TopTop
Begin typing your search above and press return to search.

'രാജ്യസ്നേഹ'ത്തിന്റെ പുതിയ ഇരകള്‍ കോഴിക്കോട് നിന്ന്

രാജ്യസ്നേഹത്തിന്റെ പുതിയ ഇരകള്‍ കോഴിക്കോട് നിന്ന്

രാകേഷ് സനല്‍

വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക, നിങ്ങളുടെ ഓരോ ചലനങ്ങളും ഇന്റലിജന്റ്‌സ് ബ്യൂറോയുടെ നിരീക്ഷണത്തിലാണ്! സര്‍വൈലന്‍സ് കാമറകളും കടന്ന് കലാലയങ്ങളുടെ മേല്‍നോട്ടം രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗം നേരിട്ട് ഏറ്റെടുക്കുകയാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല...! ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതുമായ സംഭവങ്ങള്‍ ഇന്ത്യയിലെ ഏതു കോണിലുള്ള കോളേജുകളിലും നടക്കാമെന്നതിന് ആര്‍ക്കും സംശയം വേണ്ടന്നതിന് ഉത്തമദൃഷ്ടാന്തമാണ് ഇക്കഴിഞ്ഞ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ലോ കോളേജിലെ സംഭവങ്ങള്‍.

നാലു നിയമ വിദ്യാര്‍ത്ഥികളാണ് പ്രിന്‍സിപ്പലിന്റെ രാജ്യദ്രോഹക്കുറ്റാരോപണത്തിന് വിധേയരായത്. എന്താണ് അതിനവരെ അര്‍ഹമാക്കിയതെന്നോ? 'ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിക്കുന്ന നോട്ടീസ്' കോളേജില്‍ അനധികൃതമായി വിതരണം ചെയ്തു എന്നതും! സൈന്യം രാജ്യസ്‌നേഹത്തിന്റെ തീവ്രയടയാളമായി പതിപ്പിച്ചെടുത്ത ഒരു രാഷ്ട്രീയസാഹചര്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുമ്പോള്‍ ആ നാലു പെണ്‍കുട്ടികളും കുറ്റവാളികള്‍ ആകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

അവര്‍ ചെയ്തത് തെറ്റാണെങ്കില്‍ ആ തെറ്റ് ഉയര്‍ത്തുന്ന മറ്റു ചില ചോദ്യങ്ങളുണ്ട്...

ആചാരം പോലെ എല്ലാക്കൊല്ലവും കടന്നുപോകുന്ന വനിതാദിനം. ഉദ്‌ഘോഷങ്ങളും ഉപദേശങ്ങളും നിറയുന്ന, ബാനറുകളില്‍ കൂടി, സോഷ്യല്‍ മീഡിയ വാളുകളില്‍ കൂടി ഊര്‍ന്നിറങ്ങുന്ന സ്ത്രീ സ്‌നേഹം...അതിനപ്പുറം എന്ത് ഉത്തരവാദിത്വം, എന്ത് ആത്മാര്‍ത്ഥയാണ് ഈ രാജ്യം സ്ത്രീകളോട് കാണിക്കുന്നതെന്ന ചോദ്യത്തില്‍ നിന്നാണ് നാലു പെണ്‍കുട്ടികള്‍ തങ്ങളുടെ പ്രതിഷേധം എഴുതിയറിയിക്കാന്‍ തയ്യാറാകുന്നത്. അവരിലൊരാളായ ബാസില തന്നെ ബാക്കി കാര്യങ്ങള്‍ പറയുന്നു;

