേര്‍ക്കും എതിരെ പ്രധാനമന്ത്രി നടപടി എടുക്കുമായിരുന്നു.

എന്‍ഡിഎ സഖ്യകക്ഷികള്‍ പൂര്‍ണമായി അവഗണിക്കപ്പെടുന്നു എന്നതാണ് മറ്റൊന്ന്. പ്രധാനമന്ത്രിക്ക് അതിമാനുഷനെന്ന പ്രതിച്ഛായ നല്‍കാനുള്ള അഭ്യാസം മാത്രമായി മാറി മന്ത്രിസഭാ പുനഃസംഘടന. ‘ഞാന്‍, ഞാന്‍, എന്നെപ്പറ്റി’ എന്നതാണ് ആത്യന്തിക ഫലം. അല്ലെങ്കിലും നരേന്ദ്ര മോദിക്കു പ്രസിദ്ധി നേടാനുദ്ദേശിച്ചുമാത്രമുള്ള നേട്ടങ്ങളില്‍ ഒപ്പം നില്‍ക്കുക എന്നതുമാത്രമാണ് ഏകാധിപത്യ ഭരണകൂടത്തില്‍ മന്ത്രിസഭയുടെയും അംഗങ്ങളുടെയും പങ്ക്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