ആ ദിവസം പ്രത്യേകതയോടെ എന്തെങ്കിലും ചെയ്യണം. മുമ്പ് ഒരു മാഗസിനു വേണ്ടി എഴുതിതയ്യാറാക്കി വച്ചിരുന്ന ഒരു ലേഖനം ഒന്നുകൂടി തിരുത്തിയെഴുതി. വനിതാദിനത്തില്‍ അതെല്ലാവര്‍ക്കും വിതരണം ചെയ്യാന്‍ തീരുമാനിച്ചു. രാവിലെ മുതല്‍ ഞങ്ങളാ നോട്ടീസ് വിതരണം തുടങ്ങുകയും ചെയ്തു. ഏകദേശം പതിനൊന്നു മണിയോട് ഞങ്ങള്‍ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിപ്പിക്കപ്പെട്ടു. അനുമതിയില്ലാതെ നോട്ടീസ് വിതരണം ചെയ്തതിനും നോട്ടീസിലൂടെ ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ചതിനും ഞങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു. സൈന്യത്തെ വിമര്‍ശിക്കുന്ന ഭാഗം അടിയവരയിട്ട് ഞങ്ങളെയദ്ദേഹം കാണിച്ചു. ഞങ്ങള്‍ക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും ഞങ്ങള്‍ ചെയ്തത് കുറ്റമാണെന്നും ബന്ധപ്പെട്ടവരെ ഇതറിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നുമാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. ഇക്കാര്യം അറിയിക്കാനാണ് ഞങ്ങളെ വിളിപ്പത്. ഇതിലെവിടെയാണ് സാര്‍ രാജ്യദ്രോഹം? ഞങ്ങള്‍ തിരിച്ചു ചോദിച്ചു. സൈന്യത്തെ വിമര്‍ശിച്ചിട്ടുണ്ട്. 123 എ ആക്ട്പ്രകാരം സെഡിഷന്‍ ആണെന്നാന്നു പ്രിന്‍സിപ്പല്‍. ഞങ്ങള്‍ ചെയ്തത് തെറ്റ് തന്നെയാണെന്നും എനിക്കത് മുകളിലേക്ക് കംപ്ലയിന്റെ ചെയ്‌തേ പറ്റൂ എന്നും അദ്ദേഹം. സൈന്യത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍ ഇവിടെ എത്ര ലേഖനങ്ങള്‍ ആ വിധം വന്നിട്ടുണ്ട്, ഡോക്യുമെന്ററികള്‍ ഇറങ്ങിയിട്ടുണ്ട്. അവര്‍ക്കെതിരെയെല്ലാം സെഡിഷന് കേസ് എടുത്തിട്ടുണ്ടോ? ഞങ്ങള്‍ തിരിച്ചു ചോദിച്ചു. പ്രിന്‍സിപ്പല്‍ അപ്പോഴും പറയുന്നത് തനിക്കിതുമായി ബന്ധപ്പെട്ട് പരാതി കിട്ടിയതാണെന്നും അതിന്മേല്‍ നടപടിയെടുക്കണമെന്നു തോന്നിയതുകൊണ്ടാണ് മുകളിലേക്ക് കൈമാറുന്നതെന്നുമാണ്. ആരാണ് പരാതിപ്പെട്ടതെന്ന് അദ്ദേഹം അപ്പോഴും പറയാന്‍ തയ്യാറാകുന്നില്ല. ഞങ്ങള്‍ ഒരു തരത്തിലുള്ള രാജ്യദ്രോഹവും ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ അത് കോടതിയില്‍ പറഞ്ഞാല്‍ മതിയെന്നായിരുന്നു മറുപടി. ഇതുമായി ബന്ധപ്പെട്ട് തെളിവെടുക്കാന്‍ ഒരു കമ്മിഷന്‍ വരുമെന്ന മുന്നറിയിപ്പും.

കോളേജില്‍ ഇത്തരത്തില്‍ എന്തെങ്കിലുമൊക്കെ പ്രവര്‍ത്തനങ്ങളോ നോട്ടീസ് വിതരണമോ നടക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും അങ്ങനെയെന്തെങ്കിലും നടന്നാല്‍ വിവരം അറിയിക്കണമെന്നും കോളേജുകള്‍ക്ക് നിര്‍ദേശം കിട്ടിയിട്ടുണ്ടെന്നും പ്രിന്‍സിപ്പലിന്റെ സംസാരത്തിനിടയില്‍ പറഞ്ഞിരുന്നു.

അവിടെ നിന്നു പോന്നശേഷം ഇക്കാര്യം ഞങ്ങള്‍ മറ്റു കുട്ടികളുമായി പങ്കുവച്ചു. വൈകാതെ മീഡിയയിലും വിവരമെത്തി. വൈകുന്നേരത്തോടെ മാധ്യമപ്രവര്‍ത്തകര്‍ കോളേജില്‍ എത്തി. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഞങ്ങള്‍ക്കെതിരെ ഒരു നടപടിയും എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഞങ്ങളെഴുതിയ നോട്ടീസ് കേന്ദ്ര ഏജന്‍സിക്ക് അയച്ചു കൊടുക്കുന്നില്ലെന്നും അറിയിക്കുകയാണ് ഉണ്ടായത്. ഈ വിഷയം പിന്നീട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും പിറ്റേദിവസം കോളേജില്‍ ഇതിനോടനുബന്ധിച്ച് സമരം നടക്കുകയുമൊക്കെ ഉണ്ടായി. ഞങ്ങള്‍ക്കെതിരെ നടപടികളൊന്നും ഉണ്ടാകില്ലെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പ് പറഞ്ഞതോടെ ആ പ്രശ്‌നം അവിടെ അവസാനിച്ചെന്നു പറയാം.

എന്ത് രാജ്യദ്രോഹമാണ് ഈ നോട്ടീസില്‍ ഉള്ളത്?
ബാസിലയും സുഹൃത്തുക്കളും വിതരണം ചെയ്ത നോട്ടീസില്‍ ഉന്നയിച്ച വിഷയങ്ങള്‍ എന്തൊക്കെയായിരുന്നു?

ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ്, അത് ഇതാണ് എന്ന് വിശേഷിപ്പിക്കപ്പെട്ട കശ്മിര്‍... ഇന്നത് പ്രശ്‌നബാധിത മേഖലയെന്നാണ് ലോകത്തിനു മുന്നില്‍ അടയാളപ്പെട്ടിരിക്കുന്നത്. ഭൂപടത്തില്‍ അതിപ്പോഴും ഇന്ത്യയിലാണെങ്കിലും അവിടെയുള്ള സ്ത്രീകളെ ആക്രമിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ സൈനികര്‍ തന്നെയാണ്. ഇവിടുത്തെ സഹോദരിമാരെയും ഭാര്യമാരെയും വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ അവര്‍ക്ക് അധികാരം കിട്ടിയിട്ടുണ്ടത്രേ.. സ്വസ്ഥമായി ഒന്നുറങ്ങിയിട്ട് കാലമേറെയായി... കാശ്മീര്‍ സഹോദരിമാരായി പറയുന്നു.

പിന്നീടവര്‍ ഇറോം ശര്‍മിളയാകുന്നു. ഇന്ത്യയുടെ എട്ടു സുന്ദരികളെന്നു വിളിക്കപ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. ഇവിടെയൊരു നിയമം ഉണ്ട്. അഫ്‌സ്പ. അതിനെ ഒറ്റവാക്കില്‍ നിര്‍വചിച്ചാല്‍, സൈന്യത്തിന് ആരെ വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കൊല്ലാം. മാനം നശിപ്പിക്കാം. വീടുകളില്‍ കയറിയിറങ്ങാം. പ്രത്യേക അധികാരമാണ്. ആരും ചോദിക്കാന്‍ വരില്ല. Indian Army Rape Us എന്ന മുദ്രാവാക്യവുമായി എന്റെ സഹോദരിമാര്‍ ഉടുതുണിയില്ലാതെ തെരുവിലിറങ്ങിയിരുന്നു. ഈ നിയമം പിന്‍വലിക്കുംവരെ ഞാന്‍ സമരത്തിലാണ്; ഇറോം ശര്‍മിളയായി അവര്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ദളിത് സ്ത്രീകളായും അവര്‍ നൊമ്പരപ്പെടുന്നുണ്ട്; ഞങ്ങളുടെ രണ്ട് അയല്‍വാസി കുട്ടികളുണ്ടായിരുന്നു. എപ്പോഴും ചിരിക്കുന്നവര്‍. ഒരു ദിവസം രാവിലെ മുതല്‍ അവരെ കാണാതായി. വൈകുന്നേരമാണ് കണ്ടുകിട്ടിയത്. ഒരു മരത്തില്‍ കെട്ടിത്തൂങ്ങി കിടക്കുന്നു. ബലാത്സംഗം ചെയ്തു കൊന്നതാണ്. പക്ഷേ അതൊന്നും വലിയ പ്രശ്‌നമാകാന്‍ പോകുന്നില്ല. ഇന്ത്യയിലെ ദളിത് സ്ത്രീകള്‍ക്ക് ഇതൊരു പതിവാണ്.

ഒടുവിലവര്‍ കേരളത്തിലേക്ക് വരുന്നു. ചിത്രലേഖയായി. ഒരു പുലച്ചി ഓട്ടോ ഓടിച്ചു ജീവിക്കുന്നത് സഹിക്കാനാവാതെ എന്റെ ഓട്ടോ തൊഴിലാളി വര്‍ഗത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കുത്തിക്കീറി കളയുന്നു. എനിക്കറിയാം ഇവിടെ മരിക്കാനല്ല, ജീവിക്കാനാണ് പ്രയാസം. അതുകൊണ്ട് കോടിയേരി ബാലകൃഷ്ണനോട് അപേക്ഷിക്കുകയാണ്, എന്നെയൊന്ന് കൊന്നു തരാമോ?

ഇത്തരം വിശേഷങ്ങളൊക്കെ നടക്കുന്നൊരു നാട്ടില്‍ വീണ്ടുമെത്തിയ ഒരു വനിതാദിനത്തില്‍ എല്ലാവരേയും എല്ലാമൊന്നോര്‍പ്പിക്കാനാണ് ഞങ്ങളുടെ ശ്രമമെന്നു വ്യക്തമാക്കിയാണ് ബാസിലയും കൂട്ടരും തങ്ങളുടെ നോട്ടീസ് അവസാനിപ്പിക്കുന്നത്.

ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ഒരോര്‍മപ്പെടുത്തല്‍ എന്നതിനപ്പുറം ഇതില്‍ രാജ്യദ്രോഹ കുറ്റം തെളിഞ്ഞു കിടപ്പുണ്ടോ?

നമ്മുടെ കാമ്പസുകള്‍ ഐ ബി നിരീക്ഷണത്തിലാണോ?
'സര്‍വയലന്‍സ് കാമറകളുടെ കണ്ണില്‍പ്പെടാതെ നടക്കാന്‍ കഴിയില്ല ഇന്നു നമ്മുടെ കലാലയങ്ങളില്‍. അവിടെയെല്ലാവരും നിരീക്ഷണത്തിലാണ്. വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയിലേക്ക് തുറിച്ചു നോക്കുന്ന കാമറകളെ നാം വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ കേവലം സദാചാരപാലനത്തിനപ്പുറം നിരീക്ഷണ കണ്ണുകള്‍ ഇപ്പോള്‍ കൂടുതല്‍ ചൂഴ്ന്നിറങ്ങുകയാണ് നമ്മുടെ കാമ്പസുകളില്‍. രാജ്യത്തിനെതിരെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോയെന്നറിയാന്‍. ഞങ്ങളുടെ ഒരു സീനിയര്‍ പറഞ്ഞത് കാമ്പസുകളില്‍ ഐ ബി നിരീക്ഷണം നടത്തുന്നുണ്ടെന്നാണ്. ഇവിടെയും അവരുടെ ശ്രദ്ധയുണ്ടത്രേ....ശരിയായിരിക്കാം. ഒരു വിഭാഗം അവര്‍ ചെയ്യുന്നതു മാത്രമാണ് രാജ്യസ്‌നേഹമെന്ന് വാശിപിടിച്ചുകൊണ്ടിരിക്കുമ്പോള്‍ ബാക്കിയെല്ലാവരും രാജ്യവിരുദ്ധരാണല്ലോ. ശത്രുക്കളുടെ നീക്കങ്ങള്‍ അവര്‍ക്കു കണ്ടറിയേണ്ടതാണ്. അങ്ങനെ വരുമ്പോഴാണ് ഇന്റലിജന്റസ് ബ്യൂറോക്കാര്‍ കാമ്പസുകളിലേക്ക് നേരിട്ട് കയറിവരുന്നത്. കര്‍ശനമായ നിര്‍ദേശങ്ങള്‍ ഇപ്രകാരം കോളേജുകളില്‍ വന്നിട്ടുണ്ടാകണം. അതിന്‍പടിയായിരിക്കണം പ്രിന്‍സിപ്പല്‍ ഞങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ നിര്‍ബന്ധിതനായതും'. ബാസില പറയുന്നു.


Next Story

Related Stories